Saturday, November 23, 2024
Homeഅമേരിക്ക" തിളക്കം കുറയാത്ത താരങ്ങൾ " (4) മധു.

” തിളക്കം കുറയാത്ത താരങ്ങൾ ” (4) മധു.

സുരേഷ് തെക്കീട്ടിൽ

മലയാളത്തിൻ്റെ മധു.. മലയാളികളുടേയും.
———————————————————

മലയാള സിനിമയിലെ ഒരു കാലമാണ് മധു . ഒരാൾക്കും നിഷേധിക്കാനാകാത്ത സത്യം .മലയാളി സിനിമ ഒരു പ്രധാന വിനോദ ഉപാധിയായി ഹൃദയത്തിൽ സ്വീകരിച്ചതുമുതൽ കണ്ടു തുടങ്ങിയതാണീ മുഖം എന്നോ അക്കാലം മുതൽ അവരുടെ മനസ്സിൽ മധുവിൻ്റെ രൂപവും ഭാവവും ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്നോ പറഞ്ഞാലതിൽ ഒട്ടും അതിശയോക്തിയില്ല.

മലയാള സിനിമയെ അടക്കി ഭരിച്ച ആദ്യ തലമുറയിലെ അഭിനേതാക്കളുടെ കൂടെ മധുവിന്റെ യുവത്വമുണ്ട് .മലയാള സിനിമ കടന്നുവന്ന വഴികളിലൊക്കെ ഈ നടൻ്റെ സജീവ സാന്നിധ്യവും അഭിനയ മുഹൂർത്തങ്ങളുമുണ്ട്.

സത്യൻ,മധു – നസീർ , മധു തുടങ്ങി ഓരോ കാലഘട്ടത്തിലും ആസ്വാദകരെ സ്വാധീനിച്ച നായകൻമാരുടെ പേരുകൾ പറയുമ്പോൾ ഓർക്കുക ഓരോ കാലത്തും ഏറ്റവും പ്രശസ്തർക്കൊപ്പം തുല്യതയോടെ തന്നെയാണ് മധു പരിഗണിക്കപ്പെട്ടത്. പിന്നീടത് മധു , ജയൻ – മധു സോമൻ -മധു ,സുകുമാരൻ – മധു, മമ്മുട്ടി – മധു , മോഹൻലാൽ എന്നിങ്ങനെ നീണ്ടു. അതിനിടയിൽ വിൻസെൻ്റും, സുധീറും, രാഘവനും, ജോസും, രവികുമാറും, മോഹനും,രതീഷും ശങ്കറുമെല്ലാം വന്നു പോയി. വേറിട്ട ശൈലികളിൽ അഭിനയക്കരുത്തുമായി നെടുമുടിയും മുരളിയുമെത്തി. പുതുതലമുറയിൽ നായകൻമാർ ഒരുപാടെത്തി .മധു അപ്പോഴും അനിഷേധ്യനായി തന്നെ തുടർന്നു.

മധുവിലെ നടനെ ഇഷ്ടപ്പെടുന്നവരും മധുവിലെ അഭിനേതാവിനെ അത്ര തന്നെ ഇഷ്ടപ്പെടാത്തവരും ഉണ്ടായേക്കാം. അല്ലെങ്കിൽ ഓരോ കാലഘട്ടത്തിലും മധുവിനേക്കാൾ അന്ന് സജീവമായ മറ്റു നായകരെ അല്പം കൂടുതൽ സ്നേഹിച്ചിരുന്നവർ ഉണ്ടായിരിക്കാം. ഇല്ലെന്നല്ല. തിരിച്ച് എല്ലാ കാലത്തും ഏതു നായകന്മാരെക്കാളും മധു മുന്നിലെന്ന് കരുതിയവരും ഉണ്ടാകും. അതൊക്കെ സ്വാഭാവികം. എന്നാൽ മധു എന്ന താരത്തെ, മധു എന്ന അഭിനയ ശേഷിയുള്ള നടനെ മാറ്റി നിർത്തിക്കൊണ്ട് മലയാള സിനിമയ്ക്ക് ഒരു ചരിത്രം ഇല്ല എന്നത് ആരും നിഷേധിക്കില്ല.

1933 സെപ്തംബർ 23ന് തിരുവനന്തപുരം ഗൗരീശപട്ടണത്താണ് മാധവൻ നായർ എന്ന മധുവിൻ്റെ ജനനം. തിരുവനന്തപുരം മേയർ ആയിരുന്ന പരമേശ്വരൻ പിള്ളയാണ് പിതാവ്.തങ്കമ്മ പിള്ളയാണ് മാതാവ്. ബിരുദാനന്തര ബിരുദം നേടി നാഗർകോയിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായിരിക്കേയാണ് അഭിനയരംഗത്തേക്ക് വരുന്നത്. സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി സിനിമയിലൂടെയാണ് അരങ്ങേറ്റം. ആദ്യം അഭിനയിച്ച മലയാള ചിത്രം രാമു കാര്യാട്ട് സംവിധാനം ചെയ്ത മൂടുപടം ആയിരുന്നെങ്കിലും റിലീസ് ചെയ്ത ആദ്യ ചിത്രം എം.എൻ പിഷാരടിയുടെ സംവിധാനത്തിൽ വന്ന നിണമണിഞ്ഞ കാൽപ്പാടുകൾ ആയിരുന്നു. നസീർ നായക വേഷമിട്ട ആ ചിത്രത്തിൽ നസീറിനോളം തന്നെ മധുവും ശ്രദ്ധിക്കപ്പെട്ടു.

നായകനായി തിരക്കിൽ നിൽക്കുമ്പോൾ തന്നെ മധു സംവിധാന രംഗത്തേക്കും തിരിഞ്ഞു. ആദ്യം സംവിധാനം ചെയ്ത് ചിത്രം ‘പ്രിയ’ 1970 ൽ പുറത്തുവന്നു.പിന്നീട് ഒരു ഡസനിലധികം ചിത്രങ്ങൾ . അതോടൊപ്പം തന്നെ സിനിമകൾ നിർമ്മിക്കുകയും ചെയ്തു. .മലയാള സിനിമാ നായകൻമാർക്കിടക്ക് സംവിധായകനും, നിർമാതാവും സ്റ്റുഡിയോ ഉടമയുമായൊക്കെ തിളങ്ങി നിന്ന ചരിത്രം മധുവിന് സ്വന്തം.

ആദ്യ കാലഘട്ടത്തിൽ ചെയ്തതിൽനിന്നും വ്യത്യസ്തമായ വേഷങ്ങളിലേക്ക് പിന്നീട് മധുമാറി. ഓരോ നായകന്മാർ മാറിമാറി വന്നപ്പോഴും മധുവിന്റെ പ്രാധാന്യം ഒട്ടുംകുറഞ്ഞതുമില്ല . ആർക്കൊപ്പം അഭിനയിക്കുമ്പോഴും മധുവിന്റെ വ്യക്തിത്വം, ശൈലി എല്ലാം വേറിട്ടുതന്നെ നിന്നു.എന്നും അനാവശ്യ വിവാദങ്ങളിൽ നിന്നൊഴിഞ്ഞു നിന്ന മധുവിൻ്റെ മേൽ കരിനിഴൽ വീഴ്ത്തിയ ഒരു ആരോപണമൊരിക്കൽ ഉയർന്നു വന്നു. മലയാളത്തിൻ്റെ പ്രിയതാരം അഗ്നിശുദ്ധി വരുത്തി പുറത്തു വരുന്നതും പിന്നീട് കണ്ടു. കൊലപാതകം എന്ന ആരോപണം മധുവിൻ്റെ മേൽ ഉന്നയിക്കാൻ മടി കാണിക്കാത്തവർ പിന്നീട് മാളത്തിലൊളിച്ചു.
ആരും തകർന്നു പോകുന്ന ജീവിതത്തിലെ ആ വിഷമ ഘട്ടത്തെപ്പോലും മധു സമചിത്തതയോടെയാണ് നേരിട്ടത് എന്ന് വായിച്ചതോർക്കുന്നു.

കുടുംബ ജീവിതവും സിനിമാ ജീവിതവും മധുവിന് ഒരേ പോലെ പ്രിയമായിരുന്നു.
എന്നാലോ രണ്ടും രണ്ടുമായിരുന്നു. വ്യത്യസ്ത മേഖലകളിൽ മധു വെട്ടിത്തിളങ്ങുമ്പോഴും കുടുംബിനിയായി മാത്രം ഒതുങ്ങിക്കഴിഞ്ഞ അദ്ദേഹത്തിൻ്റെ ഭാര്യ ജയലക്ഷ്മി 2014ൽ അന്തരിച്ചു .

മകൾ ഉമയുടെ വിവാഹം സഹപ്രവർത്തകരെ മധു ക്ഷണിച്ചത് പോലും തീർത്തും വ്യത്യസ്തമായിട്ടായിരുന്നത്രേ.

“എൻ്റെ മകൾ ഉമ വിവാഹിതയാവുകയാണ്. അനുഗ്രഹം ഉണ്ടാവണം. സാന്നിദ്ധ്യം
ഉണ്ടാകരുത് ” എന്നായിരുന്നത്രേ ക്ഷണം .

