മരങ്ങൾക്കിടയിൽ പുല്ലുകൊണ്ടു മേഞ്ഞ ഒരു റിസോർട്ടിനു മുന്നിൽ ഓട്ടോക്കാരൻ ഞങ്ങളെ ഇറക്കിവിട്ടു. സാമാന്യം നല്ല തിരക്കുണ്ട്. അവിടെയും ഏറെനേരത്തെ കാത്തിരിപ്പിനൊടുവിൽ തുക അല്പം കൂടുതലായെങ്കിലും മോശമല്ലാത്ത വെജിറ്റേറിയൻ ഊണ് കിട്ടി. ഊണ് കഴിഞ്ഞു വീണ്ടും അടുത്ത കാഴ്ചകളിലേക്ക്.
അന്നത്തെ യാത്രയുടെ ഷെഡ്യൂൾ അനുസരിച്ചു ശിവക്ഷേത്രവും ഗണപതി മണ്ഡപവുമാണ് അടുത്ത ലക്ഷ്യം. സാമ്രാജ്യത്തിൽ അധികം തകർക്കപ്പെടാത്ത പതിനൊന്നു താഴികക്കുടങ്ങളോടു കൂടിയ ഒരു ആനക്കൊട്ടിൽ ഇവിടെയുണ്ട്. ഉത്സവത്തിനും സവാരിക്കുമായി ആനകളെ സംരക്ഷിച്ചിരുന്ന സ്ഥലമാണ് ഇത്. ഇതിന്റെ ഓരോ അറയ്ക്കു മുകളിലും ആനകളെ കെട്ടിയിരുന്ന കൊളുത്തുകൾ കാണാം. ഒരേസമയം രണ്ട് ആനകളെ തളയ്ക്കാനുള്ള വിസ്താരമുള്ളവയാണ് ഇതിലെ അറകൾ. ഇവയുടെ ശില്പചാതുരിയും അതിമനോഹരമാണ്.
വിശാലമായ മൈതാനത്തുകൂടെ നടന്നു വേണം ദൂരെയുള്ള ലോട്ടസ് മഹലിൽ എത്താൻ. കൃഷ്ണദേവരായരുടെ ഭാര്യമാരിൽ ഒരാൾക്കായി നിർമ്മിച്ചതാണ് ഇത്.
ഒരു വെർച്വൽ എയർ കണ്ടീഷൻഡ് വസതിയാണ് ലോട്ടസ് മഹൽ. മഹലിന് മുകളിൽ ഒരു വാട്ടർ ടാങ്കും, ബീമുകളിലൂടെയും ഭിത്തികളിലൂടെയും ജലപ്പാത്തി കളും, നിർമ്മിച്ചിരിക്കുന്നത് ജലപ്രവാഹം സുഗമമാക്കുകയും, കൊടും വേനലിൽ പോലും നല്ല തണുപ്പ് നിലനിർത്തുകയും ചെയ്തു. ചിത്രാംഗി മഹൽ എന്നും അറിയപ്പെടുന്ന ലോട്ടസ് മഹൽ താമരയുടെ ആകൃതിയിലുള്ള രൂപകല്പനയാണ്. നൂറ്റാണ്ടുകളായി ഏറെക്കുറെ കേടുകൂടാതെയിരിക്കുന്നു. ലോട്ടസ് പാലസിന് 24 തൂണുകളും ഭിത്തികളുമില്ലാതെ നീളമുള്ള ഇടനാഴികളുള്ള തുറന്ന രൂപകൽപ്പനയാണ്. ഇതിന് മൂന്ന് നിലകളുണ്ട്. ലോട്ടസ് പാലസിൻ്റെ തൂണുകളിലും കമാനങ്ങളിലും സങ്കീർണ്ണമായ കൊത്തുപണികളുണ്ട്. ലോട്ടസ് മഹലിൽ ഇന്ത്യൻ, ഇസ്ലാമിക് ശൈലികളുടെ മിശ്രണം കാണാം.
അടുത്തതായി ക്ഷേത്രങ്ങളിൽ ഏറ്റവും വലുതെന്ന് കരുതുന്ന ശിവക്ഷേത്രമാണ്. ഇത് ഭൂമിയുടെ ഉപരിതലത്തിൽ നിന്നും താഴ്ന്ന സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നത്. നിരവധി തൂണുകളുള്ള ഈ ക്ഷേത്രനിർമ്മിതിക്കു ചുറ്റും ജലമാണ്. ഈ വെള്ളം താഴുമ്പോൾ മാത്രമേ ഉള്ളിലേക്ക് പ്രവേശിക്കാനാകൂ. ഞങ്ങളുടെ സന്ദർശന സമയത്ത് ഇതിൽ നിറയെ വെള്ളമുണ്ടായിരുന്നതിനാൽ അകത്തു പ്രവേശിക്കാനായില്ല. ജലത്തിന് വല്ലാത്തൊരു ദുർഗന്ധവുമാണ്. ഇവിടേക്ക് കടക്കാനുള്ള മനോഹരമായ കവാടം പിന്നീട് നിർമ്മിച്ചതാകും. പ്രസന്ന വിരൂപാക്ഷ ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്.
ഹമ്പിയിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിൽ ഒന്നായ ബദാവി ലിംഗയും ഏറ്റവും വലിയ നരസിംഹ പ്രതിമയും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ശേഷ എന്ന ഏഴു തലയുള്ള സർപ്പത്തിന്റെ ചുരുളിൽ ഇരിക്കുന്ന ഉഗ്രരൂപിയായ മൂർത്തിയുടെ ശില്പമാണ് നരസിംഹ പ്രതിമ. കണ്ണുകൾ രണ്ടും പുറത്തേയ്ക്ക് തള്ളിയ
പ്രതിമയുടെ ശിരസ്സിനുമുകളിൽ സർപ്പത്തിന്റെ തലകൾ കുടപോലെ വിരിഞ്ഞു നിൽക്കുന്നു. ഇതിൻ്റെ നിർമ്മാണ സമയത്തും 1565-ലെ തളിക്കോട്ട യുദ്ധത്തെത്തുടർന്ന് ഭാഗികമായി നശിപ്പിക്കപ്പെടുന്നതുവരെയും ഈ പ്രതിമ ഒരു സംയുക്ത ലക്ഷ്മി നരസിംഹ പ്രതിമയായിരുന്നു. 1565-ൽ മൂർത്തിയുടെ കാൽമുട്ടിൽ ഇരിക്കുന്ന ലക്ഷ്മീപ്രതിമ നശിപ്പിക്കപ്പെട്ടു.
ഏകദേശം 15 അടി വലിപ്പമുള്ള ഏറ്റവും വലിയ കടലേകലു ഗണേശ എന്നു വിളിക്കപ്പെടുന്ന ഏകാശിലാ ഗണപതി വിഗ്രഹവും ഇവിടെയാണ്. ഈ വിഗ്രഹം കമ്പിയഴികൾ ഇട്ട വാതിലിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നു. ഇതിന്റെ തെക്കുഭാഗത്തായി ശശിവേകലു ഗണപതി വിഗ്രഹവും സ്ഥിതി ചെയ്യുന്നു. ഇതും ഏകാശിലാ വിഗ്രഹമാണ്. ഇതിന് ഏട്ടടി ഉയരമുണ്ട്. ഈ വിഗ്രഹം ഒരു മണ്ഡപത്തിനു മുകളിലാണുള്ളത്.
ഈ പവലിയനിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള വ്യാപാരികൾ ആലേഖനം ചെയ്ത ചില ലിഖിതങ്ങൾ കാണാം. എഡി 1500 വരെ പഴക്കമുള്ള ലിഖിതത്തിൽ, വിജയനഗര സാമ്രാജ്യത്തിലെ രണ്ടാമനായ നരസിംഹ രാജാവിൻ്റെ സ്മരണയ്ക്കായാണ് ഈ പ്രതിമ നിർമ്മിച്ചതെന്ന് പറയുന്നു. ഈ ക്ഷേത്രവും പ്രതിമയും തീർച്ചയായും ഇന്ത്യൻ ശില്പകലയിലെ ഏറ്റവും മികച്ച മാതൃകകളിലൊന്നാണ്. ഇവരണ്ടും ഹേമകൂട കുന്നിലാണ് സ്ഥിതിചെയ്യുന്നത്.
ആദ്യ ദിവസത്തെ അവസാന സന്ദർശനസ്ഥലമായ വിരൂപാക്ഷ ക്ഷേതത്തിലെത്തുമ്പോൾ വൈകുന്നേരമായി. മഴമേഘങ്ങൾ ഉള്ളതുകൊണ്ട് വെയിലില്ല. എങ്കിലും ഒരു പൊൻവെളിച്ചം അവിടെയെങ്ങും പ്രസരിക്കുന്നുണ്ടായായിരുന്നു. അത് വിരൂപാക്ഷക്ഷേത്രത്തിന്റെ ഗോപുരത്തിലെ സ്വർണ്ണവർണ്ണമണിഞ്ഞ ശില്പങ്ങളിൽ പ്രകാശം പ്രതിഫലിക്കുന്നതാണെന്നു അടുത്തേയ്ക്ക് ചെല്ലുമ്പോൾ മനസ്സിലാകും. തുംഗഭദ്രാ നദിയുടെ തെക്കൻ തീരത്തും ഹേമകൂടഗിരിയുടെ തൊട്ടുവടക്കുമായാണ് ഈ ക്ഷേത്രമുള്ളത്. രണ്ടുവലിയ വിഭാഗങ്ങളായി തിരിക്കപ്പെട്ട ദീർഘചതുരാകൃതിയിലുള്ള ക്ഷേത്രസമുച്ചയമാണിത്.
വിരൂപാക്ഷ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയാണ് പമ്പാപതി എന്നുകൂടി അറിയപ്പെടുന്ന വിരൂപാക്ഷൻ. ഇവിടെ ഭുവനേശ്വരിയുടെയും വിദ്യാരണ്യയുടെയും ആരാധനാലയങ്ങളും ഉണ്ട്.
വിരൂപാക്ഷ ക്ഷേത്ര സമുച്ചയത്തിന് ചുറ്റും മൂന്ന് ഗോപുരങ്ങൾ ഉണ്ട്. ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടമാണ് കിഴക്കൻ ഗോപുരം. പ്രധാന ഗോപുരത്തിൻ്റെ വിപരീത നിഴൽ ക്ഷേത്രത്തിനുള്ളിലെ ഒരു ഭിത്തിയിൽ പതിക്കുന്നു. ഈ ഗോപുരത്തിനുള്ളിലൂടെ പ്രവേശിക്കുമ്പോൾ ഇടത്തുഭാഗത്തായി ഒരു ആനക്കൊട്ടിലും അവിടെ ഒരു ആനയും ഉണ്ട്. ഒരു കുട്ടിക്കൊമ്പനാണ് ഇപ്പോളുള്ളത്. ഭക്തരായ സന്ദർശകർ ആനയ്ക്ക് പഴവും മറ്റും നൽകുന്നത് കാണാം.
പുറത്തെ മുറ്റത്ത് നിന്നാൽ ചെറിയ ഗോപുരങ്ങൾ കാണാം, അതിലൂടെ അകത്തെ മുറ്റങ്ങളിലേക്കും മറ്റ് ശ്രീകോവിലുകളിലേക്കും എത്തിച്ചേരാം. 100 തൂണുകളുള്ള ഹാൾ ശിവൻ്റെ വാഹനമായ മൂന്ന് തലകളുള്ള നന്ദിയുടെ പ്രതിമയുടെ അടുത്തേയ്ക്ക് നയിക്കുന്നു. ഈ മണ്ഡപത്തിൻ്റെ അകം വിരൂപാക്ഷൻ്റെ ശ്രീകോവിലിലേക്കാണ് നയിക്കുന്നത്. ഇവിടെ നദിക്ക് പമ്പ എന്നും പേരുണ്ട്. പമ്പ, ഭുവനേശ്വരി, നവഗ്രഹങ്ങൾ, ശിവൻ്റെ മറ്റൊരു രൂപമായ പാതാളേശ്വര എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്രത്തിൽ കാണാം. ഈക്ഷേത്രത്തിനുള്ളിലൂടെ തുംഗഭദ്രാ നദിയുടെ ചെറിയൊരു ചാൽ കടന്നുപോകുന്നുണ്ട്.
ഈ ക്ഷേത്ര സന്ദർശനം കഴിഞ്ഞപ്പോൾ സൂര്യാസ്തമയം കാണാവുന്ന വലിയൊരു പാറക്കുന്നിലേയ്ക്കാണ് ഡ്രൈവർ ഞങ്ങളെ നയിച്ചത്. അവിടെയും മഴമേഘങ്ങൾ ചതിച്ചു. ഭീമാകാരമായ ആ പാറയിലേയ്ക്ക് കയറാൻ അതിൽത്തന്നെ പടികൾ കൊത്തിയുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നാൽ ചുറ്റുമുള്ള കരിങ്കൽ കൂട്ടങ്ങളും പരന്നുകിടക്കുന്ന കൃഷിഭൂമികളും അങ്ങുദൂരെ നീലമലകളും കൺകുളിർക്കെ കാണാം. വിരൂപാക്ഷ ക്ഷേത്രത്തിന്റെ മുഴുവനായുള്ള ഒരു ആകാശക്കാഴ്ച്ചയും ലഭ്യമാകും. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. ചെറിയ ചാറ്റൽ മഴയും കൂട്ടിനുണ്ട്. സമീപം ഒരു ചെറിയ കുന്നിന്മുകളിലെ ക്ഷേത്രം കണ്ടെങ്കിലും അവിടെ നടന്നുകയാറാനുള്ള ആരോഗ്യമില്ലാത്തതിനാലും പിറ്റേന്ന് കയറാനുള്ള 500 പടികളുള്ള വലിയൊരു കുന്നുണ്ടെന്നു ഡ്രൈവർ പറഞ്ഞതിൻ പ്രകാരവും, എങ്കിൽ അത് കണ്ടാൽ മതിയെന്ന ഐക്യകണ്ഠേനയുള്ള തീരുമാനത്തിന്റെ വെളിച്ചത്തിൽ.
ഒരുദിവസം മുഴുവൻ നടന്നതിന്റെ ക്ഷീണം തീർക്കാൻ കുറച്ചുനേരം അവിടെ വിശ്രമിച്ചു ഇരുട്ടുവീഴാൻ തുടങ്ങിയപ്പോൾ തിരിയെപ്പോന്നു.
പിറ്റേന്ന് സന്ദർശിക്കാനുള്ള സ്ഥലങ്ങളെപ്പറ്റി ഒരു ചെറുവിവരണവും തന്നാണ് ഡ്രൈവർ ഞങ്ങളെ റൂമിൽ കൊണ്ടുപോയി വിട്ടത്. വൈകിട്ടത്തെ ഭക്ഷണം പുറത്തെ ഒരു റെസ്റ്റോറന്റിൽ പോയി കഴിച്ചു. അവിടെ ചെറിയ കിടക്കകൾ നിവർത്തിയിട്ടതിന് മുന്നിൽ ചെറിയ മേശകളിൽ മെഴുകുതിരിയും റാന്തലും തെളിച്ചുവെച്ചാണ് ആഹാരം കഴിക്കുന്നത്. ഞങ്ങൾക്ക് ആ രീതി ശീലമില്ലാത്തതിനാൽ സൈഡിൽ ഇട്ടിരുന്ന ടേബിളിൽ ഇരുന്നു. ഇവിടെയും അകത്തു ചെരിപ്പിടാൻ പാടില്ല. മോശമല്ലാത്ത ചൈനീസ് ഭക്ഷണമാണ് രാത്രി കഴിച്ചത്.
പിറ്റേന്ന് എട്ടുമണിക്ക് പുറപ്പെടണമെന്നു പറഞ്ഞിരുന്നതിനാൽ രാവിലെ സമയത്തുതന്നെ എണീറ്റ് റൂം വെക്കേറ്റ് ചെയ്തു യാത്ര തുടങ്ങി. കുറേദൂരം യാത്രചെയ്ത് തുംഗഭദ്രാ നദിക്ക് കുറുകെയുള്ള പാലത്തിലൂടെ ആനേഗുണ്ടി ആഞ്ജനേയാദ്രിക്ക് താഴെയെത്തി. ഹിന്ദുമത വിശ്വാസമനുസരിച്ചു ഹനുമാന്റെ ജന്മസ്ഥലമായി ഇത് പരിഗണിക്കപ്പെടുന്നു. ഹനുമാൻ അഞ്ജനയിൽ ജനിച്ചതുകൊണ്ടാണ് ആഞ്ജനേയൻ എന്നു വിളിക്കപ്പെടുന്നത്. ഈ ക്ഷേത്രത്തിലെത്താൻ ഏതാണ്ട് 575 പടികൾ കയറണം. പാറയിൽ കൊത്തിയെടുത്ത ഹനുമാൻ്റെ വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്. രാമൻ്റെയും സീതയുടെയും ആരാധനാലയങ്ങളും സമീപത്തായി ഒരു അഞ്ജന ക്ഷേത്രവുമുണ്ട് . പുരാണങ്ങളിൽ കിഷ്കിന്ധ എന്നറിയപ്പെട്ട സ്ഥലമാണിതെന്നു വിശ്വാസം. ഗംഗാവതി താലൂക്കിലാണ് ആഞ്ജനേയാദ്രി. താഴെ നിന്നു നോക്കിയാൽ മലയുടെ തുഞ്ചത്തു ഭീമാകാരങ്ങളായ പാറകൾ ആകാശത്തെ ചുംബിച്ചു നിൽക്കുന്ന കാഴ്ചയാണ് ദൃശ്യമാകുക.
ഇവിടെയെത്തിയപ്പോൾ മകൾക്ക് സംശയം അമ്മ ഇതിനുമുകളിൽ കയറുമോ എന്ന്? ഉറപ്പായും കയറും എന്ന് പറഞ്ഞു ഞങ്ങൾ മൂവരും പടികൾ കയറാൻ തുടങ്ങി. ഹസ്ബൻഡ് ഈ സാഹസത്തിൽ നിന്നും പിന്മാറി താഴെ കാത്തുനിന്നു. വെയിലും മഴയും ഏൽക്കാതെ പടികൾക്കുമുകളിൽ പാതിഭാഗത്തോളം റൂഫ് ഉണ്ട്. പ്രായമായവരും കൊച്ചുകുട്ടികളും അടക്കം കൈക്കുഞ്ഞുങ്ങളെയുമായി പടികൾ കയറുന്നവർ. ചിലർ ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് കയറുന്നത്.
ഇവിടെ നിറയെ കുരങ്ങുകൾ ഉണ്ട്. ഇവർക്ക് ഭക്ഷണവും സന്ദർശകർ നൽകുന്നു. മനുഷ്യരോട് ഇടപഴകി യാതൊരു പേടിയുമില്ലാതെയാണ് ഇവരിവിടെ വിഹരിക്കുന്നത്. ധാരാളം കുരങ്ങമ്മമാർ കുട്ടിക്കുരങ്ങുകളേയുമായി നടക്കുന്ന
കൗതുകക്കാഴ്ച്ച ചിലർ ഫോണിലെ ക്യാമറയിൽ പകർത്തുന്നുണ്ട്. ഇത് അലോസരമായിതോന്നിയിട്ടാകണം ഒരു ഫോട്ടോഗ്രാഫറുടെ നേരെ ഒരു കുട്ടിക്കുരങ്ങ് ക്രീ..ക്രീ..എന്നു ദേഷ്യപ്പെട്ടുകൊണ്ടു ഫോൺ തട്ടിക്കളയാനായി ഓടിയടുക്കുന്നതും അയാൾ എണീറ്റ് ഒടുന്നതും കണ്ടു.
താഴെ അല്പം വിശാലമായ പടികൾ മുകളിലേക്ക് പോകുന്തോറും ഇടുങ്ങി വന്നു. എങ്കിലും ഈ പടികൾ കയറുന്നത് അത്ര ബുദ്ധിമുട്ടായി തോന്നിയില്ല. ഇടയ്ക്ക് നിന്നു വിശ്രമിക്കാനുള്ള ഇടവുണ്ട്. അധികം തിരക്കില്ലെങ്കിലും ഇടയ്ക്ക് ഓരോ സംഘങ്ങൾ വരുമ്പോൾ ഒന്നിച്ചുകയറ്റം ബുദ്ധിമുട്ടാകും. അപ്പോൾ സൈഡിൽ ഒതുങ്ങി നിന്ന് ജനക്കൂട്ടം പോയ്ക്കഴിയുമ്പോൾ വീണ്ടും കയറും. മുകളിലെത്തുമ്പോൾ കൂറ്റൻ പാറയിടുക്കുകളിൽക്കൂടി നൂണ്ടു കയറിയും വേണം കുന്നിന്റെ മുകളിലേക്ക് എത്താൻ. ഈ കയറ്റം നല്ലൊരു അനുഭവമായിരുന്നു.
അങ്ങനെ നിന്നും കയറിയും മുകളിലെത്തി. നിരപ്പായ പാറപ്രതലം. നല്ല വെയിലുണ്ടെങ്കിലും പക്ഷേ അതിലും നന്നായി കാറ്റും വീശുന്നുണ്ട്. കാറ്റിനു വശം ചെരിഞ്ഞു നടന്നില്ലെങ്കിൽ വീണുപോകും അത്രയ്ക്ക് കാറ്റാണ്. പാറകൾക്ക് മുകളിൽ ഇടയ്ക്ക് കുറ്റിച്ചെടികളും ഒരു ചെറിയ കുളവും ഒരു ചെറിയ ക്ഷേത്രവും ഒരു സ്തൂപവും മുകളിലുണ്ട്. ക്ഷേത്രത്തിന് അധികം കാലപ്പഴക്കമില്ല എന്നു മനസ്സിലാകും. വിജയനഗരസാമ്രാജ്യത്തിന്റെ ശില്പചാതുരി ഒട്ടുമില്ല. ഇവിടെ നിന്നു നോക്കിയാൽ ജലസേചനത്തിനായി തുംഗഭദ്രാ നദിയിൽ നിന്നും വെള്ളം കൊണ്ടുപോകുന്ന വലിയൊരു കനാൽ ദൂരേക്കാണാം. ഒരുവശത്തു തുംഗഭദ്രാ നദിയും കലങ്ങിനിറഞ്ഞു കിടക്കുന്നു. നെൽപ്പാടങ്ങളുടെയും നീലമലകളുടയും ഹൃദ്യമായ ഒരു ദൃശ്യവിരുന്ന് ഇവിടെ സാധ്യമാകും. കൂടെ വിജയനഗരസാമ്രാജ്യത്തിന്റെ ഒരു വിഹഗ വീക്ഷണവും. അങ്ങുതാഴെ റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷകൾക്ക് തീപ്പെട്ടിക്കൂടിന്റെ വലിപ്പം മാത്രം ശക്തമായ കാറ്റിൽ കുരങ്ങുകൾക്ക് നിലതെറ്റുന്നതും മുന്നോട്ടു പറന്നുപോകാൻ ആഞ്ഞ ഒരു കാക്ക
കാറ്റിന്റെ ദിശയിൽ നേരെ പിന്നോട്ട് പോകുന്നതും പാറയിടുക്കിലെ കുറ്റിക്കാട്ടിലേയ്ക്ക് വീഴുന്നതും കണ്ടു. എന്നാൽ ചെറുകിളികൾ അവിടെ തത്തികളിക്കുന്നുമുണ്ട്.
കുറച്ചുനേരം ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിച്ചു കയറ്റത്തിന്റെ ക്ഷീണം തീർത്തു താഴേയ്ക്കിറങ്ങി. ഇവിടെ ഭക്തരായ സന്ദർശകരാണ് ഏറെയും. ഇടയ്ക്ക് രണ്ടു വിദേശികളെയും കണ്ടു. താഴെയെത്തി ഓരോ കരിക്ക് കുടിച്ചു ക്ഷീണമകറ്റി. ഹംബിയിൽ ഒട്ടും വൃത്തിയില്ലാത്ത സ്ഥലം ഇതാണ്. കച്ചവടസ്ഥാപനങ്ങൾക്കിടയിൽ ഒരു പശുവിനെ കെട്ടിയിട്ടുണ്ടായിരുന്നു. അത് മൂത്രമൊഴിച്ചപ്പോൾ റോഡരികിലിലിരുന്നു കച്ചവടം ചെയ്യുന്ന സ്ത്രീ ഒരു ഗ്ളാസ്സുമായി വന്ന് മൂത്രം ശേഖരിക്കുന്നത് കണ്ടു. ഇത് എന്തു ചെയ്തു എന്ന് കാണാനുള്ള ത്രാണിയില്ലാതിരുന്നതുകൊണ്ട് വേഗം അവിടുന്നു സ്ഥലം വിട്ടു. വഴിയുടെ ഇരുവശവും ചാണകവും കുരങ്ങന്മാരുടെ വിസർജ്യങ്ങളും ചിതറിക്കിടക്കുന്നതിൽ മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന സ്ത്രീകൾ ഒരു തോർത്തുപോലും വിരിക്കാതെ ഇരിക്കുന്ന കാഴ്ച്ച അസഹനീയമായിരുന്നു.
ഇവിടെനിന്നും ആനേഗുണ്ടിയിലേക്ക് പോകുന്ന പാതയിൽ മറ്റൊരു ക്ഷേത്രമുണ്ട്. കുന്നുകൾക്കിടയിലെ ഒരു താഴ്വരയിലാണ് പമ്പസരോവരവും ശബരി ഹിൽസും. ഹംപിക്കടുത്തുള്ള കൊപ്പൽ ജില്ലയിലെ ഒരു തടാകമാണ് പമ്പ സരോവര . തുംഗഭദ്ര നദിക്ക് തെക്ക് സ്ഥിതി ചെയ്യുന്ന ഇത് ഹൈന്ദവർ പവിത്രമായി കണക്കാക്കുന്നു. ഇന്ത്യയിലെ അഞ്ച് വിശുദ്ധ സരോവരങ്ങളിൽ ഒന്നാണിത് . രാമഭക്തയായ ശബരി രാമന്റെ വരവിനായി കാത്തുനിന്ന സ്ഥലമായും പമ്പ സരോവരം ഹിന്ദു ഇതിഹാസമായ രാമായണത്തിൽ പരാമർശിക്കപ്പെടുന്നു. ഇവിടെയുള്ള ക്ഷേത്രത്തിൽ ഒരു പീഠത്തിൽ രണ്ടു കാൽപ്പാദങ്ങൾ പൂജിക്കപ്പെടുന്നു. ഒരു സ്ത്രീ ഇവിടെ നിരന്തരം ശുചീകരണപ്രവർത്തനം നടത്തുന്നുണ്ട്. ഇവർ ഒരു ഗൈഡ് ആയും പ്രവർത്തിക്കുന്നു. കുന്നിന് ഉള്ളിലേക്ക് നീളുന്ന ഒരു ഗുഹയിലാണ് ശബരി തപസ്സനുഷ്ഠിച്ചതെന്നു പറയപ്പെടുന്നു. പാദങ്ങൾക്ക് സമീപം ഒരു പാത്രത്തിൽ ഏതാനും നോട്ടുകളും നാണയങ്ങളും കിടക്കുന്നുണ്ട്. ഇത് സന്ദർശകർ ഇടുന്നതാണ്. ഒരുപക്ഷേ അവരുടെ ഉപജീവനത്തിനുള്ളതാകാം ഈ നാണയത്തുട്ടുകൾ.
പച്ചനിറത്തിൽ ജലം നിറഞ്ഞുകിടക്കുന്ന തടാകം ഇരു കുന്നുകൾക്കിടയിൽ തൊട്ടടുത്തു തന്നെയുണ്ട്. തടാകത്തിന് സമീപം ഒരു കുളമുണ്ട്. മുതലയുണ്ട് അതിലേയ്ക്കിറങ്ങരുതെന്നു കരയിൽ മുന്നറിയിപ്പ് ബോർഡ് വെച്ചിട്ടുണ്ട്. അത് അവഗണിച്ചു സന്ദർശകർ ഇറങ്ങുന്ന കാഴ്ചയും കാണാം. ഇവിടെ മറ്റൊന്നും കാണാനില്ലാത്തതിനാൽ വീണ്ടും യാത്ര തുടർന്നു. ആനെഗുണ്ടി ടൂറിസ്റ്റ് വില്ലേജ് എന്നു ബോർഡ് വെച്ചിരിക്കുന്ന ഇടുങ്ങിയ തെരുവിലൂടെ യാത്രചെയ്ത് തുംഗഭദ്രയുടെ തീരത്തെ കോട്ടയുടെ സമീപത്തേയ്ക്കാണ് പോകുന്നത്.
തുടരും..