കോഴിക്കോട് താമരശ്ശേരിയിൽ സഹപാഠികളുടെ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദ്ദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പ്രധാന പ്രതിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി. ഇന്ന് നടത്തിയ റെയ്ഡിലാണ് ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തിയത്.
പ്രധാന പ്രതിയുടെ വീട്ടിൽ ആളില്ലാഞ്ഞതിനെത്തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തിയാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയും പിടിച്ചെടുത്തു. പ്രതികളായ 5 വിദ്യാർത്ഥികളുടെയും വീട്ടിൽ ഒരേ സമയമായിരുന്നു പൊലീസ് റെയ്ഡ്.
നിലവിൽ ഒബ്സർവേഷൻ ഹോമിൽ റിമാൻഡിൽ കഴിയുകയാണ് 5 പ്രതികളും. രക്ഷിതാക്കളുടെ അഭ്യർത്ഥന പ്രകാരം നാളെ തുടങ്ങുന്ന എസ്എസ്എൽസി പരീക്ഷ എഴുതാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇവർക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ സ്കൂളിൽ വച്ചാണോ പരീക്ഷ എഴുതിക്കുന്നതിൽ എന്നതിൽ തീരുമാനമായിട്ടില്ല. പ്രതികളെ സ്കൂളിൽ എത്തിച്ച് പരീക്ഷ എഴുതിച്ചാൽ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന കാര്യം പൊലീസ് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു.
വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെയും താമരശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഷഹബാസിന്‍റെ തല തല്ലിപ്പൊളിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയവേയാണ് ഷഹബാസ് മരിച്ചത്.