സംസ്ഥാനത്ത് നിപ്പ നിയന്ത്രണവിധേയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതുവരെയുള്ള പരിശോധന ഫലങ്ങള്‍ എല്ലാം നെഗറ്റീവാണ്. നിപ്പ വൈറസ് വ്യാപനം നടക്കുന്ന മെയ് മുതല്‍ സെപ്റ്റംബർ വരെയുള്ള കാലയളവില്‍ പ്രത്യേക ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്.
പ്രകൃതിയില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കും. എംപോക്സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും വീണാ ജോർജ് ഇടുക്കിയില്‍ പറഞ്ഞു.
പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 267 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്‌ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്‌ട് പട്ടികയിലുമാണ്.
പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.