Saturday, January 4, 2025
Homeസ്പെഷ്യൽശുഭചിന്ത - (96) പ്രകാശഗോപുരങ്ങൾ - (72) 'പരദൂഷണം' പി.എം.എൻ.നമ്പൂതിരി.

ശുഭചിന്ത – (96) പ്രകാശഗോപുരങ്ങൾ – (72) ‘പരദൂഷണം’ പി.എം.എൻ.നമ്പൂതിരി.

പി.എം.എൻ.നമ്പൂതിരി.

പരദൂഷണം

സൃഷ്ടിസമയത്ത് അമൂല്യനിധികൾ സൃഷ്ടിക്കപ്പെട്ടു. ഇത് എവിടെ വെച്ചാലാണ് കൂടുതൽ സുരക്ഷിതമാവുക, കൂടുതൽ പ്രകാശമാനമാവുക? അങ്ങനെ അത് മനുഷ്യമനസ്സിൽത്തന്നെ സൂക്ഷിക്കണമെന്നു തീരുമാനിച്ചു. ഈ മനസ്സിനെ എങ്ങനെ സൂക്ഷിച്ചു സംരക്ഷിക്കും? സൂര്യനുപോലും പ്രഭ കൊടുക്കുന്നത് നമ്മുടെ മനസ്സാണ്. മനസ്സിൻ്റെ വർണ്ണരാജികളാണ് മഴവില്ലിനു നിറം പ്രദാനം ചെയ്യുന്നത്. ഇങ്ങനെയുള്ള മനുഷ്യമനസ്സിനെ ഏറ്റവും മലീമസമാക്കുന്നത് പരദൂഷണം എന്ന ദു:സ്വഭാവമാണ്. അന്തരീക്ഷ മലിനീകരണം തടയാൻ ശാസ്ത്രം മാർഗ്ഗം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മനസ്സിൻ്റെ മലിനീകരണം തടയാൻ മറ്റുള്ളവരുടെ തെറ്റുകൾ കാണാതിരിക്കാൻ ശ്രമിച്ചാൽ മതി. ഒന്ന് ഓർക്കുക ചന്ദ്രനിൽപോലും കറുത്ത പുള്ളികളുണ്ട്. ആ പുള്ളിപോലും എൻ്റെ മനസ്സിൽ ഉണ്ടാകരുതേ എന്ന് ശാരദാദേവി പ്രാർത്ഥിക്കാറുണ്ടായിരുന്നുവത്രെ.

ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞിട്ടുള്ളത് ”യുറേനിയം ശുദ്ധീകരിച്ച് ആണവോർജ്ജമുണ്ടാക്കാൻ നമ്മേ ശാസ്ത്രം പഠിപ്പിച്ചു. പക്ഷെ, മനുഷ്യ മനസ്സിലെ മാലിന്യങ്ങൾ ശുദ്ധീകരിച്ചെടുക്കാൻ മറ്റൊരു ശാസ്ത്രം ഇനിയുണ്ടാകേണ്ടിയിരിക്കുന്നു എന്നാണ് “

പരദൂഷണം പറയുന്നവർ ശ്രദ്ധിക്കേണ്ട കാര്യം “അത് ആരെപ്പറ്റി പറയുന്നുവോ അത് അവരേക്കാൾ പറയുന്നവനെ മുറിപ്പെടുത്തും. ഇത് മനസ്സിൻ്റെ ഒരു രോഗമാണ്. രോഗാണുക്കളെക്കൊണ്ടുള്ള മിക്ക രോഗങ്ങളും വൈദ്യശാസ്ത്രം കീഴടക്കി. എന്നാൽ മനുഷ്യമനസ്സിൽ സംഘർഷങ്ങളുണ്ടാക്കുന്ന രോഗങ്ങൾ ഇന്നും കൂടിക്കൂടി വരുകയാണ്.

പരദൂഷണം ഒഴിവാക്കുക, പ്രത്യേകിച്ചും ആ വ്യക്തിയുടെ അസാന്നിദ്ധ്യത്തിൽ. വ്യക്തികൾ തമ്മിലുള്ള അഭിപ്രായ വിത്യാസത്തിനും വൈരത്തിനും പ്രധാന കാരണം പരദൂഷണമാണെന്ന് മനസ്സിലാക്കുക. അത് ഭീരുത്വം, അസൂയ എന്നിവയിൽ നിന്നാണ് ഉടലെടുക്കുന്നത്. മനുഷ്യനെ നന്മയുടെ കൊടുമുടിയിലേയ്ക്കും തിന്മയുടെ പടുകുഴിയിലേയ്ക്കും എത്തിക്കുന്നത് നാവാണ്. മറ്റുള്ളവരെപ്പറ്റി ദോഷം പറയുക, അപവാദം പ്രചരിപ്പിക്കുക, അസത്യവും അർദ്ധസത്യവും പറഞ്ഞു നടക്കുക, അമിതഭാഷണം നടത്തുക ഇങ്ങനെ പലവിധത്തിൽ നാവിൻ്റെ ദുർവിനിയോഗംമൂലം മനുഷ്യജീവിതം മലീമസമാകുന്നു.

ഒരിക്കൽ സോക്രട്ടീസിൻ്റെ അനുയായികളിലൊരാൾ പറഞ്ഞു “താങ്കളുടെ സുഹൃത്തിനെപ്പറ്റി ഞാനെന്തൊക്കെയാ കേൾക്കുന്നത്?”
ഒരു നിമിഷം കഴിഞ്ഞ് സോക്രട്ടീസ് പ്രതിവചിച്ചു “അതുപറയും മുമ്പ് നിങ്ങൾ എൻ്റെ മൂന്നു ചോദ്യങ്ങൾക്കുത്തരം പറയണം.

– 1 – താങ്കൾ കേട്ടതു പൂർണ്ണസത്യമാണെന്നു താങ്കൾക്ക് ബോദ്ധ്യമുണ്ടോ? അത് ഞാൻ കേട്ട കാര്യമാ… നിർത്തൂ. നിങ്ങൾ പറയാൻ പോകുന്ന കാര്യം സത്യമോ എന്ന് നിങ്ങൾക്കുതന്നെ തീർച്ചയില്ല.

– 2 – ഏതേങ്കിലും നല്ല കാര്യമാണോ നിങ്ങൾക്കു പറയാനുള്ളത് “അല്ല നേരേമറിച്ച് “മതി സത്യമെന്നു തീർച്ചയില്ലാത്ത ചീത്ത കാര്യമാണ് പറയാൻ പോകുന്നത്.

– 3 – ഈ കാര്യം കേട്ടതുകൊണ്ട് എനിക്കെന്തെങ്കിലും പ്രയോജനമുണ്ടോ? – ഇല്ല.” അതു ശരി. അപ്പോൾ നിങ്ങൾക്കു പറയാനുള്ള കാര്യം സത്യവുമല്ല, നല്ലതുമല്ല. അതു കൊണ്ടാർക്കും പ്രയോജനവുമില്ല. പിന്നെ നിങ്ങൾ അത് എന്തിനെന്നോടു പറയണം? സോക്രട്ടീസിൻ്റെ ശബ്ദം ഉയർന്നപ്പോൾ പരദൂഷണക്കാരൻ്റെ നാവിറങ്ങിപ്പോയി.

പാമ്പുകൾക്ക് മാരക വിഷമുണ്ടെന്നു നമുക്കറിയാം.എന്നാൽ ആ വിഷം പാമ്പിനെ ബാധിക്കുന്നില്ല. മനുഷ്യൻ്റെ സ്ഥിതി നേരേ മറിച്ചാണ്.പരദൂഷണക്കാരൻ്റെയുള്ളിൽ പക, വിദ്വേഷം, അസൂയ തുടങ്ങി ഒട്ടേറെ മാരക വിഷങ്ങളുണ്ട്. അവ മറ്റുള്ളവരേക്കാളുപരി അവനവനെത്തന്നെയാണ് ഇഞ്ചിഞ്ചായി കൊല്ലുന്നത്. എന്നാൽ പലപ്പോഴും അവർ അതു അറിയുന്നില്ല എന്നുള്ളതാണ് കൂടുതൽ അപകടകരമായ വസ്തുത. അതിനു പ്രധാന കാരണം മനോ മാലിന്യമാണ്. മറ്റുള്ളവർക്ക് ഒരിക്കലും കടന്നുചെല്ലാനാവാത്ത മനുഷ്യമനസ്സിൻ്റെ ഉള്ളറയിൽ നടക്കുന്നവയിൽ പലതും അടുത്തു പെരുമാറുന്ന വ്യക്തികൾപോലും അറിയാനിടവരുന്നില്ല. മാനസിക വിചാരങ്ങൾ ശുദ്ധമയിരുന്നാൽ ഉള്ളിൽ മാരക വിഷം നിറയുന്നത് ഒഴിവാക്കാം. I AM HOLIER THAN YOU – “ഞാൻ നിന്നേക്കാൾ പരിശുദ്ധനാണ് ” എന്ന ചിന്തയാണ് ഈ പരദൂഷണത്തിനു പിറകിൽ.ഒരിക്കൽ പോലും കണ്ണാടി നോക്കാതെ മറ്റുള്ളവരുടെ കുറ്റം പറഞ്ഞു നടക്കുന്നവരാണ് ഇത്തരക്കാർ.

പരദൂഷണം പണ്ടും ഉണ്ടായിരുന്നു. അതിൻ്റെ ദുഷ്ഫലങ്ങൾ അവതാരപുരുഷന്മാർക്കുവരെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സീതയെക്കുറിച്ച് ഒരു രജകൻ പറഞ്ഞുപരത്തിയ അപവാദം കേട്ട് ദുഃഖിച്ച രാമന്, രാജാവിൻ്റെ ധാർമ്മികത നിലനിർത്താൻ സീതാദേവിയെ വനത്തിൽ ഉപേക്ഷിക്കേണ്ടിവന്നു. പ്രസേനനെ കൊന്ന് സ്യമന്തകംമണി താൻ സ്വന്തമാക്കിയെന്ന ദുഷ്പ്രചരണം ശ്രീകൃഷ്ണനെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തിയത്. ഒടുവിൽ അദ്ദേഹംതന്നെ പരിശ്രമിച്ച് സത്യസ്ഥിതി ബോദ്ധ്യപ്പെടുത്തി.

തെറ്റിദ്ധാരണ പരത്തുന്നവർ അങ്ങനെ ചെയ്തു കൊള്ളട്ടെ. നാം അന്യരുടെ കുറ്റങ്ങൾ പെരുപ്പിച്ചു കാണിക്കുന്ന മൈക്രോസ് കോപ്പിൽ നോക്കാതെ സ്വന്തം പ്രതിബിംബം കാണുന്ന മുഖക്കണ്ണാടിയിൽ നോക്കുക. നമ്മളെപ്പറ്റി ദൂഷണം പറയുന്നവരോട് നാം കൃതജ്ഞരാവണം. അവർ നമ്മുടെ ശത്രുക്കളല്ല. മിത്രങ്ങളാണ്.കാരണം, അവർ നമ്മുടെ പാപഭാരത്തിൻ്റെ കുറെ ഭാഗം ഏറ്റെടുക്കുന്നു.

ഇതിന് ഉപോദ്ബലകമായി ഒരു കഥയുണ്ട്.- പാക്കനാരും ഭാര്യയും കൂടി നടന്നു പോകുമ്പോൾ ഒരു ബ്രാഹ്മണൻ എതിരെ വരുന്നു. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ ഭാര്യ പറഞ്ഞു: “വഷളൻ, മകളെ ഭാര്യയാക്കി വച്ചിരിക്കുന്ന ദുഷ്ടൻ, എങ്ങോട്ടാണാവോ പോകുന്നത്? ഇത് കേട്ട് പാക്കനാർ പറഞ്ഞു: “”ഒരട്ട ബാക്കിയുണ്ടായിരുന്നു.അതു നിനക്കും കിട്ടി.” ഭാര്യയ്ക്കൊന്നും മനസ്സിലായില്ല. “എന്താ അങ്ങനെ പറഞ്ഞത്?” ഭാര്യ തിരക്കി. പാക്കനാർ കാര്യം പറഞ്ഞു: ഈ നമ്പൂതിരിയുടെ കുഞ്ഞിൻ്റെ പിറന്നാൾ ദിവസം സദ്യ ഒരുക്കി. ചോറിൽ ഒരു അട്ട വീണു. ദേഹണ്ഡക്കാരൻ വിവരം പറഞ്ഞു. എന്തു ചെയ്യണം എന്ന് ചോദിച്ചു. “ചോറു കളയണ്ട. അട്ടയെ എടുത്തുകളഞ്ഞേക്ക്.വിവരം ആരും അറിയണ്ട “നമ്പൂതിരി ദേഹണ്ഡക്കാരനോട് നിർദ്ദേശിച്ചു. അങ്ങനെ ആൾക്കാരെ അട്ട വീണ ചോറു തീററിച്ച പാപത്തിനു ശിക്ഷയായി യമലോകത്തിലെ ചിത്രഗുപ്തൻ്റെ പുസ്തകത്തിൽ 101 അട്ടകളെ നമ്പൂതിരിയെ കൊണ്ട് തീറ്റിക്കണം എന്നെഴുതിവെച്ചു.

ഈ നമ്പൂതിരി എന്നും രാത്രി കിടക്കുമ്പോൾ ഓം ദേവായ നമ: ഓം ചിത്രഗുപ്തായ നമ: എന്ന് പറഞ്ഞ് പ്രാർത്ഥിക്കാറുണ്ടായിരുന്നു. ചിത്രഗുപ്തന് അതുകൊണ്ട് നമ്പൂതിരിയോട് സഹതാപമുണ്ടായി. കാരണം തൻ്റെ പേരു പറയുന്നത് ഈ ഒരാൾ മാത്രമാണ്. ഫയലിൽ നിന്നും വിവരം നമ്പൂതിരിക്കു ചോർത്തിക്കൊടുത്തു.” എന്താ രക്ഷപ്പെടാൻ മാർഗ്ഗം? ഒരു ഗുരുവിനോട് ചോദിച്ചു. “നിന്നെപ്പറ്റി അപവാദം പറയിച്ചാൽ മതി. പറയുന്നവർ ഓരോരുത്തരായി അട്ടയെ തിന്നു തീർത്തുകൊള്ളും. ഒരു കാര്യം ചെയ്യുക മകളോട് കുറേ നാളത്തേക്ക് ഭാര്യയോടെന്നപോലെ പെരുമാറുക. മുറുക്കാൻ ഇടിപ്പിക്കുക, കാൽ തടവിക്കുക.ഇത് മറ്റൊരാൾ കാൺകെ ചെയ്യിക്കുക. അപ്പോൾ ആളുകൾ പറയാൻ തുടങ്ങി “മകളെ ഭാര്യയാക്കി വച്ചുകൊണ്ടിരിക്കുന്ന നീചൻ!” അങ്ങനെ നൂറ് അട്ടയും തീർന്നു. അപ്പോഴാണ് നീയും അത് പറഞ്ഞത് 101-ാമത്തെ അട്ട നിനക്കുള്ളതാണ്.

അതുകൊണ്ട് പറയുന്നു. “മറ്റുള്ളവരെപ്പറ്റി അപഖ്യാതി പറയുന്നർ സൂക്ഷിക്കുക! “

പി.എം.എൻ.നമ്പൂതിരി.✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments