മധ്യപ്രദേശ്:-മധ്യപ്രദേശിലെ ഭോപ്പാലിൽ വ്യാജ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ഉപയോഗിച്ച് വിദ്യാഭ്യാസ വകുപ്പിൽ 29 വർഷമായി ജോലി ചെയ്ത വനിതാ ജീവനക്കാരിയ്ക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മധ്യപ്രദേശിലെ ഭോപ്പാലിൽ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തിരുന്ന അനീസ ബീഗമാണ് (59) ജോലിയ്ക്കായി വ്യാജ രേഖകൾ സമർപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
1995 മുതൽ പ്യൂണായി ജോലി ചെയ്യുന്ന അനീസ അഞ്ചാം ക്ലാസ്സിലെയും എട്ടാം ക്ലാസ്സിലെയും വ്യാജ മാർക്ക് ഷീറ്റുകളാണ് സമർപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സമർപ്പിച്ച രേഖകളിലെ ജനനത്തീയതികളിൽ ഉണ്ടായ വ്യത്യാസമാണ് തട്ടിപ്പ് പുറത്ത് വരാൻ കാരണമായത്. ഒരു മാർക്ക് ഷീറ്റിൽ ജനനത്തീയതി 1964 ജൂൺ 11 എന്ന് രേഖപ്പെടുത്തിയിരിക്കുമ്പോൾ മറ്റൊന്നിൽ 1965 ജൂലൈ 7 ആയിരുന്നതാണ് അധികൃതരുടെ സംശയത്തിന് ഇടയാക്കിയത്.
1995 ൽ ജോലിയിൽ പ്രവേശിക്കാനായി വ്യാജ രേഖകൾ സമർപ്പിച്ച അനീസ ഏകദേശം മൂന്ന് പതിറ്റാണ്ടോളം ജോലിയിൽ തുടർന്നുവെന്നും എഫ്ഐആറിൽ പറയുന്നു.ഭോപ്പാലിലെ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷനിൽ നൽകിയ രഹസ്യപരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.കട്നിയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പ്യൂണായി അനീസ ജോലി ചെയ്തിരുന്നുവെന്നും തുടർന്ന് 2008 ലെ സ്ഥലം മാറ്റം വഴിയാണ് ജബൽപൂരിലെ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ നിയമിതയായതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഡിവിഷണൽ ഓഫീസിൽ നിന്നുള്ള പരാതിയെത്തുടർന്ന് വഞ്ചനാക്കുറ്റം ഉൾപ്പെടെ 420,467,468,471 എന്നീ വകുപ്പുകൾ ചുമത്തിയാണ് ബെൽബാഗ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബെൽബാഗ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയത് താൻ പുറത്ത് പറഞ്ഞതിനുള്ള പ്രതികാര നടപടിയാണിതെന്ന് അനീസ പ്രതികരിച്ചു.