എൻ്റെ മോളെ എനിക്ക് സമാധാനമായി കൈ പിടിച്ചു കൊടുക്കണം. താരങ്ങൾ വന്നാൽ താരങ്ങളെ കാണാൻ ജനം കൂടും. ആകെ ബഹളമാകും എന്നായിരുന്നു ആ ക്ഷണത്തിനു പിന്നിലെ ന്യായീകരണം.

മധു സിനിമയിൽ നായകനായി തിളങ്ങാൻ തുടങ്ങി പതിറ്റാണ്ടുകൾ പിന്നിട്ടശേഷമാണ് മധുവിൻ്റെ മകൾ ഉമ പ്രേംനസീറെന്ന നിത്യവിസ്മയ താരത്തെ നേരിട്ടു കാണുന്നതത്രേ. ശ്രീ. ഭാനുപ്രകാശ് മധുവും ,ഉമയുമായി നടത്തിയ അഭിമുഖം കഴിഞ്ഞയാഴ്ച മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നിരുന്നു. പടയോട്ടം സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ആ കൂടിക്കാഴ്ച എന്നും ഇതെൻ്റെ ഏക സന്താനം എന്ന് മധു പരിചയപ്പെടുത്തിയ സമയം അന്ന് കുട്ടിയായിരുന്ന തന്നെ കണ്ട് നസീർ എണീറ്റു നിന്നു എന്നും അത്ഭുതത്തോടെ ഉമ പറയുന്നത് അവിടെ വായിക്കാം.
(അറിയണം നാം മലയാളത്തിലെ എക്കാലത്തേയും നിത്യഹരിത നായകൻ പ്രേംനസീർ എന്ന മഹദ് വ്യക്തിയുടെ എളിമയും സ്വഭാവസവിശേഷതയും )

നസീർ മരണപ്പെട്ടപ്പോൾ കാണാൻ പോയില്ല മധു. തൻ്റെ മനസ്സിൽ നസീർ ജീവനോടെ നിൽക്കുന്നുവെന്നും അല്ലാത്ത ഒരു നസീറിനെ തനിക്ക് കാണാനാവില്ല എന്നുമായിരുന്നു മധുവിൻ്റെ നിലപാട്.

ജയൻ്റെ മരണത്തിലും തീവ്രമായ വേദന കടിച്ചമർത്തി പിന്നീട് മധു പ്രതികരിച്ചു “അവൻ ഭാഗ്യവാൻ. അവനെന്നും ചെറുപ്പമായിരിക്കും.”
ജയൻ്റെ അവസാന ചിത്രമായ കോളിളക്കത്തിൽ ജയൻ്റെ പിതാവിൻ്റെ വേഷത്തിലായിരുന്നു മധു .

ഒരു അഭിമുഖത്തിൽ സത്യനോടും നസീറിനോടും അക്കാലത്ത് താങ്കൾക്ക് മത്സരമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് മധു പറഞ്ഞ മറുപടി തിരക്ക് കാരണം അവരെ കിട്ടാതെ വരുമ്പോഴാണ് തനിക്ക് അവസരം കിട്ടുന്നത് പിന്നെ ഞാനെന്തിന് അവരോട് മത്സരിക്കണം എന്നായിരുന്നു . ഈയടുത്ത് കാലത്ത് സിനിമയിൽ സജീവമാകാത്തതിനു കാരണവും മധു രസകരമായി പറഞ്ഞുവെച്ചു.
മിക്ക സിനിമകളിലും കൊല്ലപ്പെടുന്ന അപ്പൻ വേഷം. ഞാൻ മരിച്ചിട്ടു വേണം മക്കളായി വേഷമിടുന്ന മമ്മുട്ടിക്കോ, മോഹൻലാലിനോ എന്നെ കൊന്നവരോട് പ്രതികാരം തീർക്കാൻ.

മധു വെളളിത്തിരയിൽ അവിസ്മരണീയമാക്കിയ എത്രയെത്ര കഥാപാത്രങ്ങൾ. ജഡ്ജിയായും, പ്രൊഫസറായും, കേണലായും, പോലീസ് ഓഫീസറായും, ഗുണ്ടയായും ഡോക്ടറായും, ധിക്കാരിയായും, എത്രയെത്ര ഭാവപ്പകർച്ചകൾ.

ഭാർഗവീ നിലയം, തീക്കടൽ, സ്വയംവരം, വിത്തുകൾ, എനിക്ക് ഞാൻ സ്വന്തം , നഖങ്ങൾ ,സിന്ദൂരച്ചെപ്പ് ,ചെമ്മീൻ, ജീവിതം, കർത്തവ്യം, ആയുധം,
ഓളവും തീരവും, ഇതാ ഒരു മനുഷ്യൻ,മീൻ, ചമ്പക്കുളം തച്ചൻ തുടങ്ങി അഭിനയമികവ് കൃത്യമായി രേഖപ്പെടുത്തപ്പെട്ട നാനൂറോളം ചിത്രങ്ങൾ തകഴിയുടെ ചെമ്മീനിലെപരീക്കുട്ടി, ഉറൂബിൻ്റെ ഉമ്മാച്ചുവിലെ മായിൻ തുടങ്ങി ഒരു കാലത്തും മറക്കാൻ കഴിയാത്ത വിധം പൂർണത പകർന്ന് അനശ്വരമാക്കിയ ഒട്ടേറെ കഥാപാത്രങ്ങൾ. തുലാഭാരത്തിലെ “തൊട്ടു തൊട്ടില്ല, തൊട്ടു തൊട്ടില്ല മൊട്ടിട്ടുവല്ലോ മേലാകെ ” ചെമ്മീനിലെ ” മാനസ മൈനേ വരൂ, മധുരം നുള്ളിത്തരൂ” തുടങ്ങി മധുപാടി അഭിനയിക്കുന്നതായി നാം മനസ്സിൽ കൊണ്ടു നടക്കുന്ന എത്രയെത്ര പാട്ടുകൾ. ഹൃദയം ഒരു ക്ഷേത്രത്തിലെ “മംഗളം നേരുന്നു മനസ്വിനി മംഗളം നേരുന്നു ഞാൻ അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ പിരിഞ്ഞു പോയി നീയെങ്കിലും ….” തുടങ്ങി മധുവിൻ്റെ രൂപത്തിലും ഭാവത്തിലും നമ്മുടെ ഉള്ളിൽ പതിഞ്ഞ എത്രയോ മധുര ഗാനങ്ങൾ.

ദേശീയ തലത്തിൽ ആദ്യമായി രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ മലയാള സിനിമ മധു പ്രധാന വേഷം ചെയ്ത ചെമ്മീൻ ആയിരുന്നു .1965 ലാണ് ഈ മികച്ച നേട്ടം മലയാള സിനിമയ്ക്കുണ്ടായത്.

91 വയസ്സ് പിന്നിട്ട മലയാള സിനിമയിലെ ഈ മഹാനടനെ കുറിച്ച് സംവിധായകൻ, സ്റ്റുഡിയോ ഉടമ , നിർമ്മാതാവ് തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ മധു എന്ന പ്രതിഭയെ കുറിച്ച് എത്രയോ പേർ എഴുതി. മധുവിനെ കണ്ടുവളർന്ന തലമുറ, മധു പകർന്നാടിയ വേഷങ്ങൾ കണ്ടു വളർന്ന തലമുറ ആ തലമുറകൾ ഒക്കെ വഴി മാറിയപ്പോഴും പുതിയ തലമുറയിലേക്കും മധു സ്വീകാര്യനായി തുടരുന്നു. മലയാള സിനിമയിൽ ആദ്യ ഫിലിം ഫെയർ അവാർഡ് നേടിയ നടൻ എന്ന ഖ്യാതിയും മധുവിന് സ്വന്തം .1972 ൽ സ്വയംവരം എന്ന ചിത്രത്തിലുടെയാണ് മധു ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത്.2004 ൽകെ.സി ഡാനിയൽ പുരസ്കാരം നൽകി സംസ്ഥാന സർക്കാരും 2013 പത്മശ്രീ നൽകി രാജ്യവും മധുവിനെ ആദരിച്ചു.

വളരെ രസകരമായി തമാശകൾ പറയുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് മധു എന്നതിന് അദ്ദേഹത്തിൻ്റേതായി നാം കാണുന്ന അഭിമുഖങ്ങൾ തെളിവായി നിൽക്കുന്നു. നിറകുടം തുളുമ്പില്ല എന്ന വലിയ യാഥാർത്ഥ്യം അദ്ദേഹത്തിൻ്റെ സംസാരരീതികൾ ഓർമ്മിപ്പിക്കുന്നു.മലയാള സിനിമാ തറവാട്ടിലെ കളങ്കമില്ലാത്ത കാരണവർക്ക്, കാതലുള്ള ആ അഭിനയ ശൈലിക്ക് ,തലയെടുപ്പിന് ,നിറഗാംഭീര്യത്തിന് എന്നും മലയാളികളുടെ മനസ്സിൽ വലിയസ്ഥാനമുണ്ട്. സ്വീകാര്യതയുണ്ട്. അർഹതയ്ക്കുള്ള അംഗീകാരം പോലെ പൊതുസമൂഹം അദ്ദേഹത്തെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു. ഒരു കാലത്തിനും മാറ്റിയെഴുതാൻ കഴിയില്ല ആ സ്ഥാനവും സ്വീകാര്യതയും.

സുരേഷ് തെക്കീട്ടിൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments