തിരുവനന്തപുരം — കെഎസ്ആർടിസി ബസുകൾ സർവീസിനിടയിൽ തകരാറിലാകുന്നത് പരിഹരിക്കുന്നതിന് കെഎസ്ആർടിസി ഡിപ്പോകളിൽ അറിയിച്ച് വലിയ വർക്ക് ഷോപ്പ് വാനുകൾ ഡിപ്പോകളിൽ നിന്നും എത്തി തകരാറ് പരിഹരിക്കുന്നതിനുള്ള നിലവിലെ സമ്പ്രദായ പ്രകാരമുള്ള കാലതാമസം ഒഴിവാക്കി, അതിലൂടെ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിലേക്കായാണ് കെഎസ്ആർടിസി റാപ്പിഡ് റിപ്പയർ ടീം ആരംഭിക്കുന്നത്.
ഇതിലേക്കായി നാല് വീലുകളുള്ള അലൂമിനിയം കവേർഡ് ബോഡിയാൽ നിർമ്മിതമായ മിനി ട്രക്കുകളാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ 10 യൂണിറ്റ് റാപ്പിഡ് റിപ്പയർ ടീമുകൾ രൂപീകരിക്കും. ഓരോ ടീമിലും ആവശ്യമായ മെക്കാനിക്കുകളെയും ടയറുകൾ ഉൾപ്പെടെ സ്പെയർപാർട്സും കരുതിയിരിക്കും.
അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പെടെ ബ്രേക്ക്ഡൗണാകുന്ന ബസ്സുകളുടെ തകരാറുകൾ പരിഹരിക്കുന്ന തരത്തിൽ പ്രത്യേക പ്രദേശങ്ങൾ തിരിച്ച് ടീമുകളെ നിയോഗിക്കും. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണ് റാപ്പിഡ് റിപ്പയർ ടീമുകളെ നിയോഗിക്കുന്നത്. റാപ്പിഡ് റിപ്പയർ ടീമിന് ആവശ്യമായുള്ള വാഹനങ്ങൾക്കായി വാഹന നിർമ്മാതാക്കളിൽ നിന്നും ദർഘാസ് ക്ഷണിച്ചിട്ടുണ്ട്.