ചന്തുമേനോന്റെ പ്രതിഭാവിലാസത്തെ തൊട്ടറിയിക്കുന്ന അനുപമമായ മറ്റൊരു നോവലാണ് ശാരദ. സാമൂഹിക ജീവിതത്തിന്റെ പ്രത്യക്ഷകളിലൂടേയും അടിയൊഴുക്കുകളിലൂടേയും ഒരേ സമയം നമ്മെ കൂട്ടികൊണ്ടുപോകുന്ന ഈ നോവൽ ചന്തുമേനോന്റെ മാസ്റ്റർ പീസ് ആണ്.
ഇന്ദുലേഖയേക്കാൾ മികച്ച നോവലാണ് ശാരദ എന്നാണ് മഹാകവി ഉള്ളൂർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ശാരദയുടെ ഉദാത്ത സൌന്ദര്യത്തെ ഈ നോവൽ വിളിച്ചറിയിക്കുന്നു.
ബാഹ്യവും ആന്തരികവുമായ അർത്ഥത്തിൽ ശാരദ ഒരു വ്യവഹാരകഥ ആണ്. ചന്തുമേനോന് പരിചയമുള്ള വക്കീലന്മാർ, ഗുമസ്ഥന്മാർ, നാട്ടുകാര്യസ്ഥന്മാർ, വ്യവഹാര പ്രിയന്മാർ തുടങ്ങിയവരെല്ലാം ഈ നോവലിൽ ഉണ്ട്.
ശാരദ ഒന്നാം ഭാഗം പ്രസിദ്ധപ്പെടുത്തിയത് 1892ൽ ആണ്. രണ്ടും മൂന്നും ഭാഗങ്ങൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തുവാൻ അദ്ദേഹം ആഗ്രഹിച്ചുവെങ്കിലും അത് മുഴുമിപ്പിക്കാൻ അദ്ദേഹത്തിനു സാധിക്കാതെ വന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു.
കഥാതന്തു
മലയാളത്തിൽ പൂഞ്ചോലക്കര എടം എന്നൊരു കീർത്തികെട്ട തറവാട് ഉണ്ടായിരുന്നു. അവിടുത്തെ ഒരു അംഗമായിരുന്നു കല്യാണിയമ്മ. ഈ പൂഞ്ചോലക്കര തറവാട് വലിയ ദ്രവ്യപുഷ്ടിയോടും പ്രബലതയോടും കൂടിയുള്ള തറവാട് ആകുന്നു.
ഇതിലെ പ്രമേയം പൂഞ്ചോലക്കര എടവും കല്യാണിയമ്മയും ആണ്. കല്യാണിയമ്മ വളരെ രൂപവതിയായ ഒരു സ്ത്രീ ആയിരുന്നു. എകദേശം പതിനെട്ടു ഇരുപതു വയസ്സ് പ്രായമായപ്പോൾ അവരെ വിരൂപനും ബുദ്ധിശൂന്യനുമായ ഒരു എടപ്രഭുവിന് തറവാട്ടു കാരണവരായ പൂഞ്ചോലക്കര അച്ചൻ എന്തോ തറവാടിന് ആദായമുള്ള ഒരു കാര്യത്തിനുവേണ്ടി മാത്രം സംബന്ധം ചെയ്തു കൊടുത്തു.
കല്യാണിയമ്മയ്ക്ക് ഇയാളോടൊപ്പം ജീവിക്കാൻ തീരെ താല്പര്യമില്ലാത്തതിനാൽ പുഞ്ചോല എടത്തിൽ നിന്നും ഒളിച്ച് മലയാളരാജ്യം വിട്ട് പൊയ്ക്കളഞ്ഞു. കൂടെ സഹായത്തിന് വൈത്തി പട്ടർ എന്നയാളും ചെറുവയസ്സായ കൃഷ്ണൻ എന്ന നായർ
ഭൃത്യനും മാത്രമാണ് ഉണ്ടായിരുന്നത്. പോകുമ്പോൾ കല്യാണിയമ്മ അവരുടെ ആഭരണങ്ങളും കൂടെ കൊണ്ടുപോയി. കാശിയിൽ പോകണമെന്ന ഉദ്ദേശത്തിലാണ് പുറപ്പെട്ടത്.
അങ്ങിനെ കാശിയിൽ വെച്ച് ചിത്രമെഴുത്തുകാരനായ രാമൻ മേനോനെ പരിജയപ്പെടുകയും അവർ തമ്മിൽ ഔദ്യോദികമായി വിവാഹം കഴിക്കാതെ ഭാര്യാഭർത്താക്കന്മാർ ആയി കഴിയുകയും ചെയ്തു. അവരോടൊപ്പം ശങ്കരൻ എന്ന കാര്യസ്ഥനും കൃഷ്ണൻ എന്ന ഭൃത്യനും ഉണ്ടായിരുന്നു.
കല്യാണിയമ്മയുടെ ആഭരണങ്ങളെല്ലാം തട്ടി എടുക്കാനായിരുന്നു വൈത്തിപ്പട്ടരുടെ ദുർമോഹം. അത് സാധ്യമാകാതിരുന്നപ്പോൾ അയാൾ നാട്ടിലേയ്ക്ക് പോയി.
രാമമേനോന്റെയും നാട് മലയാളത്തിൽ തന്നെ ആയിരുന്നു. വടക്കേ ഇന്ത്യയിൽ പല രാജ്യങ്ങളിലും ചിത്രമെഴുതി അവർ കുറേ പണം സമ്പാദിച്ചു. കാശിയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങണമെന്നുള്ള ഉദ്ദേശത്തോടുകൂടിയിരിക്കുന്ന സമയത്താണ് രാമമേനോൻ അതിരൂപവതിയും, ഭാഗ്യവതിയും, പ്രാണപ്രിയയുമായ കല്യാണിയമ്മയെ കണ്ടു മുട്ടുന്നത്.
ജാതിയിൽ പൂഞ്ചോലക്കര എടക്കാ രോട് സമം തന്നെ ആയിരുന്നുവെങ്കിലും എടക്കാർക്ക് പ്രഭുത്വം ഉണ്ടാകയാൽ അവിടെയുള്ള സ്ത്രീകൾ സാധാരണ ശൂദ്രനായന്മാരെ കല്യാണം കഴിക്കുമായിരുന്നില്ല. പൂഞ്ചോലക്കാർ ബ്രാഹ്മണരെ മാത്രമാണ് വിവാഹം കഴിച്ചിരുന്നത്. പക്ഷെ ഇതൊന്നും കണക്കാക്കാതെ രാമൻ മേനോനും കല്യാണിയമ്മയും ഒന്നായി തീർന്നു.
നാട്ടിലേയ്ക്ക് തൽക്കാലം മടങ്ങേണ്ട എന്നു വിചാരിച്ച് ഉജ്ജയിൻ എന്ന പട്ടണത്തിലേക്ക് പോയി. അവിടെ താമസിച്ചു ചിത്രരചന കൊണ്ട് രാമമേനോൻ അഹോരാത്രിക്ക് സാമ്പാദിച്ചു. വളരെ സുഖമായി അവർ കാലാക്ഷേപം ചെയ്തു. ഒരു സംവത്സരം അങ്ങിനെ കഴിഞ്ഞു.
ഈ കാലയളവിനുള്ളിൽ ചിത്രമെഴുത്തിൽ വിശേഷവിധിയായി സമ്പാദ്യം ഉണ്ടായിത്തുടങ്ങി. അങ്ങിനെ ഇരിക്കുമ്പോഴാണ് അവർക്ക് ഒരു പുത്രി ജനിച്ചത്. ആ കുട്ടിയാണ് ശാരദ. അതിനുശേഷം ഉജ്ജയിൻ എന്ന നാട് വിട്ട് വടക്കേ ഇന്ത്യയിൽ പല രാജ്യങ്ങളിലും പോയി താമസിച്ചു. രാമമേനോന് നല്ല സമ്പാദ്യവും ഉണ്ടായി.
അങ്ങിനെ രാമമേനോന്റെ സമ്പാദ്യങ്ങൾ ഉജ്ജയിൻ എന്ന സ്ഥലത്ത് നാട്ടുകാർ ചേർന്നുണ്ടാക്കിയ ഒരു ബാങ്കിൽ പലിശക്കിട്ടിരുന്നു. അങ്ങിനെ അദ്ദേഹം നല്ല ധനവാനായി. അങ്ങിനെ ഇരിക്കുന്നതിനിടയിൽ നിർഭാഗ്യവശാൽ രാമൻ മേനോന് നേത്രരോഗം ഉണ്ടായി. അതുനിമിത്തം അദ്ദേഹം വെറും അന്ധനായി.
ഈ രോഗം നിമിത്തവും മകളെ നല്ല യോഗ്യനായ ഒരാളെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന മോഹവും നിമിത്തം ഇനി നാട്ടിലേയ്ക്ക് മടങ്ങാം എന്ന് തീരുമാനിച്ചു. ഈ കാലം നിർഭാഗ്യ ശിരോമണിയായിത്തീർന്നു. രാമമേനോൻ ബാങ്കിൽ നിന്ന് പണം തിരികെ ചോദിക്കാൻ ഭാവിക്കുമ്പോഴേയ്ക്കും ആ ബാങ്ക് കടത്തിൽപ്പെട്ട് നശിച്ചു പോയിരിക്കുന്നു. അദ്ദേഹം പലിശക്കിട്ടിരുന്ന അമ്പതിനായിരം രൂപയും നശിച്ചുപോയി. ബാങ്ക് അധികൃതർ ബാങ്കിൽ ബാക്കി ഉണ്ടായിരുന്ന പണം കടക്കാർക്ക് വീതിച്ചു കൊടുത്തതിൽ 3000രൂപ മാത്രമാണ് രാമമേനോന് കിട്ടിയത്.
ശാരദ ജനിച്ചു പത്തു പന്ത്രണ്ടു വർഷം അവർ അവിടെ സുഖമായി ജീവിച്ചു. കണ്ണിന്റെ കാഴ്ച കുറഞ്ഞതിനാൽ ചിത്രമെഴുത്ത് തുടരാൻ സാധ്യമല്ലെന്നു കണ്ട അദ്ദേഹം കുടുംബ സമേതം തെക്കോട്ടേക്ക് തിരിച്ചു പോകുന്ന വഴി അദ്ദേഹത്തിന്റെ രോഗത്തിന് ശമനം ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ച് അവർ നേരെ രാമശ്വരത്തേക്കു വന്നു. അവിടെ വെച്ച് കല്യാണിയമ്മയ്ക്ക് ജ്വരം വരുകയും അത് മൂർച്ചിച്ച് കല്യാണിയമ്മ മരണപ്പെടുകയും ചെയ്യുന്നു. ആ ഒരു സന്ദർഭത്തിൽ കല്യാണിയമ്മയുടെ മരണം രാമൻ മേനോനേയും ശാരദയേയും വളരെ ദുഖത്തിൽ ആഴ്ത്താൻ കാരണമായി.
ആ സമയത്ത് രാമൻ മേനോനേയും കൃഷ്ണനേയും രാമശ്വരത്തു വെച്ച് ഭൈത്തിപ്പട്ടർ കണ്ടു. രാമൻ മേനോനിൽ നല്ലൊരു തുക ഈടാക്കാമെന്ന് ഭൈത്തിപ്പട്ടർ വിചാരിച്ചു. അങ്ങിനെ പട്ടർ അവരെ നാട്ടിലേയ്ക്ക് ക്ഷണിച്ചു.
ഭൈത്തിപ്പട്ടർ പൂഞ്ചോലക്കര എടത്തിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം രാമമേനോനും ശാരദക്കും പറഞ്ഞു കൊടുക്കുന്നു. ശാരദയെ അവിടെ ഏല്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് രാമമേനോൻ അവിടേക്കു പോയത്.
ഭൈത്തിപ്പട്ടർ ദുരാഗ്രഹം നിമിത്തം സ്വത്തുക്കൾ കൈക്കലാക്കാൻ ശ്രമം നടത്തുന്നു. എന്നാൽ ശങ്കരൻ എന്നു പറയുന്ന കാര്യസ്ഥൻ സൽസ്വഭാവിയും ബുദ്ധിമാനുമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ പറ്റിച്ചുകൊണ്ട് സ്വത്തു കൈക്കലാക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കിയ പട്ടർ ശങ്കരന് പാലിൽ വിഷം ചേർത്ത് നൽകുകയും ചെയ്തു. പക്ഷെ ആ പാൽ കുടിച്ചത് ബ്രാഹ്മനനായ തിരുമുൽപ്പാടിന്റെ ഒരാളായിരുന്നു. സത്യം ആരും അറിഞ്ഞില്ല. ആ പാവപ്പെട്ട ബ്രാഹ്മണൻ മരണപ്പെട്ടു.
പൂഞ്ചോലക്കര തറവാട്ടിലെ കല്യാണിയമ്മയുടെ അനുജത്തിയുടെ ഭർത്താവായ ഉദയൻതരി രാമവർമ്മ തിരുമുൽപ്പാട് എന്നൊരാളുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ വീടാണ് പൂഞ്ചോലക്കര. കല്യാണിയമ്മയുടെ അനുജത്തിയുടെ ഭർത്താവായ ഉദയൻതരി രാമവർമ്മ തിരുമുൽപ്പാട് എന്നൊരാളുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ വീടാണ് പൂഞ്ചോലക്കര. കല്യാണിയമ്മയുടെ അനുജത്തിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. അവരും മരണപ്പെട്ടിരുന്നു. അച്ചനും ഉദയവർമ്മയുമായി അത്ര നല്ല ബന്ധത്തിൽ അല്ലായിരുന്നു.
രാമൻ നായരും മകളും നാട്ടിലെത്തിയതറിഞ്ഞ തിരുമുൽപ്പാട് സന്തോഷിക്കുന്നു. അയാൾ അവരെ അയാളുടെ വീട്ടിലേക്ക് വിളിച്ചു താമസിപ്പിക്കുന്നു. അയാൾ അവർക്ക് അവിടെ എല്ലാസൗകര്യങ്ങളും ഒരുക്കികൊടുത്തു. വളരെ നല്ല രീതിയിൽ സൽക്കരിക്കുകയും ചെയ്തു. രാമൻ മേനോനും ശാരദയും നാട്ടിൽ എത്തിയ വിവരം പൂഞ്ചോലക്കര എടത്തിൽ അറിയിക്കാനായി രാമൻ മേനോൻ തീരുമാനിക്കുകയും അതുപ്രകാരം സ്വകാര്യമായി ഒരു എഴുത്ത് അച്ചനായ കോപ്പുണ്ണി അച്ചന് എഴുതി കൊടുക്കുകയും ചെയ്യുന്നു. അതു കൊടുക്കാനായി ശങ്കരനെ പൂഞ്ചോലക്കര എടത്തേക്ക് പറഞ്ഞയക്കുന്നു. കൂടെ വൈത്തിപ്പട്ടരേയും പറഞ്ഞയക്കുന്നു. പട്ടർക്ക് അങ്ങോട്ട് കടക്കാൻ പറ്റിയ സാഹചര്യം അല്ലാത്തതുകൊണ്ട് അയാൾ ദൂരെ ഒരിടത്ത് നിൽക്കുന്നു.
അങ്ങിനെ ഈ വാർത്ത നാട്ടിൽ അറിഞ്ഞു തുടങ്ങി. അവിടുത്തെ നാട്ടുനടപ്പനുസരിച്ച് ഇനിയുള്ള ആ കുടുംബത്തിലെ സ്ത്രീ എന്ന് പറയുന്നത് ശാരദ മാത്രമാണ്. അതുകൊണ്ട് സ്വത്തുക്കളൊക്കെ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് ആ കുട്ടിക്ക് പോകും. ഇതു മനസ്സിലാക്കിയ അവരൊന്നും ഇതിനെ അംഗീകരിച്ചില്ല.
ഉദയൻതരി രാമവർമ്മ തിരുമുൽപ്പാട് രാമമേനോന്റെയും ശാരദയുടേയും ഒപ്പം നിന്ന് അവർക്ക് നീതി നേടി കൊടുക്കാൻ ശ്രമിക്കുന്നു. അതിനു മുൻപ് അച്ചൻ തിരുമുൽപ്പാടിന് ഒരു കത്ത് അയക്കുന്നു. അത് ഇപ്രകാരമായിരുന്നു.
നിങ്ങളുടെ വീട്ടിൽ വന്നു താമസിക്കുന്ന രാമമേനോൻ എന്ന ആൾക്ക് ഒരു മുസ്ലിം സ്ത്രിയിൽ ജനിച്ച കുഞ്ഞാണ് ശാരദ എന്നും അതുകൊണ്ട് തൊട്ടുകൂടായ്മ, തീണ്ടി
കൂടായ്മ എന്നൊരു സമ്പ്രദായം ഉണ്ടായിരുന്നല്ലോ? എന്നെല്ലാം പറഞ്ഞ് വളരെ അവഗണിച്ചുകൊണ്ടാണ് ഈ കത്തെഴുതിയത്. പക്ഷെ തിരുമുൽപ്പാട് ഇതൊന്നും വിശ്വസിച്ചില്ല. അയാൾക്ക് കാര്യങ്ങൾ ഒക്കെ അറിയാം. വൈത്തിപ്പട്ടർ കൃഷ്ണൻ എന്നു പറയുന്ന ആളെ ഇവരിൽ നിന്നും അകറ്റുന്നു. കല്യാണി അമ്മയുടെ മകളാണ് ശാരദ എന്നറിയുന്നവർ വളരെ കുറച്ചു പേരെ ഉള്ളു. കൃഷ്ണൻ, വൈത്തിപ്പട്ടർ, കാശിയിൽ തീർത്ഥാടനത്തിനു വന്ന ശങ്കരൻ നായർ, ത്രിവിക്രമൻ നായർ എന്നിവർ. ഇവർ വിചാരിച്ചാൽ മാത്രമേ ഈ കുട്ടി പൂഞ്ചോലക്കര എടത്തിലെയാണെന്ന് തെളിവ് ഉണ്ടാക്കാൻ പറ്റു.
അതിനായി പുഞ്ചോലക്കര അച്ചനും, മറ്റുള്ള കാർന്നവന്മാരും ചേർന്ന് വൈത്തിപ്പട്ടരേ
പണം കൊടുത്തു കൈക്കലാക്കി. കൃഷ്ണനെ അവിടെന്നിന്നും മാറ്റി. ഇപ്പോൾ ശങ്കരനും, ശാരദയും, രാമമേനോനും മാത്രമാണ് തിരുമുൽപ്പാടിന്റെ ആശ്രയത്തിൽ ഉള്ളത്.
രാമൻ മേനോടൊപ്പം താമസിക്കുന്ന ശങ്കരൻ കാഴ്ചയിൽ മന്മഥോപമമായ സുന്ദരനും അതിബുദ്ധിമാനുമാണ്. തിരുവനന്തപുരത്തെ ഒരു സമ്പൽപുഷ്ടിയുള്ള തറവാട്ടിലെ കുട്ടിയായിരുന്നു. ചിത്ര രചനയോടുള്ള താല്പര്യം കൊണ്ട് എട്ടൊൻപത് വയസ്സായപ്പോൾ രാമൻ മേനോന്റെ കൂടെ ചാടി പോന്നശേഷം വീട്ടിലെ യാതൊരു അറിയാതെ രാമൻ മേനോടൊപ്പം കാലാക്ഷേപം ചെയ്തു വന്നവനാണ്.
പിന്നീട് കോപ്പുണ്ണി അച്ചനും, കാർന്നവന്മാരും കൂടി ഉദയൻതരി രാമവർമ്മ തിരുമുൽപ്പാടിന് കത്തയക്കുന്നു. ആ കത്തിന് മറുപടിയായിട്ട് ഒരു ആക്ഷേപരൂപേണ തിരുമുൽപ്പാട് അവർക്ക് മറുപടി അയക്കുന്നു.
കത്ത് കിട്ടിയപ്പോൾ ഉദയൻ പുരിയിലുള്ളവരിൽ ചിലർ അന്ധാളിച്ചു എങ്കിലും തിരുമുൽപ്പാടിന് ഒരു കുലുക്കവും ഇല്ലായിരുന്നു. അപ്പോൾ മുറയ്ക്ക് കേസു നടത്താൻ തീരുമാനിക്കുകയും രാമമേനോൻ എന്നൊരാളെ വക്കീലാക്കി വെയ്ക്കുകയും ചെയ്തു. അച്ചന്റെ വക്കീല് കർപ്പൂരയൻ എന്നൊരാളും, ശ്യാമമേനോൻ എന്നയാളുമായിരുന്നു.
കേസ് നടക്കുമെന്ന ഘട്ടമായപ്പോൾ ശാരദയോട് അച്ചന്റെ അനന്തിരുവനായ കൃഷ്ണ മേനോൻ എന്ന യുവാവ് സഹതപിക്കുന്നതായി കാണാം.
ശാരദയുടെ നീചസ്ഥിതി അറിയാവുന്ന കൃഷ്ണൻ എന്ന വാലിയക്കാരാനും പൂഞ്ചോലക്കാരുടെ വശത്തേക്കു കാലുമാറി കളഞ്ഞു. ഇനിയിപ്പോൾ സാക്ഷിയായി ലഭിക്കാവുന്നത് ശങ്കുവാരിയർ എന്ന ഏക വ്യക്തിമാത്രമാണ്. പുഞ്ചോലക്കര എടത്തുകാരെ ഭയപ്പെടുന്നുണ്ടെങ്കിലും തറവാടും, ധനവും, അമ്മയും നഷ്ടപ്പെട്ട ശാരദക്ക് വേണ്ടി നല്ലവനായ ശങ്കുവാരിയർ സാക്ഷി പറയുന്നു. ശാരദയുടെ ഒന്നാം ഭാഗം അവസാനിച്ചു. രണ്ടാം ഭാഗം പൂർത്തിയാക്കും മുൻപേ ചന്തുമേനോൻ അന്തരിച്ചു.