Sunday, November 24, 2024
Homeകഥ/കവിതവിശ്വാസം തന്നെയാണ് എല്ലാം (കഥ) ✍ സുജ പാറുകണ്ണിൽ

വിശ്വാസം തന്നെയാണ് എല്ലാം (കഥ) ✍ സുജ പാറുകണ്ണിൽ

✍ സുജ പാറുകണ്ണിൽ

മോളിക്കുട്ടിയെ നാട്ടുകാരെല്ലാം “അവിശ്വാസി മോളിക്കുട്ടി ” എന്നാണ് വിളിക്കുന്നത്‌. മോളിക്കുട്ടിക്ക് ദൈവവിശ്വാസം ഇല്ലാത്തതുകൊണ്ടല്ല… എന്തിനും ഏതിനും ഒരു വിശ്വാസക്കുറവുണ്ട് അവൾക്ക്. പച്ചക്കറിക്കടയിൽ ചെന്നാൽ ഫ്രഷ് പച്ചക്കറിയാണ് ചേച്ചീ… വാങ്ങിക്കോ എന്ന് കടക്കാരൻ പറയുമ്പോൾ, പത്ത് മിനിറ്റ് മുൻപ് പാടത്തുനിന്ന് ഓടിക്കയറി വന്ന പയറും പാവക്കയും നോക്കിയിട്ട് മോളിക്കുട്ടി പറയും, “എനിക്കത്ര വിശ്വാസം പോര.” കുർബാനക്കിടയിൽ അച്ചൻ പ്രസംഗിക്കുമ്പോൾ അടുത്തിരിക്കുന്ന ചേട്ടത്തിമാരോട് മോളിക്കുട്ടി സ്വരം താഴ്ത്തി പറയും… “അച്ചൻ പറയുന്നതൊന്നും എനിക്കത്ര വിശ്വാസം പോര.” മോളിക്കുട്ടിയുടെ ഇരട്ട പെൺകുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ കുട്ടികൾ നല്ല മിടുക്കികളാണ്, നന്നായി പഠിക്കും എന്ന് പറഞ്ഞപ്പോൾ, ടീച്ചറെ എനിക്കത്ര വിശ്വാസം പോര എന്നായിരുന്നു കക്ഷിയുടെ പ്രതികരണം.

