ബന്ധങ്ങളും വിശ്വാസവും
—————————————-
ഒരാൾ, തൻ്റെ സുഹൃത്തിനോടു ചോദിച്ചു “താങ്കളെ ഒരാൾ കബളിപ്പിച്ചാൽ, എന്തായിരിക്കും, താങ്കൾക്ക് അയാളോടുള്ള മനോഭാവം. കബളിപ്പിച്ചയാൾ, ഞാനാണെന്നു മനസ്സിലാക്കാനിടയായാൽ, എന്തായിരിക്കും, താങ്കൾക്കെന്നോടുള്ള വികാരം. സുഹൃത്തു മറുപടി നൽകി: “താങ്കളെ വിശ്വസിക്കുകയെന്നതു, എൻ്റെ തീരുമാനം,ആ വിശ്വാസം ശരിയായിരുന്നുവെന്നു തെളിയിക്കുക, താങ്കളുടെ ഉത്തരവാദിത്തം”.
യഥാർത്ഥത്തിൽ ഒരാളും മറ്റൊരാളാൽ, വഞ്ചിതരാകുന്നില്ല. സ്വയം, കബളിപ്പിക്കപ്പെടുയാണു ചെയ്യുന്നത്. കണ്ണടച്ചു വിശ്വസിക്കുന്നതു കൊണ്ടും, ആലോചനയില്ലാതെ വിളിച്ചു പറയുന്നതു കൊണ്ടും, വന്നു ചേരുന്ന ഭവിഷ്യത്തുകളുടെ ഇരകളാണു പലരും. നേടിയ അറിവുകളിലും നടത്തിയ ഗവേഷണങ്ങളിലുമൊന്നും, അനുദിന ജീവിതത്തിൻ്റെ ബാലപാഠങ്ങളില്ലെങ്കിൽ,
പിന്നെയെന്തു പ്രയാജനം.
കേൾക്കുന്നതെല്ലാം വിശ്വസിക്കുകയും, കാണുന്നതെല്ലാം അനുകരിക്കുകയും ചെയ്യുന്നവർ, കബളിക്കപ്പെടുക തന്നെ ചെയ്യും. യുക്തിയും സാമാന്യ ബോധവും വളർത്തിയെടുക്കാത്തതിനു, സ്വയം നൽകേണ്ടി വരുന്ന വിലയാണത്. അറിവില്ലായ്മ കൊണ്ടു വഞ്ചിക്കപ്പെടുന്നവരേക്കാൾ, അഹംഭാവം കൊണ്ടു കബളിപ്പിക്കപ്പെടുന്നവരാണു, ഏറെയും. അജ്ഞത അറിവിലൂടെ പരിഹരിക്കാം; അഹങ്കാരത്തിനു അനുഭവത്തിലൂടെയേ പരാഹാരമുണ്ടാകൂ.
ഒരാളിൽ അവിശ്വാസം രൂപപ്പെടുവൻ, കേവലമൊരു നിമിഷം മതിയാകും. എന്നാൽ, വിശ്വാസം രുപപ്പെടുവാൻ ഏറെ നാളത്തെ പരിശ്രമം ആവശ്യമാകും. അളന്നു കുറിച്ചല്ല ഒരു ബന്ധവും ആരംഭിക്കുക. ബന്ധങ്ങൾ തുടങ്ങുന്നതു, ഇടപെടലിലും, തുടരുന്നതു വിശ്വാസത്തിലുമാണ്. ആരേയും വിശ്വാസമില്ലാത്തവർക്കു, അവനവനിലും വിശ്വാസമുണ്ടാകില്ല. ആരുടേയും വിശ്വാസം കാത്തു സൂക്ഷിക്കാനാകാത്തവർക്കു അവനവനിലുള്ള വിശ്വാസം നിലനിർത്താനാണെമെന്നുമില്ല.