മലപ്പുറം: മലപ്പുറം ജില്ലയിൽ ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടിയ സംഭവത്തിൽ മലപ്പുറം ജില്ലയിലെ അഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ റിപ്പോര്‍ട്ടാക്കി അത് രണ്ടുദിവസത്തിനുളളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭ്യമാക്കണമെന്നാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദേശപ്രകാരമായിരുന്നു ഉത്തരവ്. വിവരാവകാശ രേഖയ്ക്ക് മറുപടി നല്‍കാനായി വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു ഉത്തരവ്. എന്നാൽ സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പിന്‍വലിച്ചു.
2025 ഫെബ്രുവരി 13 ന് നിർദ്ദേശം ഇറക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മനോജ് പി കെ, ജൂനിയർ സൂപ്രണ്ട് അപ്സര, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗീതാകുമാരി, അവധിയിലായിരുന്ന അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് ഷാഹിന എ കെ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ കലാമിനെതിരെ ഡിജിപിക്ക് പരാതി നൽകും. സമൂഹത്തിൽ മതസ്പർധ വളർത്തുന്ന രീതിയിൽ പ്രവൃത്തിച്ചുവെന്നാണ് പരാതി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ നിന്നും 2025 ഫെബ്രുവരി 13 നും ഫെബ്രുവരി 20 നും ഇത് സംബന്ധിച്ച് ഇറക്കിയ നിർദ്ദേശങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ചുമതലപ്പെടുത്തി.
‘കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍, ക്രിസ്തുമത വിശ്വാസികളായ തുടങ്ങിയവര്‍ നടത്തുന്ന ധാരാളം എയ്ഡഡ് കോളേജുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാര്‍ ഇന്‍കം ടാക്‌സ് നിയമങ്ങളും മറ്റ് സര്‍ക്കാര്‍ നിയമങ്ങളും കാറ്റില്‍ പറത്തി ഇന്‍കംടാക്‌സ് അടയ്ക്കാതെ മുങ്ങിനടക്കുകയാണ്. പതിനായിരം കോടി രൂപയിലേറെ ഇന്‍കം ടാക്‌സ് വെട്ടിപ്പ് നടത്തിയതായി കാണുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക ധനസ്ഥിതി പരിഗണിച്ച് ഈ തുക പിടിച്ചെടുത്ത് സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കൂട്ടേണ്ടത് ചീഫ് സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്.
ഇന്‍കം ടാക്‌സ് വെട്ടിപ്പ് നടത്തുന്ന മുഴുവന്‍ ക്രിസ്ത്യാനികളായ ജീവനക്കാരെയും സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ട് അവരുടെ ഡിസിആര്‍ജിയില്‍ നിന്ന് തുക പിടിച്ചെടുത്ത് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അടയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണ’മെന്നാണ് അബ്ദുള്‍ കലാം ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന് അയച്ച അപേക്ഷയില്‍ പറയുന്നത്.
ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെ കബളിപ്പിച്ച് നടത്തുന്ന എയ്ഡഡ്/ അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ എന്നിവയുടെ ലൈസന്‍സ്, പ്രവര്‍ത്തനാനുമതി, അംഗീകാരം എന്നിവ റദ്ദാക്കണമെന്നും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നും കത്തില്‍ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും ഉത്തരവുകളുമാണ് വിവരാവകാശ രേഖ പ്രകാരം അബ്ദുള്‍ കലാം ആവശ്യപ്പെട്ടത്.