Monday, November 18, 2024
Homeകേരളംതെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ല പൂര്‍ണ സജ്ജമായി

തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ല പൂര്‍ണ സജ്ജമായി

ആകെ വോട്ടര്‍മാര്‍ 14,29,700; ലോക്സഭാ തെരഞ്ഞെടുപ്പിനായി  പത്തനംതിട്ട മണ്ഡലം സുസജ്ജം: ജില്ലാ കളക്ടര്‍

ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലം പൂര്‍ണ സജ്ജമായെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. മണ്ഡലത്തില്‍ ആകെ 14,29,700 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,83,307 പുരുഷന്‍മാരും 7,46,384 സ്ത്രീകളും ഒന്‍പത് ഭിന്നലിംഗവിഭാഗക്കാരുമുണ്ട്.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ 1,437 ബൂത്തുകളാണുള്ളത്. ഇതില്‍ 75 ശതമാനം ബൂത്തുകളില്‍ തത്സമയ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി. ആകെ 1,783 ബാലറ്റ് യൂണിറ്റ്, 1,773 കണ്ട്രോള്‍ യൂണിറ്റ്, 1,915 വിവിപാറ്റ് എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. പോളിംഗ് സാമഗ്രികളുടെ വിതരണം  (25) നടക്കും.

നാളെ (26) രാവിലെ 5.30 ന് മോക്പോള്‍ നടക്കും. പോളിംഗ് ഏജന്റുമാര്‍ രാവിലെ 5.30 ന് മുന്‍പായി ബൂത്തുകളിലെത്തണം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടിംഗ്. ബൂത്തുകളിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വൈകുന്നേരം ആറു വരെ വരിയില്‍ എത്തിയവര്‍ക്ക് സ്ലിപ്പ് നല്‍കി സമ്മതിദാനാവകാശം രേഖപെടുത്താനാകും. പോളിംഗിനുശേഷം വോട്ടിംഗ് മെഷീനുകള്‍ അതാതു വിതരണ സ്വീകരണ കേന്ദ്രത്തില്‍ നിന്ന് വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ എത്തിച്ച് പ്രത്യേകം സജ്ജീകരിച്ച സ്ട്രോംങ് റൂമുകളില്‍ സൂക്ഷിക്കും. ജൂണ്‍ നാലിന് സ്‌കൂളില്‍ ഓരോ മണ്ഡലത്തിനും പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ടേബിളുകളില്‍ വോട്ടെണ്ണല്‍ നടക്കും.

എല്ലാ പോളിംഗ് സ്റ്റേഷനിലും സുരക്ഷസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷെയ്ഡ്, റാമ്പുകള്‍, കുടിവെള്ളം തുടങ്ങിയ അവശ്യസൗകര്യങ്ങളും പോളിംഗ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍, സെക്ടര്‍ ഓഫീസര്‍മാര്‍, സെക്ടര്‍ അസിസ്റ്റന്റുമാര്‍, ഭിന്നശേഷി വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സക്ഷം ആപ്പ് മുഖേന ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വീല്‍ചെയറുകള്‍, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും.

പോളിംഗ് ദിവസം ജില്ലാ കളക്ടറേറ്റിലും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ കാര്യാലയങ്ങളിലും വിപുലമായ കണ്ട്രോള്‍ റൂം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ പരിധിക്കു പുറത്തുള്ള ഗവി, മൂഴിയാര്‍, ആവണിപ്പാറ തുടങ്ങിയ പോളിംഗ് സ്റ്റേഷനുകളില്‍ വിവര വിനിമയത്തിനു വയര്‍ലെസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.എം.എസ് മുഖേനയും ഫോണ്‍ മുഖേനയും പോളിംഗ് പുരോഗതി സമാന്തരമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സി-വിജിലിലൂടെ ലഭിച്ച 10,772 പരാതികളില്‍ 10,559 എണ്ണത്തിലും പരിഹാരം കണ്ടു. 169 പരാതികള്‍ കഴമ്പില്ലെന്ന് കണ്ട് ഉപേക്ഷിച്ചു. നാല് പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചരണം അവസാനിച്ച സാഹചര്യത്തില്‍ പത്തനംതിട്ട മണ്ഡലത്തിനു പുറത്തു നിന്ന് ഇവിടെ പ്രചാരണത്തിന് എത്തിയിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളും പ്രവര്‍ത്തകരും മണ്ഡലം വിട്ടു പോകേണ്ടതാണെന്നും കളക്ടര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി വി. അജിത്ത്, ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

സ്ഥാപനങ്ങള്‍ക്ക്  (25) അവധി

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന  സ്ഥാപനങ്ങള്‍ക്ക് ഇന്ന് (25) അവധി. പോളിംഗ് സ്റ്റേഷനുകളായ സ്ഥാപനങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാലാണ് ഇന്ന് (25) തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അവധി പ്രഖ്യാപിച്ചത്. വോട്ടെടുപ്പ് ദിവസമായ നാളെയും (26) ജില്ലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കും.

സുരക്ഷാ സന്നാഹങ്ങള്‍ സജീകരിച്ച് പോലീസ് സേന

ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവും ഭയരഹിതവുമായ രീതിയില്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത്ത് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
ജില്ലയില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. 11 ഡിവൈഎസ്പിമാര്‍, 30 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 230 സബ് ഇന്‍സ്പെക്ടര്‍മാര്‍, 1253 പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ സുരക്ഷാ ഉറപ്പാക്കുന്നത്. തമിഴ്നാട് പോലീസില്‍ നിന്നുള്ള 80 ഉദ്യോഗസ്ഥരും  സെന്‍ട്രല്‍ പാരാമിലിറ്ററി ഫോഴ്‌സിലെ 24 ഉദ്യോഗസ്ഥരെയും എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ഫോഴ്സ്, സ്‌പെഷ്യല്‍ പോലീസ് ഫോഴ്സ്, ഹോം ഗാര്‍ഡ് ഉദ്യോഗസ്ഥരെയും ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. വനമേഖലയിലെ ബൂത്തുകളില്‍ പ്രത്യേക സുരക്ഷാ സന്നാഹങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ക്രമസമാധന പാലനത്തിനും ബൂത്തുകള്‍ക്കും സ്ട്രോംഗ് റൂമുകള്‍ക്കും കാവല്‍ നില്‍ക്കുന്നതിനും സിആര്‍പിഎഫിനേയും ഉപയോഗിക്കുന്നുണ്ട്.
എല്ലാ ബൂത്തുകളിലും ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. പ്രശ്ന സാധ്യതയുള്ള ബൂത്തുകളിലും വള്‍ണറബിള്‍ ബൂത്തുകളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. വോട്ടെടുപ്പ് കഴിയും വരെ ജാഗ്രത പാലിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ചുമതലക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുവീതം പെട്രോള്‍ സംഘങ്ങളുണ്ടാവും. ജില്ലാ പോലീസ് മേധാവിയുടെ പെട്രോള്‍ സംഘവും തെരഞ്ഞെടുപ്പ് ജോലികളിലുണ്ടാവും. വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണകേന്ദ്രത്തില്‍നിന്നും ബൂത്തുകളിലേക്കും, തിരിച്ച് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കും കൊണ്ടുപോകുന്നതിനും ആവശ്യമായ പോലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ വോട്ട് ചെയ്യപ്പെട്ട പോസ്റ്റല്‍ ബാലറ്റുകള്‍ 13,779

മണ്ഡലത്തില്‍ ഇതുവരെ വോട്ട് ചെയ്യപ്പെട്ടത് 13,779 പോസ്റ്റല്‍ ബാലറ്റുകള്‍. 85 വയസിന് മുകളില്‍ പ്രായമുള്ള 10,241 ല്‍ 9,666 ഉം ഭിന്നശേഷിക്കാരായ 2,126 പേരില്‍ 2026 വോട്ടര്‍മാരും വീട്ടില്‍ വോട്ട് സൗകര്യം പ്രയോജനപ്പെടുത്തി. അവശ്യ സേവന വിഭാഗത്തില്‍ 623 പേരില്‍ നിന്നും 446 വോട്ടര്‍മാരും 4,256 സര്‍വീസ് വോട്ടര്‍മാരില്‍ 310 പേരും സമ്മതിദാനം വിനയോഗിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റ് വഴി 1,331 വോട്ടുകളുമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്ന് (25) നിശബ്ദ പ്രചാരണം;ബൂത്തുകള്‍ രാത്രിയോടെ സജ്ജമാകും

ഇന്നലെ (24) വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചാരണം അവസാനിച്ചു. ഇന്ന് (ഏപ്രില്‍ 25) നിശബ്ദ പ്രചാരണം. ഇന്ന് രാവിലെ ഏഴിനു പോളിംഗ് ഉദ്യോഗസ്ഥര്‍ അതത് വിതരണ കേന്ദ്രങ്ങളില്‍ എത്തും. എട്ടിന് വോട്ടിംഗ് മെഷീനുകളും പോളിംഗ് സാമഗ്രികളും കൈമാറും. എല്ലാ പോളിംഗ് സാമഗ്രികളും ലഭിച്ചുവെന്ന് ഉറപ്പാക്കിക്കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ അവരവര്‍ക്ക് നിയോഗിക്കപ്പെട്ട പോളിംഗ് ബൂത്തുകളിലേക്ക് പോകും. അവിടെ പോളിംഗിന് ആവശ്യമായ ഒരുക്കങ്ങളെല്ലാം രാത്രിയോടെ പൂര്‍ത്തിയാകും.
പോളിംഗ് ദിവസമായ നാളെ (26) പുലര്‍ച്ചെ ബൂത്ത് സജീവമാകും. സ്ഥാനാര്‍ഥികളുടെ പോളിംഗ് ഏജന്റുമാര്‍ രാവിലെ 5.30ന് ബൂത്തില്‍ എത്തും. ആറിന് മോക് പോള്‍ ആരംഭിക്കും. ഏഴു മുതല്‍ വോട്ടെടുപ്പ് പ്രക്രിയയിലേക്കു കടക്കും. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ല

പരസ്യപ്രചാരണത്തിനുള്ള സമയം അവസാനിച്ച സാഹചര്യത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ പോളിംഗ് ബൂത്തിനു സമീപം സ്ഥാനാര്‍ഥികളുടെയോ, രാഷ്ട്രീയ പാര്‍ട്ടികളുടെയോ നേതൃത്വത്തിലുള്ള പ്രകടനങ്ങളോ പൊതുയോഗങ്ങളോ നടത്താന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് സംബന്ധമായ ഒരുവിധത്തിലുമുള്ള പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങളും ടെലിവിഷന്‍, സിനിമ സമാനമായ മാധ്യങ്ങള്‍ ഉപയോഗിച്ചും നടത്താന്‍ പാടില്ല. നാടകം, സംഗീതം, വിനോദ-സാഹസിക പരിപാടികള്‍ തുടങ്ങിയവ പോളിംഗ് സ്റ്റേഷന്റെ പരിധിയില്‍ നടത്തരുത്. ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പിഴയോ, തടവോ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്. വോട്ടറെ സ്വാധീനിക്കുന്നതോ, തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്നതോ ആയ ഏതൊരു നടപടിയും ഇതിന്റെ പരിധിയില്‍ വരും.)

പെരുമാറ്റ ചട്ടങ്ങള്‍ എല്ലാ സ്ഥാനാര്‍ഥികളും        ;കര്‍ശനമായി പാലിക്കണം:  കളക്ടര്‍

തെരഞ്ഞെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള പെരുമാറ്റ ചട്ടങ്ങള്‍ എല്ലാ സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും കര്‍ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും പാലിക്കണ്ടേ നിബന്ധനകള്‍ സംബന്ധിച്ച് സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദേഹം.
പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പാടില്ല. പോളിംഗ് സ്റ്റേഷന് 200 മീറ്റര്‍ പരിധിക്ക് പുറത്ത് മാത്രമേ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഇലക്ഷന്‍ ബൂത്തുകള്‍ സ്ഥാപിക്കാന്‍ പാടുള്ളു. ഒരു ടേബിളും രണ്ട് ചെയറും ഒരു കൊടിയും ഒരു ബാനറും മാത്രമേ ബൂത്തുകളില്‍ ഉപയോഗിക്കാവൂ.

പോളിംഗ് ഏജന്റിനെ നിയമിക്കുന്നതിന് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ഏജന്റ് ഫോം 10 ല്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും റിലീഫ് പോളിംഗ് ഏജന്റായി ഒരു പോളിംഗ് ഏജന്റിനെ കൂടെ നിയമിക്കാം. പോളിംഗ് ബൂത്തിനുളളില്‍ ഒരു സമയത്ത് ഒരു സ്ഥാനാര്‍ഥിയുടെ ഒരു പോളിംഗ് ഏജന്റ്ിനെ മാത്രമെ അനുവദിക്കൂ. തെരഞ്ഞെടുപ്പ് ദിവസം വോട്ടിംഗ് ആരംഭിക്കുന്നതിനു ഒന്നര മണിക്കൂര്‍ മുമ്പ് മോക്ക്‌പോള്‍ ആരംഭിക്കുന്നതിനാല്‍ പോളിംഗ് ഏജന്റുമാര്‍ പോളിംഗ് സ്റ്റേഷനില്‍ നേരത്തെ എത്തിച്ചേരണം.
തെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ക്കും ഇലക്ഷന്‍ ഏജന്റിനും ഉപയോഗിക്കുന്നതിനുള്ള വാഹനത്തിന്റെ പാസ് ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം റിട്ടേണിംഗ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
(പിഎന്‍പി  357/24)

വാഹനം അനുവദിക്കുന്നതിന് അപേക്ഷ നല്‍കണം

തെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ക്കും ഇലക്ഷന്‍ ഏജന്റിനും ഉപയോഗിക്കുന്നതിനുള്ള വാഹനത്തിന്റെ പാസ് ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം റിട്ടേണിംഗ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. സ്ഥാനാര്‍ഥികള്‍ക്കും ഏജന്റിനോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ ഉപയോഗിക്കുന്നതിനും ഓരോ നിയോജക മണ്ഡലത്തിലും ഒരു വാഹനമാണ് അനുവദിക്കുന്നത്.

മണ്ഡലത്തില്‍ ആകെ 1437 പോളിംഗ് ബൂത്തുകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലത്തില്‍ 1437 പോളിംഗ് ബൂത്തുകള്‍ സജ്ജമായി. ജില്ലയിലെ പോളിംഗ് ബൂത്തുകള്‍ 1077 ആണ്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങളിലായി 360 ബൂത്തുകളും ഒരുങ്ങി. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ആറന്മുള 246, കോന്നി 212, അടൂര്‍ 209, തിരുവല്ല 208, റാന്നി 202, പൂഞ്ഞാര്‍ 179, കാഞ്ഞിരപ്പള്ളി 181 പോളിഗ് ബൂത്തുകളാണുള്ളത്. മണ്ഡലത്തില്‍ 17 പ്രശ്‌ന ബാധിത (ക്രിട്ടിക്കല്‍) ബൂത്തുകളും 137 പ്രശ്‌നസാധ്യത (സെന്‍സിറ്റീവ്) ബൂത്തുകളും 34 മോഡല്‍ പോളിംഗ് ബൂത്തുകളും 70 പിങ്ക് (സ്ത്രീ സൗഹൃദ) പോളിംഗ് ബൂത്തുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

17 പ്രശ്‌ന ബാധിത ബൂത്തുകള്‍

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ആകെ 17 പ്രശ്നബാധിത (ക്രിട്ടിക്കല്‍) ബൂത്തുകള്‍  മാത്രമാണുള്ളതെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. മണ്ഡലത്തില്‍ ആകെയുള്ള 1437 ബൂത്തുകളില്‍ ജില്ലയില്‍ നിന്നുള്ള 12 ഉം കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള അഞ്ചുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മണ്ഡലത്തില്‍ ആകെ 137 സെന്‍സിറ്റീവ് പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ ജില്ലയില്‍ 115, പൂഞ്ഞാര്‍ 13, കാഞ്ഞിരപ്പള്ളി ഒന്‍പത് എന്നിങ്ങനെയാണ് കണക്ക്.
ജില്ലയിലെ പ്രശ്‌നസാധ്യത ബൂത്തുകള്‍ മണ്ഡലം തിരിച്ച്:
അടൂര്‍- കൊടുമണ്‍ എംജിഎം സെന്‍ട്രല്‍ സ്‌കൂള്‍ (ഗ്രൗണ്ട് ഫ്‌ളോര്‍ നോര്‍ത്ത് പോര്‍ഷന്‍),  കൊടുമണ്‍ എംജിഎം സെന്‍ട്രല്‍ സ്‌കൂള്‍ (ഗ്രൗണ്ട് ഫ്‌ളോര്‍ സൗത്ത് പോര്‍ഷന്‍), ഇടത്തിട്ട വിദ്യാസാഗര്‍ വായനശാല, ഇടത്തിട്ട ഗവ എല്‍പിഎസ്, ഐക്കാട് എഎസ്ആര്‍വി ഗവ യുപി സ്‌കൂള്‍ (സൗത്ത് പോര്‍ഷന്‍), ഐക്കാട് എഎസ്ആര്‍വി ഗവ യുപി സ്‌കൂള്‍ (മെയിന്‍ ബില്‍ഡിംഗ് മിഡില്‍ പോര്‍ഷന്‍)
കോന്നി- കുന്നിട യുപി സ്‌കൂള്‍, കുന്നിട യുപി സ്‌കൂള്‍ (ഈസ്റ്റേണ്‍ പോര്‍ഷന്‍), കുറുമ്പകര യുപി സ്‌കൂള്‍ (ഈസ്റ്റേണ്‍ പോര്‍ഷന്‍), കുറുമ്പകര യുപി സ്‌കൂള്‍ (വെസ്റ്റേണ്‍ പോര്‍ഷന്‍)
ആറന്മുള- എഴിക്കാട് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, വല്ലന ഗവ എസ്എന്‍ഡിപി യുപിഎസ് (ഈസ്റ്റേണ്‍ ബില്‍ഡിംഗ്)

ലൈവ് വെബ് കാസ്റ്റിംഗ് 808 ബൂത്തുകളില്‍

ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 808 ബൂത്തുകളില്‍ ലൈവ് വെബ് കാസ്റ്റിംഗ് ക്രമീകരിച്ചതായി തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലയിലെ പ്രശ്ന ബാധിത ബൂത്തുകളായ 12 എണ്ണവും തത്സമയ നിരീക്ഷണത്തിലായിരിക്കും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും. ലൈവ് വെബ് കാസ്റ്റിംഗിലൂടെ ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു.

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന ഫോട്ടോ ഐഡി കാര്‍ഡ് (എപിക്) ആണ്. എന്നാല്‍ എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.  

1) തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന ഫോട്ടോ ഐഡി കാര്‍ഡ്
2) ആധാര്‍ കാര്‍ഡ്
3) എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)
4) ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍
5) തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
6) ഡ്രൈവിംഗ് ലൈസന്‍സ്
7) പാന്‍ കാര്‍ഡ്
8) ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്
9) ഇന്ത്യന്‍ പാസ്പോര്‍ട്ട്
10) ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ
11) കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്
12) പാര്‍ലമെന്റ്റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
13) ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യുഡി ഐ ഡി കാര്‍ഡ്)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments