Saturday, December 21, 2024
Homeസ്പെഷ്യൽനക്ഷത്രക്കൂടാരം – (ബാലപംക്തി – 33) അവതരണം: കടമക്കുടി മാഷ്

നക്ഷത്രക്കൂടാരം – (ബാലപംക്തി – 33) അവതരണം: കടമക്കുടി മാഷ്

കടമക്കുടി മാഷ്

കുഞ്ഞു കൂട്ടുകാരേ,

എല്ലാവർക്കും സുഖമെന്നു കരുതട്ടെ. ഇതാ ജൂൺ മാസം തീരാറായി. നമ്മുടെ ഈ വർഷത്തെ സ്ക്കൂൾ ജീവിതം ഒരു മാസം പിന്നിട്ടുവെന്നു സാരം. ഈ മാസം നിങ്ങൾ എന്തൊക്കെ പുതിയ അറിവുകൾ നേടി? പഠിച്ചതെല്ലാം ഒന്നോർത്തു നോക്കു. പലതും ഓർമ്മയിലെത്തുന്നില്ല. എങ്കിൽ വീണ്ടും വീണ്ടും മനസ്സിരുത്തി വായിച്ചാൽ മതി. അതൊക്കെ നമ്മുടെ വരുതിയിലെത്തും, തീർച്ച.

ഇത്തവണയും നിങ്ങളെ രണ്ടു ശൈലികളാണ് പരിചയപ്പെടുന്നത്.

മുഖം കാണിക്കുക

പണ്ടുകാലത്ത് ഒരാചാരമായിരുന്ന ഒരു കാര്യമാണ് പിൽക്കാലത്ത് ശൈലിയായി പരിണമിച്ചത്. നേരിട്ടു കാണുക എന്നതാണ് അർത്ഥം.രാജാക്കന്മാരെയും ജാതിയിലും അധികാരത്തിലും ഉന്നതരായവരെയും താഴെയുള്ളവർ നേരെ കാണുന്നതിന് പറഞ്ഞിരുന്ന ആചാര വാക്കാണിത്. മറ്റൊരു കാര്യം കൂടെ ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. രാജാവിനെ മുഖംമാത്രമേ കാണിക്കാവൂ. അതിനാൽ പ്രജകൾ അന്ന് മുഖം തിരിക്കാതെ പിന്നോട്ടു നടന്നു വേണമായിരുന്നു രാജസദസ്സിൽ നിന്നും പുറത്തേയ്ക്ക് പോകേണ്ടതത്രേ.

ഉദാ: കിഷോർ ചിന്തിക്കുന്നത് എന്താണെന്നെനിക്കറിയാം. അവനെ മുഖംകാണിച്ചിട്ടുള്ള ലാഭമൊന്നും എനിക്കു വേണ്ട.

പുളുവടിക്കുക

ഇല്ലാത്ത കാര്യങ്ങൾ കൂട്ടിക്കൂട്ടി പറയുകയാണ് പുളുവടി . കൂടുതൽ അതിശയോക്തി കലർത്തി പറയുക എന്നു സാരം.

ഉദാഹരണം. : റസാക്ക് വിദേശത്തു പോയിവന്ന ശേഷം അവൻ്റെ പുളുവടി കേട്ടുകേട്ടു ഞാൻ മടുത്തു.

ഇനി മാഷെഴുതിയ ഒരു കുഞ്ഞു കവിതയാവാം.

കവിതയുടെ പേര് ‘ഒത്താൽ പത്തായി’

🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

കുഞ്ഞെലിവീരന് വാലെത്ര?
കുഞ്ഞെലിവീരന് വാലൊന്ന്.
കുഞ്ഞെലി വീരന് കണ്ണെത്ര?
കുഞ്ഞെലിക്കണ്ണ് രണ്ടെണ്ണം.
കണ്ണും മൂക്കും കൂട്യാലോ ?
എണ്ണം നോക്യാ മൂന്നാവും.
കുഞ്ഞെലിവീരനു കാലെത്ര?
കുഞ്ഞെലിക്കാലുകൾനാലെണ്ണം.
കാലും വാലും കൂട്യാലോ?
എണ്ണം കണ്ടാലഞ്ചാകും
കാലും ചെവിയും ചേർന്നാലോ?
കൃത്യം സംഖ്യയതാറാകും
കണ്ണും മൂക്കും കാലും കൂടെ?
കണ്ടോ കണ്ടോ ഏഴെണ്ണം
കാലും കണ്ണും ചെവിയും ചേർന്നാൽ
കാണാമല്ലോ എട്ടെണ്ണം.
ചെവിയും കാലും വാലും കണ്ണും
ചേർന്നാലൊമ്പത് കേട്ടോളൂ.
കാൽ,വാൽ കണ്ണും മൂക്കും ചെവിയും
ഒത്താൽ പത്തായ് തിത്തിത്തൈ

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

കവിത ഇഷ്ടമായോ ? ഇനിയിതാ
നല്ലൊരു കഥ പറഞ്ഞുകൊണ്ട് വരുന്നുണ്ട് പാലക്കാടുക്കാരിയായ കഥാകാരി. –
ഷീന. വി കെ

വെണ്ണത്ര കുട്ടിശ്ശങ്കരന്റെയും എക്സറേ അസിസ്റ്റൻ്റ് ആയി വിരമിച്ച
സി.ലക്ഷ്മിയുടെയും മകളാണ് ഷീന.

2008-ൽ തൃശൂർ ആകാശവാണി വനിതാവേദിയിൽ കവിതകൾ അവതരിപ്പിച്ചു കൊണ്ടാണ് തുടക്കം..

2022 വരെ 11 വർഷക്കാലം അടയ്ക്കാപുത്തുർ എ.യു.പി.സ്കൂളിൽ
പ്രീ – പ്രൈമറി അധ്യാപികയായി സേവനമനുഷ്ഠിച്ചു.

2017-ൽ സ്വർണ്ണത്തൂവൽ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഒരുനുറു കവികൾ ഒരായിരം ബാലകവിതകൾ എന്ന ഗ്രന്ഥത്തിലും ബാലകഥാമൃതത്തിലും രചനകളുണ്ട്.

2013 – മുതൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് ഓഫീസിനു കീഴിൽ ദേശീയ സമ്പാദ്യ പദ്ധതി ഏജൻറായി പ്രവർത്തിച്ചുവരുന്നു.

ശ്രീകൃഷ്ണപുരം ബ്ലോക്ക് ഡവലപ്മെൻ്റ ഓഫീസിലെ ഹെഡ് ക്ലാർക്കായ ഭർത്താവ് ശ്രീകുമാർ.കെ, മക്കളായ അർജുൻ ,ആർദ്ര എന്നിവരൊന്നിച്ച് പാലക്കാട് ചെർപ്പുളശ്ശേരി കുളക്കാട് താമസിക്കുന്നു.

ശ്രീമതി. ഷീന വി.കെ എഴുതിയ കഥയാണ് താഴെ.

💐💐💐💐💐💐💐💐💐💐💐💐💐💐

മണിക്കുട്ടിയും പ്രാവുകളും
+++++++++++

അച്ചാ.. എന്നു വിളിച്ചു കൊണ്ടു മണിക്കുട്ടി വീട്ടിനകത്തേക്ക് ഓടിക്കയറി.

സ്കൂൾബാഗ് മേശപ്പുറത്തു വെച്ചു തിരിഞ്ഞപ്പോൾ അച്ചനും
അമ്മയും അടുത്തെത്തിയിരുന്നു. എന്താ മണിക്കുട്ടീ ഇന്നത്തെ വിശേഷങ്ങൾ? അവർ രണ്ടു
പേരും ഒരുമിച്ച് ചോദിച്ചു.

എനിക്കു പ്രാവിനെ വളർത്തണം.

മണിക്കുട്ടി രണ്ടു പേരോടുമായി പറഞ്ഞു.

പ്രാവിനെ വളർത്താനോ. അതെന്താ ഇപ്പോ ഇങ്ങനെ ഒരാഗ്രഹം?
അച്ചൻ ചോദിച്ചു.

എന്റെ കൂട്ടുകാരി അമ്മുവിൻ്റെ വീട്ടിൽ പ്രാവുണ്ടല്ലോ.എനിക്കും വേണം. അമ്മു പറഞ്ഞുവല്ലോ നല്ല രസമാണെന്ന്.

മണിക്കുട്ടി അല്പമൊരു കുറുമ്പോടെ പറഞ്ഞു.

അതു മോളേ.. മണിക്കുട്ടീ.. നമുക്കിപ്പോ പ്രാവിനെയൊന്നും വളർത്താൻ കഴിയില്ല. അതിനൊക്കെ ഒരുപാടു രൂപ വേണം. പിന്നെ നിനക്കതിനെയൊന്നും നോക്കാനും പരിചരിക്കാനുമൊന്നും കഴിയില്ല.

അച്ചന്റെ പൊന്നുമണിക്കുട്ടിയല്ലേ ?..

അച്ചൻ പറഞ്ഞതു കേട്ടപ്പോൾ മണിക്കുട്ടി ഒന്നും മിണ്ടിയില്ല. അവൾക്ക് ഒത്തിരി സങ്കടമായി

പ്രാവിനെ വളർത്താനുള്ള മോഹം ഉള്ളിൽ നിറഞ്ഞുനിന്നു. ഓരോ ദിവസവും ഈ ആവശ്യവും പറഞ്ഞു കൊണ്ട് അച്ചനെയും അമ്മയെയും സമീപിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. വൈകുന്നേരങ്ങളിൽ പ്രാവുകൾ കൂട്ടമായി പറന്നുപോവുന്നതു കാണുമ്പോൾ അവൾ കൗതുകത്തോടെ നോക്കിനില്ക്കും.
ദിവസങ്ങൾ കടന്നുപോയി. ഒരു വൈകുന്നേരം മണിക്കുട്ടി തൊട്ടടുത്ത
വീട്ടിലെ സിനിമോളോടൊപ്പം മുറ്റത്തു കളിക്കുകയായിരുന്നു. അപ്പാേൾ ഒരു കൂട്ടം പ്രാവുകൾ സിനിമോളുടെ വീടിൻ്റെ മുകളിൽ വന്നിരുന്നു. അതു കണ്ട മണിക്കുട്ടി വേഗം അകത്തേക്കോടി. കൈ നിറയെ അരിമണികളു മായിട്ടാണ് അവൾ തിരിച്ചുവന്നത്. കൈയ്യിലുള്ള അരിമണികൾ സിനിമോളുടെ വീടിന്റെ മുറ്റത്തു വിതറിയിട്ടു.

ഇതുകണ്ട പ്രാവിൻകൂട്ടം എന്തു ചെയ്തെന്നോ ..വേഗം താഴെ പറന്നിറങ്ങി അരിമണികൾ തിന്നാൻ തുടങ്ങി. മണിക്കുട്ടിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി.

പിന്നീട് ദിവസവും പ്രാവുകൾ വരുകയും മണിക്കുട്ടി അരി മണിയിട്ടു കൊടുക്കുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ മണിക്കുട്ടിയെ കാത്ത് പ്രാവുകൾ വന്നിരിക്കും. അവളെ കാണുമ്പോൾ കുറു കുറു ശബ്ദമുണ്ടാക്കി സ്നേഹം പ്രകടിപ്പിക്കും. കാണാതിരുന്നാൽ കുറു കുറു ശബ്ദമുണ്ടാക്കി അവളുടെ വീടിന്റെ മുകളിൽ വന്നിരിക്കാനും തുടങ്ങി.

പ്രാവുകളെ കാണുമ്പോൾ മണിക്കുടിക്കു സന്തോഷമുണ്ടെങ്കിലും ഒപ്പം സങ്കടവുമുണ്ട്. എന്താണെന്നോ ? അരിമണികൾ തിന്നുകഴിഞ്ഞാൽ പ്രാവുകൾ എവിടേക്കോ പറന്നുപോവും. അതാണ് അവളുടെ വിഷമം.

തനിക്കു സ്വന്തമായി പ്രാവുകളെ വേണം എന്നാണ് ആശ . എന്താ ചെയ്യുക ? അവൾ ഒരു സൂത്രം കണ്ടുപിടിച്ചു. വീടിനോടു ചേർന്ന് ഒരു പെട്ടി കൊണ്ടുവന്ന് ഒരു മരപ്പലകയിൽ അച്ചന്റെ സഹായത്തോടെ കെട്ടിവെച്ചു ഒരു ചെറിയ പ്രാവിൻകൂടു പോലെയുണ്ട് കാണാൻ .എന്നിട്ട് കൂടിൻ്റെ മുൻവശത്തായി അരിമണിയും കൊണ്ടുവച്ചു. മണിക്കുട്ടി വൈകുന്നേരമാവാൻ അക്ഷമയോടെ കാത്തിരുന്നു.

അതാ പ്രാവിൻകൂട്ടം വന്നെത്തിയിരിക്കുന്നു. മുറ്റത്ത് വിതറിയ ധാന്യങ്ങൾ കൊത്തിത്തിന്നുകയാണ്.

കൂടിനരികിൽ വച്ച അരിമണികൾ തിന്നാൻ പ്രാവുവരുന്നതും നോക്കി അവൾ ഉമ്മറപ്പടിയിലിരുന്നു. മുറ്റത്തെ ധാന്യമെല്ലാം കഴിഞ്ഞപ്പോൾ പ്രാവുകൾ വീടിനു മുകളിലേയ്ക്കു പറന്നു.അപ്പോഴാണ് കൂടിനു മുന്നിലെ അരിമണികൾ ഒരുപ്രാവ് കണ്ടത്. അത് വേഗം കൂടിനരികിലേക്ക് പറന്നിറങ്ങി ആ ധാന്യമണികൾ കൊത്തിത്തിന്നാൻ തുടങ്ങി.മണിക്കുട്ടിയുടെ മനസ്സു സന്തോഷംകൊണ്ടു തുള്ളിച്ചാടി.പക്ഷെ എന്നത്തെയുംപോലെ പ്രാവുകൾ അന്നും തിരിച്ചുപോയി. പതിവായി ഇതു തുടർന്നുപോന്നു.

കുറച്ചു ദിവസങ്ങൾ പിന്നെയും കടന്നുപോയി. ഇപ്പോൾ മണിക്കുട്ടിയുടെ പ്രാവിൻകൂടിൻ്റെ ഉള്ളിൽക്കയറി ഇരിക്കാൻ തുടങ്ങിയിട്ടുണ്ട് രണ്ടു പ്രാവുകൾ. കൂടിനുള്ളിലിരുന്ന് പ്രാവുകൾ കുറുകുറു ശബ്ദമുണ്ടാക്കുമ്പോൾ മണിക്കുട്ടിക്കു വലിയ സന്തോഷമാണ്.പിന്നീട് അച്ചനും അമ്മയും മണിക്കുട്ടിയുടെ ഇഷ്ടത്തോടൊപ്പം നിന്നു.

ദിവസങ്ങൾ കടന്നുപോയി. ഇപ്പോൾ രണ്ടു പ്രാവുകൾ സ്ഥിരമായി മണിക്കുട്ടിയുടെ വീട്ടിലാണ്. എവിടെ പോയാലും വൈകുന്നേരത്ത് തിരിച്ചെത്തും. ഒരു ദിവസം പ്രാവുകൾ ചുള്ളിക്കമ്പുകൾ കൊത്തിയെടുത്ത് കൂട്ടിലേയ്ക്കു കൊണ്ടുപോകുന്നത് അവൾ കണ്ടു. രണ്ടു മൂന്നു ദിവസം ഇതു തുടർന്നു. അവൾ ചെന്ന് കൂട്ടിനകത്തേയ്ക്ക് നോക്കി. ഹായ്, രണ്ടു മുട്ടകൾ! മണിക്കുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടി.

മണിക്കുട്ടി കാത്തിരുന്നു മുട്ട വിരിഞ്ഞ് വരുന്ന കുഞ്ഞുങ്ങൾക്കായി.
ഒരുപാട് പ്രതീക്ഷയോടെയും ഒത്തിരി സ്നേഹത്തോടെയും.!

🐦🐦🐦🐦🐦🐦🐦🐦🐦🐦🐦

കഥ കേട്ടു രസിച്ചിരിക്കുകയല്ലേ ? പ്രാവിനെ വളർത്താൻ കൊതിച്ച മണിക്കുട്ടിയുടെ സൂത്രം ഉഷാറായി. കഥയ്ക്കു ശേഷം കുഞ്ഞുങ്ങൾക്കൊരു കവിതയുമായി പി.ഐ.മിനി ടീച്ചർ എത്തിക്കഴിഞ്ഞു.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയായ മിനി ടീച്ചർ ആലപ്പുഴ ജില്ലയിലെ വള്ളികുന്നം എൽ.പി.സ്കൂളിൽ നിന്നും പ്രഥമാധ്യാപികയായിട്ടാണ് വിരമിച്ചത്. ടീച്ചർ ഇപ്പോൾ വള്ളികുന്നത്തു തന്നെയാണ് താമസിക്കുന്നത്..

വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാന അവാർഡ്, പി.എസ്.ടി.എ സംസ്ഥാന അവാർഡ്, വനിതാ കുഞ്ഞിക്കഥാമത്സരസമ്മാനം,അധ്യാപക കലാവേദി സംസ്ഥാന അവാർഡ്, ദേവകീവാര്യർ സ്മാരക അവാർഡ്. തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അല്ലിപ്രാവും മകളും , കുഞ്ഞിമാളുവും കുഞ്ഞരിപ്രാവും , കാട്ടിലെ കഥകൾ, കുഞ്ഞന്റെ മുത്തശ്ശി, ചെറുവള്ളിക്കാട്ടിലെ ചെങ്ങായിമാർ (ബാലസാഹിത്യം) തെയ്യക്കോലങ്ങൾ (കഥകൾ) തുടങ്ങിയ പുസ്തകങ്ങളും ടീച്ചർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിനി.പി ഐ ടീച്ചർ കുട്ടികൾക്കുവേണ്ടി എഴുതിയതാണ് ഈ കവിത.
🕊️🕊️🕊️🕊️🕊️🦈🕊️🕊️🕊️

🐓🐓🐓🐓🐓🐓🐓🐓🐓

പയ്യിന്റെ വീട്

കുഞ്ഞിക്കിളിയുടെ കൂടെവിടെ?

മഞ്ഞത്തെറ്റിപ്പൂക്കൊമ്പിൽ.

നത്തിൻകുഞ്ഞിൻ പൊത്തെവിടെ?

ആറ്റിൻ കരയിലെ അത്തിമരത്തിൽ.

ചെമ്പൻ മുയലിൻ മാളമെവിടെ?

ഐക്കരക്കാട്ടിലെ ആലിൻചോട്ടിൽ.

വെളുമ്പിപ്പയ്യിൻ തൊഴുത്തെവിടെ ?

അമ്പിളിമോളുടെ വീടിനുപിന്നിൽ.

🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

ഓരോ വീടും കൂടും തേടിപ്പോകുന്ന കുഞ്ഞിക്കവിത ഇഷ്ടമായില്ലേ?
ഇനി നമുക്കൊരു കുഞ്ഞിക്കഥയിലേക്കു കടക്കാം. ഇംഗ്ലീഷിൽ കുട്ടികൾക്കു വേണ്ടി ധാരാളം കഥകളെഴുതുന്ന ഒരു കഥാകൃത്താണ് ഇന്ന് നിങ്ങൾക്കു വേണ്ടി കഥപറയുന്നത് – ശ്രീ.മുരളി.ടി.വി.

രാജി വിശ്വനാഥിന്റെയും, ടി.സി.വിശ്വനാഥൻ നായരുടെയും മകനായി എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ജനിച്ച ശ്രീ.മുരളി.ടി.വി ഇപ്പോൾ ബംഗളൂരുവിലാണ് സ്ഥിരതാമസം..

കേരളം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, കർണ്ണാടക സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസം. ലൈബ്രറി ഇൻഫൊർമേഷൻസ് സയൻസിൽ പോസ്റ്റ്ഗ്രാജുവേറ്റ് ബിരുദവും, ബിസിനസ്സ് അഡ്മിനിസ്ട്രേഷനിലും, കമ്പ്യൂട്ടർ സയൻസിലും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. 1986 തുടങ്ങി 2006 വരെ ഇന്ത്യൻ വ്യോമസേനയിൽ സേവനം അനുഷ്ഠിച്ചു. ശേഷം 2012 വരെ മൾട്ടിനാഷണൽ കമ്പനിയിൽ അഡ്മിനിസ്ട്രേഷൻ മാനേജരായി ജോലി ചെയ്തു. മികച്ച സേവനത്തിന് വ്യോമസേനാ ചീഫിന്റെയും , വൈസ് ചീഫിന്റെയും കമണ്ടേഷൻസ്, എയർ ഓഫീസർ കമാണ്ടിംഗിന്റെ ബഹുമതിപത്രവും ലഭിച്ചിട്ടുണ്ട്.

സാഹിത്യവും, സാഹസിക സൈക്ലിംഗിലൂടെ സാമൂഹ്യസേവനവുമാണ് മുതൽക്കൂട്ട്. തെന്നിന്ത്യയിലെ വിവിധ പ്രദേശങ്ങളിലൂടെ ഏകനായി ആയിരത്തിൽപ്പരം കിലോമീറ്ററുകൾ സൈക്കിൾ യജ്ഞങ്ങൾ നടത്തി. വിവിധകാരുണ്യ പ്രവർത്തനങ്ങൾക്ക് കരസേന, നാവികസേന, വ്യോമസേന കാര്യാലയങ്ങളിൽ നിന്നും, ബി.ഇ.എൽ. ബെംഗളൂരു, ഐ ബാങ്ക് അസ്സോസിയേഷൻ കേരളം, സ്റ്റാർ ഇന്ത്യ, നവോജ്വൽ ഫൌണ്ടേഷൻ മഥുര, വേൾഡ് റെക്കോർഡ്സ് ബൈനാലേ ഫൗണ്ടേഷൻ, മൈത്രി പീസ് ഫൗണ്ടേഷൻ, യു.പി. കൂടാതെ നിരവധി എൻ.ജി.ഒ.കളിൽ നിന്നും ബഹുമതിപത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ചാൻ-കി മാർഷ്യൽ ആർട്സ് ട്രസ്റ്റിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ശൗര്യകലാരത്ന പുരസ്കാരം എന്നീ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ആനുകാലികങ്ങളിൽ നൂറോളം ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചു.
മുരളി ടി.വി. എഴുതിയ ഒരു കുഞ്ഞിക്കഥയാണ് താഴെ കൊടുക്കുന്നത്.

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

മഴവിൽ മാലാഖ

“മേലേമാനം മുകിൽമാനം മഴവിൽമാനം പൂമാനം
മഴവില്ലേയെൻ മഴവില്ലേ
മയിൽ പോലാടാനെന്തു രസം!”

മാനത്തു വിരിഞ്ഞ മഴവില്ലിനെ നോക്കി ചാന്ദ്നി കൈകൊട്ടിപ്പാടി. മയിലിനെപ്പോലെ നൃത്തം ചവിട്ടി. പെട്ടെന്ന്, മഴമേഘങ്ങൾ മാനത്തുരുണ്ടുകൂടി. മഴവില്ല് അപ്രത്യക്ഷമായി.

“അയ്യോ, എൻ്റെ മഴവില്ലെവിടെ?” ചാന്ദ്നി വിതുമ്പി. ചാന്ദ്‌നിയുടെ മിഴികൾ നിറഞ്ഞുതുളുമ്പി.

“കരയല്ലേ കുഞ്ഞേ
ചാന്ദ്നിക്കുഞ്ഞേ
കരയുമ്പോൾ കാണാൻ
ചേലില്ല കുഞ്ഞേ…”

കാറ്റിന്നലകളിലൂടെ മൃദുലമായൊരു ശബ്ദം കേട്ടു. ചാന്ദ്‌നിയുടെ ചാരെ സുന്ദരിയായ ഒരു മാലാഖ പുഞ്ചിരിയോടെ പ്രത്യക്ഷപ്പെട്ടു. “ഞാൻ ചമേലി, മായാലോകത്തു നിന്നുവന്ന മാലാഖയാണ് ഞാൻ!”

ചാന്ദ്നി അമ്പരപ്പോടെ മാലാഖയെ തുറിച്ചുനോക്കി. പിന്നെ മെല്ലെ പറഞ്ഞു

“മാനത്തെ മഴവില്ല് മറഞ്ഞു പോയി, മാലാഖേ!എനിക്ക് മഴവില്ലിനെ കാണണം.”

“അതിനെന്താ, കാണിച്ചു തരാമല്ലോ. പക്ഷേ, എന്റെ ചോദ്യത്തിന് ശരിയായ ഉത്തരം തരണം.”

ചമേലി പുഞ്ചിരിയോടെ പറഞ്ഞു. ചാന്ദ്‌നി ആകാംക്ഷയോടെ നിന്നു.

“മഴവില്ലിനെക്കുറിച്ച് കുട്ടിക്കെന്തറിയാം?”
ചമേലി ചോദിച്ചു.

“മഴവില്ലിന്നേഴു നിറങ്ങളാണേ!”
ചാന്ദ്നി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

“മിടുക്കിക്കുട്ടി! ഏഴു നിറങ്ങൾ ഏതൊക്കെയാണെന്ന് പറയൂ. ശരിയുത്തരം പറഞ്ഞാൽ ചാന്ദ്നിയെ ഞാൻ മഴവിൽ മാലാഖയാക്കാം.”
ചമേലി പറഞ്ഞു.

*വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്…” ചാന്ദ്നി ഉച്ചത്തിൽ മറുപടി പറഞ്ഞു.

*മിടുക്കിക്കുട്ടി! മഴവിൽ മാലാഖയായാൽ ഒരു പുണ്യകർമ്മം
ചെയ്യണം.ചാന്ദ്‌നി എന്തു ചെയ്യും?”
ചമേലി ചോദിച്ചു.

കുഞ്ഞിക്കവിളിൽ കൈവിരൽ വച്ച് ചാന്ദ്നി ചിന്തിച്ചു. ചാന്ദ്നിയുടെ മിഴികൾ തിളങ്ങി. പുഞ്ചിരിയോടെ ചാന്ദ്നി പറഞ്ഞു:

‘കിളികൾക്കും, കുരുവികൾക്കും, ഛിൽഛിൽ അണ്ണാൻമാർക്കും കുടിക്കാനായി വീട്ടിലെ പൂന്തോട്ടത്തിൽ വലിയൊരു തളികനിറയെ വെള്ളം ഞാനെന്നും നിറച്ചുവയ്ക്കും!” ‘ഷും.ഷും…’ സസന്തോഷം ചമേലി തൻ്റെ മാന്ത്രികവടി വായുവിൽ ചുഴറ്റി.

ചാന്ദ്നിയുടെ വെളുത്ത ഉടുപ്പ് മഴവിൽനിറങ്ങളാൽ മനോഹരമായി. ചാന്ദ്നിയുടെ വളകളും, മാലയും മഴവില്ലുപോലെ വർണ്ണഭരിതമായി. വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളുള്ള ചിത്രശലഭങ്ങൾ മഴവില്ലുപോലെ വായുവിൽ ചിറകടിച്ചുനിന്നു.

“പൂമ്പാറ്റകളുടെ മഴവില്ല്
കാണാനെന്തൊരു ചേലാണേ!” മഴവിൽമാലാഖ കൈകൊട്ടിപ്പാടി. മാനത്തെ വാനമ്പാടികൾ
അതേറ്റുപാടി. ചമേലി മായാലോകത്തേക്ക് ചിറകടിച്ചു പറന്നകന്നു. അത്ഭുതമെന്നോണം, മാനത്ത് മഴവില്ല് പ്രത്യക്ഷപ്പെട്ടു. മഴവിൽമാലാഖയുടെ മിഴികളിൽ മഴവില്ലു തെളിഞ്ഞു നിന്നു!!!

☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

മഴവിൽ മാലാഖയുടെ കഥ വായിക്കാൻ നല്ല രസമുണ്ട്, ആർക്കും ഇഷ്ടമാവും. നല്ലവണ്ണം പഠിച്ചാൽ നല്ല കാര്യങ്ങൾ ലഭിക്കും. അതോടൊപ്പം നന്മ ചെയ്യുകയും വേണം. കഥ നന്നായി.

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

യദുനാഥൻ എന്ന യദു മേക്കാട് എന്ന പേരിൽ അറിയപ്പെടുന്ന ബാലസാഹിത്യകാരന്റെ മനോഹരമായ ഒരു കവിതയാണ് തുടർന്ന് നക്ഷത്രക്കൂടാരത്തിൽ മിന്നിത്തിളങ്ങുന്നത്.

ഭസ്മത്തിൽ മേക്കാട് യശ – രാമൻ നമ്പൂതിരിയുടെയും തൃപ്പൂണിത്തുറ കോവിലകത്തു ശ്രീമതി. സുഭി തമ്പുരാന്റെയും മകനാണ്. കോളേജ് വിദ്യാഭ്യാസവും ഇലക്ട്രോണിക്സ് ഡിപ്ലോമയും കഴിഞ്ഞു ഉത്തരേന്ത്യയിലും നാട്ടിലും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു., ജ്യോതിഷത്തിൽ ആകൃഷ്ടനായി കൊടകര കൈമുക്ക് മനയിൽ ജ്യോതിഷപഠനം നടത്തുകയും തുടർന്ന് ആ വഴിയിൽ തുടരുകയും ചെയ്യുന്നു.
കവിതകളിൽ വൃത്തനിബദ്ധമായ പഴയകാല സമ്പ്രദായത്തോടാണ് താൽപ്പര്യം കഴിവതും ആ വഴിയേ കവിതകൾ രചിക്കുന്നു. കൂട്ടത്തിൽ ബാലകവിതകളും എഴുതുന്നു. ഇപ്പോൾ ഇരിഞ്ഞാലക്കുട എം.ജി. റോഡിൽ രാമശ്രീയിൽ താമസിക്കുന്നു.

ശ്രീ. യദു മേക്കാട് എഴുതിയ അക്ഷരക്കിലുക്കമുള്ള ഒരു കുഞ്ഞു കവിത കേൾക്കാം.

🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣

🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘

പിടിയുണ്ടോ?

പിടിപിടിയൊരുപിടി പയറുപിടി
പിടിയിനി വലിയും കയറുപിടി
പിടികിട്ടാത്തവയൊന്നുപിടി
പിടികിട്ടാഞ്ഞാൽ തവിടുപൊടി
പിടിയുണ്ടാനയിലൊത്തപടി
പിടിയൊത്താൽ മലയെന്റെ പടി
പിടിയില്ലാത്തൊരു കത്തിപിടി
പിടിവിട്ടുലയൊല്ലൊത്തുപിടി

പിടികൊണ്ടുള്ള പിടി കണ്ടപ്പോൾ നിങ്ങൾ പലഹാരപ്പിടിയോ അടിപിടിയാേ എന്താണോർത്തു പോയത്?

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

കഥകളും കവിതകളും എല്ലാവർക്കും ഇഷ്ടമായിട്ടുണ്ട് എന്നാണ് മാഷിന്റെ വിശ്വാസം.
ഇനി നമുക്ക് അടുത്ത ആഴ്ചയിൽ കണ്ടുമുട്ടാം.
അപ്പോൾ കഥകളും കവിതകളുമായി എത്തുന്ന പുതിയ കവികളെയും കഥാകാരന്മാരെയും നമുക്ക് പരിചയപ്പെടുകയും ചെയ്യാം.

സ്നേഹത്താേടെ,
നിങ്ങളുടെ.. പ്രിയപ്പെട്ട

കടമക്കുടി മാഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments