Sunday, December 22, 2024
Homeകേരളംസ്ത്രീകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പരാതി കേള്‍ക്കും : കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

സ്ത്രീകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പരാതി കേള്‍ക്കും : കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

സമൂഹത്തില്‍ ദുര്‍ഘട സാമൂഹിക സാഹചര്യങ്ങളില്‍ കഴിയുന്ന സ്ത്രീകളെയും സാമൂഹിക മാറ്റത്തിന്റെ മുന്നിലേക്ക് കൊണ്ടുവരുവാന്‍ വനിത കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി.

പത്തനംതിട്ട റാന്നി പെരുനാട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഏകോപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചു പരിഹരിക്കുന്നതായിരുന്നു വനിതാ കമ്മീഷന്‍ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ സമൂഹത്തില്‍ പരാതി പറയാന്‍ പോലും സാഹചര്യം ലഭിക്കാത്ത വിഭാഗങ്ങളുണ്ടെന്ന് വനിതാ കമ്മീഷന്‍ മനസിലാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പരാതി കേള്‍ക്കാനും അവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാനും തീരുമാനിച്ചത്.

ഇവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് ആവശ്യമായ ശുപാര്‍ശകള്‍ സര്‍ക്കാരിന് നല്‍കി അതിലൂടെ ഈ മേഖലകളില്‍ സാമൂഹിക മാറ്റം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ‘ദ്വിദിന ക്യാമ്പ്, സെമിനാര്‍, പബ്ലിക് ഹിയറിങ്, ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവയെല്ലാം സംഘടിപ്പിച്ചു തുടങ്ങിയത്.

അട്ടത്തോട് മേഖലയില്‍ രാവിലെ വനിത കമ്മീഷന്‍ ചില വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. എത്രത്തോളം ദുര്‍ഘടംപിടിച്ച വീടുകളിലാണ് ഇവര്‍ താമസിക്കുന്നതെന്ന് കമ്മീഷന്‍ കണ്ടു. ഈ പരിസ്ഥിതിയില്‍ മാറ്റം ഉണ്ടാവണം. ഈ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന വിവിധ ക്ഷേമ പദ്ധതികള്‍ വിലയിരുത്തുകയും അവ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഏകോപനയോഗം ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ, ആരോഗ്യ, ക്ഷേമ പദ്ധതികള്‍, ഭവന പദ്ധതി, വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും ലഭ്യത, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ ഇത്തരം ഏകോപന യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

പട്ടികവര്‍ഗ്ഗ മേഖലയില്‍ സ്‌കൂളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള പദ്ധതികളെക്കുറിച്ച് പഠിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സദ്യദേവി പറഞ്ഞു.

വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷയായിരുന്നു. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, ലോ ഓഫീസര്‍ ചന്ദ്രശോഭ, ഡിടിഡിഒ പ്രതിനിധി എസ്.എ. നജീം, പെരുന്നാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ്. സുകുമാരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോഹിനി വിജയന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. ശ്യാം, വാര്‍ഡ് മെമ്പര്‍ മഞ്ജു പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി എന്‍. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയ്ക്ക് വനിത കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നേതൃത്വം നല്‍കി.

വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിര രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തില്‍ അട്ടത്തോട് പട്ടികവര്‍ഗ മേഖലയില്‍ ഗൃഹ സന്ദര്‍ശനം നടത്തി. ഒറ്റയ്ക്ക് കഴിയുന്നവരും കിടപ്പു രോഗികളുമായ വനിതകള്‍ താമസിക്കുന്ന വീടുകളിലായിരുന്നു സന്ദര്‍ശനം.

രണ്ടാം ദിവസമായ ഇന്ന് നടക്കുന്ന ശില്പശാല വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതിദേവി ഉദ്ഘാടനം ചെയ്യും. പെരുന്നാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ അധ്യക്ഷനായിരിക്കും. വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, ലോ ഓഫീസര്‍ ചന്ദ്രശോഭ, പ്രോഗ്രാം ഓഫീസര്‍ എന്‍. ദിവ്യ, പെരുന്നാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ്. സുകുമാരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോഹിനി വിജയന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. ശ്യാം, വാര്‍ഡ് മെമ്പര്‍ മഞ്ജു പ്രമോദ് തുടങ്ങിയവര്‍ സംസാരിക്കും

പട്ടികവര്‍ഗക്കാര്‍ക്കു വേണ്ടിയുള്ള പൊതു പദ്ധതികള്‍ എന്ന വിഷയത്തില്‍ റാന്നി ഡിടിഡിഒയിലെ എസ് എസ്.എം. നജീബും പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും എന്ന വിഷയത്തില്‍ ഫാമിലി കൗണ്‍സിലറും ലൈഫ് കോച്ചുമായ അഡ്വ. പ്രഭയും ക്ലാസ് എടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments