തിരുവനന്തപുരം: യുവതികളെ വിവാഹം ചെയ്ത് സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങുന്ന തിരുവനന്തപുരം ആനാട് സ്വദേശി വിമലി (37)നെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ നെടുമങ്ങാട്, പുലിപ്പാറ സ്വദേശിനികൾ പരാതി നൽകിയതായി പോലീസ് അറിയിച്ചു.
ഒരാളെ വിവാഹം കഴിച്ച് പണവും സ്വര്‍ണവും കൈക്കലാക്കി മുങ്ങിയശേഷം മറ്റൊരാളെ വിവാഹം കഴിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു. അറസ്റ്റിലായ വിമൽ ടാക്സി ഡ്രൈവറാണ്. നെടുമങ്ങാട്, പുലിപ്പാറ സ്വദേശിനികളായ യുവതികളില്‍നിന്ന് ആറരലക്ഷം രൂപയും അഞ്ചുപവന്‍ സ്വർണവും തട്ടിയെടുത്ത ശേഷം പ്രതി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
വിമൽ യുവതികളെ വിവാഹം ചെയ്ത ശേഷം അത് നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരാളെ വിവാഹം കഴിച്ചാല്‍ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ ഒപ്പം താമസിക്കാറുണ്ട്. ഇതിനുശേഷമാണ് പ്രതി അടുത്തയാളെ വിവാഹം കഴിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ വിവാഹത്തട്ടിപ്പ് കൂടാതെ വിവിധ സ്റ്റേഷൻ പരിധികളിൽ പിടിച്ചുപറി, വഞ്ചനാ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി നെടുമങ്ങാട് പോലീസ് അറിയിച്ചു