Wednesday, December 25, 2024
HomeKeralaഫാരിഷയുടെ സംഗീത അരങ്ങേറ്റം ക്ഷേത്രത്തിൽ

ഫാരിഷയുടെ സംഗീത അരങ്ങേറ്റം ക്ഷേത്രത്തിൽ

കോട്ടയ്ക്കൽ.ശാസ്ത്രീയ സംഗീതത്തിൽ അരങ്ങേറണമെന്ന ഫാരിഷ ഹുസൈന്റെ ദീർഘനാളത്തെ ആഗ്രഹത്തിന് സാഫല്യം.
തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്നു 21 വർഷം മുൻപ് ഗാനഭൂഷണം ഡിപ്ലോമ കോഴ്സ് കഴിഞ്ഞിറങ്ങിയ കോട്ടയ്ക്കൽ സ്വദേശിയായ യുവതി കഴിഞ്ഞദിവസം പൊന്നാനി ചാലിയേരി ഭഗവതി ക്ഷേത്രത്തിലാണ് ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറ്റം നടത്തിയത്.
സംഗീതത്തോട് ഏഴാമത്തെ വയസ്സുമുതൽ കൂട്ടുകൂടിയതാണ് ഫാരിഷ. വെളിമുക്ക്
എഎംയുപി സ്കൂളിലെ രാജക്കുട്ടൻ എന്ന അധ്യാപകനായിരുന്നു വഴികാട്ടി. സംസ്ഥാന കലോത്സവത്തിൽ മാപ്പിളപ്പാട്ടിലും തമിഴ്
പദ്യംച്ചൊല്ലലിലും വിജയിയായിട്ടുണ്ട്.

പത്താംക്ലാസ് കഴിഞ്ഞതിനു ശേഷമാണ് ഫാരിഷ ആർഎൽവി സംഗീത കോളജിലെത്തുന്നത്. മാവേലിക്കര സുബ്രഹ്‌മണ്യൻ, രമേശൻ, കോട്ടയം സത്യനേശൻ, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, രാജലക്ഷ്മി തുടങ്ങിയ പ്രിയപ്പെട്ട ഗുരുനാഥൻമാരുടെ ശിക്ഷണത്തിൽ ഊതിക്കാച്ചിയ പൊന്നുപോലെ തിളങ്ങി. അതിനിടെയാണ് ടിവി ചാനലുകളിലെ റിയാലിറ്റിഷോകളിൽ തുടർച്ചയായി വിജയിയായത്. മത്സരങ്ങളിൽ കൂടുതലായി പാടിയത് മാപ്പിളപ്പാട്ടുകൾ ആയതിനാൽ പിന്നീട് ആ ട്രാക്കിലായി യാത്ര.
അക്ബർ ട്രാവത്സ് ഓഫ് ഇന്ത്യ രൂപീകരിച്ച സംഗീത കൂട്ടായ്മയിൽ അംഗമായതോടെ തിരക്കേറി. യുഎഇയിലും സൗദിയിലുമായി 27 രാജ്യങ്ങളിൽ പ്രമുഖ ഗായകർക്കൊപ്പം 2 വർഷത്തിനകം സന്ദർശനം നടത്തി. എസ്.ജാനകിയുടെ മലയാളം, തമിഴ് ഗാനങ്ങളും ലതാ മങ്കേഷ്ക്കറിന്റെ ഹിന്ദിപ്പാട്ടുകളുമാണ് ഏറെയും പാടിയത്.
അവിചാരിതമായ അരങ്ങേറ്റം


– – – – – – – – – –
തിരക്കുകൾക്കിടയിലും ശാസ്ത്രീയ സംഗീതത്തിൽ അരങ്ങേറ്റം നടത്തണമെന്ന മോഹം ഹൃദയത്തിന്റെ
ഒരു ഭാഗത്ത് സൂക്ഷിച്ചു ഫാരിഷ. അങ്ങനെയിരിക്കെയാണ് പൊന്നാനി ചാലിയേരി ഭഗവതി ക്ഷേത്രത്തിൽ അതിനുള്ള അവസരം ഒത്തുവന്നത്.
ക്ഷേത്രത്തിലെ ശാന്തിക്കാരന് വെറ്റിലയിൽ ദക്ഷിണ വച്ച് തുടങ്ങി. ഭജൻസും കീർത്തനങ്ങളുമെല്ലാം പാടി ഹരിവരാസനത്തോടെ അവസാനിപ്പിച്ചു. ക്ഷേത്രവളപ്പിനകത്തെ വേദിയിൽ നടന്ന പരിപാടി വീക്ഷിക്കാൻ വിവിധ മതസ്ഥരെത്തിയിരുന്നു. അവസരങ്ങൾ ഒത്തുവന്നാൽ കച്ചേരിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഫാരിഷയുടെ തീരുമാനം.

തിരക്കേറിയ കീബോർഡ് ആർട്ടിസ്റ്റായ ഭർത്താവ് ഹുസൈന്റെ പിന്തുണയാണ് കോട്ടയ്ക്കൽ എൻഎസ്എസ് കരയോഗം ഹയർ സെക്കൻഡറി സ്കൂൾ സംഗീത അധ്യാപിക കൂടിയായ ഫാരിഷയുടെ പിൻബലം. മക്കൾ: ഷഹറ, ഷാസിൻ, ഐറ.
– – – – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments