Tuesday, October 22, 2024
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ (ഭാഗം - 9) എയർപോർട്ട് ✍ സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ (ഭാഗം – 9) എയർപോർട്ട് ✍ സജി ടി. പാലക്കാട്

സജി ടി. പാലക്കാട്

പ്രഭാത സൂര്യന്റെ കിരണങ്ങൾ ലോഡ്ജിന്റെ ചുമരിൽ മഞ്ഞ വെളിച്ചം പതിപ്പിച്ചു.

ഗോപാലകൃഷ്ണൻ മാഷേ, നിങ്ങൾ ഇങ്ങനെ താടയ്ക്ക് കയ്യും കൊടുത്തിരിക്കാതെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് എന്തെങ്കിലും പറയൂ…..
പത്രത്താളുകളിൽ നിന്നും കണ്ണെടുത്തുകൊണ്ട് അരവിന്ദൻ മാഷ് പറഞ്ഞു.

‘മനസ്സിന് ഒരു സ്വസ്ഥതയും ഇല്ലെടോ.. ഇനിയിപ്പോൾ രണ്ടു ദിവസം അവധിയും..
തലയ്ക്ക് വട്ടു പിടിക്കും. …’

ഒരു നിമിഷത്തെ ആലോചനക്ക് ശേഷം ഗോപാലകൃഷ്ണൻ മാഷ് തുടർന്നു.
‘ദേശീയ വിദ്യാഭ്യാസ നയത്തിൽ പറയുന്ന കാര്യങ്ങളൊക്കെ നല്ലതാണ്. രണ്ടായിരാമാണ്ട് ആകുമ്പോഴേക്കും രാജ്യത്തെ ആറു വയസ്സു വരെയുള്ള 70% കുട്ടികളെയും സ്കൂളിൽ എത്തിക്കുക ആണല്ലോ പ്രധാന ലക്ഷ്യം ആയി പറയുന്നത്. പിന്നെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുക എന്നതാണല്ലോ മറ്റൊരു കാര്യം.. അതുപോലെ രാജ്യത്തുടനീളം നവോദയ വിദ്യാലയങ്ങൾ തുടങ്ങുന്നത് തീർച്ചയായും കുട്ടികൾക്ക് പ്രയോജനം ചെയ്യും..’

‘ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ട് . പക്ഷേ , നവോദയ വിദ്യാലയങ്ങൾ തുടങ്ങുന്നതിനോട് എനിക്ക് യോജിപ്പില്ല. അറിഞ്ഞിടത്തോളം അത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട…’
അര പ്ലേയ്സിൽ ഇരുന്നു കൊണ്ട് രാജേന്ദ്രൻ മാഷ് പറഞ്ഞു.

‘അതൊക്കെ വിട് എന്റിഷ്ടാ… തലയ്ക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്ന സമയത്താണ് ഒരു വിദ്യാഭ്യാസ നയം ചർച്ച! നമ്മുക്ക് ഒരു സിനിമയ്ക്ക് പോയാലോ? മോഹൻലാലിന്റെ ‘രാജാവിൻെറ മകൻ’ മുക്കത്ത് വന്നിട്ടുണ്ട്. ‘
ഗോപാലകൃഷ്ണൻ മാഷ് ചോദിച്ചു.

‘ഞാൻ നാട്ടിൽ പോവുകയാണ് നിങ്ങൾ പൊയ്ക്കോളൂ…’ അരവിന്ദൻ മാഷ് പറഞ്ഞു.

‘രാജേന്ദ്രൻ മാഷേ, എന്തുപറയുന്നു..?

‘ഓ, എനിക്ക് ഈ സിനിമയിൽ ഒന്നും വലിയ താല്പര്യം ഇല്ല , മോഹൻലാലിന്റെ സിനിമ ആണെങ്കിൽ തീരെ താല്പര്യമില്ല.

‘ഓ.. നിങ്ങൾക്ക് ആർട്ട് ഫിലിം ആണല്ലോ ഇഷ്ടം…?’

‘അതൊന്നുമല്ല അങ്ങേർക്ക് അഭിനയിക്കാൻ അറിയുമോ? കണ്ടാൽ തന്നെ എന്തിനു കൊള്ളാം..?
മത്തങ്ങാ തലയും, ഒരുമാതിരി വയറും ചാടി, കവിളും വീർത്ത്……….’

ഒരു ദിനേശ് ബീഡിക്ക് തീ കൊളുത്തി രാജേന്ദ്രൻ മാഷ് പറഞ്ഞു.

‘രണ്ടുവർഷം കൂടി കഴിയട്ടെ മോഹൻലാൽ ആയിരിക്കും സൂപ്പർസ്റ്റാർ.
നിങ്ങളോട് തർക്കിക്കാൻ ഞാനില്ല. നമുക്ക് നോക്കാം….’
ഗോപാലകൃഷ്ണൻ മാഷ് പറഞ്ഞു.

സദാനന്ദൻ മാഷേ, നമുക്ക് പോയലോ?
ഗോപാലകൃഷ്ണൻ മാഷ് ചോദിച്ചു .

‘ഞാൻ എപ്പളേ റെഡി..’

രണ്ടു പേരും കുളിയും ഭക്ഷണവും കഴിഞ്ഞ് സിനിമ കാണാൻ പുറപ്പെട്ടു. അരമണിക്കൂർ നടന്നതിനു ശേഷം ബസ് സ്റ്റാൻഡിൽ എത്തി. മുക്കം ബസ് പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. അവർ വേഗം ബസ്സിൽ കയറി. ഭാഗ്യം സീറ്റുണ്ട്.

മുക്കത്ത് ബസ്സിറങ്ങിയപ്പോൾ സമയം ഒരു മണി ..
അവർ അഭിലാഷ് തിയേറ്ററിനെ ലക്ഷ്യമാക്കി നടന്നു.
തിയേറ്ററും പരിസരവും ജനപ്രളയം. പൊരിവെയിലത്ത് ഗോപാലകൃഷ്ണൻ മാഷ് ക്യുവിൽ ഇടംപിടിച്ചു.
ടിക്കറ്റ് കൊടുക്കുന്നു എന്ന് അറിയിക്കുന്ന ബെൽ മുഴങ്ങിയതും വരികളൊക്കെ ചിന്നഭിന്നമായി.
ഒറ്റ തള്ള് …
ഗോപാലകൃഷ്ണൻ മാഷ് എങ്ങനെയോ ഇടുങ്ങിയ ചുമരുകളുടെ ഇടയിൽ കയറിപ്പറ്റി. ഹാവൂ ഇനി ഇവിടെ സ്വസ്ഥമായിട്ട് ക്യൂവിൽ നിൽക്കാം., ആരും ഇടയ്ക്ക് കയറില്ല.
മുക്കം അഭിലാഷിൽ ഇതുവരെയും ഇത്ര തിരക്ക് കണ്ടിട്ടേയില്ല..

പടം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും തിയേറ്റർ ആകെ ഇളകി മറിഞ്ഞു. സിനിമ തീരുന്നതുവരെ കൈയ്യടിയും കൂക്കു വിളിയും മോഹൻലാലിന്റെ ഓരോ പഞ്ച് ഡയലോഗും ജനം ഏറ്റെടുത്തു.

ഒരുപാട് നാൾ കൂടി ഒരു നല്ല സിനിമ കണ്ടതിന്റെ സന്തോഷം ഗോപാലകൃഷ്ണൻ മാഷ് പ്രകടിപ്പിക്കാൻ മറന്നില്ല.

സമയം 5 മണി ആകുന്നതേ ഉള്ളല്ലോ ?
എന്താ അടുത്ത പരിപാടി?
ഗോപാലകൃഷ്ണൻ മാഷ് ചോദിച്ചു.

‘എയർപോർട്ടിന്റെ പണി നടക്കുകയല്ലേ നമുക്ക് ഒന്നു പോയി കണ്ടാലോ ,?
ഞാനും ഞാൻ കുറെ നാളായി വിചാരിക്കുന്നു ഒന്ന് പോകണമെന്ന്.
സദാനന്ദൻ മാഷ് പറഞ്ഞു.

രണ്ടുപേരും കൊണ്ടോട്ടി ബസ്സിൽ കയറി. ബസ്സിൽ സാമാന്യം തിരക്ക് ഉണ്ടായിരുന്നു.
ബസ് ഇറങ്ങി . തൊട്ടടുത്ത ചായക്കടയിൽ നിന്നും ഒരു ചായ കുടിച്ചു രണ്ടുപേരും മെല്ലെ നടന്നു.
രണ്ട് കിലോമീറ്റർ ഉണ്ട്…നടക്കുകയല്ലേ? ഗോപാലകൃഷ്ണൻ മാഷ് ചോദിച്ചു.

‘ പിന്നെന്താ…?’
രണ്ടുപേരും കൂടി മെല്ലെ കരിപ്പൂർ ലക്ഷ്യമാക്കി നടന്നു…
ഒരു കുന്നിന്റെ മുകളിലാണ് വിമാനത്താവളം..

‘രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണന്നു ..ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്.. കിരീടവും ചെങ്കോലും , സിംഹാസനവും ഒക്കെയുള്ള രാജാവ് .പിന്നീട് കാണുമ്പോൾ അവൻ കളിയാക്കി വിളിക്കും പ്രിൻസ് ..എസ്…ഐ.ആം പ്രിൻസ്.. അധോലോകങ്ങളുടെ രാജകുമാരൻ, രാജാവിന്റെ മകൻ…

ഗോപാലകൃഷ്ണൻ മാഷ് പെട്ടെന്ന് മോഹൻലാൽ ആയി മാറി..

‘മൈ നമ്പർ ഈസ് 2255..’

സദാനന്ദൻ മാഷും വിട്ടുകൊടുത്തില്ല. രണ്ടുപേരും ഒപ്പം ചിരിച്ചു.
നടന്നുനടന്ന് അവർ കരിപ്പൂർ എത്തി . ദൂരെ പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമയ സൂര്യൻ ചെഞ്ചായം വിതറി മാനത്ത് ഒരായിരം ചിത്രങ്ങൾ വരച്ചത് ആരും നോക്കിനിന്നു പോകും. ഗേറ്റ് കടന്നു ചെല്ലുന്ന ഭാഗത്തെ കെട്ടിടങ്ങളുടെ പണി ഏതാണ്ട് പൂർത്തിയായി. ചില കെട്ടിടങ്ങൾ തേപ്പ് നടക്കുന്നു. ചിലതിൻ്റെ പെയിൻ്റിംഗ് ജോലികൾ മാത്രം അവശേഷിക്കുന്നുള്ളൂ.
റൺവേയിലെ പണി അവസാന ഘട്ടത്തിലാണ് . വാഹനങ്ങൾ റൺവേയിൽ അങ്ങോട്ടുമിങ്ങോട്ടും പായുന്നു.

‘അടുത്തവർഷം ഏപ്രിൽ മാസത്തിൽ ഉദ്ഘാടനം നടത്തും എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.
എന്തായാലും വിമാനത്താവളം പണി കഴിഞ്ഞാൽ നമുക്ക് ഇതിനകത്ത് കയറാൻ പറ്റില്ല അതുകൊണ്ട് ഇപ്പോൾ ശരിക്കും കണ്ടോളൂ…’
ഗോപാലകൃഷ്ണൻ മാഷ് പറഞ്ഞു

‘അങ്ങനെയൊന്നും പറയണ്ട നമ്മുക്ക് വിമാനത്തിൽ കയറാൻ സാധിച്ചില്ലെങ്കിലും ചിലപ്പോൾ നമ്മുടെ പേരക്കുട്ടികൾ നമ്മളെ കൊണ്ടുപോകുമായിരിക്കും..
സദാനന്ദൻ മാഷ് കൂട്ടിച്ചേർത്തു.

അസ്തമയ സൂര്യൻ തെങ്ങിൻ തോപ്പുകൾക്കപ്പുറം മറഞ്ഞു.
ഇരുട്ട് വ്യാപിച്ചു തുടങ്ങി.
രണ്ടുപേരും തിരിച്ച് നടന്നു..
നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്.
നടന്നു നടന്നു കൊണ്ടോട്ടി എത്തിയപ്പോൾ സമയം എട്ടര. ഭാഗ്യത്തിന് കൊണ്ടോട്ടി നിന്നും അരീക്കോടിന് ലാസ്റ്റ് ബസ് കിട്ടി.
ലോഡ്ജിൽ എത്തിയ പാടെ കട്ടിലിലേക്ക് വീണു.

ആരോ കതകിൽ തട്ടുന്നത് കേട്ടാണ് സദാനന്ദൻ മാഷ് കണ്ണു തുറന്നത്.
വാച്ചെടുത്ത് നോക്കി. സമയം 9 മണി.

വീണ്ടും കതകിൽ … തുടരെ തുടരെ മുട്ട്…

തന്നെ ശുണ്ഠി പിടിപ്പിക്കാൻ രാജേന്ദ്രൻ മാഷ് വാതിലിൽ മുട്ടുകയാണെന്നാണ് തോന്നിയത്.. അതുകൊണ്ട് കുറച്ചു നേരം കൂടി അനങ്ങാതെ കണ്ണടച്ച് കിടന്നു.
പിന്നെയും.. നിർത്താതെ വാതിലിൽ മുട്ടുന്നത് കേട്ടപ്പോൾ ദേഷ്യം കൊണ്ട് ചാടി എണീറ്റു…

മുണ്ട് വാരി ചുറ്റി ഉടുത്ത് മെല്ലെ കതക തുറന്നു…

ശരിക്കും ഞെട്ടിപ്പോയി….
അതാ മോളി തൊട്ടുമുന്നിൽ നിൽക്കുന്നു….

സദാനന്ദൻ മാഷ് ഒരു നിമിഷം അന്തംവിട്ട് അവളെ തന്നെ നോക്കി നിന്നുപോയി.

‘എടോ മാഷേ അകത്തേക്ക് വരാമോ..? ‘

എന്ന് പറഞ്ഞതും അവൾ അകത്തേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു.

ഞാൻ ഇവിടെ ആണെന്ന് താൻ എങ്ങനെ അറിഞ്ഞു?

‘അതൊക്കെ അറിഞ്ഞു…’

എന്നാലും കുഗ്രാമത്തിലെ ഈ ലോഡ്ജ് മുറി എങ്ങനെ അവള് കണ്ടെത്തി?
കത്ത് വന്നത് സ്കൂൾ മേൽവിലാസത്തിൽ ആയിരുന്നല്ലോ ..?
എന്തിനായിരിക്കും ഈ വരവ്…?

മാഷ് എന്താണ് ആലോചിക്കുന്നത് അവൾ കട്ടിലിന്റെ ഓരത്ത് ഹാൻഡ്ബാഗ് വെച്ചു.
അവളുടെ കണ്ണുകൾ മുറി മുഴുവൻ ഓട്ടപ്രദക്ഷിണം നടത്തി..

മുറിയുടെ അരികിലായി മരത്തിന്റെ കട്ടിൽ….
ഒരു മൂലയിൽ ചെറിയ മേശയും, സ്ററൂളും . മേശപ്പുറത്ത് കുറെ ബുക്കുകൾ അലക്ഷ്യമായി ചിതറി കിടക്കുന്നു. ചുമരിനോട് ചേർന്ന് അയയിൽ മുഷിഞ്ഞ തുണികൾ ഒന്നിന് മീതെ ഒന്നായി കുന്നുകൂടി കിടക്കുന്നു..
മുറി ആകെ പൊടിപടലം നിറഞ്ഞുകിടക്കുന്നു ..
കടലാസ് കഷ്ണങ്ങളും പല സാധനങ്ങളും അവിടെയായി ചിതറി കിടക്കുന്നു.
കിടപ്പുമുറിയോട് ചേർന്ന് ഒരു ചെറിയ അടുക്കള.
അവിടേയ്ക്ക് എത്തി നോക്കിയ മോളി പെട്ടെന്ന് മൂക്ക് പൊത്തി..

ഇന്നലെ രാവിലെ വെച്ച കഞ്ഞിയുടെ പുളിച്ച മണം.
ചോറുണ്ട പാത്രം കഴുകാതെ കിടക്കുന്നു..
പാത്രത്തിൽ ചോറ് ഉണങ്ങിപ്പിടിച്ചിരിക്കുന്നു. മുട്ടക്കറിയുടെ ബാക്കി ചീനച്ചട്ടിയുടെ അടിഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്നു.
അടക്കാത്ത തൂക്കു പാത്രത്തിലെ പുളിച്ച മോരിന്റെ മണം….
അവിടവിടായി പാൽപ്പാട പറ്റിപ്പിടിച്ച ചായ പാത്രം….
മോളി സാരി തലപ്പുകൊണ്ട് മൂക്ക് പൊത്തി .

എന്താടോ മാഷേ ഇത്?
നാറിയിട്ട് വയ്യല്ലോ ?
ഈ മുറിയിൽ എങ്ങനെയാ കിടന്നുറങ്ങുന്നത്?

ആ ….ബാച്ചിലേഴ്സ് ആകുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാവും…
ഒരു കല്യാണം കഴിച്ചാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ.
ഞാൻ റെഡിയാ.
ഇനി താനും കൂടെ വിചാരിച്ചാൽ മതി.

പെട്ടെന്ന് മോളിയുടെ മുഖം മങ്ങി..
മുഖത്തെ പുഞ്ചിരി മാഞ്ഞു.
‘അതെന്താ മാഷേ അങ്ങനെ പറഞ്ഞത്?
ഞാൻ മാഷിനെ മറ്റൊരു തരത്തിൽ കണ്ടിട്ടില്ല..’

മനസ്സിന്റെ ജലപ്പരപ്പിൽ ആയിരം അലകൾ ഇളകിയ പോലെ…
ഇന്നലകളിൽ എല്ലാമായിരുന്ന ഒരാൾ ഇന്ന് ആരും അല്ലാതായി ത്തീരുന്ന അവസ്ഥ…!
താൻ ഇതുവരെ കണ്ടത് വെറും സ്വപ്നം ആയിരുന്നുവോ..?

‘എന്താ മാഷ് ഒന്നും പറയാത്തത്.?’
എൻ്റെ സ്വന്തം സഹോദരൻ എന്ന നിലയ്ക്ക് മാത്രമേ ഞാൻ മാഷിനെ കണ്ടിട്ടുള്ളൂ…
മാഷ് തെറ്റിദ്ധരിച്ചോ?

എന്ത് പറയണം എന്നറിയാതെ നെഞ്ചകം നീറി നിന്ന സദാനന്ദൻ മാഷിന് മോളി ഒരു കവർ വെച്ച് നീട്ടി.

‘അടുത്ത സെപ്റ്റംബർ 12ന് എന്റെ കല്യാണമാണ്
മാഷിനെ ക്ഷണിക്കുവാൻ വേണ്ടിയാണ് ഞാൻ വന്നത്.
തീർച്ചയായും വരണം..’

ഒരു നിമിഷം അവർ നിശബ്ദരായി അന്യോന്യം നോക്കി നിന്നു .
പെട്ടെന്ന് അവൾ കോണിപ്പടിയിറങ്ങി താഴേക്ക് പോയി.
ഒരക്ഷരം പോലും പറയാനാകാതെ അയാളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അടർന്നുവീണു.
അവൾ നടന്ന് ദൂരെ മറയുന്നത് വരെ മാഷിന്റെ കണ്ണുകൾ അവളെ പിന്തുടർന്നു.

ആരാ മാഷേ അത്?

രാജേന്ദ്രൻ മാഷ് ചോദിച്ചു

എന്ത് പറയണം എന്നറിയാതെ മാഷ് കല്യാണ പത്രിക രാജേന്ദ്രൻ മാഷിന്റെ കയ്യിൽ കൊടുത്തു.

സ്വപ്നം കണ്ടു തുടങ്ങിയ സുഖജീവിതം നഷ്ടപ്പെടുക, ഭാവിയെല്ലാം ഉപേക്ഷിക്കുക, അതെല്ലാം ഒരു തീവ്രമായ വേദനയായി മാറി .
അയാളുടെ വികാരങ്ങൾ തുണ്ട് തുണ്ടായി കീറിയ പോലെ..

✍ സജി ടി. പാലക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments