Saturday, November 23, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | മാർച്ച് 16| ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

“ഇന്നത്തെ ചിന്താവിഷയം” 2024 | മാർച്ച് 16| ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

കാണുന്നതിനുമപ്പുറം വിശ്വസിക്കാനാകണം
…………………………….

കാണുന്നതെല്ലാം വിശ്വസിക്കാൻ കഴിയണമെന്നില്ല.പക്ഷെ കാണാത്തതു പലതും വിശ്വസിക്കേണ്ടിവരും. ചില കാര്യങ്ങൾ ചിലപ്പോൾ കണ്ണുപ്പൂട്ടി വിശ്വസിക്കേണ്ടിവരാം. കണ്ണു തുറന്നിരിക്കുമ്പോൾ കാണാനോ മനസ്സിലാക്കാനോ കഴിയാത്ത പല കാര്യങ്ങളും കണ്ണടച്ചിരിക്കുമ്പോളാണു നമുക്കു പിടികിട്ടുക.

നേരിൽ കാണുന്നതിനെയെല്ലാം വിശ്വസിക്കുന്നവരും, നേരിട്ടു കാണുന്നവയെ മാത്രം വിശ്വസിക്കുന്നവരും, ഉൾക്കാഴ്ചയെ നിഷേധിക്കുന്നവരാണ്. കാണുന്ന കാഴ്ചകളിയെത്രയെണ്ണം അർധസത്യങ്ങളും, അസത്യങ്ങളുമായിരിക്കും. എല്ലാം വേർതിരിച്ചു കാണാൻ, കണ്ണിനാകണമെന്നില്ല. മനസ്സിനു മാത്രമേ, അതിനാകുയുള്ളൂ. കണ്ണു കാണുന്ന കാഴ്ചകളല്ല, മനസ്സു കാണുന്ന കാഴ്ചകളാണ് യാഥാർത്ഥ്യം, അവയ്ക്കു മാത്രമേ രാളെ പ്രചോദിപ്പിക്കാനാകൂ.

എല്ലാവരേയും അവിശ്വസിച്ചെങ്ങനെയാണു ജീവിക്കാനാകുക. ആദ്യമായി കാണുന്നവരേപ്പോലും ചിലപ്പോൾ കണ്ണടച്ചു വിശ്വസിക്കേണ്ടിവരും. എന്നും കാണുന്നവരുടെ മുൻവിധികളോ, തെറ്റായ ധാരണകളോ, അപരിചിതർക്കുണ്ടാകണമെന്നില്ല. ഒരാളെ വിശ്വസിക്കുകയെന്നതാകും, നമുക്ക് ആയാൾക്കു നൽകാനാകുന്ന ഏറ്റവും വലിയ ആദരം. ഒരാളുടെ വിശ്വാസം നേടിയെടുക്കാനാകുകയെന്നതാകും അയാളിൽ നിന്നും നമുക്കു ലഭിക്കാനാകുന്ന ഏറ്റവും വലിയ ബഹുമാനം.

ചില സമയത്തു രണ്ടും കല്പിച്ചു വിശ്വസിക്കുക അല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ലെന്നു വരാം. എന്നാൽ വിശ്വാസം ഉടലെടുക്കണമെങ്കിൽ സ്നേഹമുരുവാകണം. അതുകാണപ്പെടുന്നവൻ്റെ ഭംഗിയിലും ശേഷിയിലുമല്ല, കാണുന്നവൻ്റെ മനോഭാവത്തിലും, ധൈര്യത്തിലുമാണ് അടിസ്ഥാനപ്പെട്ടുരിക്കുക. ഒരാൾ മറ്റൊരാളെ വിശ്വസിക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ, ആ വിശ്വാസം ശരിയാണെന്നു തെളിയിക്കേണ്ടതു അപരൻ്റ ഉത്തരവാദിത്തമായിരിക്കും.

സർവ്വേശ്വരൻ തുണയ്ക്കട്ടെ
ഏവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments