മഴയെ തോൽപ്പിക്കാനോടുന്ന പുലരി
മിന്നൽ വെളിച്ചത്തിൽ വിടരാൻ
വെമ്പുന്നൊരുമൊട്ട്
നട്ടുച്ചയിൽ നിറയെ തുമ്പികൾ
പറക്കുന്ന പാടം
നടന്നിട്ടും നടന്നിട്ടും തെളിയാതെ
തെളിയുന്ന കാൽപ്പാടുകൾ.
സുഗന്ധങ്ങളുടെ ആർദ്രതയിൽ
കൊടുക്കുന്ന ഉമ്മകളുടെ ചുവപ്പ്
എത്രയൊഴുകിയിട്ടും
അവസാനമില്ലാത്തൊരു പുഴ
ഒഴുക്കിൽ തേഞ്ഞ മുടന്തുള്ള ഓളം
കാറ്റിൻ്റെ രൂപം മാറുന്ന കറുപ്പ്
വേലിയേറ്റത്തിൽ ചുവന്ന കടൽ
ചത്തുപൊന്തിയ മീൻ കണ്ണുകളുടെ
തുറിച്ച നോട്ടമോ വ്യക്തമല്ല
നിലാവിലെന്ന പോൽ തെളിയുന്ന
പരപ്പളവും ചുറ്റളവും കാണുന്ന
കടലാഴം
തീരം തൊടാൻ മോഹിച്ച്
കാമപരവശരാം
തിരകൾ
നനവ് തേടുന്നൊരു വേര്
പിടഞ്ഞെണീറ്റതാവുമോ
പച്ചപ്പ് നെ കണ്ട ചിത്രത്തിൽ
ഇങ്ങനെയെത്രയെത്ര സ്വപ്നങ്ങളാണ്
സുഷുപ്തിയുടെ നിശ്ശബ്ദതയിൽ
നരച്ചു പോയത്.