Sunday, December 22, 2024
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ - (78) 'വൈദികചിന്തയുടെ താന്ത്രികമായ ആവിഷ്കരണം' ✍പി. എം.എൻ.നമ്പൂതിരി .

അറിവിൻ്റെ മുത്തുകൾ – (78) ‘വൈദികചിന്തയുടെ താന്ത്രികമായ ആവിഷ്കരണം’ ✍പി. എം.എൻ.നമ്പൂതിരി .

പി. എം.എൻ.നമ്പൂതിരി .

യുഗപരിവർത്തനം മൂലം കാലക്രമത്തിൽ മനുഷ്യരുടെ കഴിവുകൾ വീണ്ടും കുറഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്.അങ്ങനെ കലിയുഗത്തിൽ വൈദികമായ ആരാധനാ സമ്പ്രദായം താന്ത്രികമാർഗ്ഗങ്ങളായി പരിണമിയ്ക്കുകയാണുണ്ടായത്. വൈദികവും താന്ത്രികവുമായ സമ്പ്രദായങ്ങൾ വിഭിന്നങ്ങളും പലപ്പോഴും പരസ്പര വിരുദ്ധങ്ങളുമായ ചിന്താഗതികളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും അവയ്ക്ക് ആര്യൻ, ദ്രാവിഡൻ എന്നിങ്ങനെ വർഗ്ഗപരമായ അടിസ്ഥാനങ്ങൾ ഉണ്ടായിരുന്നെന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടത് ഇവിടെ വിസ്മരിക്കുന്നില്ല. ആ വാദഗതി സമ്മതിക്കുകയാണെങ്കിൽത്തന്നെയും ഈ രണ്ടു വിചാരധാരകളും വേർതിരിയ്ക്കുവാൻ വയ്യാതെ ഒന്നായി ഉരുകിച്ചേരുകയാണ് ഉണ്ടായതെന്ന് പറയേണ്ടി വരും. പക്ഷെ വെറും സ്ഥൂലമായ അർത്ഥകൽപനയല്ല വേദത്തിലുള്ളത് എന്ന് മനസ്സിലാക്കുന്ന സൂക്ഷ്മചിന്തകന്മാർക്ക് പിൻക്കാലത്തെ പല താന്ത്രികസങ്കല്പങ്ങളും വേദത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നു മനസ്സിലാക്കുവാൻ പ്രയാസമില്ല. രണ്ടു സമ്പ്രദായങ്ങളുടേയും അടിസ്ഥാന ചിന്താഗതി കുണ്ഡലിനീ യോഗം തുടങ്ങിയ ആദ്ധ്യാത്മികരഹസ്യങ്ങൾ തന്നെയായിരുന്നു എന്നത് വ്യക്തമാണ്. പല ഉപനിഷത്തുക്കളും വേദസൂക്തങ്ങളും ഇതിനു പോൽബലകങ്ങളാണ്.

വൈദികചിന്താസരണിയിൽ അക്ഷരങ്ങളുടെ സ്പന്ദനങ്ങൾക്കു് പ്രത്യേക ശക്തിയുണ്ട്. ഓം, വഷട്, വൌഷ്ട്, സ്വാഹാ തുടങ്ങി വൈദികകർമ്മങ്ങൾക്ക് ഉപയോഗിച്ചിരുന്ന ശബ്ദങ്ങൾ തന്നെയാണ് പിൻക്കാലത്തും താന്ത്രികമായ മന്ത്രോച്ചാരണ സമ്പ്രദായത്തിലും സ്വീകരിച്ചിരുന്നത്. യജ്ഞത്തിൽ നാലും അതിലധികവും ഋത്വിക്കുകൾ ( പുരോഹിതന്മാർ) കൂട്ടായിച്ചേർന്ന് ചെയ്തിരുന്ന ഹവനക്രിയതന്നെ പിൻക്കാലത്ത് മന്ത്രദേവതകളെ ഉദ്ദേശിച്ച് ഒരാൾ മാത്രം ചെയ്യുന്ന ഹോമമായി പരിണമിച്ചു. ഇന്ദ്രാദിദേവന്മാരെ പ്രാപഞ്ചികസൂക്ഷ്മശക്തികളായി മാത്രം വേദങ്ങൾ പരിഗണിച്ചിരുന്നു. പക്ഷെ തന്ത്രകാലത്ത് ആ ദേവതകൾക്ക് കരചരണാദ്യവയവ സഹിതങ്ങളായ രൂപകല്പനകൾ ഉണ്ടായതാണല്ലോ, ഓരോ മന്ത്രത്തിൻ്റേയും ദേവതയുടെ ധ്യാനോ ക്തരൂപമായി പരിണമിച്ചത്. അതുപോലെ ഗണപതി, വിഷ്ണു, ശിവൻ, ദുർഗ്ഗ എന്നിങ്ങനെ വ്യക്തമായി ഉരുത്തിരിഞ്ഞ മാന്ത്രിക ദേവതകൾക്ക് സമാന്തരങ്ങളായ വേദസൂക്തങ്ങൾ അതതു ദേവന്മാരുടെ ഉപാസനകളിൽ ഇന്നും ഉപയോഗിക്കുന്നുണ്ട്. ശക്തിനിഗർഭിതങ്ങളായ ദീർഘവൈദികസൂക്തങ്ങളുടെ ചുവടുപിടിച്ച് മേൽപ്പറഞ്ഞ തരത്തിലുള്ള ബീജാക്ഷരങ്ങൾ ചേർത്ത് താന്ത്രികമന്ത്രങ്ങൾ ഉത്ഭവിച്ചു. ആ മന്ത്രശബ്ദത്തിലും തദർത്ഥസംബന്ധിയായ ദേവതാസങ്കല്പത്തിലും പ്രപഞ്ചത്തിൻ്റെ നിയാമകശക്തികൾ ഉണ്ടെന്ന താന്ത്രികദർശനം വൈദിക ഭാവനയുടെ തുടർച്ചയല്ലാതെ മറ്റെന്താണ്? അതുമാത്രമല്ല, വേദങ്ങളിൽ അനുപേക്ഷണീയങ്ങളായ ഋഷി – ചന്ദോ – ദേവതാ സങ്കല്പങ്ങൾ താന്ത്രിക -മന്ത്രഉപാസനയുടേയും അംഗങ്ങളായിത്തീർന്നു. വൈദികസമ്പ്രദായം അതിൻ്റെ ഉള്ളടക്കം കളയാതെ പിൻക്കാലത്തെ താന്ത്രികസമ്പ്രദായമായി പരിണമിച്ചതിൻ്റെ നിരവധി ഉദാഹരണങ്ങളിൽ ചിലതുമാത്രമാണ് ഇതെല്ലാം.

പരമപ്രദപ്രാപ്തി

മനുഷ്യരിലും ഈ ചൈതന്യം പൂർണ്ണ വളർച്ചയെത്തിയിട്ടില്ല. ബാഹ്യാഭ്യന്തരാവയവങ്ങളുടേയും മനസ്സിൻ്റെ വിവിധ തലങ്ങളുടേയും പൂർണ്ണനിയന്ത്രണം ഇതുവരേയും അവൻ്റെ ഇച്ഛാശക്തിയ്ക്ക് വിധേയമായിക്കഴിഞ്ഞിട്ടില്ല എന്ന വസ്തുതതന്നെ ഇതിലേയ്ക്ക് വിരൽ ചൂണ്ടുന്നു. അങ്ങനെ മനുഷ്യശരീരത്തിൽ അല്പമെങ്കിലും ബോധാവസ്ഥയെ പ്രാപിച്ചിരുന്ന ഈശ്വരചൈതന്യത്തെ ക്രമമായി വികസിപ്പിച്ചെടുത്ത് പരമപദത്തിലെത്തിക്കുകയാണ് മനുഷ്യൻ്റെ ജീവിതോദ്ദേശം. ഇതു തന്നെയാണ് പരമപുരുഷാത്ഥമായ മോക്ഷവും. ആ മോക്ഷപദത്തിനുവേണ്ടി പരിശ്രമിക്കാനുള്ള വിവിധ മാർഗ്ഗങ്ങളാണ് വികസിപ്പിച്ചെടുത്തിട്ടുള്ള സാധനാമാർഗ്ഗങ്ങൾ അഥവാ ഉപാസനാമാർഗ്ഗങ്ങൾ.

മറ്റൊരുരീതിയിലും മുക്തിയിലേയ്ക്കുള്ള ഈ പ്രയാണത്തെ നമുക്ക് വീക്ഷിയ്ക്കാം. ഏതൊരു സാധനാമാർഗ്ഗത്തിലും അന്തർഭവിച്ചു കിടക്കുന്നത് യോഗശാസ്ത്രതത്ത്വങ്ങളാണ്. മന്ത്രയോഗവും ഹഠയോഗവും രാജയോഗവും ലയയോഗവും യോഗശാസ്ത്രത്തിൻ്റെ വിത്യസ്ഥപതിപ്പുകൾ മാത്രമാണ്. പല ഉപായങ്ങളുടേയും യോഗി ചെയ്യുന്നത് അവൻ്റെ ശരീരത്തിലെ ഏറ്റവും താഴത്തെ നിലയായ മൂലാധാരചക്രത്തിൽ മൂന്നരചുററായി സർപ്പാകൃതിയിൽ ഉറങ്ങിക്കിടക്കുന്ന പരമതത്ത്വമായ അന്തശ്ചിത്രത്തെ (ഇതിനെ കുണ്ഡലിനീ ശക്തി എന്ന് പറയുന്നു) മെല്ലെ ഉണർത്തി ഉപര്യുപരിയായി കിടക്കുന്ന ആധാരചക്രങ്ങളിലൂടെ ക്രമത്തിൽ മുകളിൽക്കയറ്റി ശിരസ്സിൽ ആയിരം ഇതളുകൾ ഉണ്ടെന്ന് സങ്കല്പിക്കുന്ന സഹസ്രാരചക്രത്തിൽ ഇരുന്നരുളുന്ന പരമശിവ പദത്തിൽ യോജിപ്പിക്കുകയാണ്. ഇതു തന്നെയാണ് മുക്തി.

പി. എം.എൻ.നമ്പൂതിരി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments