Monday, December 23, 2024
Homeകേരളംനവജാത ശിശുവിന്‍റെ കൊലപാതകം; ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും

നവജാത ശിശുവിന്‍റെ കൊലപാതകം; ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും

കൊച്ചി:കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ കൂടുതല്‍ അന്വേഷണം നടത്താൻ പൊലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍ പറഞ്ഞു. യുവതിയെ കസ്റ്റഡിയിലെടുത്ത് മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം.നിലവില്‍ കൊലക്കുറ്റത്തിന് മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമെ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുള്ളുവെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. നേരത്തെ നല്‍കിയ മൊഴിയില്‍ യുവതി ഒരു സുഹൃത്തിനെക്കുറിച്ച് പറയുന്നുണ്ട്. ഇയാളെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തും. ഇതിനിടെ, യുവതിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കുഞ്ഞിനെ എങ്ങനെ കൊലപ്പെടുത്തണമെന്ന് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞിരുന്നുവെന്നും നേരത്തെയും അബോര്‍ഷന് ശ്രമിച്ചിരുന്നുവെന്നുമാണ് മൊഴി. എന്നാല്‍, യുവാവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ മൊഴിയിലില്ല.

യുവാവിനെ പരിചയമുണ്ടെന്ന് മാത്രമാണ് യുവതി പറഞ്ഞിരിക്കുന്നത്. ഇതിനാല്‍ തന്നെ യുവതിയില്‍ നിന്നും വീണ്ടും മൊഴിയെടുത്ത് ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് പൊലീസ് നീക്കം. യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവിൽ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട്‌ തേടിയിട്ടുണ്ട്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് പൊലീസ് ഇന്ന് കോടതിയെ അറിയിക്കും. ഇന്ന് ഉച്ചയോടെ യുവതിയെ റിമാന്‍ഡ് ചെയ്തേക്കും.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷമായിരിക്കും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ആവശ്യപ്പെടുക. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പൊലീസിന് മൊഴി നൽകി.

വീട്ടിൽ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി. കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് ഇട്ടു. പരിഭ്രാന്തിയിൽ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞുവെന്നും യുവതി പൊലീസിന് മൊഴി നൽകി. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കൊച്ചി നഗരത്തെയാകെ ഞെട്ടിച്ച സംഭവം.

ശുചീകരണത്തൊഴിലാളികളാണ്  പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ നവജാത ശിശുവിന്‍റെ ശരീരം ആദ്യം കണ്ടത്. റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവർ കേന്ദ്രീകരിച്ചായിരുന്നു തുടരന്വേഷണം. ആമസോണിൽ ഉത്പന്നങ്ങൾ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിൽ പൊലീസ് എത്തിയത്. അപ്പോൾ മാത്രമാണ് യുവതിയുടെ മാതാപിതാക്കൾ സംഭവമറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യംചെയ്തതിൽ നിന്നാണ് ഏകദേശ ചിത്രം പുറത്തുവന്നത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments