തുലാമാസത്തിലെ അമാവാസി ദിനം ദക്ഷിണേന്ത്യയിൽ ദീപാവലി എന്ന പേരിലും ഉത്തരേന്ത്യയിൽ “ദീപാലി” എന്ന പേരിലും ആഘോഷിക്കുന്നു. സൂര്യന്‍ തുലാ രാശിയിലെത്തുമ്പോള്‍ വിളക്ക് തെളിയിക്കുന്നത് ശ്രേഷ്ഠമാണെന്ന് പുരാണങ്ങളില്‍ പറയുന്നു. അതിൽ നിന്നുമാണ് ദീപാവലി ആഘോഷത്തിന്റെ തുടക്കം.
ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണ് ദീപാവലിയെന്നൊരു ഐതീഹ്യവും എന്നാൽ ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസം കഴിഞ്ഞു മടങ്ങി വന്നതിന്റെ സന്തോഷത്താൽ ജനങ്ങൾ ദീപാലങ്കാരങ്ങളോടെ അവരെ വരവേറ്റതിന്റെ ഓർമ്മ പുതുക്കലാണ് ദീപവലി എന്നതാണ് പ്രബലമായ ഐതീഹ്യം. കൂടാതെ മഹാലക്ഷ്മി അവതാര ദിവസം പാലാഴിയിൽ നിന്നും മഹാലക്ഷ്മി അവതരിക്കുകയും മഹാവിഷ്ണുവിനെ പതിയായി സ്വീകരിക്കുകയും ചെയ്ത ദിവസമാണ് എന്നും മറ്റൊരു ഐതീഹ്യവും ഉണ്ട് .ജൈനമത വിശ്വാസികൾ മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായി ആഘോഷിക്കുന്നു. ബംഗാളില്‍ പിതൃ ദിനമായാണ് ദീപാവലി അറിയപ്പെടുന്നത് .ഭൂമിയിലെത്തുന്ന പിതൃക്കള്‍ക്ക് ഇരുട്ടിൽ വഴികാട്ടാനായി വലിയ ദണ്ഡുകള്‍ ഉയര്‍ത്തിവെച്ച് അതിനു മുകളില്‍ ദീപം കത്തിച്ചുവെച്ചാണ് ആഘോഷിക്കുന്നത് .
ഉത്തരേന്ത്യയിൽ പൊതുവെ ദീപാവലി ആഘോഷം അഞ്ച് ദിവസം നീണ്ടു നിൽക്കുന്നു . എന്നാൽ ദക്ഷിണേന്ത്യയിൽ ഒരു ദിവസം മാത്രമാണ് ആഘോഷം. ഉത്തരേന്ത്യയിൽ ഈ അഞ്ച് നാളുകൾക്കും വിവിധ ഐതിഹ്യങ്ങളാണുള്ളത്. ധൻതേരസ് അഥവാ ധനത്രയോദശി എന്നാണ് ആദ്യദിനം അറിയപ്പെടുന്നത്.
ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. നരകാസുരനെ ശ്രീ കൃഷ്‌ണന് വധിച്ചതിന്റെ ഓർമ്മയാണ്. ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) അന്ന് മഹാ ലക്ഷ്മിയെയാണ് ആരാധിക്കുന്നത് .
ബലി പ്രതിപദ എന്ന പേരിലറിയപ്പെടുന്നമധുപാന മഹോത്സവമാണ് നാലാമത്തെ ദിനത്തെ മുഖ്യ ആഘോഷം. ധാന്യപ്പൊടിയോ ചാണകപ്പൊടിയോ ഉപയോഗിച്ച് മഹാബലിയുടെ രൂപമുണ്ടാക്കി അദ്ദേഹത്തിന്‍റെ രാജ്യം വീണ്ടും വരട്ടെയെന്ന് സ്ത്രീകള്‍ പ്രാര്‍ത്ഥിക്കുന്നതാണ് ഈ ആഘോഷത്തിലെ മുഖ്യ ചടങ്ങ്.ആ
രാജ്യം കേരളമാണ് എന്നത് എടുത്തു പറയേണ്ടതുണ്ട്. വലിയ ചന്ദ്രനെ വരുത്തല്‍ എന്ന ആചാരവും അന്നാണ് പൂജകള്‍ക്ക് ശേഷം മഹാബലി ചക്രവര്‍ത്തിയെ പാതാളത്തിലേക്ക് തിരിച്ചയക്കുന്ന ചടങ്ങുമുണ്ടാകും.ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ആഘോഷിക്കുന്നത്. മരണ ദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചു എന്നാണ് ഐതിഹ്യം.അത് കൊണ്ട് തന്നെ ഭായി ദൂജ് എന്ന് അറിയപ്പെടുന്ന അഞ്ചാം ദിവസം സഹോദരങ്ങളും സഹോദരിമാരും തമ്മിലുള്ള ബന്ധം സമുചിതമായി ആഘോഷിക്കുന്നു. ഇതിനു പുറമെ വാത്സ്യായനന്‍റെ കാമസൂത്രത്തില്‍ യക്ഷന്മാരുടെ രാത്രിയാണ് ദീപാവലി അതിനു മധുപാന മഹോത്സവം എന്ന് പറയുന്നു.
ദീപാവലി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആഘോഷിക്കുന്നുണ്ട്. ഇന്തോനേഷ്യ, ഫിജി,മൗറീഷ്യസ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ ഇന്ത്യയിലെ പോലെ തന്നെ ആഘോഷിക്കുമ്പോൾ മലേഷ്യയിൽ ഹരി ദീപാവലി എന്നാണ് അറിയപ്പെടുന്നത് ഇവിടെ ക്ഷേത്രങ്ങളിൽ പ്രാർത്ഥന നടത്തുകയും പടക്ക വിൽപന നിരോധിച്ചിരിക്കുന്നതിനാൽ മധുരപലഹാരങ്ങളും സമ്മാനങ്ങളും ആശംസകളും കൈമാറുക മാത്രമായി ചുരുങ്ങും. കൂടാതെ തായ്‌ലൻഡിൽ ലാം ക്രിയോങ് എന്ന ഉത്സവം തായ് കലണ്ടർ പ്രകാരം 12-ാം മാസത്തിലെ പൗർണ്ണമി ദിനത്തിൽ ദീപാവലി ആഘോഷങ്ങളുടേതിന് സമാനമാണ്. ഇതിൽ മിക്ക രാജ്യങ്ങളിലും ദീപാവലി അവധി ദിനം കൂടിയാണ് .
ഭരണാധികാരികൾ സംശയത്തിന് അതീതരാകണം, ത്യാഗ മനോഭാവമുള്ളവരാകണം, ജനഹിതം അനുസരിച്ചു പ്രവർത്തിക്കുന്നവരാകണം തുടങ്ങിയ കാര്യങ്ങളാണ് ശ്രീരാമന്റെ ജിവിതം നമുക്കു മുൻപിൽ വരച്ചു കാട്ടുന്നത്. സഹചാരികൾ ഏതു വിധത്തിൽ പെരുമാറണം എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ലക്ഷ്മണൻ .അധികാരം കൈയാളുന്നവരുടെ സഹധര്മിണികൾക്ക് സീത ദേവിയെ മാതൃകയാക്കാം. നിർഭാഗ്യവശാൽ ഇന്ന് അധികാര വർഗം ഒന്നടങ്കം അഴിമതിയുടെയും സ്വജന പക്ഷപാത ത്തിന്റെയും ആര്ഭാടങ്ങളുടെയും വക്താക്കളായി മാറുന്നു ചിലരുടെയെങ്കിലും ഭാര്യമാരുടെ പൊങ്ങച്ചവും അഹങ്കാരവും സംസ്‌കാരമില്ലായിമയും ഒക്കെ നാം ദിനം പ്രതി കണ്ടുകൊണ്ടിരിക്കുന്നു .
കസേരയും സിംഹാസനവും പരിമിതമായ സമയെത്തേക്കുപോലും വിട്ടു കൊടുക്കാൻ തയ്യാറാകാത്ത പുതു ഭരണ വർഗം രാമായണം വായിക്കാൻ അറിയില്ലെങ്കിൽ പരിഭാഷകൾ പുത്തൻ സാങ്കേതിക വിദ്യയിൽ അർഥം മനസിലാക്കി കേൾക്കുകയെങ്കിലും ചെയ്യുക .ഇന്നത്തെ എതെങ്കിലും ഒരു ഭരണാധികാരിക്ക് വനവാസം വിധിച്ചാൽ തിരിച്ചു വരരുതേ എന്നാകും ജനത്തിന്റെ പ്രാര്ത്ഥന. അവിടെയാണ് ശ്രീരാമൻറെ പ്രസക്തി. അതേ ശ്രീരാമന്റെ പേരിലും പരസ്പരം കലഹിക്കുന്നതും യുദ്ധമില്ലാത്ത ഭൂമിയെന്നർത്ഥം വരുന്ന അയോധ്യയുടെ ഇന്നത്തെ അവസ്ഥയും മാത്രം മതി വർത്തമാനകാല ഭരണ വർഗത്തെ തിരിച്ചറിയാൻ. ശ്രീരാമന് വേണ്ടി കാത്തിരുന്നത് നീണ്ട 14 വർഷങ്ങൾ ഒടുവിൽ ജനം സ്വീകരിച്ചതിന്റെ ഓര്മ പുതുക്കുമ്പോൾ പൊലും മധുര പലഹാരങ്ങൾ വിളമ്പുകയും ദീപാലംകൃതമായ രാത്രികളും ഒക്കെ നമ്മെ വല്ലാത്തൊരു ഗൃഹാതുരത്വത്തിലേക്ക് നയിക്കുന്നു.
മഹാ ബലിയുടെ ഉൾപ്പടെയുള്ള ഐതീഹ്യങ്ങളിൽ അധിഷ്ഠിതമായ ദീപാവലി ഇരുട്ടിൽ തെളിയുന്ന ഓരോ വെളിച്ചവും സമൃദ്ധിയുടേതാണെന്ന വിശ്വ മാനവിക സന്ദേശമാണ് നൽകുന്നത് .മാത്രമല്ല ഏതു കൂരിരുട്ടിനെയും വെളിച്ചം കൊണ്ട്
പ്രതിരോധിക്കാം എന്ന യുക്തിസഹമായ സന്ദേശം കൂടി ദീപാവലി മുൻപോട്ടു വെക്കുന്നു .
ദീപാവലി ആശംസകൾ…