തിരുവനന്തപുരം : പാലോട് നാട്ടിലിറങ്ങിയ കാട്ടാന കക്കൂസ് കഴിയിൽ വീണു. പാലോട് – ചിപ്പൻചിറ വാർഡിൽ കണ്ണൻകോട് ചന്ദ്രന്റെ വീട്ടിൽ ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് കാട്ടാനയെത്തിയത്. പറമ്പിലെ പ്ലാവിലെ ചക്ക തിന്നാനെത്തിയ ആന കക്കൂസ് കുഴിയിൽ വീഴുകയായിരുന്നു.
പാതിരാത്രി ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കാട്ടാനയെ കണ്ടത്. ഉടൻ തന്നെ വനം വകുപ്പിനെയും പാലോട് പൊലീസിനെയും ഫോണിൽ വിളിച്ച് വിവരമറിയിച്ചു. രണ്ടു മണിക്കൂറോളം കുഴിയിൽ കിടന്ന കാട്ടാന, തന്നെ മണ്ണ് ഇടിച്ച് കരയ്ക്ക് കയറി. ഏറെ നേരം ക്ഷീണിച്ച് പറമ്പിൽ കിടന്ന ശേഷമാണ് ആന വനത്തിലേക്ക് കയറി പോയത്.
സ്ഥലത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും വനംവകുപ്പ് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കക്കൂസ് കുഴിയിൽ വീണ കാട്ടാനയുടെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.