വിഴിഞ്ഞം: ഞണ്ടുവളർത്തൽ തുടങ്ങാമെന്നും ഇതിനായി ബാങ്ക് വായ്പ ശരിയാക്കിത്തരാമെന്നും വിശ്വസിപ്പിച്ച് 36 ലക്ഷം രൂപ തട്ടിയ ദമ്പതിമാർ അറസ്റ്റിൽ. ഞണ്ടുവളർത്തൽ യൂണിറ്റ് തുടങ്ങി വിദേശത്തേക്കു കയറ്റുമതിചെയ്യാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തിരുപുറം പട്ടിയക്കാലയിൽനിന്ന് പെരിങ്ങമല മാവുവിളയിൽ താമസിക്കുന്ന മീനു എന്ന ആതിര(28), ഭർത്താവ് മനോജ് എന്ന റജി(33) എന്നിവരാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്.
വെങ്ങാനൂർ പുല്ലാനിമുക്ക് സ്വദേശി അപർണ, വെണ്ണിയൂർ നെല്ലിവിള സ്വദേശി ഷിബു എന്നിവർ നൽകിയ പരാതിയിലാണ് കേസെടുത്ത് ഇവരെ അറസ്റ്റ് ചെയ്തത്. ഞണ്ടുകളെ വളർത്തി കിലോയ്ക്ക് 3500 രൂപയ്ക്ക് വിദേശത്തേക്കു കയറ്റുമതി ചെയ്യാമെന്ന പദ്ധതിയുമായായിരുന്നു പരാതിക്കാരിയായ അപർണയെ ദമ്പതികൾ സമീപിച്ചത്. ബാങ്ക് ലോണടക്കം തരപ്പെടുത്തി തരാമെന്ന ഉറപ്പിൽ മേൽ പല തവണയായി ആദ്യം മൂന്ന് ലക്ഷം രൂപയാണ് ഇവർ അപർണയിൽ നിന്ന് വാങ്ങിയത്
10 ലക്ഷത്തിന്റെ വായ്പ കോവളത്തെ ദേശസാത്കൃത ബാങ്കിൽനിന്ന് ലഭിക്കുമെന്നും ഇവർ അപർണയോട് പറഞ്ഞിരുന്നു. തുടർന്ന് ബാങ്കിൽ നിന്ന് ഉദ്യോഗസ്ഥരെത്തി ഞണ്ടുവളർത്തൽ യൂണിറ്റ് കണ്ട് പരിശോധിച്ച് 20,08,358 രൂപ ലോണനുവദിച്ചു. എന്നാൽ ഇതിൽ നിന്നും 1,40,000 രൂപ മാത്രമാണ് പ്രതികൾ അപർണയ്ക്കു നൽകിയത്.തുടർന്ന് അപർണ ബാങ്കിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോഷാണ് തട്ടിപ്പ് വിവരം അറിയുന്നതും പൊലീസിൽ പരാതി നൽകിയതും