ഞങ്ങൾ കോട്ടയത്തുനിന്നും കാസറഗോഡ് ജില്ലയിലെ ഒടയഞ്ചാലിൽ
വന്നതിന്റെ പിറ്റേവർഷമാണ് ആ ചരിത്രസംഭവം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. നിറയെ തെരുവപ്പുല്ലുകൾ വളർന്നുനിൽക്കുന്ന മലഞ്ചെരിവ് വെട്ടിത്തെളിച്ചു പൊനം വാളാനുള്ള ഒരുക്കത്തിലാണ് പപ്പ. എനിക്കന്ന് ആറുവയസ്. പറമ്പെല്ലാം ഒരുക്കിയിട്ടു. നെൽവിത്ത് ഉദയപുരത്ത് ഒരാളുടെയടൂത്ത് പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു. നാട്ടിൽ അല്ലറച്ചില്ലറ സംഘർഷാവസ്ഥകളും ജാഥകളും നടക്കുന്നുണ്ട്. അതിന്റെ ഫലമായി പോലീസുകാർ റോഡിലൂടെ നിരന്തരം സഞ്ചരിക്കുന്നുമുണ്ട്.
അന്നത്തെ ജോലിയും കഴിഞ്ഞു നാലുമണിയായപ്പോൾ വിത്തിനായി പപ്പ ഉദയപുരത്തേയ്ക്ക് പോയി. നാലഞ്ചു കിലോമീറ്റർ നടക്കാനുണ്ട്. ആറുമണിക്കുമുന്നേ തിരിയെ വരാമെന്ന ധാരണയിലാണ് പോകുന്നത്. രാവിലെ പോകാമെന്ന് വല്യമ്മച്ചിയും, മമ്മിയും പറഞ്ഞതാണ്. ഇപ്പോൾ പോയി കൊണ്ടുവന്നാൽ രാവിലെ തന്നെ വിതയുടെ ജോലികൾ തുടങ്ങാം. അതിനായി ജോലിക്കാരെയും ഏർപ്പാടാക്കി നിർത്തിയിട്ടുണ്ട്.
അവിടെച്ചെന്നപ്പോൾ ഉടമസ്ഥൻ എവിടെയോ പോയിരിക്കുന്നു. ഉടനെ വരുമെന്ന് അവിടുത്തെ ചേടത്തി പറഞ്ഞതിൻ പ്രകാരം പപ്പ കാത്തിരുന്നു. തിരിച്ചുപോയാൽ ഇത്രയും ദൂരം നടന്നുവന്നത് വെറുതെയാകും. നാളെ വന്ന് എടുക്കാമെന്ന് വെച്ചാൽ കിലോമീറ്ററുകളോളം നടക്കണം. അത് പിന്നെയും ബുദ്ധിമുട്ടാകുമല്ലോ. അതുകൊണ്ട് അവിടെയിരുന്നു വിത്തുമായി തിരിക്കുമ്പോൾ ഇരുട്ട് വീണു. പപ്പയുടെ, തലയിൽ വിത്തുചാക്കും, കയ്യിൽ അഞ്ചു ബാറ്ററിയുടെ ഒരു ടോർച്ചുമുണ്ട്.
ഏകദേശം പകുതി ദൂരം പിന്നിട്ടപ്പോൾ കുറ്റിക്കാട്ടിൽ നിന്നും ഒരു സംഘം പപ്പയുടെ മേൽ ചാടിവീണു. വിത്തു ചാക്കും, ടോർച്ചും ആ അപ്രതീക്ഷിത ആക്രമണത്തിൽ വഴിയിൽ വീണു. അവർ പപ്പയെ ഇരുട്ടിൽ എങ്ങോട്ടോ നടത്തിക്കുകയാണ്. പപ്പയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഏതവസ്ഥയിലും സമചിത്തത കൈവിടാതെ ചിരിക്കാനുള്ള കഴിവ്.
ആ സ്വതസിദ്ധമായ ശൈലിയിൽ പപ്പ അവരോട് പറയുന്നുണ്ട്. ‘ഞാൻ നിങ്ങളുദ്ദേശിക്കുന്ന ആളല്ല, നിങ്ങളെന്തിനാ എന്നെ പിടിച്ചോണ്ടു പോകുന്നേ എന്ന്?’
അവരിലൊരാൾ മിണ്ടരുത് എന്ന് പറഞ്ഞു. അല്പദൂരം നടന്നപ്പോൾ എതിരെ ടോർച്ചുമായി ഒരു മനുഷ്യൻ വരുന്നു. അയാൾ അടുത്തു വന്നു പപ്പയുടെ മുഖത്തേയ്ക്ക് ടോർച്ചടിച്ചു നോക്കി.
“യ്യോ..ഇത് നമ്മുടെ തോമസേട്ടനല്ലേ. ഈ ചേട്ടനെ നിങ്ങളെന്തിനാ പിടിച്ചത്” എന്ന് അവരോട് ചോദിച്ചു.
അവർ പിടി വിട്ടു. “രാഘവേട്ടൻ ഇയാളെ അറിയുമോ?.”
“അറിയും.” എന്ന് അയാൾ മറുപടി പറഞ്ഞു. അപ്പോഴേയ്ക്കും വഴിയിൽ വീണുപോയ വിത്തു ചാക്കും, ടോർച്ചും ആരോ എടുത്തുകൊണ്ടു വന്നു.
ചേട്ടൻ പോകുന്ന വഴിയിൽ ഇനിയും ആളുകൾ ഉണ്ട്. ഞാൻ ചേട്ടനെ വീട്ടിൽ കൊണ്ടാക്കാം എന്നും പറഞ്ഞു പപ്പയെ വീട്ടിൽ കൊണ്ടുവന്നുവിട്ടു തിരിച്ചു പോകാൻ നേരം അയാൾ പറഞ്ഞു.
“ഇനി ഇങ്ങനെ രാത്രി ഇറങ്ങി നടക്കരുത്, ഇന്ന് ഞാൻ കണ്ടത് കൊണ്ട് നിങ്ങൾ ജീവനോടെയിരിക്കുന്നു.”
അയാൾ പോയി. വല്യമ്മച്ചി കരച്ചിലോടെ പപ്പയ്ക്കിട്ടു ഒരു അടി കൊടുത്തു. കാരണം അത്രമാത്രം വേവലാതിയോടെ മമ്മിയും, വല്യമ്മച്ചിയും കൂടെ ഞാനും പപ്പയെ കാത്തിരിക്കുകയായിരുന്നു. പപ്പ എല്ലാവരോടും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു. പലരും നിത്യവും വീട്ടിൽ വന്നിരുന്നു വർത്തമാനം പറഞ്ഞും, കാപ്പി കുടിച്ചും പിരിയാറുണ്ട്.
ഞങ്ങളുടെ വീടിനുമുന്നിലെ റോഡ് വലിയൊരു കയറ്റമാണ്. ചെമ്മൺ പാതയായതുകൊണ്ട് അന്നത്തെ പ്രധാന വാഹനമായ ജീപ്പുകളും ലോറികളും മറ്റും കയറ്റം കയറുകയില്ല. അന്ന് മെയിസുപൊടിയും മറ്റും കൊണ്ടുപോകുന്ന ജീപ്പുകൾ കയാറ്റംകയാറാതെ വരുമ്പോൾ വീട്ടിലെ ചായ്പ്പിൽ ചാക്കുകൾ ഇറക്കിവെച്ചിട്ട് പിന്നീടാണ് വന്ന് എടുത്തുകൊണ്ടുപോകുക. അങ്ങനെ പരിചയത്തിലായതാണ് മേൽപ്പറഞ്ഞ രാഘവനെ.
അന്നവിടെ ഒരു ഒരു വാർത്ത പരന്നിരുന്നു. നക്സലുകൾ കോടോം പാറയിലെ കുറ്റിക്കാടുകളിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന്. അതിനാണ് കൂടുതലും പൊലീസുകാർ റോന്തുചുറ്റുന്നത്. രാത്രികളിൽ ഇടയ്ക്കിടെ നിലവിളികളും, ആക്രോശങ്ങളും, ജാഥയും, പോലീസിന്റെ ബൂട്ടിന്റെ ശബ്ദവും, ആളുകൾ ഓടുന്ന ശബ്ദവും ഒക്കെക്കൂടി ഒരുതരം ഭീകരാന്തരീക്ഷം ആയിരുന്നു അന്ന് അവിടെ നിലനിന്നിരുന്നത്. ഒരു ആറു വയസ്സുകാരിക്കു ഇതിന്റെയൊക്കെ ഗൗരവം മനസ്സിലാകാൻ പിന്നെയും കാലങ്ങൾ എടുത്തു.
അന്നൊരിക്കൽ നല്ല മഴയുള്ള ഒരു രാത്രി ഒരു സ്ത്രീയും പുരുഷനും വീട്ടിലേയ്ക്ക് കയറിവന്നു. രാത്രി അവർക്ക് താമസിക്കാൻ ഇടം കിട്ടുമോ എന്നറിയാൻ കയറിയതാണ്. ഭാര്യയും ഭർത്താവുമാണെന്നാണ് പരിചയപ്പെടുത്തിയത്. സ്ത്രീക്ക് നല്ല തടിയുണ്ട്. ഒരു കൈലിയും ഷർട്ടുമാണ് സ്ത്രീയുടെയും വേഷമെന്നാണ് ഓർമ്മ. മുടി ഉച്ചിയിൽ കൊണ്ടകെട്ടി വെച്ചിട്ടുണ്ട്.
അവർ ഉദയപുരത്ത് ഒരു ബന്ധുവിന്റെ വീട്ടിൽ പോകുകയാണ്. രാത്രി സഞ്ചരിക്കുന്നത് അപകടമായതുകൊണ്ട് അവരെ ഒഴിവാക്കി വിടുന്നത് ശരിയല്ലല്ലോ എന്നൊരു സഹാനുഭൂതി പപ്പയ്ക്കുണ്ടായി. അങ്ങനെ ഉള്ളതിൽ ഒരു പങ്കു ഭക്ഷണവും കൊടുത്തു അവരെ ചായ്പ്പിൽ ഇരുത്തി. ആകാംക്ഷ പെരുത്ത ഞാനും അനിയത്തിമാരും അവരറിയാതെ അവരെ നിരീക്ഷിക്കാൻ തുടങ്ങി. അവർ തമ്മിൽ എന്തോ ചിലത് മാത്രം രഹസ്യമായി പറയുന്നതല്ലാതെ പപ്പയോടുപോലും ഒന്നും സംസാരിക്കുന്നില്ല.
ആ ചായ്പ്പിൽ ഒരു കട്ടിലുണ്ട്. വിരുന്നുകാർ വരുമ്പോൾ കിടക്കാൻ കൊടുക്കുന്ന പായയും തലയിണയും പുതപ്പുമൊക്കെ അവർക്ക് കൊടുത്തു. അപ്പോളും അവർ കുശുകുശുക്കുന്നുണ്ട്. പുരുഷൻ ബീഡി വലിക്കുന്നുമുണ്ട്. ബീഡി പാതിയായപ്പോൾ സ്ത്രീക്ക് കൈമാറി. അവരതുമായി ചായ്പ്പിന്റെ മുന്നിലേക്ക് പോകുന്നത് കണ്ടു ഞങ്ങൾ ചായ്പ്പിന്റെ വരാന്തയിൽ ചെന്നു നോക്കി. മൂത്രമൊഴിക്കാനാണെങ്കിൽ എതിർവശത്തേയ്ക്കാണ് പോകേണ്ടത്. ഇത് ചായ്പ്പിന്റെ മുൻവശത്തുള്ള ഇറമ്പടിയിലേയ്ക്കാണ് പോയത്. അവിടെയാണെങ്കിൽ വീട്ടിലേയ്ക്ക് കയറുന്ന വഴിയും. അപ്പോൾ മൂത്രമൊഴിക്കാനല്ല. കുട്ടിത്തത്തിന്റെ കൗതുകവും കൂടിയായപ്പോൾ ആ ഒളിഞ്ഞുനോട്ടം നല്ലതോ ചീത്തയോ എന്നുപോലും ഞങ്ങൾ ചിന്തിച്ചില്ല.
അവർ പുറംതിരിഞ്ഞുനിന്നു ബീഡി വലിക്കുന്നു. സ്ത്രീകൾ ബീഡി വലിക്കുകയോ!. അവർ ഞങ്ങളെക്കണ്ടു വെറുതെ ഒന്ന് നോക്കിയതല്ലാതെ ബീഡി മറയ്ക്കാനൊന്നും ശ്രമിച്ചില്ല.
അതേ ദൃഢഭാവത്തോടെ വലി തുടർന്നു. ഇക്കാര്യം വല്യമ്മച്ചിയോട് പറഞ്ഞപ്പോൾ നല്ല വഴക്കാണ് കിട്ടിയത്. “ഇനി മേലിൽ ആരേയും ഒളിഞ്ഞു നോക്കുകയോ ആരുടെയും സ്വകാര്യതയിൽ ഇടപെടുകയോ ചെയ്യരുതെന്ന് “താക്കീതും നൽകി.
ചായ്പ്പും വീടുമായി ഒരു ഇറമ്പിന്റെ ദൂരമുണ്ട്. പുലർച്ചെ എപ്പോളാണ് പോയതെന്നോ അവർ ശരിക്കും ഭാര്യാഭർത്താക്കന്മാരായിരുന്നെന്നോ ബന്ധുവീട്ടിൽ വന്നതാണോ എന്നൊക്കെ സംശയം ഉണ്ടായെങ്കിലും അക്കാര്യമൊന്നും ആരോടും പറയരുതെന്നും പറഞ്ഞാൽ പോലീസ് പപ്പയെ പിടിച്ചുകൊണ്ടുപോകുമെന്നും വെല്ലിമ്മച്ചി മുന്നറിയിപ്പുനൽകി.
വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക കളിച്ചു നടക്കുക എന്നല്ലാതെ ദാരിദ്ര്യം ഉണ്ടെന്നറിഞ്ഞത് നിത്യവും വിശപ്പടക്കാൻ കിട്ടുന്ന ഗോതമ്പുദോശ, ഗോതമ്പട, തുടങ്ങിയവയിൽ നിന്നും പിന്നെ വിവിധയിനം
മരച്ചീനി വിഭവങ്ങൾ. കപ്പപുട്ട്, വാട്ട് കപ്പ തിളപ്പിച്ചത്, കപ്പ വാട്ടാതെ വെയിലത്തുണക്കി പൊടിച്ചു പുഴുങ്ങിയത്, കുറുക്കിയത് എന്നിവ കഴിച്ചു മടുക്കുമ്പോൾ കുറച്ചു അരിപ്പാലഹാരം ഉണ്ടാക്കിത്താ എന്നും പറഞ്ഞു അടുക്കളയിൽ ചെന്നു ശല്യം ചെയ്യും. , ഇതെങ്കിലും കിട്ടുന്നതിന് ദൈവത്തിന് നന്ദി പറയ് എന്ന് മമ്മി പറയുന്നത് വകവയ്ക്കാതെ ശല്യപ്പെടുത്തുമ്പോൾ എടുത്തു വീശുന്ന തവിക്കണയുടെ ചൂടിൽ നിന്നുമായിരുന്നു. കൂടാതെ വിദേശങ്ങളിൽ നിന്നും ക്രിസ്ത്യൻ മിഷനറിമാർ ശേഖരിച്ചു ഇടവക പള്ളികളിലേയ്ക്കയക്കുന്ന വസ്ത്രങ്ങൾക്ക് വേണ്ടി പള്ളിമേടയ്ക്കു മുന്നിൽ കൈ നീട്ടി നിന്നു ഒട്ടും പാകമാകാത്ത ഫ്രോക്കുകളും മറ്റും ഇട്ടു നടക്കുമ്പോളും അതൊക്കെ ഒരു തരം കൗതുകമായിരുന്നു. ചരിത്രത്തിൽ ഇടം പിടിച്ച കറുത്ത അദ്ധ്യായത്തിലെ പ്രശസ്തനായ പോലീസ് ഓഫീസർ പുലിക്കോടൻ നാരായണൻ വിവാഹം കഴിച്ചത് സഹപാഠിയുടെ ചേച്ചിയെയാണ്. അദ്ദേഹത്തിന്റെ മരുമകനും ക്ലാസ്സിൽ എന്നോടൊപ്പം ഉണ്ടായിരുന്നു. ഇതൊന്നും കൂടാതെ രസകരമായ പല അനുഭവങ്ങളും അന്നുണ്ടായിട്ടുണ്ട്.
അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഉള്ള അനുഭവകഥ നന്നായിട്ടുണ്ട്
ആഹാ.. എന്തെല്ലാം അനുഭവങ്ങൾ. കുറ്റമല്ല ഒരു കഥാകാരിയായത്!

എന്നാലും ആ ആറുവയസ്സുകാരി കടന്നുവന്ന ജീവിതവഴികൾ ഉള്ളു പൊള്ളിച്ചു. ഡോളിയുടെ അപ്പനെയും മമ്മിയെയും, വല്യമ്മച്ചിയേയും മുന്നിൽ കാണുന്നപോലെ
അടിയന്തരാവസ്ഥയിലെ അനുഭവങ്ങൾ ഒരു ആറുവയസ്സുകാരിയുടെ ഓർമ്മക്കുറിപ്പിന്റെ രൂപത്തിൽ,വളരെ ഹൃദയസ്പർശിയായി
അവതരിപ്പിച്ചിരിക്കുന്നു.
കോട്ടയംജില്ലയിൽനിന്ന് വിദൂരമായ മറ്റൊരു
ജില്ലയിലേക്കുള്ള കൂടുമാറ്റംഉൾപ്പെടെയുള്ള-
വിവരങ്ങളുടെ വാങ്മയചിത്രങ്ങൾ ഗംഭീരം!
ഈ അനുഭവം എവിടെയോ വായിച്ച ഓർമ്മ