Saturday, November 23, 2024
Homeഅമേരിക്ക'90 ഡെയ്‌സ് ടു ലൈഫ്' (പുസ്തകപരിചയം) രചന: റൂബിൾ ചാണ്ടി ✍തയ്യാറാക്കിയത്: ദീപ ആർ അടൂർ

’90 ഡെയ്‌സ് ടു ലൈഫ്’ (പുസ്തകപരിചയം) രചന: റൂബിൾ ചാണ്ടി ✍തയ്യാറാക്കിയത്: ദീപ ആർ അടൂർ

ദീപ ആർ അടൂർ✍

90 ഡെയ്‌സ് ടു ലൈഫ് ആദ്യ വായന ഫ്രീ ഡൌൺലോഡ് ചെയ്തു വായിച്ചു.. ജീവിതത്തിൽ തോൽവികൾ തുടർച്ചയായതിനാൽ ഈ ബുക്ക് കൈയിൽ കരുതണം എന്ന് തോന്നി.. വാങ്ങി രണ്ടാമതും വായിച്ചു.. ലിൻഡ ഞാൻ തന്നെ അല്ലേ.. അതേപോലെ വായിക്കുന്ന ഓരോ വായനക്കാരനും തോന്നാം… ഇനിയും പുസ്തകത്തെ കുറിച്ച്…

” ലോകം അവസാനിക്കുന്നു എന്ന് തോന്നിയ നിമിഷത്തിൽ പുഴു മനോഹരമായ ഒരു ചിത്രശലഭമായി മാറി ”
ബാർബറ ഹെയ്ൻസ് ഹോ വത്ത്.

ജീവിതത്തിൽ തോൽവി അനുഭവിക്കാത്തവരായി ആരുമില്ല.. ഏതെങ്കിലും തരത്തിൽ പരാജയത്തിന്റെ കയ്പ് അറിഞ്ഞവരാണ് ഏവരും. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ.

വീഴ്ചയിൽ നിന്നൊരു വിജയഗാഥ- 90 ഡെയ്‌സ് ടു ലൈഫ് – ശ്രീ റൂബിൾ ചാണ്ടി യുടെ ഏറ്റവും പുതിയ പുസ്തകം. ബിസിനസ് സ്ട്രാറ്റജിസ്റ്റും മെന്ററും ബെസ്റ്റ് സെല്ലിങ് ഓതർ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്. ഈ പുസ്തകത്തിലെ ആശയങ്ങൾ ലക്ഷക്കണക്കിന് പേരെ അവരുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിച്ചു.
സങ്കീർണ്ണമായ ബിസിനസ് തന്ത്രങ്ങൾ പോലും നർമ്മത്തിലൂടേയും രസകരമായ കഥകളിലൂടെയും അവതരിപ്പിക്കുന്നതിനും സ്വന്തം ശക്തി തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനും ജീവിതവിജയം നേടാനും സഹായിക്കുന്നു എന്നതാണ് സ്ട്രാറ്റജിസ്റ്റ് എന്ന രീതിയിൽ അദ്ദേഹത്തെ വേറിട്ടു നിർത്തുന്നത്.

ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ശ്രീ കൊചൗസേപ്പ് ചിറ്റിലപ്പള്ളിയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സ്വന്തം കഴിവുകൾ വർദ്ധിപ്പിക്കാനും ദൗർബല്യങ്ങളെ മറികടക്കാനും കാട്ടുന്ന സന്നദ്ധതയുടെ നേരനുപാതത്തിലാണ് ജീവിതം വികസിക്കുന്നത്.

ശ്രീ ശശി തരൂർ,ശ്രീ മോഹൻലാൽ, ശ്രീ ജോസഫ് അന്നക്കുട്ടി ജോസ് എന്നീ പ്രശസ്തരും ഈ പുസ്തകത്തെ കുറിച്ച് ആമുഖം എഴുതിയിട്ടുണ്ട്.

ഒന്നുമില്ലായ്മയിൽ നിന്നും ഒരു ബിസിനസ് തുടങ്ങി വിജയിപ്പിക്കാൻ ആവശ്യമായ എല്ലാ ബിസിനസ് തന്ത്രങ്ങളും ഒരു നോവലിന്റെ രൂപത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ പുസ്തകത്തിന്റെ വിജയം.ബിസിനസ്സിൽ മാത്രമല്ല ജീവിതവിജയത്തിനും ഒരു വഴികാട്ടിയാണ് ഈ പുസ്തകം.

ആത്മാവും സമ്പത്തും ജീവിതവും സ്വപ്നങ്ങളും ബിസിനസ്സും നഷ്ടമായി ആത്മഹത്യ മാത്രം മുൻപിൽ കണ്ട് ജീവിതം അവസാനിപ്പിക്കാനായി ഇറങ്ങിതിരിച്ച ലിൻഡ എന്ന പെൺകുട്ടിയിൽ നിന്നും ഈ പുസ്തകത്തിന്റെ ഒന്നാം അദ്ധ്യായം ആരംഭിക്കുന്നു.ആത്മഹത്യയിൽ നിന്നും അവളെ രക്ഷിക്കാൻ അർജുൻ എന്ന കോടീശ്വരൻ എത്തുന്നു.അർജുൻ അവളോട്‌ 90 ഡേയ്‌സ് സമയം ആണ് ആവശ്യപ്പെട്ടത്. ആ സമയത്തിനുള്ളിൽ നീ ബിസിനെസ്സിലും ജീവിതത്തിലും വിജയിച്ചില്ലെങ്കിൽ പിന്നീട് നിനക്ക് നിന്റെ ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാം എന്ന നിബന്ധനയിൽ ലിൻഡയെ അർജുൻ കൂട്ടിക്കൊണ്ടു പോവുകയാണ്.ഒന്നാം ദിവസം മുതൽ ലിൻഡയെ സ്വപ്നം കാണാൻ പഠിപ്പിച്ചു. വിജയത്തിനായി ഓരോ തന്ത്രങ്ങളും കഥകളായി പറഞ്ഞു കൊടുത്തു.അവയിൽ ചിലത് താഴെ പറയുന്നു.

നമ്മുടെയുള്ളിലുള്ള ശക്തമായ കാരണങ്ങൾ ക്രിയാത്മകമായ ഉത്തരങ്ങളിലേക്ക് നമ്മെ നയിക്കും.

ആനന്ദത്തിൽ ജീവിക്കുക.സന്തോഷമാണ് നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്നത്. രസത്തിന് ഒരു കാലാവധി ഉണ്ട്. എന്നാൽ സന്തോഷം അഥവാ ആനന്ദം അനശ്വരമാണ്.

എല്ലാ വിജയങ്ങളും വരുന്നത് ഉന്നതനിലവാരത്തിലുള്ള ഒരു പറ്റം ചോദ്യങ്ങൾ ചോദിക്കുന്നതിലൂടെയും അവയ്ക് മേൽത്തരം ഉത്തരങ്ങൾ കണ്ടുപിടിക്കുന്നതിലൂടെയുമാണ്.ഏതു തരത്തിലുള്ള ഉത്തരമാണോ വേണ്ടത് അതുപോലെയുള്ള ചോദ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ലോകത്തേക്കുറിച്ചുള്ള നിങ്ങളുടെ ധാരണയാണ് നിങ്ങളുടെ യഥാർത്ഥ്യം.

ഭൂതകാലത്തിലെ പരാജയങ്ങളെ ഉൾകൊള്ളുക. അവയെ കീഴടക്കുക. യാത്ര ആസ്വദിക്കാത്ത ഒരാൾക്ക് ഒരിക്കലും ലക്ഷ്യവും ആസ്വദിക്കാനാവില്ല.

നമ്മുടെ വിധി നിർണ്ണയിക്കുന്നത് നമ്മൾ എടുക്കുന്ന തീരുമാനങ്ങളാണ്. നമ്മുടെ തീരുമാനങ്ങളെ നിർണ്ണയിക്കുന്നത് നമ്മുടെ മാനസികാവസ്ഥയാണ്. നമ്മുടെ മാനസികാവസ്ഥ തീരുമാനിക്കുന്നത് നമ്മുടെ ദിനചര്യകളാണ്.

നിങ്ങളുടെ വിജയം ഇരിക്കുന്നത് നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളുടേയും ഏറ്റവും വലിയ ഭയങ്ങളുടെയും മധ്യത്തിൽ ആയിരിക്കും.

നമ്മൾ ഒരിക്കലും നിരാശരാകരുത്. കാരണം നമ്മുടെ ജീവിതം ഏതു നിമിഷവും മാറാം എന്ന കാര്യം എനിയ്ക് മനസ്സിലായി. അർജുന്റെ ഇടപെടലും അദ്ദേഹത്തിന്റെ ജ്ഞാനവുമാണ് ലിൻഡയുടെ ജീവിതം മാറ്റിയതെങ്കിൽ നമ്മുടെ കാര്യത്തിൽ പുതിയ ആശയമാകാം പുതിയ അവസരങ്ങളാകാം.

സമ്മർദ്ദത്തിൽ ആയിരിക്കുമ്പോൾ കൂടുതലും ചെയ്യുന്നത് ചെയ്യേണ്ടാത്ത കാര്യങ്ങൾ ആവും

യാത്ര ആസ്വദിക്കാത്ത ഒരാൾക്ക് ഒരിക്കലും ലക്ഷ്യവും ആസ്വദിക്കാനാവില്ല.

ലോകത്തെ കുറിച്ചുള്ള നിങ്ങളുടെ ധാരണയാണ് നിങ്ങളുടെ ലക്ഷ്യം.

ഇത് നിങ്ങളുടെ ജീവിതമാണ്. യാത്രയും ലക്ഷ്യസ്ഥാനവും ഒരേ സമയം ആസ്വദിച്ച് മുന്നോട്ട് പോകാം. നിങ്ങൾ നിങ്ങളായിരിക്കുക. നിങ്ങളുടെ യഥാർത്ഥ സ്വത്വത്തിൽ ജീവിക്കുകയെന്നതാണ് പ്രപഞ്ചത്തിന് തിരിച്ചു കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം.

ചിന്തകളാണ് വീക്ഷണത്തെ സൃഷ്ടിക്കുന്നത്. വീക്ഷണമാണ് യഥാർത്ഥ്യത്തെ സൃഷ്ടിക്കുന്നത്.

ചില കാര്യങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ടാകും എന്നാൽ അതൊരു പരാജയമല്ല. തോൽവികളിൽ നിന്നും എണീറ്റ് പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ അവിടെ വിജയം എത്തിച്ചേരുന്നു.

ലിൻഡയിൽ ഞാൻ കണ്ടത് എന്നെ തന്നെയാണ്.ഈ ബുക്ക് വായിക്കപ്പെടേണ്ടതാണ്.മനസ്സ് കൈവിടുമ്പോൾ ലിൻഡയെ ഉപദേശിക്കാനും കൂടെ നിർത്താനും അർജുൻ ഉള്ളപോലെ ഈ പുസ്തകം ഒരു കൈത്താങ്ങ് ആണ്. എന്നും സൂക്ഷിച്ചു വെയ്ക്കാൻ.. ഒരു പ്രാവശ്യം വായിച്ച് മടക്കി വെയ്ക്കാൻ സാധിക്കില്ല. ഒരുപ്രാവശ്യം വായിച്ചവർ പിന്നീട് വീണ്ടും വായിക്കും ഉറപ്പാണ്. ഓരോ വരിയിലും അത്രത്തോളം ചിന്തകളും ആശയങ്ങളും ഒളിഞ്ഞു കിടക്കുന്നു.

ജീവിതത്തിന്റെ ഏതെങ്കിലും മേഖലയിൽ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ബിസിനസിനെ ഒരു വലിയ പ്രസ്ഥാനമായി വളർത്താൻ ലക്ഷ്യമിടുന്നുണ്ടെങ്കിൽ ഈ പുസ്തകം ഒരു വഴികാട്ടി ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. ആശംസകൾ ❤

തയ്യാറാക്കിയത്: ദീപ ആർ അടൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments