ഇന്നു ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ പറ്റുന്ന ഒരു പലഹാരമായ ‘ ഉള്ളി മുട്ട ബജ്ജിയാണ് ‘. വീട്ടിൽ നമ്മുടെ അടുക്കളയിൽ ഉള്ള സാധനങ്ങൾ മാത്രം മതി ഇതു തയ്യാറാക്കുവാൻ. ഇതു തയ്യാറാക്കുന്ന വിധം നോക്കാം.
അവശ്യമായ ചേരുവകൾ
—————————————–
1 – മുട്ട 5 എണ്ണം
2 – സവാള 2 എണ്ണം
3 – കാബേജ് കനം കുറച്ച് അരിഞ്ഞത് 1 കപ്പ്
4 – പച്ചമുളക് രണ്ടെണ്ണം
5 – ഇഞ്ചി പൊടിയായി അരിഞ്ഞത് 1 ടീസ്പൂൺ
6 – കറിവേപ്പില രണ്ട് തണ്ട്
7 – കടലമാവ് കാൽ കപ്പ്
8 – അരിപ്പൊടി 3 ടേബിൾ സ്പൂൺ
9 – ഉപ്പ് ആവശ്യത്തിന്
10 – വെളിച്ചെണ്ണ ആവശ്യത്തിന്
11 – കായപ്പൊടി കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
*********
A. മുട്ട പുഴുങ്ങി തൊലികളഞ്ഞ് രണ്ടായി മുറിച്ച് ഒരു പാത്രത്തിൽ വച്ച് അതിലേക്ക് സ്വല്പം മുളകുപൊടിയും ഉപ്പുപൊടിയും വിതറി മാറ്റിവെക്കുക.
B. സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞതിൽ കറിവേപ്പില, പച്ചമുളക്, ഇഞ്ചി, ഉപ്പ്, കാബേജ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക.
ഇതിലേക്ക് കടലമാവ്, അരിപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് വീണ്ടും നന്നായി തിരുമ്മി യോജിപ്പിക്കുക. ഉള്ളിയുടെ നീരിൽ പൊടികൾ നന്നായി കുഴയുന്നതാണ്. ആവശ്യമെങ്കിൽ അല്പം വെള്ളം തളിച്ചു കൊടുക്കാവുന്നതാണ്.
ഇങ്ങനെ കുഴച്ചെടുത്ത മാവ് കയ്യിലെടുത്ത്
പരത്തി അതിലേക്ക് മുറിച്ചുവെച്ച മുട്ട ഓരോ പീസും അതിനുള്ളിൽ വച്ച് ബോളുകൾ ആക്കി മാറ്റി വെക്കുക.
C. ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. ഇതിലേക്ക് ഓരോ ബോളുകളും തിരിച്ചും മറിച്ചും ഇട്ട് മൊരിച്ചെടുക്കുക. പെട്ടെന്ന് തന്നെ ഇതു മൊരിഞ്ഞു കിട്ടുന്നതാണ്. എണ്ണയിൽ നിന്നും കോരിയെടുത്ത് ചായക്കൊപ്പം ചൂടോടെ ടൊമാറ്റൊ സോസ്സും കൂട്ടി കഴിക്കാവുന്നതാണ്.
റീന നൈനാൻ,
മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം