Thursday, November 14, 2024
Homeഅമേരിക്കകതിരും പതിരും: പംക്തി (54) ' ആരോപണങ്ങളും വിവാദങ്ങളും കത്തിപ്പടരുമ്പോൾ '

കതിരും പതിരും: പംക്തി (54) ‘ ആരോപണങ്ങളും വിവാദങ്ങളും കത്തിപ്പടരുമ്പോൾ ‘

ജസിയ ഷാജഹാൻ.

ഈ രണ്ടു വാക്കുകളും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നു .അഭേദ്യമായ ഒരു ബന്ധം തന്നെയാണ് ഈ രണ്ടു വാക്കുകൾക്കും ഇടയിൽ എന്നു തന്നെ പറയാം. ആരോപണങ്ങളിൽ കുടുങ്ങി ഏറ്റവും അധികം വലയുന്നത് സമൂഹം ആദരിക്കുന്നവരും, കൺകണ്ട ദൈവമായി കരുതുന്നവരും, പ്രശസ്തിയുടെ കൊടുമുടിയിൽ തലയിലേന്തി ജനം ആരാധിക്കുന്നവരും ഒക്കെയാണ്.

ആരോപണങ്ങൾ പലവിധമുണ്ട്. എല്ലാ തൊഴിൽ മേഖലകളിലും ഉണ്ട്. അത് പരസ്പരം മുഖാമുഖം നോക്കി പറഞ്ഞുതീർക്കുന്നവയാകാം. അല്ലാത്തവയാകാം.
വിഷയം അനുസരിച്ച് , അതിൻെറ കാഠിന്യം അനുസരിച്ച്, ചെയ്ത പ്രവർത്തികൾ അനുസരിച്ച്, പ്രായം അനുസരിച്ച്, വ്യക്തികൾ അനുസരിച്ച്, ഇര ചൂണ്ടിക്കാട്ടുമ്പോൾ അവ അതിന്റെ മുഖം മൂടി അഴിഞ്ഞ് പൊതുസമൂഹത്തിൽ ചർച്ചാവിഷയമാകുന്നു.

ഇര ചൂണ്ടിക്കാട്ടുന്ന വ്യക്തികൾ പ്രശസ്തരാകുമ്പോൾ അതിന് വാർത്താ പ്രാധാ
ന്യം ഏറുന്നു. .ചൂട് പിടിച്ചാൽ ഈ ചർച്ചകൾ ഏതൊക്കെ വശങ്ങളിലൂടെ കടന്നു പോകുന്നു… ഏതൊക്കെ വ്യക്തികളിലൂടെ കയറിയിറങ്ങുന്നു ! ഏതു തലത്തിലേക്കാണ് നീങ്ങുന്നത്, എന്നതൊക്കെ കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു?

അന്വേഷണങ്ങൾക്ക് വിധേയമാകുന്ന രീതിയിലുള്ള കുറ്റാരോപണങ്ങളിൽ പ്രത്യേകിച്ച് സ്ത്രീകളുടെ നേർക്കുള്ള ലൈംഗിക അതിക്രമങ്ങൾ പീഡനങ്ങൾ, മാനസിക പീഡനങ്ങൾ എല്ലാം ഉൾപ്പെടും.

ഒരു വ്യക്തി ഒരു ജീവിതം കൊണ്ട് ഉണ്ടാക്കിയെടുത്ത അയാളുടെ നല്ല ഇമേജ് മുഴുവൻ ഈ ആരോപണങ്ങളിൽ തകർന്നുവീഴാൻ… ഒന്നുമില്ലെങ്കിൽ ഒന്നു ഉലഞ്ഞു പോകാൻ എങ്കിലും ഇടയാക്കുന്നു എന്നതാണ് ഇവിടെ പ്രാധാന്യം. പ്രത്യേകിച്ച് സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട കേസുകൾ ആകുമ്പോൾ അവരുടെ കുടുംബവും കുട്ടികളും ഒക്കെ അതിൽ വീണ് അപമാനതരാകുന്നു. ഭാര്യ ഭർതൃ ബന്ധത്തിന്റെ വിശ്വാസ കോട്ടകൾ തകർക്കാനും, ബന്ധം തന്നെ വേർപിരിയാനും ആത്മഹത്യയിൽ വരെ പങ്കാളിയെ കൊണ്ടെത്തിക്കാനും ഈ ആരോപണങ്ങൾക്ക് കഴിയും. അങ്ങി
നെ നമുക്ക് ചൂണ്ടിക്കാട്ടാൻ ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് മുന്നിൽ ഉണ്ടാകാം.

ഈ ചെയ്തികൾ ഇപ്പോഴത്തെതായാലും, കുറച്ചു പിന്നിലെത്തെതായാലും, അതിലും പണ്ടത്തെതായാലും തിരഞ്ഞുപിടിച്ച് ഓർമ്മിച്ചെടുത്ത് വാർത്താ മാധ്യമങ്ങളിൽ എത്തുമ്പോൾ ഫലം എല്ലാം ഒന്നു തന്നെ. അത്രയും നാൾ അവരെ വാഴ്ത്തിക്കൊണ്ട് നടന്നവർ തന്നെ അവരെ കിട്ടുന്നിടത്തേക്ക് ഒക്കെ വലിച്ചെറിയുന്നു. അവരുടെ മനസ്സിൽ തകർന്നുപോയ ആ ഇമേജിനെ സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവരുടെ മുന്നിലേക്ക് എത്തിച്ച് വീണ്ടും തകർക്കാൻ അവർ തന്നെ തയ്യാറാകുന്നു എന്നതാണ് ഇവിടത്തെ മറ്റൊരു വിഷയം.

ആരോപണങ്ങൾ വെറും ആരോപണങ്ങളാണ് അത് തെളിയിക്കപ്പെടട്ടെ !… അപ്പോൾ കാണാം… എന്നു വീമ്പിളക്കി, നെഗളിച്ച് അതിനെയൊക്കെ പൊളിച്ചടുക്കി പ്രസംഗിച്ച് നടക്കുന്നവരും ഇവരുടെ ഇടയിൽ ഉണ്ടെന്നുള്ളത് പരമാർത്ഥം. അപ്പൊ അവർക്ക് അത്രയും വിശ്വാസം അവരിൽ ഉണ്ട് എന്നതിനെ നമ്മൾ സാധാരണക്കാർക്ക് തള്ളിക്കളയാനും പറ്റില്ല?

പിന്നെ …ഈ ആരോപണങ്ങളുടെ ദൂഷ്യവശങ്ങളിലേക്ക് ഒന്നുകൂടി ആഴത്തിൽ നമുക്ക് ഒന്ന് ഇറങ്ങിച്ചെന്നാലോ?… ഈ ആരോപണങ്ങൾ മൂലം കുടുംബങ്ങളിലായാലും സ്ഥാപനങ്ങളിൽ ആയാലും, സംഘടനകളിൽ ആയാലും വ്യക്തികൾ തങ്ങളിൽ ചർച്ചകളും അതിനെ ചൊല്ലി ഒരുപാട് വിവാദങ്ങളും ഉണ്ടാകുന്നു. പരസ്പരമുള്ള തർക്കങ്ങളിൽ വ്യക്തി ബന്ധങ്ങൾ വിഘടിക്കുന്നു. അഭിപ്രായങ്ങളിലുള്ള ചേർച്ചയില്ലായ്മ മൂലം, വിലയിരുത്തലുകളിലുള്ള പരസ്പര വിരുദ്ധങ്ങളായ പ്രകടനങ്ങൾ മൂലം, പക്ഷം ചേർന്ന് നിന്നുള്ള താങ്ങുകൾ മൂലം… ഈ ഒത്തൊരുമകളിൽ കൂട്ടായ്മകളിൽ പിളർപ്പുകൾ ഉണ്ടാകുന്നു അവിടെ വീണ്ടും രണ്ടുഭാഗത്തു നിന്നുമായി സംഘങ്ങൾ രൂപീകരിക്കുന്നു ! എന്നു പറഞ്ഞാൽ ഈ വിവാദങ്ങളും തർക്കങ്ങളും ഒക്കെ ഭിന്നപ്പുകളിൽ അല്ലാതെ കൂട്ടായ്മകളെ വളർത്തുന്നില്ല എന്നർത്ഥം.

വിവാദങ്ങളിലും ആരോപണങ്ങളിലും കുടുങ്ങുന്നവർ കടുത്ത മാനസിക സംഘർഷത്തിനും അപമാനത്തിനും, അവരുടെ തലക്കെട്ടിൽ ഒരു ദുഷ്പേരിനെ എഴുതി ചേർത്തത് മായ്ക്കാൻ ശ്രമപ്പെട്ടും കുറെ നാളത്തേക്ക് എങ്കിലും വളരെ അടിപ്പെട്ടു പോകുന്നു.

കുറ്റാരോപിതനല്ല !താനെന്ന് വാദിച്ച് നിയമസാധ്യതകൾ തേടുന്നവർ അതുമായി ബന്ധപ്പെട്ട് തുടർന്നുള്ള ജീവിതത്തിൻ്റെ നല്ലൊരു ഭാഗവും കോടതിയും കേസും അന്വേഷണവുമായി മനസ്സമാധാനം ഇല്ലാതെ കഴിയേണ്ടി വരുന്നു. ഇവിടെ ഒന്നിലും പെടുന്നത് ഒരാൾ മാത്രമല്ല !അയാളെ ചുറ്റിപ്പറ്റിയുള്ള കുടുംബവും കുടുംബ ബന്ധങ്ങളും, സ്നേഹബന്ധങ്ങളും, ആത്മാർത്ഥതയുള്ള സുഹൃദ്ബന്ധങ്ങളും ഒക്കെയാണ്. അത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.

ഒരു ചെറിയ തീപ്പൊരി മതി ഇപ്പോഴത്തെ കാലത്ത് അത് ആളിപ്പടരാൻ. അല്ലെങ്കിൽ പടർത്താൻ വേണ്ട സംവിധാനവും, പ്ലാറ്റ്ഫോമുകളും, സന്നാഹങ്ങളും ഒരുങ്ങി നിൽപ്പുണ്ട്. ഒന്ന് തലകൊണ്ട് വച്ചു കൊടുക്കുകയേ വേണ്ടൂ…

ഈ ആരോപണങ്ങൾ എല്ലാം ഒരു വഴിക്ക് ചിന്തിച്ചാൽ ചിലപ്പോൾ ശരിയാകണമെന്നില്ല? വ്യക്തി വൈരാഗ്യം തീർക്കാൻ, താൻ ഉദ്ദേശിച്ച് ചെന്നത് നിഷേധിക്കപ്പെട്ടതിൻ്റെ പക പോക്കാൻ, സ്ഥാനമാന വടം വലികളിലെ തോൽവിയെ ജയിക്കാൻ! എന്തിന്! അസൂയയും കുശുമ്പും മൂത്ത് പോലും കെട്ടിച്ചമക്കാം… പക്ഷേ അതിനൊക്കെ പീഢന നിലവാരത്തിലേക്ക് തരംതാഴണോ? ഇവിടെ വേട്ടക്കാരനും ഇരയും ഒരേ പോലെ നാണം കെടുകയല്ലേ? വേട്ടക്കാരനെ പോലെ തന്നെ ഇരകളും മറ്റുള്ളവരുടെ കണ്ണിൽ അവർ പുറത്തു പറഞ്ഞില്ല എങ്കിൽ പോലും കരടുകളാണ്. മനസ്സിൽ അരച്ചു കലക്കിയിട്ടും കുടിച്ചിട്ട് ഇറങ്ങാത്ത അവശിഷ്ടങ്ങളാണ്. പക്ഷേ സത്യ ക്രിസ് ത്യാനികൾ ആരും തന്നെ അത് പുറത്തു പറയാൻ മടിക്കുന്നു.

എന്തിനും… ഏതിനും ആരോപണങ്ങൾ ഇനിയുമുണ്ടാകും .ചൂട് പിടിക്കും .വിവാദങ്ങളാകും. അന്വേഷണങ്ങൾ നടക്കും.. തലയൂരാൻ ബന്ധപ്പെട്ടും തലയൂരിയും, അടിച്ചമർത്തിയും എല്ലാം പഴയതിലും നന്നായി തന്നെ മുന്നോട്ട് കുതിക്കും.

ഇവിടെ വേട്ടക്കാരനൊപ്പമോ ? അതോ! ഇരക്കൊപ്പമോ ! എന്ന് നിങ്ങൾ തന്നെ സത്യസന്ധമായി വിധിയെഴുതി നിവർന്നു നിൽക്കുക.

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി, സ്നേഹം.

✍ജസിയ ഷാജഹാൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments