76,000 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വധാവൻ തുറമുഖത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. മുംബെയിൽ നിന്ന് 150 കിലോമീറ്റർ അകലെ ഗുജറാത്തിനോട് ചേർന്ന് ഡഹാണു താലൂക്കിലാണ് തുറമുഖം നിർമ്മിക്കുന്നത്.
സംസ്ഥാനത്തിനും രാജ്യത്തിനും വലിയതോതിൽ ഗുണം ചെയ്യുന്ന പദ്ധതിയാണ് വധാവൻ തുറമുഖമെന്ന് നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള യാത്രയിലെ ചരിത്ര നിമിഷമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. മത്സ്യ തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് പ്രധാനമന്ത്രി തുറമുഖത്തിന് തറക്കല്ലിട്ടത്.
വധാവൻ തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ ആഴമേറിയ തുറമുഖങ്ങളിലൊന്നായിമാറും. മൂന്നാം മോദി മന്ത്രി സഭയുടെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്. ലോകത്തെ മികച്ച 10 തുറമുഖങ്ങളിൽ ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണം നടത്തുക. ഡഹാണു കടൽത്തീരത്തുനിന്ന് 4.5 നോട്ടിക്കൽ മൈൽ ദൂരത്ത് നിർമ്മിക്കുന്ന തുറമുഖം മഹാരാഷ്ട്ര , ഗുജറാത്ത് , കർണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും.
1000 മീറ്റർ നീളമുള്ള 9കണ്ടെയ്നർ ടെർമിനലുകൾ, നാല് വിവിധോപയോഗ ബെർത്തുകൾ, ലിക്വിഡ് കാർഗോ ബർത്തുകൾ, കോസ്റ്റൽ ഗാർഡിന് പ്രത്യേക ബർത്തുകൾ എന്നിവയുണ്ടാകും. വധാവൻ പോർട്ട് പ്രോജക്ട് ലിമിറ്റർഡ് എന്ന കമ്പനിക്കാണ് നിർമ്മാണ നിർവഹണം. 24,000 കണ്ടെയ്നർ ശേഷിയുള്ള കപ്പലുകൾക്ക് നങ്കൂരമിടാവുന്ന തുറമുഖമാണ് നിർമ്മിക്കുന്നത്. 18 മുതൽ 20 മീറ്റർ വരെയാണ് സ്വാഭാവിക ആഴം. തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ 12 ലക്ഷം പേർക്കുള്ള തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.
ബോട്ടുകളിൽ കറുത്ത ബലൂണുകൾ കെട്ടി പ്രധാന മന്ത്രിക്കെതിരെ ഗോബായ്ക്ക് വിളികളുമായി മത്സ്യ തൊഴിലാളികൾ രംഗത്തെത്തിയിരുന്നു. മുംബൈ, താനെ, പാൽഘർ തീരപ്രദേശങ്ങളിൽ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ നിത്യവൃത്തി തുറമുഖം കാരണം ഇല്ലാതാകുമെന്ന് പറഞ്ഞാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മീനുകളുടെ ഗോൾഡൻ ബെൽറ്റ് എന്നറിയപ്പെടുന്ന പ്രദേശത്ത് തുറമുഖം വന്നാൽ തങ്ങൾ പട്ടിണിയിലാകുമെന്ന് പറഞ്ഞായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.