1. 15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഗാസ വെടിനിർത്തൽ കഴിഞ്ഞ ആഴ്ച്ച പ്രാബല്യത്തിൽ വന്നു. മൂന്ന് വനിതകളെയാണ് ഹമാസ് ഇസ്രായേലിനു ആദ്യം കൈമാറിയത്. വെറ്ററിനറി നഴ്സായ ഡോറോൻ സ്റ്റൈൻബ്രെച്ചർ (31), ഇസ്രയേൽ–ബ്രിട്ടിഷ് പൗരത്വമുള്ള എമിലി ദമാരി (28), റോമി ഗോനെൻ (24) എന്നിവരെയാണ് ഹമാസ് ആദ്യം വിട്ടുനൽകിയത്. 471 ദിവസത്തെ തടവറവാസത്തിനും നരകയാതനയ്ക്കുമൊടുവിലാണ് അവർ മൂന്നുപേരും ജന്മനാട്ടിലേക്ക് തിരിച്ചെത്തിയത്. ഹമാസ് റെഡ് ക്രോസിനു കൈമാറിയ യുവതികളെ ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് ഇസ്രയേൽ അതിർത്തിയിലെത്തിച്ചത്. തുടർന്ന് ടെൽ അവീവിലെത്തിച്ചു. ഇവരുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്ന് റെഡ്ക്രോസ് അറിയിച്ചതായി ഇസ്രയേൽ വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ജറുസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ ടെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിലെത്തിച്ച മൂന്നുപേരെയും പരിശോധനകൾക്ക് വിധേയരാക്കി. ഇസ്രയേൽ–ഗാസ അതിർത്തിയിലെത്തിയ യുവതികളെ സ്വീകരിക്കാൻ അവരുടെ അമ്മമാരും എത്തിയിരുന്നു. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേൽ അപ്രതീക്ഷിതമായി അന്ന് രാവിലെ പിന്മാറിയിരുന്നു. പ്രാദേശിക സമയം രാവിലെ എട്ടരയ്ക്ക് കരാർ നടപ്പാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ നടപ്പാകുന്ന സമയത്തിന് അരമണിക്കൂർ മുൻപ് ഇസ്രയേൽ കരാറിൽനിന്ന് പിന്മാറുകയായിരുന്നു. പിന്നീട് രണ്ടു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് ബന്ദികളുടെ പേരുകൾ മധ്യസ്ഥരായ ഖത്തർ മുഖേന ഹമാസ് കൈമാറിയത്.
വെള്ളിയാഴ്ച 6 മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇസ്രയേലിന്റെ പൂർണ മന്ത്രിസഭ ഹമാസുമായുള്ള കരാറിന് അന്തിമ അംഗീകാരം നൽകിയത്. നേരത്തേ സുരക്ഷാ കാബിനറ്റും അനുമതി നൽകിയിരുന്നു. ഗാസയിലുള്ള ഇസ്രയേൽ സൈനികർ അതിർത്തിയോടു ചേർന്ന ബഫർ സോണിലേക്കു പിൻവാങ്ങുന്നതോടെ, നേരത്തേ പലായനം ചെയ്ത പലസ്തീൻകാർക്കു മടങ്ങിപ്പോകാനാകും. ഒന്നാംഘട്ടം 16 ദിവസം പിന്നിട്ടുകഴിഞ്ഞ് വെടിനിർത്തലിന്റെ രണ്ടാംഘട്ടം ചർച്ച ചെയ്തു തീരുമാനിക്കും. ഈ 16 ദിവസം നടപടികൾ സുഗമമല്ലെങ്കിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ ഭീഷണി മുഴക്കിയിരുന്നു. ഗാസയിൽ പ്രവേശിക്കാനായി സഹായവിതരണത്തിനുള്ള നൂറുകണക്കിനു ട്രക്കുകൾ ഈജിപ്ത് അതിർത്തിയിലെ റഫാ ഇടനാഴിയിൽ എത്തിയിട്ടുണ്ട്.
2023 ഒക്ടോബർ 7ന് ഇസ്രയേൽ അതിർത്തി കടന്നു നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് 251 പേരെ ഹമാസ് ബന്ദികളാക്കി തട്ടിക്കൊണ്ടുപോയത്. അന്നു നടന്ന വെടിവയ്പ്പിൽ ഡോറോനും എമിലിക്കും റോമിക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. മൂന്നു പേരെ മോചിപ്പിച്ചതിനു പകരമായി ഇസ്രയേലിൽ തടവിലുള്ള 90 പലസ്തീൻകാരെയും അന്നുതന്നെ മോചിപ്പിച്ചു.
അതേസമയം ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ഇസ്രയേൽ ദേശീയ സുരക്ഷാമന്ത്രിയും ഒറ്റ്സ്മ യെഹൂദിത് പാർട്ടി നേതാവുമായ ഇറ്റാമർ ബെൻ–ഗ്വിർ രാജിവച്ചു. ഗ്വിറിനൊപ്പം യെഹൂദിത് പാർട്ടിയുടെ മറ്റ് അംഗങ്ങളും രാജി സമർപ്പിച്ചിട്ടുണ്ട്. യഹൂദിത് പാർട്ടിക്ക് ആറ് അംഗങ്ങളാണുള്ളത്. ഇതോടെ ഇസ്രയേൽ പാർലമെന്റിൽ നെതന്യാഹു സർക്കാരിന്റെ ഭൂരിപക്ഷം 68ൽ നിന്ന് 62 ആയി കുറഞ്ഞിട്ടുണ്ട്. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. വെടിനിർത്തൽ കരാർ നിലവിൽ വന്നാൽ രാജിവച്ച് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ബെൻ ഗ്വിർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ കരാറിൽ ഭീകരവാദമാണ് വിജയിച്ചിട്ടുള്ളതെന്നും പിന്തുണ പിൻവലിക്കുന്നുവെങ്കിലും സർക്കാരിനെ പുറത്താക്കാൻ ശ്രമിക്കില്ലെന്നും ബെൻഗ്വിർ പറഞ്ഞു.
2. വെടിയൊച്ച നിലച്ചതിനുപിന്നാലെ തകർന്നടിഞ്ഞ നാട്ടിലേക്കു പലസ്തീൻകാരുടെ കൂട്ടപ്രവാഹം. തിരിച്ചെത്തിയവർ കൊല്ലപ്പെട്ട ബന്ധുക്കളുടെ കബറിടങ്ങളിൽ പ്രാർഥന നടത്തി. സൈന്യം ഒഴിഞ്ഞുപോയ പട്ടണങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നഷ്ടമായവർക്കുവേണ്ടിയുള്ള തിരച്ചിലും ആരംഭിച്ചു. വടക്കൻ ഗാസയിൽനിന്നു പലായനം ചെയ്തവരിലേറെയും തെക്കൻ ഗാസയിലെ വിവിധ അഭയാർഥികൂടാരങ്ങളിലാണ്. ജനവാസയോഗ്യമല്ലാത്ത അൽ മവാസിയിലും നൂറുകണക്കിനു ടെന്റുകളുയർന്നിരുന്നു. ഇവിടെനിന്നുള്ളവർ കയ്യിലുള്ളതെല്ലാം വാരിക്കെട്ടി വടക്കോട്ടു യാത്ര തുടങ്ങി. തെക്കൻ പട്ടണമായ റഫയിലേക്കും കഴിഞ്ഞദിവസം പലസ്തീൻകാർ കൂട്ടത്തോടെ തിരിച്ചെത്തി.
ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ ഹമാസിന്റെ ഉന്നത നേതാക്കളടക്കം 46,913 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,10,750 പരുക്കേറ്റു. യുദ്ധം മൂലം ഗാസയുടെ അടിസ്ഥാന സൗകര്യങ്ങൾ തകരുകയും 23 ലക്ഷത്തോളം വരുന്ന ജനങ്ങളിലേറെയും ഭവനരഹിതരാകുകയും ചെയ്തു. ഗാസയിലെ യുദ്ധത്തിൽ 400 സൈനികർ കൊല്ലപ്പെട്ടെന്നാണു ഇസ്രയേൽ കണക്ക്.
3. യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രമ്പ് അധികാരമേറ്റു.
ജനുവരി 20 തിങ്കളാഴ്ച്ച ഇന്ത്യൻ സമയം രാത്രി 10.30ന് വാഷിങ്ടൺ ഡിസിയിൽ വച്ചായിരുന്നു ട്രംപും അദ്ദേഹത്തിനൊപ്പം വൈസ് പ്രസിഡന്റാകുന്ന ജെ.ഡി.വാൻസും അധികാരമേറ്റത്. യുഎസ് മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ മാതാവിന്റെയും ബൈബിളുകൾ കയ്യിലേന്തിയാണ് ട്രംപ് സത്യവാചകം ചൊല്ലിയത്. ശൈത്യക്കാറ്റു മൂലം അപകടകരമായിത്തീർത്ത കാലാവസ്ഥ പരിഗണിച്ച് തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. വാഷിങ്ടൺ ഡിസിയിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം. രണ്ടാം തവണയാണ് ട്രമ്പ് അമേരിക്കൻ പ്രസിഡന്റാകുന്നത്.
അധികാരത്തിലെത്തിയാല്‍ എന്തൊക്കെയാണു ചെയ്യാന്‍ പോകുന്നതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ ‘അജന്‍ഡ 47’ല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അജന്‍ഡ 47 പ്രകാരമുള്ള ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങള്‍ ഇവയാണ്.
. സമ്പദ്‌വ്യവസ്ഥ
എണ്ണ ഖനനത്തിനുള്ള വിലക്കും ഹരിതചട്ടങ്ങളും പിന്‍വലിച്ച് ഖനനം പുനഃസ്ഥാപിക്കും. ഇതു യുഎസ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി പണപ്പെരുപ്പം പിടിച്ചുനിര്‍ത്തും. അനാവശ്യ സര്‍ക്കാര്‍ ചെലവുകള്‍ അവസാനിപ്പിക്കും. അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതോടെ പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യക്ഷേമം എന്നിവയിലെ അനാവശ്യ ചെലവുകള്‍ കുറയും. ആഗോളതലത്തില്‍ നല്ല ബന്ധം സ്ഥാപിച്ചു വിലക്കയറ്റം തടയും.
. അതിര്‍ത്തി സുരക്ഷ, കുടിയേറ്റ നിയന്ത്രണം
അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൂടുതല്‍ സൈന്യത്തെ നിയോഗിക്കും. ഡെമോക്രാറ്റുകളുടെ തുറന്ന അതിര്‍ത്തി നയം റദ്ദാക്കും. അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്കു തിരിച്ചയയ്ക്കുന്ന ഏറ്റവും വലിയ പുറത്താക്കല്‍ പദ്ധതി ഉടന്‍ നടപ്പാക്കും. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ശക്തമാക്കി അനധികൃത കുടിയേറ്റത്തിനു കടുത്ത ശിക്ഷയേര്‍പ്പെടുത്തും. ക്രിസ്തീയ വിരുദ്ധ കമ്യൂണിസ്റ്റുകള്‍, മാര്‍ക്‌സിസ്റ്റുകള്‍, സോഷ്യലിസ്റ്റുകള്‍ തുടങ്ങിയവരെ യുഎസില്‍നിന്നു പുറത്താക്കും. തൊഴിലുകളില്‍ യുഎസ് പൗരന്മാര്‍ക്കു മുഖ്യ പരിഗണന. തൊഴില്‍ നൈപുണി അനുസരിച്ചു മാത്രം വിദേശികള്‍ക്ക് അവസരം. അനധികൃത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങള്‍ക്ക് (യുഎസില്‍ ജനിച്ച) നല്‍കുന്ന ജന്മാവകാശ പൗരത്വം റദ്ദാക്കും.
. കാലാവസ്ഥാമാറ്റം
പാരിസ് ഉടമ്പടിയില്‍നിന്നു വീണ്ടും യുഎസ് പിന്മാറും. 2032 ഓടെ 67% വാഹനങ്ങളും ഇലക്ട്രിക് ആക്കുമെന്ന ബൈഡന്റെ നയം എടുത്തുകളയും. ഖനന നിരോധനം റദ്ദാക്കും.
∙ വ്യാപാരം, വ്യവസായം
വ്യാപാരത്തിലും അമേരിക്ക ആദ്യം എന്ന നയം പിന്തുടരും. യുഎസിനു ചുമത്തുന്ന അതേ ഇറക്കുമതിത്തീരുവ തിരിച്ചും ചുമത്തും. ചൈനയില്‍നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കും. യുഎസ് റിയല്‍ എസ്റ്റേറ്റ്, വ്യവസായ സ്ഥാപനങ്ങള്‍ ചൈന വാങ്ങുന്നതു തടയും. ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറാനുള്ള തീരുമാനം റദ്ദാക്കി ഓട്ടോ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കും.
. ട്രാന്‍സ്‌ജെന്‍ഡര്‍
വനിതകളുടെ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍നിന്ന് പുരുഷന്മാരെയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും പുറത്താക്കും. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള സഹായം നിര്‍ത്തലാക്കും. ലിംഗമാറ്റം പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകള്‍ക്കുള്ള സഹായം അവസാനിപ്പിക്കും. സ്ത്രീ, പുരുഷന്‍ എന്നീ രണ്ടു ലിംഗത്തില്‍പ്പെട്ടവരെ മാത്രമേ യുഎസ് അംഗീകരിക്കുന്നുള്ളു എന്ന നിയമം പാസാക്കാനുള്ള നടപടി തുടങ്ങും.
∙ പ്രതിരോധം, സൈന്യം
മൂന്നാം ലോകയുദ്ധമുണ്ടാകുന്നതു തടയും. യൂറോപ്പിലും പശ്ചിമേഷ്യയിലും സമാധാനം പുനഃസ്ഥാപിക്കും. തദ്ദേശ നിര്‍മിത അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം രാജ്യത്ത് സ്ഥാപിക്കും. സൈനികരുടെ ശമ്പളം വര്‍ധിപ്പിക്കും. ഇടത് ഡെമോക്രാറ്റ് അനുകൂലികളെ സൈന്യത്തില്‍നിന്നു പുറത്താക്കും. ഇന്തോ – പസിഫിക്കില്‍ ശ്ക്തമായ സാന്നിധ്യം ഉറപ്പാക്കും.
∙ വിദ്യാഭ്യാസം
നിറം, വംശം എന്നിവ യുഎസ് നയങ്ങളെ സ്വാധീനിച്ചിരിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന ‘ക്രിട്ടിക്കല്‍ വംശ സിദ്ധാന്തം’ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്കുള്ള ഫണ്ട് റദ്ദാക്കും. രാജ്യസ്‌നേഹമുള്ള അധ്യാപകരെ തിരഞ്ഞെടുക്കാന്‍ പ്രത്യേക സമിതി. സ്‌കൂളുകളില്‍ പ്രാര്‍ഥന തിരികെക്കൊണ്ടുവരും. സര്‍വകലാശാലകളില്‍നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ഹമാസ് അനുകൂലികളെ പുറത്താക്കും.
∙ ബഹിരാകാശം, ഇന്നവേഷന്‍
യുഎസ് ബഹിരാകാശ ശാസ്ത്രജ്ഞരെ വീണ്ടും ചന്ദ്രനിലെത്തിക്കും. തുടര്‍ന്ന് ചൊവ്വയിലേക്കും. ബഹിരാകാശരംഗത്ത് സഹകരണം വര്‍ധിപ്പിക്കും. ബിറ്റ്‌കോയിന്‍ നിയമവിധേയമാക്കും. നിര്‍മിതബുദ്ധിയുടെ ഉപയോഗത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള ബൈഡന്റെ ഉത്തരവ് പിന്‍വലിച്ച് എഐയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തും.
4. മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും ട്രാൻസ്ജെൻഡേഴ്സിനെ നിരാകരിച്ചും പാനമ കനാലിനെ തിരിച്ചെടുക്കുമെന്ന് ആവർത്തിച്ചും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കന്നി പ്രസംഗം. യുഎസിന്റെ 47ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് യുഎസിന്റെ ഭാവിനയങ്ങൾ ട്രംപ് പ്രഖ്യാപിച്ചത്. യുഎസിന്റെ സുവർണയുഗത്തിന് ഇന്ന് തുടക്കമാകുകയാണെന്നും 2025 ജനുവരി 20 യുഎസിന്റെ വിമോചന ദിനമാണെന്നും ട്രംപ് പറഞ്ഞു. ‘ യുഎസ്–മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവിൽ ഒപ്പുവയ്ക്കും. എല്ലാ അനധികൃത കുടിയേറ്റവും അടിയന്തരമായി തടയും. രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന എല്ലാ ക്രിമിനൽ വിദേശികളെയും അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ച് അയയ്ക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങും. ഇന്നുമുതൽ യുഎസ് അഭിവൃദ്ധിപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും. അമേരിക്കയെ ഞാൻ ഒന്നാമതെത്തിക്കും. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും തിരിച്ചുപിടിക്കും. നീതിയുടെ അളവുകോലുകൾ സന്തുലിതമാക്കും. ഐശ്വര്യപൂർണവും സ്വതന്ത്രവുമായ രാജ്യത്തെ വാർത്തെടുക്കുക എന്നതിനാണ് പ്രഥമ പരിഗണന. ആത്മവിശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയുമാണ് തിരിച്ചുവരുന്നത്. രാജ്യത്തിന്റെ വിജയത്തിലേക്കുള്ള ത്രസിപ്പിക്കുന്ന പുതിയ യുഗത്തിന്റെ തുടക്കമാണിത്. രാജ്യത്തെ വിലക്കയറ്റവും ഇന്ധനച്ചെലവ് വർധിക്കുന്നതും തടയാൻ മന്ത്രിസഭയിലെ എല്ലാ അംഗങ്ങൾക്കും നിർദേശം നൽകും. ഇതിനായി ദേശീയ ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. എണ്ണ, പ്രകൃതിവാതകം ഖനനം വർധിപ്പിക്കും. അമേരിക്ക വീണ്ടും ഉൽപാദക രാജ്യമാക്കി മാറ്റും. ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കാനുള്ള ഉത്തരവ് പിൻവലിക്കും. എല്ലാ സെൻസർഷിപ്പും അവസാനിപ്പിച്ച് അഭിപ്രായ സ്വാതന്ത്ര്യം തിരികെ കൊണ്ടുവരാനുള്ള എക്സിക്യുട്ടിവ് ഉത്തരവിൽ ഒപ്പുവയ്ക്കുമെന്നും ട്രംപ് പറഞ്ഞു. ട്രാൻസ്ജെൻഡേഴ്സിനെ പൂർണമായും തള്ളുന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. യുഎസിൽ സ്ത്രീയും പുരുഷനും എന്ന രണ്ട് വിഭാഗങ്ങൾ മാത്രമേയുണ്ടാകൂവെന്നും ഇതിനുള്ള ഉത്തരവിൽ ഉടൻ ഒപ്പുവയ്ക്കും. പാനമ കനാൽ പാനമയിൽ നിന്ന് തിരിച്ചെടുക്കുമെന്ന പ്രഖ്യാപനം സത്യപ്രതിജ്ഞാവേദിയിൽ ട്രംപ് ആവർത്തിച്ചു. കനാലുമായി ബന്ധപ്പെട്ട കരാർ പാനമ ലംഘിച്ചതിനാൽ ആ സമ്മാനം തിരിച്ചെടുക്കും. ചൈനയാണ് കനാൽ നിയന്ത്രിക്കുന്നതെന്ന തെറ്റായ വാദം ട്രംപ് വീണ്ടും ഉന്നയിച്ചു. മെക്സിക്കൻ ഉൾക്കടലിന്റെ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ബൈഡൻ ഭരണകൂടത്തിനെതിരെയും ഉദ്ഘാടന പ്രസംഗത്തിൽ ട്രംപ് രൂക്ഷ വിമർശനമുന്നയിച്ചു. അപകടകാരികളായ ക്രിമിനലുകളെയും അനധികൃത കുടിയേറ്റക്കാരെയും സംരക്ഷിക്കുകയാണ് ബൈഡൻ ഭരണകൂടം ചെയ്തത്. വിദേശത്തെ അതിർത്തികൾ സംരക്ഷിക്കാൻ പരിധിയില്ലാത്ത സഹായം ചെയ്ത മുൻ സർക്കാർ അമേരിക്കൻ അതിർത്തി സംരക്ഷിക്കാൻ ഒന്നും ചെയ്തില്ലെന്നും ട്രംപ് പറഞ്ഞു. 2025 ജനുവരി 25 യുഎസിനെ സംബന്ധിച്ചിടത്തോളം വിമോചന ദിനമാണെന്നും തനിക്കെതിരെയുണ്ടായ ആക്രമണത്തിൽനിന്ന് ദൈവം തന്നെ രക്ഷിച്ചത് യുഎസിനെ വീണ്ടും മഹത്തരമാക്കാനാണെന്നും ട്രംപ് അവകാശപ്പെടുകയും ചെയ്തു.
5. അധികാരമൊഴിയുന്നതിനു തൊട്ടുമുൻപ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശകർക്കും 2021ലെ ക്യാപിറ്റൾ മന്ദിരം ആക്രമണം അന്വേഷിച്ച സമിതിയിലെ അംഗങ്ങൾക്കും ജീവനക്കാർക്കും മുൻകൂർ മാപ്പ് (Pre-emptive pardon) അനുവദിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അസാധാരണ നീക്കം. ബൈഡന്റെ മുൻ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗച്ചി, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് മുൻ ചെയർമാൻ മാർക് മില്ലി, 2021 ജനുവരി 6ന് നടന്ന ക്യാപിറ്റൾ ആക്രമണം അന്വേഷിച്ച സമിതി അംഗങ്ങൾ എന്നിവർക്കാണ് മുൻകൂർ മാപ്പ് നൽകിയത്. ട്രംപ് അധികാരത്തിലെത്തിക്കഴിഞ്ഞാൽ ഇവർക്കെതിരെ രാഷ്ട്രീയ പ്രേരിതമായ പ്രതികാര നടപടിയെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രസിഡന്റിന്റെ സവിശേഷ അധികാരം ഉപയോഗിച്ചുള്ള നീക്കം. 2020ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ട്രംപിന്റെ ശ്രമത്തെയും 2021ൽ നടന്ന ക്യാപിറ്റൾ ആക്രമണത്തിലെ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചും വിമർശനം ഉന്നയിച്ചവരെ ശത്രുക്കളാക്കിയുള്ള ട്രംപിന്റെ പ്രഖ്യാപനെത്തെ തുടർന്നാണ് നടപടി. ഒരാൾക്കെതിരെ കുറ്റം ചുമത്തുകയും അന്വേഷണം നടത്തുകയും ചെയ്യുന്നതിനു മുൻപു തന്നെ അയാളെ ശിക്ഷയിൽനിന്ന് ഒഴിവാക്കാൻ പ്രസിഡന്റിന് അനുമതി നൽകുന്ന സവിശേഷ അധികാരമാണ് മുൻകൂർ മാപ്പ്. അതേസമയം ഇതിൽ ഏതെങ്കിലും വ്യക്തി തെറ്റുചെയ്താൽ അതിൽനിന്ന് സംരക്ഷണം നൽകാനുള്ള അംഗീകാരമായി മുൻകൂർ മാപ്പിനെ കണക്കാക്കരുതെന്നും ബൈഡന്റെ ഉത്തരവിൽ പറയുന്നു. കോവിഡ് കാലത്ത് ബൈഡന്റെ ഉപദേശകനായിരുന്നു ഡോ.ഫൗച്ചി. കോവിഡുമായി ബന്ധപ്പെട്ട ട്രംപിന്റെ അടിസ്ഥാനരഹിതവും ശാസ്ത്രവിരുദ്ധവുമായ വാദങ്ങളെ എതിർത്തതിന് ഫൗച്ചിക്കെതിരെ പലവട്ടം ട്രംപ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കോവിഡ് കാലത്ത് മുഖാവരണം നിർബന്ധമാക്കിയതിനും ട്രംപും കൂട്ടരും ഫൗച്ചിയെ ആക്രമിച്ചു. മുൻ സൈനിക തലവൻ മാർക് മില്ലി ട്രംപിനെ ഫാസിസ്റ്റെന്ന് വിളിച്ച് ശത്രുപ്പട്ടികയിൽ കയറിയ ആളാണ്. ഇരുവർക്കുമെതിരെ നടപടിയുണ്ടാകുമെന്ന് ട്രംപ് പലതവണ മുന്നറിയിപ്പും നൽകിയിരുന്നു.
6. യുഎസിൽ രണ്ടാമതും അധികാരമേറ്റ ഡോണൾഡ് ട്രംപിന്റെ കാബിനറ്റിൽനിന്നു പിന്മാറി മലയാളി കുടുംബവേരുകളുള്ള വിവേക് രാമസ്വാമി. സർക്കാരിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ രൂപീകരിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയിൽ (ഡോജ്) നിന്നാണു ഇന്ത്യൻ വംശജൻ വിവേക് ഒഴിഞ്ഞത്. സുഹൃത്തും വ്യവസായിയുമായ ഇലോൺ മസ്കിനു വകുപ്പിന്റെ പൂർണ ചുമതല ട്രംപ് കൈമാറിയതോടെയാണു തീരുമാനം. മസ്കിനെ സഹായിക്കുന്ന ജോലിയാണു വിവേകിനു വൈറ്റ് ഹൗസ് നൽകിയത്. ഇതിൽ അസംതൃപ്തനായാണു തീരുമാനം എന്നാണു കരുതുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായി മത്സരിച്ച 39 വയസ്സുകാരനായ വിവേക് രാമസ്വാമി പിന്നീട് ട്രംപിന്റെ അനുയായി മാറുകയായിരുന്നു. ഒഹായോ ഗവർണറായി മത്സരിക്കാനാണു വിവേകിന്റെ നീക്കമെന്നാണു സൂചന. ഡോജിലെ പിന്മാറ്റത്തെപ്പറ്റി എക്സിൽ വിവേക് പോസ്റ്റിട്ടു. 2026 നവംബറിലാണ് ഒഹായോ തിരഞ്ഞെടുപ്പ്. ‘ഡോജിന്റെ രൂപീകരണത്തിൽ സഹായിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. സർക്കാരിന്റെ ഈ ക്രമീകരണത്തിൽ ഇലോൺ മസ്കും സംഘവും വിജയിക്കുമെന്ന് ഉറപ്പുണ്ട്. ഒഹായോയിലെ എന്റെ ഭാവി പദ്ധതികളെക്കുറിച്ചു വൈകാതെ കൂടുതൽ പറയാം. അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ശ്രമിക്കുന്ന പ്രസിഡന്റ് ട്രംപിനെ സഹായിക്കാൻ നമ്മൾ എല്ലാവരും ഒരുമിച്ചുണ്ട് എന്നതാണു പ്രധാനം.’’– വിവേക് അഭിപ്രായപ്പെട്ടു. ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെയും അടുത്ത സുഹൃത്തുമാണു വിവേക്.
തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ കഴിഞ്ഞ നവംബറിലാണു മസ്കിനൊപ്പം ഡോജിന്റെ തലപ്പത്തേക്കു വിവേകിനെയും ട്രംപ് നിയമിച്ചത്.
7. അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പായി സ്വന്തം ക്രിപ്റ്റോ ടോക്കണ്‍ പുറത്തിറക്കിയാണ് ട്രംപ് ഞെട്ടിച്ചത്. ട്രംപിന്‍റെ ആസ്തിയുടെ വലിയൊരു ഭാഗം മീംകോയിനായ $TRUMP ലൂടെയാണ്. പ്രസിഡന്‍റായി ചുതമലയേല്‍ക്കുന്നതിന് മുന്‍പ് വെള്ളിയാഴ്ചയാണ് ട്രംപ് $TRUMP എന്ന പേരില്‍ ക്രിപ്റ്റോ ടോക്കണ്‍ അവതരിപ്പിച്ചത്. തിങ്കളാഴ്ച ട്രംപ് അധികാരമേറ്റതോടെ ട്രംപ് മീം കോയിനിന്‍റെ വിപണി മൂല്യം 10 ബില്യൺ ഡോളറിലധികമായാണ് വര്‍ധിച്ചത്. ഞായറാഴ്ച 10 ഡോളറിന് താഴെയായിരുന്ന കോയിന്‍റെ മൂല്യം 74.59 ഡോളറിലേക്കാണ് തിങ്കളാഴ്ച കുതിച്ചത്.
ട്രംപിന് പിന്നാലെ മെലാനിയ ട്രംപും സ്വന്തം പേരില്‍ കോയിന്‍ പുറത്തിറക്കിയിട്ടുണ്ട്. ട്രംപിന്‍റെ ക്രിപ്റ്റോ അനുകൂല സമീപനം ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്‌കോയിനിലും നേട്ടമുണ്ടാക്കി. 1,09,071 ഡോളറിലേക്ക് ഉയര്‍ന്ന് ബിറ്റ്‌കോയിൻ പുതിയ ഉയരം കുറിച്ചു.
8. ഇസ്രയേലിന്റെ മിലിറ്ററി ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ ഹെർസി ഹലവി രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. 2023 ഒക്ടോബർ 7 നു തെക്കൻ ഇസ്രയേലിലെ ഹമാസ് കടന്നാക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തമേറ്റാണു രാജി. മാർച്ച് 6നു രാജിവയ്ക്കുമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു നൽകിയ കത്തിൽ വ്യക്തമാക്കി. സൈന്യമാണു കത്ത് പുറത്തുവിട്ടത്. ഗാസ ആക്രമണത്തിലൂടെ ഇസ്രയേൽ സൈന്യത്തിന്റെ കരുത്തു വീണ്ടെടുത്തതായും അദ്ദേഹം അവകാശപ്പെട്ടു. ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതു സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യം നെതന്യാഹു തള്ളിയിരുന്നു.
9. ലോകാരോഗ്യ സംഘടനയിൽനിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ലോകത്തെ ആരോഗ്യ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. വൈകാതെ അത് അമേരിക്കയ്ക്കു തന്നെ വിനയാകുമെന്ന പ്രത്യേകതയുമുണ്ട്. ക്ഷയം, മലമ്പനി, എച്ച്ഐവി എന്നിവ ലോകത്തു പ്രതിരോധിച്ചു നിർത്തിയിരിക്കുന്നതിൽ യുഎസ് കാര്യമായി പിന്തുണയ്ക്കുന്ന ഗ്ലോബൽ ഫണ്ടിനു വലിയ റോളുണ്ട്. പക്ഷേ ലോകാരോഗ്യ സംഘടനയുമായുള്ള പങ്കാളിത്തം ഇപ്പോൾ അവസാനിപ്പിക്കുന്നതും ധനസഹായം വേണ്ടെന്നു വയ്ക്കുന്നതും ഭവിഷ്യത്ത് ഉണ്ടാക്കുമെന്നതിനാൽ പുനരാലോചന വേണ്ടതാണ്. സാംക്രമിക രോഗങ്ങൾ ഏതെങ്കിലുമൊരു രാജ്യത്തിന്റെ അതിർത്തിയിൽ വച്ച് തടയാനാവില്ല. അമേരിക്കയിൽ കാണുന്ന ക്ഷയരോഗത്തിന്റെ 80–90 ശതമാനവും മറ്റ് രാജ്യങ്ങളിൽനിന്നുള്ളവർ എത്തിച്ചതാണ്. യുഎസിൽ പണിയെടുക്കുന്നവർ വലിയൊരു പങ്ക് ചൈന, ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നാണ്. ഇവിടെയെല്ലാം സാംക്രമിക രോഗങ്ങളുണ്ട്. മറ്റു രാജ്യങ്ങൾക്കുള്ള ഫണ്ടിങ് അവസാനിപ്പിക്കുന്നത് യുഎസിനെ സാരമായി ബാധിക്കുമെന്നു പറയുന്നതിനുള്ള കാരണം ഇതാണ്. മറ്റിടങ്ങളിൽ നിന്നുള്ള തൊഴിലാളികളില്ലാതെ അമേരിക്കയ്ക്കു മുന്നോട്ടു പോകാനാകില്ല. ആരോഗ്യമേഖലയിലെ യുഎസ് സഹായം ഇല്ലാതാകുന്നത് മറ്റു രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച് ആരോഗ്യ സംവിധാനങ്ങൾ കുറവുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ.
ഇന്ത്യയ്ക്കു വെല്ലുവിളിയില്ലെങ്കിലും മറ്റ് ഏഷ്യൻ രാജ്യങ്ങളുടെ സ്ഥിതി ആശാവഹമല്ല. പാക്കിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങൾക്ക് യുഎസ് സഹായം കിട്ടുന്നുണ്ട്. ഇതു നിലച്ചാൽ ഈ രാജ്യങ്ങളിലെ ആരോഗ്യരംഗം തകിടം മറിയും.
ഡബ്ല്യുഎച്ച്ഒയുടെ ആകെ ബജറ്റിന്റെ 18 ശതമാനം നൽകുന്നത് യുഎസാണ്. ഗാസ മുതൽ യുക്രെയ്ൻ വരെയുള്ള രാജ്യങ്ങളിലുള്ള സഹായ പദ്ധതികൾക്കുള്ള ഫണ്ടാണിത്.
എയ്ഡ്സ് പോലുള്ള ലൈംഗികമായി പകരുന്ന രോഗങ്ങൾക്കുള്ള ഫണ്ടിങ്ങിന്റെ 75 ശതമാനം വരെ നൽകുന്നത് യുഎസ്. ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങളുടെ ഫണ്ടിന്റെ 50% യുഎസാണു നൽകുന്നത്.
പല പദ്ധതികളിലും യുഎസിന്റെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) ഡബ്ല്യുഎച്ച്ഒമായി ചേർന്നു പ്രവർത്തിക്കുന്നു. സിഡിസിയുടെ പല പദ്ധതികൾക്കുമുള്ള ഗവേഷണ വിവരങ്ങൾക്ക് ആശ്രയിക്കുന്നത് ഡബ്ല്യുഎച്ച്ഒയെ.പല ദരിദ്ര രാജ്യങ്ങളിലെ വാക്സിനേഷനുകൾക്കു നേതൃത്വം നൽകുന്നത് ഡബ്ല്യുഎച്ച്ഒ ആണ്. ആ പ്രവർത്തനങ്ങളും അവതാളത്തിലാവും.
10. ആയിരക്കണക്കിന് പങ്കാളികൾ വിവാഹം റജിസ്റ്റർ ചെയ്തതോടെ തായ്ലൻഡ് സ്വവർഗ വിവാഹത്തിനു നിയമപ്രാബല്യം നൽകിയത് ആഘോഷമാക്കി. വെള്ളിയാഴ്ച ഒരൊറ്റ ദിവസം തന്നെ ബാങ്കോക്കിൽ 1448 ജോടികൾ റജിസ്റ്റർ ചെയ്തു. ഇനി മുതൽ പുരുഷൻമാർ തമ്മിലും സ്ത്രീകൾ തമ്മിലും നടക്കുന്ന വിവാഹത്തിന് എല്ലാതരം അംഗീകാരവും ഉണ്ടാകും. സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനും അനന്തരാവകാശം നൽകാനും കഴിയും. ഭാര്യ, ഭർത്താവ് തുടങ്ങിയ വാക്കുകൾക്കു പകരം പങ്കാളി അടക്കമുള്ള ലിംഗ നിഷ്പക്ഷ പദങ്ങൾ നിലവിൽ വന്നു.
11. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയെ ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധിക നികുതി, തീരുവ തുടങ്ങി കർശന സാമ്പത്തിക നടപടികൾ ഏർപ്പെടുത്തുമെന്നാണു ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തു മൂന്നാം ദിവസമാണു സമൂഹമാധ്യമ പോസ്റ്റിലൂടെ ട്രംപ് റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഉടനടി കരാറിൽ ഏർപ്പെടുണം, അല്ലെങ്കിൽ യുഎസിനും മറ്റു രാജ്യങ്ങൾക്കും റഷ്യ വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തേണ്ടി വരുമെന്നാണു ട്രംപിന്റെ ഭീഷണി.
ഇതേസമയം യുഎസിലെ ജന്മാവകാശ പൗരത്വ വ്യവസ്ഥയ്ക്ക് ഉപാധികൾ ഏർപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തിലാക്കുന്നതു തടയണമെന്ന ആവശ്യവുമായി 22 സംസ്ഥാനങ്ങൾ നിയമനടപടി ആരംഭിച്ചു. മനുഷ്യാവകാശ സംഘടനകളും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയും സാൻഫ്രാൻസിസ്കോ നഗരവും കോടതിയെ സമീപിച്ചിട്ടുണ്ട്. ട്രംപിന്റെ ഉത്തരവ് നിയമവിരുദ്ധമായി കുടിയേറിയവരെ മാത്രമല്ല, താൽക്കാലിക വീസയിൽ യുഎസിൽ ഉള്ളവരെയും ഗ്രീൻ കാർഡിനു കാത്തിരിക്കുന്നവരെയും ബാധിക്കും. ഇന്ത്യയിൽനിന്നുതന്നെ ഇത്തരത്തിലുള്ള ഏതാനും ലക്ഷം പേർ യുഎസിലുണ്ട്. താൽക്കാലിക തൊഴിൽ വീസകൾ (എച്ച്–1ബി, എൽ1), ആശ്രിത വീസ (എച്ച് 4), പഠന വീസ (എഫ്1), ഇന്റേൺഷിപ്, അധ്യാപന, പരിശീലന സന്ദർശക വീസ (ജെ1), ഹ്രസ്വകാല ബിസിനസ് അല്ലെങ്കിൽ ടൂറിസ്റ്റ് വീസ (ബി1, ബി2) തുടങ്ങിയവ ഉപയോഗിച്ച് യുഎസിൽ കഴിയുന്നവർക്ക് ഉത്തരവ് തിരിച്ചടിയാവാം.
യെമനിലെ ഹൂതി വിമതരെ യുഎസിലെ ട്രംപ് ഭരണകൂടം വീണ്ടും ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ബുധനാഴ്ചത്തെ എക്സിക്യൂട്ടീവ് ഉത്തരവിലാണ് ഹൂതികളുടെ കാര്യം ഉൾപ്പെട്ടത്. ഇതുപ്രകാരം സ്ഥിതിഗതികൾ മനസ്സിലാക്കി 30 ദിവസത്തിനകം സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ റിപ്പോർട്ട് സമർപ്പിക്കണം. പിന്നാലെ 15 ദിവസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആദ്യ സർക്കാരിന്റെ അവസാനമായപ്പോഴും ഹൂതികളെ വിദേശ ഭീകര സംഘടനയായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലെത്തി ആദ്യ ആഴ്ചകളിൽത്തന്നെ, യെമനിലെ മാനുഷിക പ്രശ്നങ്ങൾ മുൻനിർത്തി ബൈഡൻ ഭരണകൂടം ഇതു റദ്ദാക്കുകയും ചെയ്തു. പിന്നീട് ചെങ്കടലിലെ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ സ്പെഷലി ഡെസിഗ്നേറ്റഡ് ഗ്ലോബൽ ടെററിസ്റ്റ് (എസ്ഡിജിടി) എന്ന പട്ടികയിൽ ബൈഡൻ ഭരണകൂടം ഹൂതികളെ ഉൾപ്പെടുത്തിയിരുന്നു.
കടയിൽനിന്നു സാധനങ്ങൾ മോഷ്ടിക്കുന്നതും ഭവനഭേദനവും ഉൾപ്പെടെ കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് വ്യവസ്ഥ ചെയ്യുന്ന സുപ്രധാന റിപ്പബ്ലിക്കൻ ബില്ലിന് യുഎസ് കോൺഗ്രസിലെ ജനപ്രതിനിധി സഭയുടെയും അംഗീകാരമായി. സഭയിലെ റിപ്പബ്ലിക്കൻ പക്ഷത്തിനൊപ്പം 46 ഡെമോക്രാറ്റ് അംഗങ്ങൾ കൂടി ചേർന്നതോടെ 156 ന് എതിരെ 263 വോട്ടിനാണു ‘ലേക്കൻ റൈലി ആക്ട്’ പാസായത്. സെനറ്റിൽ ഈ ബിൽ 12 ഡെമോക്രാറ്റുകൾ കൂടി പിന്തുണച്ച് 64–35 വോട്ടുനിലയിൽ നേരത്തേ പാസായിരുന്നു. ഇനി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടു നിയമമാക്കും. ജോർജിയയിലെ ആതൻസിൽ യൂണിവേഴ്സിറ്റി ക്യാംപസിനു സമീപം ജോഗിങ്ങിനിടെ 22 വയസ്സുകാരി ലേക്കൻ റൈലിയെ വെനസ്വേലയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരൻ കൊലപ്പെടുത്തിയത് ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിൽ വൻപ്രാധാന്യം നേടിയ സംഭവമായിരുന്നു. റൈലിയുടെ കൊലപാതകത്തിനു മുൻപേ ഇയാൾ കടയിൽനിന്ന് സാധനം മോഷ്ടിച്ച കേസിൽ നോട്ടപ്പുള്ളിയായിരുന്നെങ്കിലും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നില്ല. കുടിയേറ്റ വിരുദ്ധ നടപടികളിൽ അധികൃതരുടെ കയ്യിലെ കരുത്തൻ ആയുധമാകാൻ പോകുന്ന ‘ലേക്കൻ റൈലി ആക്ട്’ ഇന്ത്യയിൽനിന്നുള്ളവർക്കും ഭീഷണിയാണ്.
ഇതേസമയം യുഎസിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന ഉത്തരവു മറികടക്കാൻ സിസേറിയനായി ഇന്ത്യൻ ദമ്പതികൾ തിരക്കുകൂട്ടുന്നതായി റിപ്പോർട്ട്. യുഎസ് പൗരത്വമില്ലാത്തവരോ ഗ്രീൻ കാർഡ് ഇല്ലാത്തവരോ ആയ മാതാപിതാക്കൾക്ക് യുഎസിൽ ജനിക്കുന്ന കുട്ടികൾക്കു പൗരത്വം നൽകുന്ന നിയമമാണ് റദ്ദാക്കിയത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്നുള്ളത്. ട്രംപിന്റെ ഉത്തരവ് പ്രാബല്യത്തിൽ വരുന്ന ഫെബ്രുവരി 20ന് മുൻപ് സിസേറിയനിലൂടെയെങ്കിലും കുട്ടികൾക്കു ജന്മം നൽകാനുള്ള സാധ്യതയാണ് ആളുകൾ തിരക്കുന്നത്. എട്ട്, ഒന്‍പതു മാസം ഗർഭിണികളായ ഇന്ത്യക്കാര്‍ സിസേറിയൻ നടത്താനാകുമോ എന്നു ചോദിച്ച് സമീപിക്കുന്നുണ്ടെന്ന് യുഎസിലെ ഗൈനക്കോളജിസ്റ്റുകളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എച്ച്1ബി, എൽ1 വീസകളിൽ യുഎസിലെത്തിയ ഇന്ത്യക്കാർക്കിടയിലാണ് പേടിയുടലെടുത്തിരിക്കുന്നത്. വർഷങ്ങളോളം യുഎസിൽ സ്ഥിരതാമസത്തിനു തയാറെടുത്തിരുന്നവരാണു മിക്കവരും. ഗ്രീൻ കാർഡ് ഉള്ളവരെ ട്രംപിന്റെ നീക്കം ബാധിക്കില്ല. ഇവർക്ക് യുഎസിൽ വച്ച് കുട്ടികളുണ്ടായാൽ ഫെബ്രുവരി 20 കഴിഞ്ഞാലും അമേരിക്കൻ പൗരത്വം ലഭിക്കും. എന്നാൽ ഗ്രീൻ കാർഡ് ലഭിക്കാനുള്ള കാലതാമസം വർഷങ്ങളാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അപേക്ഷകൾ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. തൊഴിൽ വീസയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ മക്കളെ ഇതു ബാധിക്കും. ഇവർക്ക് തിരിച്ചുപോരേണ്ടി വരികയോ യുഎസിൽ കഴിയാൻ വീസയ്ക്ക് അപേക്ഷിക്കേണ്ടി വരികയോ ചെയ്യേണ്ടിവരും.
12. ഡോണൾഡ് ട്രംപ് സ്ഥാപിക്കാനുദ്ദേശിക്കുന്ന എഐ ഡേറ്റ സെന്ററായ സ്റ്റാർഗേറ്റിനെച്ചൊല്ലി ഓപ്പൺ എഐ സിഇഒ സാം ആൾട്മാനും ടെസ്‌ല ഉടമ ഇലോൺ മസ്കും തമ്മിൽ തർക്കം. 50,000 കോടി യുഎസ് ഡോളർ ബജറ്റിലുള്ള പദ്ധതി ഓപ്പൺ എഐ, ഓറക്കിൾ, സോഫ്റ്റ്ബാങ്ക് എന്നീ കമ്പനികളുടെ സഹകരണത്തോടെ സ്ഥാപിക്കുമെന്നാണു ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്. എന്നാൽ, ട്രംപ് സർക്കാരിൽ നിർണായക സ്വാധീനം ചെലുത്തുന്ന മസ്ക്, ഈ പദ്ധതിക്കു വേണ്ട പണം സംരംഭകരുടെ കയ്യിൽ ഇല്ലെന്നു സമൂഹമാധ്യമത്തിൽ കുറിച്ചു. ഇതിനെ ചോദ്യം ചെയ്ത ആൾട്മാൻ യുഎസിനു വേണ്ടി നിലകൊള്ളാൻ മസ്കിനോട് ആവശ്യപ്പെട്ടു.
13. രാജ്യത്ത് പഠനത്തിനായി എത്തുന്ന രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം വീണ്ടും നിയന്ത്രിക്കാനൊരുങ്ങി കാനഡ. പാർപ്പിടം, ആരോഗ്യ സംരക്ഷണം, മറ്റു സേവനങ്ങൾ എന്നിവയിലെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാണ് നീക്കം. ഈ വർഷം 4,37,000 സ്റ്റഡി പെർമിറ്റുകൾ അനുവദിക്കാനാണ് തീരുമാനം. ഇത് 2024 ൽ നിന്ന് 10 ശതമാനം കുറവാണ്. സമീപ വർഷങ്ങളിലെ ജനസംഖ്യ വളർച്ച ഭവന ക്ഷാമം രൂക്ഷമാക്കുന്നതായി കണ്ടത്തിയതിനെ തുടർന്ന് 2024ൽ കാനഡ രാജ്യാന്തര വിദ്യാർഥി പെർമിറ്റുകൾക്ക് പരിധി ഏർപ്പെടുത്തിയിരുന്നു. 2023ൽ, വിദേശ വിദ്യാർഥികൾക്ക് 6,50,000ലധികം പഠന പെർമിറ്റുകളാണ് നൽകിയത്. 10 വർഷം മുൻപ് രാജ്യത്തുണ്ടായിരുന്ന രാജ്യാന്തര വിദ്യാർഥികളുടെ എണ്ണത്തെക്കാൾ മൂന്നിരട്ടി ഇപ്പോഴുണ്ടെന്നാണ് കണക്ക്. കുടിയേറ്റം മൂലമുണ്ടാകുന്ന ദ്രുതഗതിയിലുള്ള ജനസംഖ്യ വളർച്ച ഭവന ചെലവുകളും വർധിപ്പിക്കുന്നുണ്ട്. അതേസമയം, ആഭ്യന്തര വിദ്യാർഥികളെ അപേക്ഷിച്ച് രാജ്യാന്തര വിദ്യാർഥികളിൽനിന്നു ഉയർന്ന ട്യൂഷൻ ഫീസാണ് സ്ഥാപനങ്ങൾ ഈടാക്കുന്നത്.