പുതുവർഷമായിട്ട് വെറുതേയെങ്കിലും ഒന്നു പുറത്തു പോവുകയോ പുറത്തുനിന്ന് ഒരു ചായ എങ്കിലും കുടിക്കുകയോ ചെയ്തില്ല എന്ന നിരാശ പൊട്ടാത്ത പുതുവർഷപടക്കം പോലെ മനസ്സിൽ കിടന്നു. അപ്പോഴാണ് പനിയുടെ രൂപത്തിൽ രോഗത്തിൻറെ കടന്നുവരവ് . ചൂടനായാണ് വന്നത്. സമാധാനിപ്പിച്ചു നോക്കി. രക്ഷയില്ല.
പനിക്കറിയില്ലല്ലോ പുതുവർഷം ആണെന്നും പുറത്തു പോകാൻ കൊതിച്ചിരിക്കുകണെന്നും അതിൻ്റെ കലിപ്പ് പുകയുന്നുണ്ടന്നു.. പുതുവർഷവൈബുകൾ കണ്ടും കേട്ടും സമനിലപോയ നിലയിൽ മനസ്സെത്തി.. പുറത്തല്ലെ ഇക്കാലം പുതുവർഷം!
പക്ഷേ പനി തന്ന പണി നേരം കളയാതെ നേരെആശുത്രിയിലേക്ക് വച്ച പിടിപ്പിച്ചു.
അവിടെ ചെന്നപ്പോഴാണ് അതിശയിച്ചത്. പുതുവർഷപ്പൂരം ആശുപത്രികളിലോട്ട് മാറ്റിയോ എന്ന് സംശയം! തിക്കും തിരക്കും തന്നെ. ക്രിസ്തുമസ് പുതു വർഷാഘോഷ ക്രിബും ബലൂണുകളും അലങ്കാരങ്ങളും കണ്ട് സ്ഥലകാലഭ്രമം! ആശുപത്രിയോ വിനോദ കേന്ദ്രമോ… പലയിടത്തും ഫോട്ടോയെടുപ്പുകാരുടെ തിരക്ക് ! ഗേറ്റിലെ പേര് തിരിഞ്ഞു നോക്കി വീണ്ടും ഉറപ്പിച്ചു..ഇല്ല. തെറ്റിയിട്ടില്ല.
ഞാനാദ്യം ഞാനാദ്യം എന്നൊരു മത്സര ബുദ്ധി ചീട്ടെടുക്കുന്നിടം മുതൽ ഉണർന്നു.. പക്ഷേ നമ്പർ ക്രമത്തിലല്ലേ വിളിക്കൂ.. എന്നിട്ടും രോഗികൾ വരെ അവശത മാറി തല പൊന്തിച്ചു കാഴ്ചകാണാനെന്ന പോലെ നിന്നു.
ചടങ്ങുകൾ എല്ലാം കഴിഞ്ഞിറങ്ങിയപ്പോൾ ഉച്ചയായി. രാവിലെ തിരക്കിട്ട് എന്തോ വാങ്ങിക്കഴിച്ചത് തീർന്നെന്ന് വയർ അറിയിപ്പ് തന്നു തുടങ്ങി. രോഗി തന്നെ പറഞ്ഞു,
” എവിടെയെങ്കിലും നല്ലൊരിടത്ത് നിന്ന് ഊണ് കഴിക്കാം”
രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും എന്ന് പറഞ്ഞതുപോലെ മനസ്സിൽ ലഡ്ഡു പൊട്ടി!
അറിയാവുന്ന നല്ല നല്ല ഹോട്ടലുകളുടെ പേരുകൾ പറഞ്ഞു. ങുഹും!
” പഴയിടത്തു നിന്നും നല്ലൊരു സദ്യ കഴിക്കാം” തീരുമാനം രോഗി പറഞ്ഞു.
നേരെ അവിടേക്ക്.. നിർഭാഗ്യം തന്നെ.. അറ്റ കുറ്റപണികൾ നടക്കുന്നു. ഓഫ് !!
ഒന്നും പിന്നെ ചോദിച്ചില്ല. മുൻ അനുഭവങ്ങൾ വച്ച് ഇനി പതിവുപോലെ തന്നെയായിരിക്കും എന്നൊരു നീരസം ഉള്ളിൽ മുളച്ചു. രോഗി പറഞ്ഞ വഴിയിലൂടെ വണ്ടി പോയി. ഇടത്തോട്ട്… വലത്തോട്ട്…. ബൈപാസ്സെത്തിയപ്പോൾ അതുവഴി തിരിച്ചുവിടാൻ പറഞ്ഞു. ആ ഭാഗത്തൊന്നും നാളിതുവരെ ഒരുച്ച ഭക്ഷണശാല കണ്ടിട്ടേയില്ല. പക്ഷേ മിണ്ടിയില്ല. വൈകുന്നേരത്തെ ചെറുകടി വറുക്കൽ സ്ഥാപനങ്ങൾ യഥേഷ്ടം !
” ദാ നോക്ക്, ഇവിടെയുണ്ട്.! ഊണ് ബിരിയാണി ബോർഡുണ്ട്. ” പുതിയ സ്ഥാപനം. മുളവേലിയും തോടും ഒന്നു രണ്ട് മരങ്ങളും ചെറിയ ഹട്ടുകളുമായി ഒരു ഗുമ്മുണ്ട്… പനിയൊക്കെ മറന്നു…
അകത്ത് കയറി..
കറണ്ടില്ല … ശ്ശോ! പിന്നേം നിരാശ്ശ ! വിശപ്പ് പഞ്ചവാദ്യം തുടങ്ങി.. വെറുതേ മുറ്റത്തേക്ക് നോക്കി… ജാതിമരത്തിന് താഴെ ഒരു മേശ രണ്ട് കസേര..
ഓാ! മതി.
നല്ല കാറ്റ്…
ഓപ്പൺ എയർ..
ഊണ് വിളമ്പി…
കൊള്ളാം .നല്ല ആംബിയൻസ്.. തോട്ടുവക്കിൽ മുളവേലി ഈറ്റിംഗ് ഔട്ട്..!
കണ്ണുകൾ ഇടഞ്ഞു. ഇനി കുറ്റം പറയില്ലന്ന സംതൃപ്തിയുടെ ചിരി.