അവൾ ഇങ്ങനെ ഒരു അവിശ്വാസിയായതിന്റെ പിന്നിൽ ഒരു സംഭവം ഉണ്ട്. ജീവനേക്കാളേറെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഭർത്താവ് അപ്പൊ ചിരിച്ചു കാണിച്ച ഏതോ ഒരുത്തിയുടെ പിന്നാലെ പോയതുമൂലമാണ് അവിശ്വാസ രോഗം അവൾക്ക് പിടിപ്പെട്ടത്. സുന്ദരിയും, ഉള്ളതിനേക്കാൾ പത്ത് വയസ്സ് കുറച്ചു തോന്നുന്നവളുമായ മോളിക്കുട്ടിയെ വീണ്ടും വിവാഹം കഴിപ്പിക്കാൻ പലരും ശ്രമിച്ചിരുന്നെങ്കിലും അവിശ്വാസം അവിടെയും തടസ്സമായി. മക്കൾക്കൊപ്പം മോളിക്കുട്ടി നടന്നുപോയാൽ ചേച്ചിയാണെന്നേ ആളുകൾ വിചാരിക്കൂ. മക്കളുടെ വിവാഹ കാര്യത്തിൽ മോളിക്കുട്ടിക്ക് ഒരു നിർബന്ധം ഉണ്ട്. വിദേശത്ത് ജോലിയുള്ള ചെക്കന്മാർക്കേ മക്കളെ കെട്ടിച്ചുകൊടുക്കൂ. അതിന് മോളിക്കുട്ടി പറയുന്ന കാരണം, അപ്പന്റെ സ്നേഹവും കരുതലും ഒന്നും മക്കൾക്ക്‌ ലഭിച്ചിട്ടില്ല. അവർ വിദേശത്തൊക്കെ പോയി ഭർത്താക്കന്മാർക്കൊപ്പം സൗഭാഗ്യത്തോടെ ജീവിക്കട്ടെ. മോളിക്കുട്ടിയുടെ സുഹൃത്തുക്കൾ പലരും വിദേശത്താണ്. അവരനുഭവിക്കുന്ന സുഖ സൗകര്യങ്ങൾ മോളിക്കുട്ടിയെ എപ്പോഴും കൊതിപ്പിച്ചിട്ടുണ്ട്. തനിക്കോ യോഗമില്ലാതെ പോയി. മക്കളെങ്കിലും അതനുഭവിക്കട്ടേ. കല്യാണ ആലോചനകൾ നടക്കുന്ന സമയത്ത് മൂത്തമകളെക്കാൾ 5 മിനിറ്റിന് ഇളയവൾ ആയ മകൾ അമ്മയോട് പറഞ്ഞു. “ഞങ്ങളിലാരെങ്കിലും ഒരാൾ നാട്ടിൽ ജോലിയുള്ള ആളെയാണ് കെട്ടുന്നതെങ്കിൽ കൂടെ വന്ന് നിൽക്കാൻ പറ്റിയില്ല എങ്കിലും ഇടക്കെങ്കിലും അമ്മയുടെ അടുത്ത് വന്ന് പോകാമല്ലോ” എന്ന്. അത് കേട്ടതും മോളിക്കുട്ടി ചീറി. “നാട്ടിൽ നക്കാപ്പിച്ച കാശിനു ജോലിചെയ്ത് തേരാപാര തെക്കുവടക്ക് നടക്കുന്നവനെ കെട്ടിയിട്ട് എന്തിനാണ്. ജീവിതകാലം മുഴുവനും കഷ്ടപ്പെടാനോ. എവിടെയെങ്കിലും പോയി സുഖമായി ജീവിക്ക്‌ കൊച്ചേ.”
പിന്നെ മകൾ മറുത്തൊന്നും പറഞ്ഞില്ല. ആദ്യം വന്ന ഒന്ന് രണ്ട് ആലോചനകൾ ചെറുക്കനെ എനിക്കത്ര വിശ്വാസം പോര, ചെറുക്കന്റപ്പൻ പറഞ്ഞത് എനിക്കത്ര വിശ്വാസമായില്ല എന്നൊക്കെ പറഞ്ഞ് മോളിക്കുട്ടി ഉഴപ്പി. അപ്പോൾ ബന്ധുക്കൾ ഇടപ്പെട്ടു. കൊള്ളാവുന്ന പയ്യന്മാരെ കണ്ടുപിടിച്ച് അവർ മുൻകൈ എടുത്ത് കല്യാണം നടത്തി. അങ്ങനെ മക്കൾ വിദേശത്തേക്ക് പോയത് കണ്ട് അവൾ സന്തുഷ്ടയായി.

പക്ഷേ മക്കൾക്ക്‌ അത്ര സന്തോഷം ഉണ്ടായിരുന്നില്ല. അമ്മ നാട്ടിൽ തനിച്ചാണല്ലോ എന്ന ചിന്ത അവരെ അലട്ടിക്കൊണ്ടിരുന്നു. മാത്രവുമല്ല മോളിക്കുട്ടിക്ക് ഒരു പ്രശ്നം ഉണ്ട്. മോളിക്കുട്ടിയുടെ കാലുകളാണ് അവളുടെ പ്രശ്നം. അല്പനേരം നിൽക്കുകയോ നടക്കുകയോ ചെയ്താൽ കാല് നീര് വന്നു വീർക്കും. പിന്നെ അസഹ്യമായ വേദനയാണ്. എണ്ണയും കുഴമ്പും പുൽതൈലവും എന്തിനേറെ പറയുന്നു, മണ്ണെണ്ണ വരെ വേദന കുറയാൻ പ്രയോഗിച്ചിട്ടുണ്ട് മോളിക്കുട്ടി. കാണാത്ത ഡോക്ടർമാരില്ല , ചെയ്യാത്ത ചികിത്സകൾ ഇല്ല. ഏത് ഡോക്ടറെ കണ്ടാലും കുറച്ചുകഴിയുമ്പോൾ മോളിക്കുട്ടി പറയും… “എനിക്കാ ഡോക്ടറെ അത്ര വിശ്വാസം പോര. എനിക്കീ മരുന്ന് അത്ര വിശ്വാസം പോര.”
അങ്ങനെയിരിക്കുമ്പോഴാണ് മോളിക്കുട്ടിയുടെ ഒരു ബന്ധു കട്ടപ്പനയിലുള്ള ഒരു വൈദ്യരെ കുറിച്ച് പറഞ്ഞത്.
മക്കളുടെയും ബന്ധുവിന്റെയും നിർബന്ധം സഹിക്കവയ്യാതെ ആയപ്പോൾ മോളിക്കുട്ടി ബന്ധുവിനൊപ്പം ടാക്സി കാറിൽ കട്ടപ്പനയിലേക്ക് പോയി. ആശുപത്രി കെട്ടിടത്തിന്റെ ഗേറ്റ് കടന്നതും എന്തുകൊണ്ടാണെന്നറിയില്ല ഒരു വിശ്വാസത്തിന്റെ കുളിർക്കാറ്റ് മോളിക്കുട്ടിയുടെ ഹൃദയത്തിൽ വീശി അടിച്ചു. മോളിക്കുട്ടിയെ അവിടെ അഡ്മിറ്റ്‌ ആക്കി കാലുകൾ വൈദ്യരെ ഏൽപ്പിച്ച് ബന്ധു തിരികെ പോയി. വൈദ്യരുടെ ചികിത്സ പുരോഗമിക്കുംതോറും മോളിക്കുട്ടിയുടെ കാലിന്റെ നീരും വേദനയും കുറഞ്ഞുകൊണ്ടിരുന്നു. നൂറ്റിയൊന്ന് ആവർത്തിച്ച ക്ഷീരബലയാണ് വൈദ്യരെന്നു മോളിക്കുട്ടിക്കു മനസ്സിലായി. തനിതങ്കം…..

എന്തൊരു മറിമായം ആണെന്നറിയില്ല മക്കൾ വിളിക്കുമ്പോൾ അമ്മ ഉത്സാഹത്തോടെയും സന്തോഷത്തോടെയും സംസാരിച്ചു. വൈദ്യരുടെ ചികിത്സയെക്കുറിച്ചും കൃത്യനിഷ്ഠയെക്കുറിച്ചും ഒക്കെ വാ തോരാതെ അവൾ മക്കളോട് പറഞ്ഞുകൊണ്ടിരുന്നു. അമ്മയുടെ ആത്മവിശ്വാസം മുല്ലപ്പെരിയാറിലെ ജലനിരപ്പ് പോലെ ഉയർന്നുവരുന്നത് കണ്ട് മക്കൾ അന്തംവിട്ടു. വൈദ്യരെ അമ്മക്ക് “ക്ഷ” പിടിച്ചുവെന്ന് മക്കൾക്ക്‌ മനസ്സിലായി. മോളിക്കുട്ടിയുടെ ചികിത്സയുടെ കാലാവധി കഴിഞ്ഞതും മോളിക്കുട്ടിയുടെ ബന്ധു ടാക്സി കാറുമായി എത്തി. അപ്പോഴാണ് മോളിക്കുട്ടി ആ ബോംബ് പൊട്ടിച്ചത്. ഞാനിനി തിരികെ വരുന്നില്ല. ഇനിയുള്ള കാലം വൈദ്യരോടൊപ്പം ജീവിക്കാൻ തീരുമാനിച്ചു. രണ്ട് മക്കളും രണ്ട് മരുമക്കളും ഉള്ള മോളിക്കുട്ടി പറഞ്ഞതുകേട്ട് കൂശ്മാണ്ഡമോറനായ ബന്ധു വായും പൊളിച്ചിരുന്നുപോയി. അയാളുടെ വായടപ്പിക്കാൻ വൈദ്യർ തൈലം ചൂടാക്കി വാതക്കൊടിയില മുക്കി രണ്ട് സൈഡിലും കുറേ നേരം തടവേണ്ടിവന്നു. പിന്നെ അയാളെ വിളിച്ചുകൊണ്ടുപോയി കാര്യങ്ങൾ പറഞ്ഞു. ഭാര്യ മരിച്ചിട്ട് കുറേ കാലമായി. തനിച്ചാണ് ജീവിതം. മോളിക്കുട്ടിക്ക് എന്നെയും എനിക്ക് മോളിക്കുട്ടിയെയും ഇഷ്ടപ്പെട്ടു. ഇനിയുള്ള കാലം ഉഴിച്ചിലും പിഴിച്ചിലും ഒക്കെയായി ധാര കോരി ഞങ്ങളിവിടെ ജീവിച്ചോളാം. കടുത്ത നിരാശയോടെയാണ് ബന്ധു തിരിച്ചുപോന്നത്. മോളിക്കുട്ടി കൂടെ ചെല്ലാതിരുന്നതിലല്ല അയാൾക്ക്‌ നിരാശ. കൂടെ വരുന്നില്ല എന്നറിഞ്ഞിരുന്നെങ്കിൽ.

രഞ്ജിപണിക്കർ പറയുന്നതുപോലെ വല്ല ആനവണ്ടിയിലും കയറി വന്നേനെ. ഇതിപ്പോ തന്റെ പോക്കറ്റിൽ കിടക്കേണ്ട എത്ര കാശാണ് ടാക്സിക്കാരന് കൊടുക്കേണ്ടിവരിക. ദേഷ്യം തീർക്കാൻ അയാൾ അപ്പോൾ തന്നെ മോളിക്കുട്ടിയുടെ പെൺമക്കളെ വിളിച്ച് കാര്യങ്ങളെല്ലാം പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞുകൊടുത്തു. കൂടെ വൈദ്യരുടെ ഒരു ഫോട്ടോയും അയച്ചുകൊടുത്തു. ഇരട്ടകളിൽ മൂത്തമകൾ ഇളയവളെ വിളിച്ചു. ഞാൻ എന്റെ ഭർത്താവിനോടും വീട്ടുകാരോടും എന്തു പറയും. അമ്മ എന്ത് പണിയാണ് കാണിച്ചത്. അത് കേട്ടതും ഇളയവൾ പറഞ്ഞു,
“അമ്മ കല്യാണം കഴിക്കുന്നതിന് ചേച്ചിയുടെ ഭർത്താവിനും വീട്ടുകാർക്കും എന്താണ് കുഴപ്പം. അമ്മക്കൊരു കൂട്ടില്ല എന്നതായിരുന്നല്ലോ നമ്മുടെ പ്രശ്നം. ഇപ്പോൾ അമ്മക്ക് കൂട്ടുമായി കാല് തിരുമ്മാൻ ആളുമായി.” കേട്ടപ്പോൾ ശരിയാണെന്ന് മൂത്തവൾക്കും തോന്നി. വൈദ്യന്റെ ഫോട്ടോ കണ്ടതും രണ്ടാളും കൺമിഴിച്ചു. വൈദ്യർ എന്ന് പറഞ്ഞപ്പോൾ മുടിയൊക്കെ നരച്ച് താടിയൊക്കെ വളർത്തിയ ഒരാൾ എന്നാണ് അവർ വിചാരിച്ചിരുന്നത്. ഇതിപ്പോ ഋതിക്‌ റോഷനെപോലുണ്ട്. ഇതാണോ കട്ടപ്പനയിലെ ഋതിക്‌ റോഷൻ. എന്നാലും ആരെയും വിശ്വസിക്കാത്ത അമ്മ എങ്ങനെ ഇയാളെ വിശ്വസിച്ചു. രണ്ടാളും കൂടി അമ്മയെ ഫോണിൽ വിളിച്ചു. താൻ വിവാഹം കഴിക്കുന്നതിൽ മക്കൾക്ക്‌ പ്രതിഷേധമൊന്നും ഇല്ല എന്നറിഞ്ഞപ്പോൾ മോളിക്കുട്ടിക്ക് സമാധാനമായി. മക്കളുടെ ചോദ്യത്തിന് മോളിക്കുട്ടി പറഞ്ഞ മറുപടി ഇതായിരുന്നു. ലാലേട്ടൻ ടിവിയിൽ പറയുന്നത് നിങ്ങൾ കേട്ടിട്ടില്ലേ. വിശ്വാസം അതെല്ലേ എല്ലാം. അത് കേട്ടതും മക്കൾ ചിരിച്ചുകൊണ്ട് തലയാട്ടി. അതെ അമ്മേ ” വിശ്വാസം… അത് തന്നെയാണ് എല്ലാം “.

സുജപാറുകണ്ണിൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments