ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ടെന്നും ഇതെല്ലാം ദരിദ്രർക്ക് പ്രയോജനപ്പെടേണ്ടതായിരുന്നെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കോൺഗ്രസ് വോട്ട് ബാങ്ക് വൈറസ് പടർത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഹരിയാനയിലെ ഹിസാറിൽ നടന്ന അംബേദ്കർ ജയന്തി ആഘോഷത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്. വഖഫ് സ്വത്തുക്കളുടെ ആനുകൂല്യങ്ങൾ ആവശ്യക്കാർക്ക് നൽകിയിരുന്നെങ്കിൽ അവർക്കത് ഗുണം ചെയ്യുമായിരുന്നു. ഈ സ്വത്തുക്കളില്‍ നിന്ന് പ്രയോജനം കിട്ടിയത് ഭൂമാഫിയയ്ക്കാണ്. വഖഫ് നിയമത്തിൽ പുതിയ മാറ്റങ്ങളുണ്ടായതോടെ ഭൂമി കൊള്ളയും അവസാനിക്കും. ദരിദ്രരെ കൊള്ളയടിക്കുന്നതും അവസാനിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുതിയ വഖഫ് നിയമപ്രകാരം ഒരു ആദിവാസിയുടെയും ഭൂമിയോ സ്വത്തോ വഖഫ് ബോര്‍ഡിന് തൊടാന്‍ സാധിക്കയില്ല. പാവപ്പെട്ട മുസ്ലീങ്ങൾക്കും പസ്മാന്ദ മുസ്ലീങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ ലഭിക്കും. ഇതാണ് യഥാര്‍ത്ഥ സാമൂഹിക നീതിയെന്നും അദ്ദേഹം വ്യക്തമാക്കി.
അംബേദ്കർ സമത്വം കൊണ്ടുവരാൻ ആഗ്രഹിച്ചപ്പോൾ കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വൈറസ് പ്രചരിപ്പിച്ചു. അംബേദ്കറിന്റെ ഓർമകൾ ഇല്ലാതാക്കാനും കോൺഗ്രസ് ശ്രമിച്ചു. അംബേദ്കർ ജീവിച്ചിരുന്നപ്പോൾ കോൺഗ്രസ് അദ്ദേഹത്തെ അപമാനിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.