Thursday, January 2, 2025
Homeസ്പെഷ്യൽശുഭചിന്ത - (75) പ്രകാശഗോപുരങ്ങൾ - (51) ' മനസ്സ് ' ✍പി.എം.എൻ.നമ്പൂതിരി

ശുഭചിന്ത – (75) പ്രകാശഗോപുരങ്ങൾ – (51) ‘ മനസ്സ് ‘ ✍പി.എം.എൻ.നമ്പൂതിരി

പി.എം.എൻ.നമ്പൂതിരി

“ചഞ്ചലം ഹി മന: കൃഷ്ണപ്രമാഥി ബലവദ് ദൃഢം
തസ്യാഹം നിഗ്രഹം മന്യേ വായോരിവ സുദുഷ്കരം “

നമ്മുടെ വ്യക്തിത്വത്തെ ഏറ്റവും സ്വാധീനിക്കുന്നത് മനസ്സാണ്. അതിനെ നിയന്ത്രിക്കുക അതീവ പ്രയാസമാണെന്ന് ഗീതയിൽ അർജ്ജുനൻ ഭഗവാനോട് പറയുന്നുണ്ട്. എന്നാൽ ഭഗവാൻ കൊടുത്ത മറുപടി “അർജ്ജുന, നീ പറയുന്നത് ശരിയാണ് എങ്കിലും നിത്യാഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും മനസ്സിനെ നിയന്ത്രിക്കാൻ കഴിയുമെന്നാണ്‌.

എന്നാൽ ശ്രീരാമകൃഷ്ണൻ പറയുന്നത് മനസ്സ് അലക്കിയെടുത്ത വസ്ത്രം പോലെയാണ് എന്നാണ്. ചുവന്ന ചായത്തിൽ മുക്കിയാൽ അത് ചുവപ്പാകും, നീലയിൽമുക്കിയാൽ നീലയാകും. അതായത് മുക്കുന്ന ചായത്തിൻ്റെ നിറം ആ വസ്ത്രത്തിന് ലഭിക്കുന്നു. അതുപോലെയാണത്രെ മനസ്സും. നമ്മുടെ മനസ്സിനെ പലതും സ്വാധീനിക്കുന്നുണ്ട്. വായയിൽ കൂടി കഴിക്കുന്ന ആഹാരം മാത്രമല്ല മറ്റു ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്നവയും മനസ്സിനെ നിയന്ത്രിക്കുന്നു. അതായത് കണ്ണുകൊണ്ട് കാണുന്നവയും ചെവികൊണ്ട് കേൾക്കുന്നവയും സ്പർശനം വഴിയും. ഇവയൊക്കെ മനസ്സിനെ എത്രമാത്രം അശാന്തമാക്കുന്നു എന്ന് നമുക്കറിയാം.

മറ്റുള്ള ആളുകളുമായും വസ്തുക്കളുമായും ബന്ധം അമിതമായി വളർത്തുന്നത് പലപ്പോഴും ബന്ധനമായിത്തീരുന്നുണ്ട്. Attachment അഥവാ ആസക്തി മനോനിയന്ത്രണത്തിനുള്ള ഏറ്റവും ശക്തമായ പ്രതിബന്ധമാണ്. നന്മയും തിന്മയും തമ്മിൽ, സത്യവും അസത്യവും തമ്മിൽ തിരിച്ചറിയുവാനുള്ള കഴിവാണ് മനോനിയന്ത്രണത്തിനുള്ള ഒരു പ്രധാന ഉപാധി. നിസ്സംഗത, വിരക്തി, ക്ഷമ എന്നീ ഗുണങ്ങൾ മറ്റുള്ളവരുമായും ജഗദീശ്വരനുമായുള്ള സ്നേഹബന്ധം വളർത്താൻ സഹായിക്കും. ക്ഷമ തപസ്സാണെന്ന് ശാരദാദേവി പറഞ്ഞിട്ടുണ്ട്. നിയന്ത്രണമറ്റ മനസ്സ് ഹിമബിന്ദുവിൽ ഹിമാലയത്തെ കാണും. മഴത്തുള്ളിയിൽ പെരുങ്കടൽ കാണും.

ധ്യാനം മനസ്സിനെ നിയന്ത്രിക്കാനുള്ള ഒരു നല്ല മാർഗ്ഗമാണ്.ഈശ്വരവിശ്വാസം നമ്മുടെ
ആത്മവിശ്വാസം വർദ്ധിപ്പിക്കും. വളരെ ഉയരത്തിൽ ട്രപ്പീസിൽ ആടുന്ന കുട്ടി, ആടിക്കൊണ്ടിരിക്കുന്ന ഊഞ്ഞാലിൽനിന്നും അടുത്ത മറ്റൊരു ഊഞ്ഞാലിലേയ്ക്ക് ചാടി എത്തിപ്പിടിക്കുമ്പോൾ ആ കുട്ടിക്ക് ആത്മവിശ്വാസം നൽകുന്നത് അടിയിൽ വലിച്ചുപിടിച്ചിട്ടുള്ള കയർവലയാണ്.അതുപോലെ നാം വീഴാതെ സൂക്ഷിക്കാൻ, എപ്പോഴും നമ്മേ സംരക്ഷിക്കാൻ, ദൈവത്തിൻ്റെ കൈകൾ നമുക്ക് ചുറ്റും വലകൾ വിരിച്ചിട്ടുണ്ടെന്ന വിശ്വാസം നമ്മെ നിർഭയരാക്കും.

മനസ്സിന് 10 ഭാര്യമാരുണ്ടത്രെ. അതിൽ 5 ഭാര്യമാർ നമ്മുടെ അഞ്ചു പഞ്ചേന്ദ്രിയങ്ങളാണ്. ബാക്കിയുള്ള അഞ്ച് കർമ്മേന്ദ്രിയങ്ങളും. ഈ ഭാര്യമാരെ നിയന്ത്രിക്കാൻ കഴിയാത്ത മനസ്സാകുന്ന ഭർത്താവ് ദുരിതങ്ങൾ തുടർച്ചയായി അനുഭവിച്ചുകൊണ്ടേ ഇരിക്കും.അവരുടെ താളത്തിനൊപ്പം തുള്ളി ജന്മം നശിപ്പിക്കുകയാണ്. അതിന് ശരിയായ ഉദാഹരണമാണ് ഭാഗവതത്തിൽ വിവരിച്ചിട്ടുള്ള ഉത്താനപാദമഹാരാജാവിൻ്റെ ധർമ്മസങ്കടം. മൂന്നു ഭാര്യമാരുണ്ടായിരുന്ന ദശരഥമഹാരാജാവിൻ്റെ ധർമ്മസങ്കടം രാമായണത്തിലും പറയുന്നുണ്ട്. മക്കളിൽ ഒരാളെപ്പോലും കാണാനാകാത്ത ദു:ഖം മൂലം അദ്ദേഹം മരിച്ചുപോയി. അപ്പോൾ പിന്നെ 10 ഭാര്യമാരുള്ള മനസ്സിൻ്റെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ. ജീവിതലക്ഷ്യം സുഖം കണ്ടെത്തലാണെന്ന വിചാരം മാറാത്തിടത്തോളം കാലം നമുക്ക മനോസുഖം ലഭിക്കുകയില്ല. ഉദാഹരണമായി, നിങ്ങൾ വേലക്കാരനെക്കൊണ്ട് നിത്യവും മദ്യം വരുത്തി കഴിക്കുകയും ഒന്നിച്ചിരുന്ന് അത് കഴിക്കുകയും ചെയ്താൽ അവനെ നിങ്ങൾക്ക് നിയന്ത്രിക്കാനാവില്ലല്ലോ. അതുപോലെ സുഖം തേടി അലയുന്ന മനസ്സിനെ നിയന്ത്രിക്കാൻ അസാദ്ധ്യമാണ്.

ഭഗവാൻ ഗീതയിൽ പറയുന്നത് കാറ്റ് വെള്ളത്തിൽ സഞ്ചരിക്കുന്ന വള്ളത്തിനെ വലിച്ചു കൊണ്ടുപോകുന്നതുപോലെ അലഞ്ഞുനടക്കുന്ന ഇന്ദ്രിയങ്ങളുടെ പിറകെ പായുന്ന മനസ്സും നിയന്ത്രണം വിട്ട് സഞ്ചരിക്കുന്നു. നിയന്ത്രണവിധേയമായ മനസ്സ് ശാന്തിയിലേയ്ക്കും ശാന്തി മന:സുഖത്തിലേയ്ക്കും നയിക്കുന്നു. ഒരു സന്തുഷ്ട മനസ്കൻ മറ്റുള്ളവരെക്കൂടി സന്തുഷ്ടരാക്കുന്നു. ഒരു അസന്തുഷ്ടവ്യക്തിയാകട്ടെ സമൂഹത്തിന് മൊത്തം ദുഃഖം നൽകുന്നു. ലോകമെല്ലാം വെട്ടിപ്പിടിച്ചാലും സ്വന്തം മനസ്സിനെ കടിഞ്ഞാണിടാൻ കഴിയാഞ്ഞാൽ പിന്നെ എന്ത് പ്രയോജനമാണുള്ളത്?

മനസ്സിലൂടെയാണ് നാം കാണുന്നതും കേൾക്കുന്നതും.”” എൻ്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു, അതു കൊണ്ട് ഞാൻ കണ്ടില്ല എൻ്റെ മനസ്സ് അവിടെ ഉണ്ടായിരുന്നില്ല അതുകൊണ്ട് ഞാനതു കേട്ടില്ല” എന്നൊക്കെ നാം പറയാറുള്ളതാണല്ലൊ! ശകുന്തളയുടെ തൊട്ടുമുമ്പിൽ ദുർവ്വാസാവു മഹർഷി വന്നു നിന്നതു ശകുന്തള കണ്ടില്ല. ചോദിച്ചതൊന്നും കേട്ടതുമില്ല. അതിനു കാരണം അവരുടെ മനസ്സ് ദുഷ്യന്തനിലായിരുന്നു. അപ്പോൾ നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ മനസ്സിൻ്റെ സാന്നിധ്യത്തിൽ മാത്രമേ പ്രവർത്തനക്ഷമമാവുകയുള്ളൂ എന്ന് മനസ്സിലാക്കാം.

ഒരു വസ്തു പ്രതികരണം സൃഷ്ടിക്കുന്നത് നമ്മുടെ മനസ്സിലാണ്. അല്ലാതെ വസ്തുവിലല്ല. അതുകൊണ്ടാണ് ഒരേ വസ്തുവിൽ പലരും പല പ്രതികരണങ്ങൾ സൃഷ്ടിക്കുന്നത്. അതിനു ഒരു ഉദാഹരണം പറയുകയാണെങ്കിൽ “ഒരാൾ പറയും നല്ല പശു എണ്ണകറുപ്പ്, നീളമുള്ള വാൽ കാണാൻ എത്ര ഐശ്വര്യം. മറ്റൊരാൾ പറയും നല്ല പശു പൊക്കം കുറവ് സൽസ്വഭാവി നന്നായി തീറ്റിയാൽ ധാരാളം പാൽ കിട്ടും.എന്നാൽ മൂന്നാമൻ പറയും കൊഴുത്തുരുണ്ട പശു 800 കിലോ എങ്കിലും കാണും, ധാരാളം മാംസം വിൽക്കാം. ഇങ്ങനെ പോകുന്നു പലരുടേയും ചിന്തകൾ. ഒരാൾക്ക് മദ്യം കാണുന്നതു ഹരമാണെങ്കിൽ മറ്റൊരാൾക്ക് അത് വെറുപ്പ് ജനിപ്പിക്കുന്നു. അതുപോലെ തന്നെ ഒരു വസ്തു ഒരാൾക്കുതന്നെ പല അവസ്ഥയിൽ വിരുദ്ധ പ്രതികരണങ്ങൾ ഉണ്ടാക്കുന്നു. അതായത് കാണുന്ന വസ്തുവിലല്ല ദൃഷ്ടാവിൻ്റെ മനസ്സാണ് പ്രതികരണം സൃഷ്ടിക്കുന്നത്. അതുപോലെ അന്യരുടെ നന്മയും തിന്മയും കാണുന്നവൻ്റെ മനസ്സിലാണ് രൂപപ്പെടുന്നത്. അതു കൊണ്ട് മനസ്സിലാക്കുക ” അന്യരിലെ നന്മമാത്രം കാണുന്നവൻ്റെ മനസ്സ് എപ്പോഴും ആകാശംപോലെ വിശാലമായിരിക്കും.

പി.എം.എൻ.നമ്പൂതിരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments