ചെന്നൈ: മൊബൈൽ ഫോൺ ബന്ധത്തിന്റെ പേരിൽ വഴക്കിട്ട ഭർത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റിൽ. അഞ്ച് മാസം മുമ്പ് ചെന്നൈ വില്ലിവാക്കത്തെ വീട്ടിൽ വച്ച് ഭർത്താവ് ഗൗസ് ബാഷയെ കൊന്ന കേസിലാണ് സജിത ബാനു (46)എന്ന യുവതി അറസ്റ്റിലായത്. ഇവർക്ക് കുറച്ചു നാളുകളായി നിരവധി പുരുഷന്മാരുമായി മൊബൈൽ ഫോണിൽ ബന്ധമുണ്ടായിരുന്നു. അതിന്റെ പേരിൽ ഭർത്താവ് ഗൗസ് ബാഷ ഇവരുമായി സ്ഥിരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.ഇവരെ അനുനയിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും സജിത മറ്റ് പുരുഷന്മാരുമായി ബന്ധം തുടർന്നു.
ഇതിനിടെ ഫെബ്രുവരി 28ന് രാത്രി ഗൗസ് ബാഷ മരിച്ചു. ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചതായാണ് സജിത ബാനു ബന്ധുക്കളെ അറിയിച്ചത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഗൗസ് ബാഷയെ ആരോ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച വില്ലിവാക്കം പോലീസ് കഴിഞ്ഞ ദിവസം സജിതയെ അറസ്‌റ്റ് ചെയ്‌തു.
തന്റെ മറ്റ് പുരുഷന്മാരുമായുള്ള ബന്ധത്തിൽ ഭർത്താവിനുള്ള എതിർപ്പാണ് കൊലപാതകത്തിന് പ്രേരണയായി കാണിച്ച് അവർ കുറ്റം സമ്മതിച്ചത്. സജിത ഭർത്താവിൻ്റെ ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി അയാൾ ഉറങ്ങിക്കിടക്കുമ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കളെ അറിയിച്ചത്. സജിതയ്‌ക്കെതിരെ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് മുമ്പ് കേസുണ്ടായിരുന്നതായും പോലീസ് വെളിപ്പെടുത്തി. പോലീസ് അവരെ റിമാൻഡ് ചെയ്തു.