ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോളയ്ക്കടുത്ത് ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ അഞ്ചാം ദിവസത്തിൽ. റഡാർ ഉപയോഗിച്ച് അർജുന്‍റെ ലോറി എവിടെയാണെന്ന് കണ്ടെത്തി മണ്ണുനീക്കി പരിശോധന നടത്താനാണ് നീക്കം.
ഇന്നലെ രാത്രി ഒൻപത് മണിയോടെ മോശം കാലാവസ്ഥയെത്തുടർന്ന് തെരച്ചിൽ നിർത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു.16ന് രാവിലെ ബെലഗാവിയിൽനിന്ന് മരം കയറ്റി വരുന്നതിനിടെയാണ് അർജുൻ അപകടത്തിൽപ്പെട്ടത്. കർണാടക – ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ – കന്യാകുമാരി ദേശീയപാതയിലായിരുന്നു അപകടം. അന്ന് സ്വിച്ച് ഓഫായിരുന്ന അർജുന്‍റെ ഫോൺ മൂന്നുദിവസത്തിനുശേഷം റിങ് ചെയ്തതും, ലോറിയുടെ എൻജിൻ ഓണായെന്നതും പ്രതീക്ഷ നൽകുന്നതാണ്. അതേസമയം കനത്തമഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തത്തെ ബാധിക്കുന്നുണ്ട്.
ഇന്നലെ രാത്രി രക്ഷാപ്രവർത്തനം തുടരാൻ ലൈറ്റുകൾ ഉൾപ്പെടെ സജ്ജമാക്കിയിരുന്നെങ്കിലും മേഖലയിൽ അതിശക്തമായ മഴ തുടർന്നതോടെ മണ്ണിടിച്ചിൽ സാധ്യത മുന്നിൽക്കണ്ട് തിരച്ചിൽ നിർത്തിവയ്ക്കുകയാണെന്ന് കളക്ടർ അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ റഡാർ ഉപയോഗിച്ച് തെരച്ചിൽ നടത്തുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.ബെംഗളുരുവിൽ നിന്ന് റഡാർ ഡിവൈസ് എത്തിച്ച് പരിശോധന നടത്താനാണ് തീരുമാനം. ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ആണ് ഷിരൂരിലേക്ക് കൊണ്ടുവരിക. ലോറിയുള്ള സ്ഥലം ഈ റഡാർ വഴി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പോലീസ്, അഗ്നിശമനസേന സംഘങ്ങൾ ചേർന്നാണ് രക്ഷാദൗത്യം തുടരുന്നത് 12 ചക്രമുള്ള വലിയ വാഹനമായതിനാൽ മണ്ണ് വീണു പൂർണമായും ഭൂമിക്കടിയിലേക്കു താഴ്ന്നു പോകാൻ സാധ്യതയില്ലെന്നാണ് അർജുന്‍റെ കുടുംബം പറയുന്നത്. വണ്ടി ഓണായി കിടക്കുന്നുവെങ്കിൽ എസി പ്രവർത്തിക്കുന്നതുമൂലം ശ്വസ തടസ്സം ഉണ്ടാകില്ലെന്നും ഇവർ വിശ്വസിക്കുന്നു.
ജൂലൈ എട്ടിനാണ് അർജുൻ ലോറിയുമായി യാത്രയാരംഭിക്കുന്നത്. കണ്ണാടിക്കലിലെ വീട്ടിൽനിന്ന് യാത്ര ആരംഭിച്ചു. തുടർന്ന് കോട്ടക്കലിൽനിന്ന് കല്ലുമായി മൈസൂരുവിലെ മലവള്ളിയിലേക്ക് പോയി. അവിടെനിന്ന് കുശാൽനഗറിലെത്തി കാറ്റാടി മരത്തടി കയറ്റി ബെലഗാവിയിലേക്ക്. അവിടെ മരത്തടിയിറക്കി ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയിൽനിന്ന് അക്കേഷ്യ മരത്തടി കയറ്റിയായിരുന്നു മടക്കയാത്ര. ചൊവ്വാഴ്ച പുലർച്ചെയോടെ 200 കിലോമീറ്റർ അകലെയുള്ള ഷിരൂരിലെത്തി. എട്ടേമുക്കാലോടെയാണ് മണ്ണിടിച്ചിലുണ്ടാകുന്നത്. പിന്നീട് അർജുനെക്കുറിച്ച് വിവരം ലഭിച്ചില്ല.
സംഭവ സ്ഥലത്തു വാഹനം നിർത്തി വിശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചതെന്നാണ്റിപ്പോർട്ട്. അങ്കോളയിൽ ഒരു ചായക്കടയുടെ പരിസരത്താണ് അർജുൻ ലോറി നിർത്തിയിട്ടിരുന്നത്. ചായക്കടയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഒരു ടാങ്കർ ലോറിയിലുണ്ടായിരുന്ന രണ്ടുപേരേയും തിരിച്ചറിഞ്ഞു.