ദൈവത്തിൽ ആശ്രയിക്കുന്നതിൽ ബലം (യെശ. 30:12-16)
“യിസ്രായേലിന്റെ പരിശുദ്ധ നായി യഹോവയായ കർത്താവു ഇപ്രകാരം അരുളി
ചെയ്യുന്നു: മന:ന്തിരിഞ്ഞ് അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം” (വാ.15).
ഒരു വൈമാനികനായി പരിശീലനം നേടുന്നയാൾ ആദ്യമായി ചെയ്യേണ്ടത്, തന്റെ മുമ്പിലുള്ള ഉപകരണങ്ങളെ ആശ്രയിക്കുവാൻ പഠിക്കുക എന്നതാണ്. അയാളുടെ ജന്മവാസനയോ, അന്ത:ക്കരണത്തിന്റെ പ്രേരണയോ എന്തു തന്നെ ആയിരുന്നാലും, ഉപകരണങ്ങളെ പൂർണ്ണമായി ആശ്രയിക്കുവാൻ തയ്യാറായെങ്കിൽ മാത്രമേ, വിമാനം അപകടരഹിതമായി പറപ്പിക്കാൻ അയാർക്കു കഴിയൂ. ഒരു പക്ഷെങ്കിൽ വിമാനം തെക്കോട്ടാണു പറക്കുന്നത് എന്ന് അയാൾക്കു തോന്നിയാലും, അതു കിഴക്കോട്ടാണു പറക്കുന്നത് എന്നാണു വടക്കുനോക്കി യന്ത്രം സൂചിപ്പിക്കുനതെങ്കിൽ, അതിലാണ് അയാൾ ആശ്രയിക്കേണ്ടത്. വിമാനം മൂടൽ മഞ്ഞിനാൽ ആവരണം ചെയ്യപ്പെടുകയും, ശക്തിയേറിയ കാറ്റടിക്കുകയും ചെയ്യുമ്പോൾ, അതു താഴേക്കു പോകുന്നു എന്ന് അയാൾക്കു തോന്നാം? ഒരു പക്ഷെ, ഉയരുവാനുളള സംവിധാനം ഉപയോഗിക്കുവാൻ അയാൾ പരീക്ഷിക്കപ്പെടാം? എന്നാൽ, വിമാനം ഒരേ ഉയരത്തിൽ പറക്കുകയാണെന്ന് ഉപകരണങ്ങൾ സൂചിപ്പിക്കുന്നുവെങ്കിൽ, അതാണയാൾ വിശ്വസിക്കേണ്ടത്, അതിനേയാണ് അയാൾ അനുസരികേണ്ടത്! മറിച്ചു പ്രവർത്തിച്ചാൽ, ഭവിഷ്യത്തു ഭയാനകമായിരിക്കും. ഉപകരണത്തെ വിശ്വസിക്കുന്നതിലൂടെയാണ്, അയാൾക്കു മാനസിക സ്വസ്ഥത (വിശ്രമം) ലഭിക്കുക.
വിശ്വാസ ജീവിതത്തിലും നമ്മുടെ സ്ഥിതി ഇതുപോലെ തന്നെയാണ് എന്നാണു ധ്യാന വാക്യം സൂചിപ്പിക്കുന്നത്! ഒരു വിമാനത്തിന്റെ പൈലറ്റ് തന്റെ മുമ്പിലുള്ള ഉപകരണങ്ങളെ വിശ്വസിക്കാനും ആശ്രയിക്കാനും പഠിക്കേണ്ടത് ആവശ്യമായിരിക്കുന്നതുപോലെ, നാമും ദൈവത്തിൽ വിശ്വസിക്കാനും ആശ്രയിക്കാനും പഠിക്കണം. നമ്മുടെ ബുദ്ധിക്കും കണക്കുകൂട്ടലുകൾക്കും വിരുദ്ധമായ കാര്യങ്ങൾ ചിലപ്പോൾ ജീവിതത്തിൽ സംഭവിക്കാം? അപ്പോഴും ദൈവത്തിന്റെ കൃപയിലും കരുതലിലും വിശ്വസിക്കാനും ആശ്രയിക്കാനും നമുക്കു കഴിയണം. അതിലൂടെയാണു നമുക്കു മാനസ്സിക പിരിമുറുക്കങ്ങളിൽ നിന്നും വിശ്രമം ലഭിക്കുന്നത്. കാരണം, ദൈവത്തിന്റെ നോട്ടത്തിൽ, നമ്മേ സംബന്ധിച്ചടത്തോളം, ശരിയായ പാത അതായിരിക്കും. “അവനെന്നെ കൊന്നാലും ഞാൻ അവനെ കാത്തിരിക്കും”(ഇയ്യോ. 13:15) എന്ന ഇയ്യോബിന്റെ മനോനിലയാണ്, ശരിയായവിശ്വാസ നിലപാട്! അങ്ങനെ നാം ചെയ്യുമ്പോഴാണു ദൈവത്തിൽ വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും ഉള്ള ബലം എന്തെന്നു അനുഭവിച്ചറിയാൻ നമുക്കാകുക. ഇയ്യോബിന്റെ ജീവിതാന്ത്യം അതാണു നമ്മെ പഠിപ്പിക്കുന്നത്! ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: യഹോവയിൽ ആശ്രയിക്കുകയും, യഹോവയെത്തന്നെ ആശ്രയമാക്കിക്കൊളളുകയും ചെയ്യുന്നവരാണു ഭാഗ്യമുള്ളവർ!