Logo Below Image
Tuesday, April 1, 2025
Logo Below Image
Homeസിനിമ' എൺപതുകളിലെ വസന്തം: ' ഒടുവിൽ ഉണ്ണികൃഷ്ണൻ' ✍ അവതരണം: ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

‘ എൺപതുകളിലെ വസന്തം: ‘ ഒടുവിൽ ഉണ്ണികൃഷ്ണൻ’ ✍ അവതരണം: ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

ആസിഫ അഫ്രോസ്, ബാംഗ്ലൂർ

ഗ്രാമീണ നിഷ്കളങ്കതയുടെയും ലാളിത്യത്തിന്റെയും പര്യായമായി നാലു പതിറ്റാണ്ട് കാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന മഹാനടൻ ഒടുവിൽ ഉണ്ണികൃഷ്ണനാണ് ഇന്നത്തെ അതിഥി.

നീണ്ടുമെലിഞ്ഞ ശരീരവും നരച്ച തലമുടിയും വെളുത്ത ബനിയനും തോളിലൊരു തോർത്തും നിഷ്കളങ്കമായ നാടൻ ശൈലിയിലുള്ള സംസാരവും കൊണ്ട് നമ്മുടെ നാട്ടിൻപുറങ്ങളിലെ ഇടവഴികളിലോ ചായക്കടകളിലോ അമ്പലപ്പറമ്പിലോ തറവാട്ടിലെ തെക്കിനിയിലോ കാണുന്ന കഥാപാത്രങ്ങൾ 400 ലേറെ ചിത്രങ്ങളിലായി ഒടുവിലിലൂടെ നമ്മൾ ധാരാളം കണ്ടു. സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത നിറസാന്നിധ്യം! നിരൂപകർക്കിടയിലും ആസ്വാദകർക്കിടയിലും ഒരേപോലെ ശ്രദ്ധ പിടിച്ചു പറ്റിയ നടൻ!

കർണാടക സംഗീതത്തിലും വാദ്യോപകരണങ്ങളിലും പ്രഗൽഭനായ ഒടുവിൽ ഉണ്ണികൃഷ്ണൻ 1943 ഫെബ്രുവരി 13ന് തൃശ്ശൂരിലെ വടക്കാഞ്ചേരിയിൽ എങ്കക്കാട്ട് ഒടുവിൽ വീട്ടിൽ കൃഷ്ണ മേനോന്റെയും പാറുക്കുട്ടി അമ്മയുടെയും ഇളയ മകനായിട്ടാണ് ജനിച്ചത്. സർക്കാർ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.

അദ്ദേഹത്തിന്റെ ഒരു അമ്മാവൻ സരസ കവിയും മറ്റൊരു അമ്മാവൻ കേരളത്തിലെ പ്രഗൽഭനായ നർത്തകനും ആയിരുന്നു. അനന്തരവനായ കുഞ്ഞ് ഉണ്ണികൃഷ്ണൻ സംഗീതത്തിൽ തല്പരനായിരുന്നു. ചെറുപ്പത്തിലേ തബല, മൃദംഗം എന്നീ വാദ്യോപകരണങ്ങൾ പഠിച്ചു. കലാമണ്ഡലം വാസുദേവ പണിക്കർ ആയിരുന്നു ഗുരു. ഏതാനും സംഗീത ട്രൂപ്പുകളിൽ ജോലി ചെയ്തിരുന്നു അദ്ദേഹം. പ്രസിദ്ധ നാടകവേദിയായ കെപിഎസിയിൽ തബലിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്.
അഭിനയത്തിന് പുറമേ ഒരു ഗായകനും സംഗീതസംവിധായകനും ആയിരുന്ന അദ്ദേഹം, നിരവധി ആൽബങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.

പി. എൻ. മേനോൻ സംവിധാനം ചെയ്ത് 1973ല്‍ റിലീസായ ‘ദർശനം’ ആയിരുന്നു ആദ്യ സിനിമ. പ്രമുഖ സംവിധായകരായ തോപ്പിൽ ഭാസി, ഹരിഹരൻ, സത്യൻ അന്തിക്കാട്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച, തിരക്കഥക്കപ്പുറത്തേക്ക് കഥാപാത്രത്തിന് മിഴിവേകാൻ കഴിവുള്ള ഉറവ വറ്റാത്തൊരു കലാകാരനായിരുന്നു അദ്ദേഹം.

നായികയുടെ അച്ഛനായും, നായകന്റെ അമ്മാവനായും, വൈദികനായും, തട്ടാനായും, ചെണ്ടമേളക്കാരനായും, ഡോക്ടറായും, അഭിഭാഷകനായും, ചായക്കടക്കാരനായും, കല്യാണ ബ്രോക്കറായും, അധ്യാപകനായും, ആഭ്യന്തരമന്ത്രിയായും, ഏതു വേഷം ധരിച്ചാലും ആ വേഷത്തിന്റെ സംസ്കൃതിക്ക് യോജിച്ച ഒരു സ്വഭാവപ്രകൃതം പ്രത്യക്ഷപ്പെടുത്തുന്നതായിരുന്നു ഒടുവിലിന്റെ ശരീര ഭാഷ.

ഗുരുവായൂർ കേശവനിലെ ആനപ്പാപ്പാൻ, വരവേൽപ്പിലെ നാരായണൻ, ആറാംതമ്പുരാനിലെ കൃഷ്ണ വർമ്മ, കളിക്കളത്തിലെ പലിശക്കാരൻ, ദേവാസുരത്തിലെ പെരിങ്ങോടൻ, തൂവൽ കൊട്ടാരത്തിലെ മാരാർ, സ്നേഹതീരം ബാംഗ്ലൂർ നോർത്തിലെ വീട്ടുവേലക്കാരൻ, പരിണയത്തിലെ നമ്പൂതിരി, രസതന്ത്രത്തിലെ ഗണപതി ചെട്ടിയാർ തുടങ്ങിയവരെ അനശ്വരമാക്കി, ഹാസ്യ വേഷങ്ങളും സീരിയസ് വേഷങ്ങളും ഒരുപോലെ അനായാസമായി കൈകാര്യം ചെയ്ത് പ്രേക്ഷക മനസ്സുകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച, മലയാള സിനിമയ്ക്ക് മുതൽക്കൂട്ടായിരുന്ന ഒരു മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം.

ചന്ദ്രോത്സവം, മയിലാട്ടം, അച്ചുവിന്റെ അമ്മ, റൺവേ, വാമനപുരം ബസ് റൂട്ട്, മനസ്സിനക്കരെ, ഗ്രാമഫോൺ, മീശ മാധവൻ, ഈ പറക്കും തളിക, മധുര നൊമ്പരക്കാറ്റ് തുടങ്ങിയ ജനപ്രിയ സിനിമകളിലെല്ലാം ഒഴിച്ചു കൂടാനാവാത്ത ഒരു കഥാപാത്രമായിരുന്നു അദ്ദേഹം.

അടൂർ ഗോപാലകൃഷ്ണന്റെ ‘നിഴൽക്കൂത്ത് ‘ എന്ന ചിത്രത്തിലെ കാളിയപ്പൻ എന്ന ആരാച്ചാരുടെ വേഷം വിസ്മയകരമാംവിധം അവതരിപ്പിച്ചതിന് ആ വർഷത്തിലെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന സർക്കാർ ബഹുമതി അദ്ദേഹത്തെ തേടിയെത്തി. കഥാപുരുഷൻ, തൂവൽകൊട്ടാരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാർഡും അദ്ദേഹത്തിന് ലഭിച്ചു. രസതന്ത്രം ആയിരുന്നു അദ്ദേഹം അഭിനയിച്ച അവസാന ചിത്രം.

ഇ. ജയചന്ദ്രൻ എഴുതിയ’ ഒടുവിൽ മായാത്ത ഭാവങ്ങൾ’ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ജീവചരിത്ര ഗ്രന്ഥമാണ്.

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന്, കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് 2006 മെയ്27 ന് ന്റെ 63 ആമത്തെ വയസ്സിൽ ഒട്ടേറെ നിഷ്കളങ്ക കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സുകളിൽ അവശേഷിപ്പിച്ചു കൊണ്ട് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. ഭാര്യ പത്മജം. മക്കൾ ശാലിനിയും സൗമിനിയും. ഭാരതപ്പുഴയുടെ കരയിൽ പാമ്പാടി ഐവർമഠം ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു.

അഭിനയ കലയുടെ ആചാര്യന് ഏറെ ബഹുമാനാദരങ്ങളോടെ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്,

അവതരണം: ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

RELATED ARTICLES

6 COMMENTS

  1. ഭാവാഭിനയം കൊണ്ട് ജനപ്രീതിനേടി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന കലാകാരൻ. ❤️❤️

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments