🔹ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ആയുഷ് വകുപ്പിലെയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും മേയ് ആറ് വരെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നേരത്തെ മന്ത്രി സഭായോഗം നിര്‍ദേശം നല്‍കിയിരുന്നു.
🔹400 സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രജ്വല്‍ രേവണ്ണ എന്ന കുറ്റവാളിയെ രാജ്യം വിടാന്‍ അനുവദിച്ചതാണ് മോദിയുടെ ഗ്യാരണ്ടിയെന്നും കയ്യില്‍ ഇന്റലിജന്‍സും കസ്റ്റംസും ഐ ബിയും ഉണ്ടായിട്ടും പ്രജ്വലിനെ മോദി രാജ്യം വിടാന്‍ അനുവദിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരു സമൂഹ ബലാത്സംഗം നടത്തിയ കൊടുംകുറ്റവാളിക്ക് പിന്തുണ പ്രഖ്യാപിച്ച മോദി ജനങ്ങളോട് മാപ്പ് പറയണമെന്നും രാഹുല്‍ പറഞ്ഞു.
🔹മുന്നറിയിപ്പില്ലാതെ അവധിയെടുത്ത പത്തനാപുരം ഡിപ്പോയിലെ 14 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി. കൂട്ട അവധിയെടുത്തതിന് 16 സ്ഥിരം ഡ്രൈവര്‍മാര്‍ക്ക് സ്ഥലം മാറ്റവും നല്‍കി. 4 കരാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു. കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിലാണ് നടപടിയെ കുറിച്ച് അറിയിച്ചിരിക്കുന്നത്.
🔹നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പിള്ളി നഗറിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് പരിശോധന നടത്തുന്നു. കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും താഴേക്ക് എറിയുകയായിരുന്നു.
🔹പശ്ചിമബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പീഡന ആരോപണം. പ്രധാന മന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തിയിലെ രാജ്ഭവനിലെത്തുന്നതിന് തൊട്ടുമുമ്പാണ് പീഡന ആരോപണം ഉയര്‍ന്നുവന്നത്. അതേസമയം അനാവശ്യ ആരോപണങ്ങളില്‍ തളരില്ലെന്നും സത്യം ജയിക്കുമെന്നുമാണ് ഗവര്‍ണറുടെ പ്രതികരണം.
🔹സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി. ഡ്രൈവിംഗ് സ്കൂളുകൾ ടെസ്റ്റ് ബഹിഷ്കരിച്ചു. സർക്കുലർ പിൻവലിക്കും വരെ സമരമെന്ന് ഡ്രൈവിംഗ് സ്കൂളുകൾ അറിയിച്ചു.
🔹കൊല്ലത്ത് യുവാവിനെ ഹണിട്രാപിൽ പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി അടക്കം നാല് പ്രതികള്‍ പോലീസ് പിടിയിലായി. ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ജോസ്ഫിൻ്റെ നേതൃത്വത്തിൽ ആയിരുന്നു ഹണി ട്രാപ്പ്. ശക്തികുളങ്ങര സ്വദേശിയായ യുവാവിനെയാണ് ജോസ്ഫിന്റെ നേതൃത്വത്തിൽ തേൻകണിയിൽ പെടുത്തിയത്. 28 വയസ്സുള്ള ജോസ്ഫിൻ, ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നഹാബ്, ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ അപ്പു എന്ന് വിളിക്കുന്ന അരുണ്‍, പാരിപ്പള്ളി മീനമ്പലത്ത് എസ്.എന്‍ നിവാസില്‍ അരുൺ എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
🔹പാലക്കാട് കൂട്ടുപാതയിൽ റിട്ട. അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മന്നംപള്ളം ആശാരിത്തറയിൽ ശ്രീദേവിയമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 68 വയസായിരുന്നു. വർഷങ്ങളായി വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഇവരുടെ താമസം. മൃതദേഹത്തിന് നാല് ദിവസത്തിലേറെ പഴക്കമുണ്ടെന്ന് നിഗമനം.
🔹സഹപ്രവര്‍ത്തകനായ ആസാം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ പാണ്ടി ദുരൈ (29) എന്നയാളെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. വാകത്താനം ഭാഗത്ത് ഇരുവരും ജോലി ചെയ്തിരുന്ന കോണ്‍ക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ ഇതേ കമ്പനിയിലെ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ ലേമാന്‍ കിസ്‌ക് (19) എന്നയാളെ കമ്പനിയിലെ വേസ്റ്റ് കുഴിക്കുള്ളില്‍ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
🔹അങ്കമാലിയിൽ എംഡിഎംഎയുമായി ബസ് യാത്രക്കാരൻ പിടിയിൽ. 200 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അന്തർ സംസ്ഥാന ബസ്സിൽ നിന്നുമാണ് പിടികൂടിയത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി വിപിൻ ജോൺ ആണ് മയക്കുമരുന്നുമായി പൊലീസ് പിടിയിലായത്.
🔹ഭർത്താവിനും, ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്ക്ലോറി തട്ടി വീണ് അതേ ലോറി കയറി മരിച്ചു. ഭർത്താവും, മകനും നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിൻ്റെ ഭാര്യ സിജിയാണ് മരിച്ചത്. 38 വയസ്സായിരുന്നു. അത്താണി- പറവൂർ റോഡിൽ ചുങ്കം പെട്രോൾ ബങ്കിന് സമീപം വൈകിട്ടായിരുന്നു അപകടം. മൂവരും സിജിയുടെ കുന്നുകര ഐരൂരിലുള്ള വീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.
🔹അധ്യാപകനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊട്ടാരക്കര കലയപുരത്ത് റോഡ് വശത്ത് നിർത്തിയിട്ട കാറിൽ ആണ് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട അങ്ങാടിക്കൽ എസ് എൻ വി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ആർ.മണികണ്ഠനാണ് (51) മരിച്ചത് .അടൂർ പറക്കോട് സ്വദേശിയാണ് മണികണ്ഠൻ.കാറിൻ്റെ മുൻവശത്തെ ഇടതു സീറ്റിൽ ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
🔹ആവേശം അവസാന ഓവര്‍വരെ നീണ്ടുനിന്ന ഐപിഎല്ലിലെ ഇന്നലത്തെ മത്സരത്തില്‍ അവസാനത്തെ പന്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒരു റണ്ണിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 76 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഢിയുടെയും 58 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും മികവില്‍ 3 വിക്കറ്റിന് 201 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ രാജസ്ഥാന് ജോസ് ബട്ലറേയും സഞ്ജു സാംസണിനേയും ആദ്യ ഓവറില്‍ തന്നെ നഷ്ടപ്പെട്ടു. തുടര്‍ന്ന 67 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 77 റണ്‍സെടുത്ത റിയാന്‍ പരാഗും വിജയപ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിലെ അവസാന പന്തില്‍ ഒരു റണ്‍സകലെ രാജസ്ഥാന് വിജയം കൈവിടുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റെടുക്കുകയും അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിക്കുകയും അവസാന പന്തില്‍ വിക്കറ്റെടുക്കുകയും ചെയ്ത ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിന്റെ വിജയശില്‍പി.
🔹നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കു തുടക്കം. ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. സിനിമയിലെ നടിനടന്മാരും ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ബോക്സിങ് ആധാരമാക്കി ഒരുക്കുന്ന സ്പോര്‍ട്സ്‌കോമഡി സിനിമയാകുമിത്. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ്, തല്ലുമാല എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്സിന്റെ ബാനറില്‍ ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്നു. നസ്ലിന്‍ ഗഫൂര്‍, ഗണപതി, സന്ദീപ് പ്രദീപ്, ലുക്ക്മാന്‍ അവറാന്‍, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിശാന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.