ഇനി ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ എന്ന് കേട്ടാൽ ഓടിവന്ന് ഒരു പേനയും പേപ്പറുമെടുത്ത് റേഡിയോയെ കെട്ടിപ്പിടിച്ച് കാതോർത്തിരിക്കും. അന്ന് കേട്ടിരുന്ന പാട്ടുകളെല്ലാം ഇഷ്ടമായിരുന്നെങ്കിലും ഏറ്റവും പ്രിയപ്പെട്ടവ വന്നാൽ എന്റെ വിരൽത്തുമ്പുകൾ ചലിച്ചു തുടങ്ങും. പാടാനൊന്നും അറിയില്ലെങ്കിലും ഗാനങ്ങൾ കാണാപ്പാഠമാക്കുന്നത് കുട്ടിക്കാലത്ത് ലഹരിയായിരുന്നു. ഏറ്റവും കൂടുതൽ ഞാൻ എഴുതിയെടുത്ത പാട്ടുകൾ ഫാസിൽ സാറിന്റെ ചിത്രങ്ങളിലെ ഗാനങ്ങളായിരുന്നു..
സംഗീതം നൽകിയതും ഗാനരചന നിർവഹിച്ചതും ആരുമായിക്കോട്ടെ, ഫാസിൽ സാറിന്റെ ചിത്രങ്ങളിലെ പാട്ടുകളുടെ ഫീലിംഗ്സ് ഒന്നു വേറെ തന്നെയായിരുന്നു. ശ്രവണസുന്ദരവും, ഇമ്പമേറിയതും തുടർച്ചയായി കേൾക്കാൻ പ്രേരിപ്പിക്കുന്നവയായിരുന്നു. ആ തലമുറയിൽ പെട്ടവരെല്ലാം നിരന്തരം ആ ഗാനങ്ങളെല്ലാം പാടിയിരുന്നു. ഇപ്പോഴും കൊതിതീരാതെ മലയാളികൾ ആ പാട്ടുകൾ മൂളുന്നു..
മിഴിയോരം നനഞ്ഞൊഴുകും നിറമാലകളോ നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ…
ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരം തേരൊരുങ്ങി കാണുവാൻ കണിയുണരാൻ ഇതുവഴി വാ….
ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളി മലർ തേൻകിളി…
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
ആയിരം വര വർണ്ണങ്ങൾ
ആയിരം വര വർണ്ണങ്ങൾ
ആടുമി ഋതു സന്ധ്യയിൽ..
ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം ധ്യാനമുണർത്തും മൃദുപല്ലവിയിൽ കാവ്യമരാള ഗമനലയം…
നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷി നീ പാടാത്തതെന്തേ…
ആലാപനം തേടും തായ്മനം
ആലാപനം തേടും തായ്മനം
വാരിളം പൂവേ ആരിരം പാടാം
താരിളം തേനെ ആരിരോ ആരോ…
ഓലത്തുമ്പത്തിരുന്നുയൂലാടും ചെല്ലപ്പൈങ്കിളി എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോ പാടടി.
പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തമ്പുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളിൽ വെറുതെ നിലവറ മൈന മയങ്ങി…
മനസ്സിൻ മടിയിലെ മാന്തളരിൽ മയങ്ങു മണിക്കുരുന്നേ കനവായ് മിഴികളെ തഴുകാം ഞാൻ ഉറങ്ങൂ നീയുറങ്ങൂ…
എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം വെണ്ണിലാവിൻ വാസന്ത ലതികേ…
പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം…
ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഒരു ഭ്രാന്തനെ പോലെ ഞാൻ അലയും. മുന്നോട്ടുള്ള യാത്രയിൽ വഴിവക്കിൽ നിന്നും ചില ദൃശ്യങ്ങൾ എന്നെ തേടിയെത്തും. അതന്നെ സ്വാധീനിച്ചാൽ ക്ലൈമാക്സിലേക്ക് ഞാൻ സന്നിവേശിക്കും. രസകരമായി കഥ പറഞ്ഞ് സിനിമയുടെ മൂർദ്ധന്യാവസ്ഥ ആവുമ്പോഴേക്കും നമ്മളെ ഞെട്ടിപ്പിച്ച, സന്തോഷിപ്പിച്ച, സങ്കടത്തിന്റെ പെരുമഴ തീർത്ത മലയാളികൾ നെഞ്ചോട് ചേർത്ത ഫാസിലിന്റെ കയ്യൊപ്പ് പതിഞ്ഞ എത്രയെത്ര ചിത്രങ്ങൾ…
ഓരോ സീനുകൾ ചിത്രീകരിക്കുമ്പോഴും നടീനടന്മാരുടെ മുന്നിൽ ഫാസിൽ അഭിനയിച്ച് കാണിച്ചു കൊടുക്കുകയും എങ്ങനെയാണ് ആ രംഗങ്ങൾ തിരശ്ശീലയിൽ തെളിയുമ്പോൾ ഉജ്ജ്വലമാവേണ്ടത് എന്ന് വ്യക്തമായ നിർദ്ദേശം നൽകുന്ന സംവിധായക നിരയിലെ കേമനാണ് ഫാസിൽ. പുതുമുഖമെന്നോ അന്യ ഭാഷക്കാരെന്നോ വകഭേദമില്ലാതെ അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ ഫാസിൽ ചിത്രങ്ങളിലൂടെ പുറത്തുവന്നത് നമ്മൾ എത്രയോ ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്…
സ്ത്രീ കഥാപാത്രങ്ങളെ നായകനൊപ്പം ആടിപ്പാടാനും നടന്മാരുടെ വാലാക്കാനും മാത്രം ശ്രമിക്കാതെ സ്ത്രീകളുടെ മനസ്സിന്റെ ഉള്ളറയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പക്ഷത്തുനിന്ന് പവിത്രമായ പ്രണയം പോലെ ചലച്ചിത്രത്തെ കാവ്യാത്മകമാക്കിയ മഹാനായ സംവിധായകനാണ് ഫാസിൽ…
തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ പൂർണിമാ ജയറാം അഭിനയിച്ചെങ്കിലും മികച്ച നടിക്കുള്ള ഒരേയൊരു സംസ്ഥാന അവാർഡ് അവർക്ക് ലഭിച്ചത് കേരളത്തിൽ നിന്നാണ്. ഫാസിലിന്റെ ആദ്യ സംവിധാന സംരംഭമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലായിരുന്നു.
നിരവധി സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ശോഭന പോലും ഒരുതവണ മാത്രമാണ് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹയായത്. ഫാസിലിന്റെ മണിച്ചിത്രത്താഴിലൂടെ. ഗംഗയായും നാഗവല്ലിയായും പകർന്നാടിയപ്പോൾ ആദ്യമായി മികച്ച നടിയായി ദേശീയ തലത്തിലും ശോഭന അംഗീകരിക്കപ്പെട്ടു…
എന്നെന്നും കണ്ണേട്ടന്റെ എന്ന ഫാസിൽ ചിത്രത്തിലെ സൗന്ദര്യമാർന്ന പ്രകടന മികവിന് ശ്രീവിദ്യക്ക് മുന്നിൽ കണ്ണടയ്ക്കാൻ ജൂറിക്ക് കഴിഞ്ഞില്ല. മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം കണ്ണേട്ടനിലൂടെ ശ്രീവിദ്യയെ തേടിയെത്തി….
ഫാസിൽ ചിത്രങ്ങളിൽ ഗംഭീര പ്രകടനം നടത്തി അവാർഡ് ലഭിക്കാതെ പോയ നടിമാരുണ്ട്. അതിൽ ഏറ്റവും വിഷമം തോന്നിയത് കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ എന്ന ചിത്രത്തിൽ രേവതിയുടെ അതിഗംഭീര പ്രകടനത്തിന് ഒന്നും കിട്ടാതെ പോയപ്പോഴാണ്. ആ സിനിമയുടെ സംവിധായകൻ കമൽ ആയിരുന്നെങ്കിലും കഥ, തിരക്കഥ, സംഭാഷണം ഫാസിലായിരുന്നു.
“കല്ല് കൊത്താനുണ്ടോ കല്ല്
കാലൻ മത്തായിണ്ടോ കാലൻ” എന്ന് ചിരിച്ചു കളിയാക്കി രേവതി പറയുമ്പോഴും അവസാന രംഗങ്ങളിൽ പ്രേക്ഷകരുടെ ഹൃദയമിടിപ്പ് കൂട്ടിക്കൂട്ടി ഒടുക്കം കരയിപ്പിച്ചു കളഞ്ഞു.
സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച നോക്കത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിൽ ഗേളി ആണോ കുഞ്ഞൂഞ്ഞമ്മയാണോ ഏറ്റവും നന്നായി അഭിനയിച്ചത് എന്ന് എന്നോട് ചോദിച്ചാൽ അതിലും നല്ലത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതാണ്. കട്ടക്ക് കട്ട എന്ന നിലയിലാണ് പത്മിനിയും നദിയാമൊയ്തുവും അരങ്ങു തകർത്തത്….
സുന്ദരമായ പേര് പോലെ ഹൃദയസ്പർശിയായ ജനപ്രിയ ചിത്രം മണിവത്തൂരിലെ ആയിരം ശിവരാത്രികളിൽ സുഹാസിനി അവതരിപ്പിച്ച നീന എന്ന കഥാപാത്രത്തെ ചലച്ചിത്രപ്രേമികൾ ഒരിക്കലും മറക്കുകയില്ല. അതി മനോഹരമായാണ് അവർ ആ ചിത്രത്തിൽ അഭിനയിച്ചത് അല്ല ജീവിച്ചത്…
മെഗാ ഹിറ്റ് ചിത്രമായ എന്റെ സൂര്യപുത്രിയിൽ അമല അവതരിപ്പിച്ച മായാവിനോദിനി എന്ന കഥാപാത്രം നമ്മളുടെ മനസ്സിൽ ഇന്നും ഒരു നൊമ്പരമായി നിലനിൽക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം എന്നു പറയുന്നതുപോലെ ശ്രീവിദ്യയും അമലയും തമ്മിൽ പൊരിഞ്ഞ മത്സരമാണ് ആ സിനിമയിൽ കാഴ്ചവച്ചത്. സൂര്യപുത്രിയിലെയും കമലിന്റെ ഉള്ളടക്കത്തിലെയും പ്രകടനത്തിന് അമലക്കും കൂടി അവകാശപ്പെട്ടതായിരുന്നു 1991ലെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം എന്ന് എന്റെ മനസ്സ് മന്ത്രിക്കാറുണ്ട്…
പുതുമുഖ നായികാനായകനെ വെച്ച് അണിയിച്ചൊരുക്കിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ അനിയത്തിപ്രാവിലെ മിനി ഫാസിലിന്റെ ധീരമായ പരീക്ഷണമാണ്. ബാലതാരമായി അതിശയിപ്പിച്ച പ്രകടനം നടത്തിയ ശാലിനിയെ നായികയായി ഫാസിൽ അവതരിപ്പിച്ചപ്പോൾ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. അനിയത്തിപ്രാവിൽ ശാലിനിയോടൊപ്പം കെപിഎസി ലളിതയും ശ്രീവിദ്യയും നമ്മുടെ മനസ്സിനകത്തേക്ക് ചേക്കേറി…
ഇത്രയും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് പിന്നിൽ അതിശക്തനായ ഒരു എഴുത്തുകാരന്റെയും സംവിധായകന്റെയും കരസ്പർശമുണ്ടായിരുന്നു…
1983 ലെ സംസ്ഥാന പുരസ്കാരത്തിൽ മികച്ച ചിത്രം എന്റെ മാമാട്ടിക്കുട്ടിയമ്മയും മികച്ച സംവിധായകനായി മാമാട്ടിക്കുട്ടിയമ്മയെ ഒരുക്കിയ സിനിമയിലെ അണിയറ പ്രവർത്തകർ ഏറെ ഇഷ്ടത്തോടെ പാച്ചിക്ക എന്ന് വിളിക്കുന്ന ഫാസിലായിരുന്നു…
ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്മാരുടെ പട്ടികയിൽ ഫഹദ് ഫാസിൽ എന്ന അസാമാന്യ അഭിനേതാവിന് സ്ഥാനം ഉണ്ടെങ്കിൽ അതിനു പുറകിൽ ചാലക ശക്തിയായി കലയുടെ മർമ്മം അറിയുന്ന ഒരു പിതാവിന്റെ പ്രതിഭാവിലാസമുണ്ട്…
ഞാൻ ഇന്നും മടുപ്പില്ലാതെ കാണുന്ന സിനിമയാണ് ‘എന്റെ സൂര്യപുത്രിക്ക് ‘.അതിലെ പാട്ടുകളും ഒരു പാട് ഇഷ്ട്ടം.
.
ഫാസിൽ സിനിമയുടെ ഗാനങ്ങളിലൂടെയും സിനിമയിലൂടെയും കടന്നുപോയ മനോഹരമായ ലേഖനം
സത്യം
നല്ല അവതരണം
നല്ല എഴുത്ത്