മൂവാറ്റുപുഴ: വീട്ടിലെ മാലിന്യം പഞ്ചായത്ത് അംഗം സ്കൂട്ടറിൽ കൊണ്ടുവന്നു പൊതുസ്ഥലത്ത് തള്ളിയതായി പരാതി.അംഗത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.മഞ്ഞള്ളൂർ പഞ്ചായത്തംഗം പി.എസ്. സുധാകരന് എതിരെയാണ് പരാതി. മഞ്ഞള്ളൂർ പഞ്ചായത്തിലെ സിപിഎം പ്രതിനിധിയാണ്.
മാലിന്യം സ്കൂട്ടറിൽ കൊണ്ടുവന്ന് ആവോലി പഞ്ചായത്ത് പ്രദേശത്താണ് തള്ളിയത്.ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോൾ മാലിന്യം നിറഞ്ഞ കൂട് കാലുകൊണ്ട് ഫുട്ബോൾപോലെ തട്ടി റോഡിലേക്കിടുകയായിരുന്നു.
ദൃശ്യങ്ങൾ സഹിതം ആവോലി പഞ്ചായത്തിൽ പരാതിപ്പെട്ടെങ്കിലും പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കാൻ തയാറായില്ല.
പിന്നീട് ജനപ്രതിനിധികൾ ഇടപെട്ടതോടെ 1000 രൂപ പിഴ ഈടാക്കി. പഞ്ചായത്തിൽ മാലിന്യം തള്ളിയാൽ 10,000 രൂപയാണ് പിഴ. 1000 രൂപ മാത്രം അടപ്പിച്ചതിൽ പ്രതിഷേധം ഉയർന്നു.