ഷാർജ: ഏഴാമത് സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഷോർട്ട് ഫിലിം മത്സരവിഭാഗത്തിൽ പ്രവാസ ലോകത്ത് നിന്ന് മൃദുല എന്ന ഹ്രസ്വ ചിത്രത്തിലെ മൃദുലയെ അവതരിപ്പിച്ച് നല്ല നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ ശ്രീമതി അഖിലാ ഷൈനിന് യുഎഇ യിൽ ആദരവ്.
ഒരു പ്രവാസിയായി യുഎഇയിൽ എത്തുകയും ബിസിനസ് രംഗത്ത് ചുവടുറപ്പിക്കുകയും ചെയ്ത കലാകാരിയാണ് അഖില ഷൈൻ. കൊല്ലം ജില്ലക്കാരിയായ അഖിലയുടെ കുടുംബം മുഴുവൻ കലാകാരന്മാരാണ്. കൊല്ലം ജില്ലയിലെ പഴയ നാടക കലാകാരന്മാരായ അച്ഛനും അമ്മയും ഇപ്പോൾ മകളോടൊപ്പം യുഎഇ ലാണ് സ്ഥിരതാമസം. അതിനാൽ അവർ എല്ലാവരും ചേർന്ന് യുഎഇയുടെ മണ്ണിൽ മലയാളി ഫാമിലി അസോസിയേഷൻ (എം എഫ് എ) എന്ന ഒരു കൂട്ടായ്മ കെട്ടിപ്പടുക്കുകയും, അതിലൂടെ കലാരംഗത്ത് മുന്നേറുകയും ചെയ്യുന്നു. ആട്ടവും പാട്ടും കൊണ്ട് പ്രവാസി മലയാളി മനസ്സുകളെ കീഴടക്കി അഭിനയരംഗത്തേക്ക് ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന അഖില നിരവധി ഷോർട്ട് ഫിലിമുകളുടെ നിർമ്മാണത്തിൽ പിന്നാമ്പുറങ്ങളിൽ പ്രവർത്തിക്കുകയും , ചെറിയ ചെറിയ വേഷങ്ങളിൽ പലപ്പോഴായി പലതിലും പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.
എന്നാൽ തികച്ചും ഒരു അഭിനയ മോഹിയായി എന്നും ടിക് ടോക്കിലും മറ്റ് വേദികളും നിറഞ്ഞാടുന്ന അഖിലയുടെ മനസ്സ് മുഴുവൻ വലിയൊരു സിനിമയിൽ അഭിനയിക്കുക എന്നതായിരുന്നു. അതിനായി തങ്ങളുടെ കൂട്ടായ്മയിലെ മുഴുവൻ കലാകാരന്മാരെയും കൂട്ടുപിടിച്ച് എം എഫ് എ എന്ന സംഘടന ജൈത്രയാത്ര തുടർന്നു. തേടിയെത്തുന്നതു മാത്രമല്ല തേടിച്ചെന്ന് കണ്ടെത്തിയും സിനിമകളിൽ അത് ചെറുതും വലുതും ആയാൽ പോലും അഭിനയിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാൻ അവർ തയ്യാറായിരുന്നില്ല. ആത്മാർത്ഥതയിൽ കഠിനാധ്വാനം ചെയ്യുന്നവരെ പ്രവാസലോകം ഒരിക്കലും കൈവിടാറില്ല എന്നാണല്ലോ. അങ്ങിനെയാണ് ഹോപ്പ് മീഡിയ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശശിൽ മോഹനൽ രചിച്ച്, ഷിഹാബ് ഇബ്രാഹിം സംവിധാനം നിർവ്വഹിച്ച മൃദുല എന്ന ഹ്രസ്വ ചിത്രത്തിൽ മൃദുല എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ശ്രീമതി അഖിലയ്ക്ക് അവസരം ലഭിക്കുന്നത്.
അഭിനയരംഗത്തേക്കായി തൻ്റെ മനസ്സിൽ സൂക്ഷിച്ചു വച്ച കഥാപാത്രങ്ങൾക്ക് മൃദുലയിലൂടെ പരിവേഷം നൽകി മൃദുല എന്ന ചിത്രത്തിൽ മൃദുലയായി ജീവിച്ച അഖിലയെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമാ കലാകാരനായ സത്യജിത്ത് റേയുടെ പേരിലുള്ള സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ മികച്ച ഹ്രസ്വ സിനിമയിലെ മികച്ച അഭിനേത്രിക്കുള്ള പുരസ്കാരം തേടിയെത്തി. തിരുവനന്തപുരം എകെജി സെൻ്ററിലെ എകെജി സ്മാരക ഹാളിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അഖില അവാർഡ് ഏറ്റുവാങ്ങി.
ബഹുമാനപ്പെട്ട കേരള നിയമസഭാസ്പീക്കർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ സത്യജിത്ത് റേ പുരസ്ക്കാരം പ്രസിദ്ധ സിനിമാതാരം ശ്രീമതി ഷീലയ്ക്കും, സത്യജിത്ത് റേ സാഹിത്യ പുരസ്കാരം ശ്രീ. പ്രഭാവർമ്മയ്ക്കും സമർപ്പിച്ചു. സിനാമാരംഗത്തയും സാഹിത്യ രംഗത്തേയും നിരവധി മഹത് വ്യക്തികളുടെ സാന്നിധ്യം കൊണ്ട് മഹനീയമായ വേദിയിൽ സത്യജിത് റേ ഗോൾഡൻ ആർക് ഹ്രസ്വചിത്ര പുരസ്കാരത്തിലെ മികച്ച അഭിനേത്രിക്കുള്ള പുരസ്കാരം ശ്രീ. പ്രഭാവർമ്മയിൽ നിന്ന് ശ്രീമതി അഖില ഷൈൻ സ്വീകരിച്ചു.
ശ്രീമതി അഖിലയെ ആദരിക്കാൻ ഷാർജയിലെ മുബാറക് സെൻ്ററിൽ എം എഫ് എ കൂട്ടായ്മ ഒരുക്കിയ മഹത്തായ ചടങ്ങിൽ എം എഫ് എ യുടെ രക്ഷാധികാരി സുധ സുധാകരൻ സ്വാഗതവും, പ്രസിഡണ്ട് ഷൈൻ അദ്ധ്യക്ഷതയും വഹിച്ചു. യുഎഇ ലെ അറിയപ്പെടുന്ന സാമുഹ്യപ്രവർത്തകൻ ശ്രീ. അഷറഫ് താമരശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വിശിഷ്ടാതിഥികളായി എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ രവി കൊമ്മേരി, സാമൂഹിക പ്രവർത്തകൻ അൻസാർ കൊയിലാണ്ടി എന്നിവരും , കൂടാതെ സിറാജ് നായർ, അജിത് വള്ളോളി, സംവിധായകൻ ഷിഹാബ് ഇബ്രാഹിം, മറ്റ് കലാരംഗത്തെ നിരവധി മഹത് വ്യക്തികളും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. അഷറഫ് താമരശ്ശേരി പുരസ്കാര ജേതാവായ അഖിലയ്ക്ക് എം എഫ് എ യുടെ ആദരവായി മൊമെൻ്റോയും, അൻസാർ കൊയിലാണ്ടി പൊന്നാടയും സമ്മാനിച്ചു.
സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയ ഗായത്രി ശ്രീനാഥ്, ഷാനവാസ് പട്ടാടി, രശ്മി റാം, വിനീത സന്തോഷ്, സാദ്ധിഖ് മുസ, ദീപ ദീപക്, സൂര്യ വിനോജ്, ക്ഷേമ സാജൻ എന്നിവരായിരുന്നു ചടങ്ങിന് നേതൃത്വം കൊടുത്തത്. എം എഫ് എ യുടെ മുഴുവൻ കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.