പാകിസ്താൻ പൗരന്മാരുടെ വിസ റദ്ദാക്കിയതിന് പിന്നാലെ നടപടിയുമായി ഗുജറാത്ത് പൊലീസ്. അഹമ്മദാബാദിലും സൂറത്തിലും നടത്തിയ വ്യാപക പരിശോധനയിൽ അനധികൃതമായി തങ്ങിയ പാകിസ്താനികളെയും ബംഗ്ലാദേശികളെയും കസ്റ്റഡിയിലെടുത്തു.
ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെ ഫോണിൽ വിളിച്ച് ഇനി സംസ്ഥാനങ്ങളിൽ തുടരുന്ന പാകിസ്താനികളെ അടിയന്തരമായി മടക്കി അയക്കണമെന്ന് നിർദേശം നല്കിയിട്ടിരുന്നു. 48 മണിക്കൂർ സമയമായിരുന്നു ഇതിനായി അനുവദിച്ചിരുന്നത്. അതിന്റെ ആദ്യ പടിയായാണ് ഗുജറാത്ത് പൊലീസിന്റെ നടപടി.
ഇന്നലെ അർധരാത്രി മൂന്ന് മണിയോടെ അഹമ്മദാബാദിലും സൂറത്തിലും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നിരുന്നു. അനധികൃതമായി താമസിച്ചിരുന്ന 400 ലേറെ പേരെയാണ് പരിശോധനയിലൂടെ കണ്ടെത്തിയത്. പിടിയിലായവരിൽ ഭൂരിപക്ഷവും ബംഗ്ലാദേശികൾ ആണ് ഇവരെ നിയമനടപടികൾക്ക് വിധേയമാക്കുകയോ അല്ലെങ്കിൽ എത്രയും വേഗം നാടുകടത്താനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
പഹൽഗാം ആക്രമണത്തിന് പിന്നാലെ ശ്രീനഗർ മെഡിക്കൽ കോളജിനടക്കം കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിർദേശം. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കണം എന്നും അറിയിപ്പിൽ പറയുന്നു. പാകിസ്താനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ കൂടിയാലോചന ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഭീകരർക്കെതിരെ നടപടി ശക്തമാക്കിക്കുകയാണ് ഭരണകൂടം. പുൽവാമയിൽ ഇന്ന് 2 ഭീകരരുടെ വീടുകൾ തകർത്തു. അഫ്സാൻ ഉൾ ഹഖ്, ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. ഇതോടെ നാല് തീവ്രവാദികളുടെ വീടുകളാണ് തകര്‍ത്തത്.
കഴിഞ്ഞദിവസം പഹല്‍ഗാം തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പങ്കുണ്ടെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞദിവസം പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തിരുന്നു. പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത കശ്മീരികളുടെ വീടുകളാണ് തകർത്തത്. പുൽവാമയിലെ ത്രാൽ , അനന്ത്നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകർത്തത്.