Sunday, November 24, 2024
Homeകഥ/കവിതചലിക്കുന്ന നിഴലുകൾ (കഥ) ✍സിന്ധു ഉല്ലാസ് മുവാറ്റുപുഴ

ചലിക്കുന്ന നിഴലുകൾ (കഥ) ✍സിന്ധു ഉല്ലാസ് മുവാറ്റുപുഴ

സിന്ധു ഉല്ലാസ് മുവാറ്റുപുഴ

മൊബൈലിൽ ആറു മണിക്കുള്ള അലാം അടിച്ചു. കാദംബരി കണ്ണു തുറന്നു. കറങ്ങുന്ന ഫാനിലേക്ക് അൽപനേരം നോക്കിക്കിടന്നു.
പതിയെ എഴുന്നേറ്റ് നില കണ്ണാടിയിൽ നോക്കി. മുടി അഴിച്ചു കുടഞ്ഞു കെട്ടി.

കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ പെട്ടെന്ന് ആകെ ബ്ലാങ്ക് ആകുന്നതുപോലെ.
കണ്ണാടിയിലെ പ്രതിബിംബം കണ്ടിട്ട് മനസ്സിലാകുന്നില്ല.

“ഇതാര്?” എന്ന് കാദംബരി സ്വയം ചോദിച്ചു.

കാദംബരി അടുക്കളയിലേക്ക് നടന്നു. ചായക്ക് വെള്ളം വച്ചു.

യാന്ത്രികമായി ജോലികളൊക്കെ ചെയ്തു.
പ്രാതൽ തയ്യാറാക്കി. ഭർത്താവിന് ഒപ്പം കഴിക്കാൻ ഇരുന്നു. അയാൾ അവളെ ശ്രദ്ധിച്ചതേയില്ല. ഭക്ഷണം കഴിച്ച് എഴുന്നേറ്റുപോയി. എന്തൊക്കെയോ ആലോചിച്ചു കാദംബരി രണ്ട് ഇഡ്ഡലി കഴിച്ചു .

പാക്ക് ചെയ്തു വച്ച ഉച്ചഭക്ഷണവും എടുത്ത് ആനന്ദൻ പോയി. അയാൾ പോകുന്നത് ശ്രദ്ധിക്കണമെന്ന് കാദംബരിക്ക് തോന്നിയില്ല.

അടുത്ത വീട്ടിലുള്ളവരോട് സംസാരിക്കാനോ ബന്ധുക്കളെ ഒന്ന് ഫോൺ ചെയ്യാനോ തോന്നുന്നില്ല. .

പകൽ വളരുമ്പോഴും ഒറ്റയ്ക്ക് തന്റെ മൗനത്തിൽ തന്നെ കുടിയിരിക്കുകയായിരുന്നു കാദംബരി. ജീവിതമാകെ താളം തെറ്റിയതുപോലെ തോന്നുന്നു.
ഈ താളപ്പിഴകൾ എപ്പോഴാണ് തുടങ്ങിയത്?
ഒരുപക്ഷെ, കുഞ്ഞുന്നാൾ മുതലേ തന്നെ.

ഒരു ചേച്ചിയും രണ്ട് അനിയന്മാരും. ചേച്ചി ലച്ചുവിനോട് ആയിരുന്നു ഏറ്റവും അടുപ്പം.

വീട്ടിലുള്ളവർക്ക് അനിയൻമാരോടായിരുന്നു താൽപര്യം

പെൺകുട്ടികൾ ഒരു ബാധ്യതയാണെന്നുള്ള മട്ടിൽ. അതുകൊണ്ടുതന്നെ പെൺമക്കൾ അവരുടെ ലോകത്തിനു പുറത്തായിരുന്നു എപ്പോഴും.

തൊട്ടതിനും പിടിച്ചതിനും കുറ്റം ശകാരം,
ഇതൊക്കെയായിരുന്നു കുട്ടിക്കാലം.

ആകെയുള്ള ഒരു സന്തോഷം ചേച്ചിയായിരുന്നു. മുടി കെട്ടി കൊടുക്കുന്നതും പൊട്ടുതൊട്ട് കൊടുക്കുന്നതും മണ്ണപ്പം ചുട്ടു കളിക്കാൻ കൂട്ടും ഒക്കെ ചേച്ചി ലച്ചു ആയിരുന്നു. അവർ തമ്മിൽ മൂന്നു വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും തനിക്ക് ലച്ചു മാത്രമേ ഉള്ളൂ എന്നൊരു തോന്നൽ എപ്പോഴും ഉണ്ടായിരുന്നു.

എന്നാൽ 16 വയസ്സിൽ ജ്വരം ബാധിച്ച് ലച്ചു വിട്ട് പോയതോടെ ആ അഭയവും കെട്ടുപോയി. ആരുമില്ലാത്ത.. എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്ത അവസ്ഥ .

അന്നുമുതൽ ഒറ്റപ്പെടലിന്റെയും മൗനത്തിന്റെയും കോട്ടയിൽ ആയിരുന്നല്ലോ തന്റെ ജീവിതം.

പഠിക്കാൻ ഇഷ്ടമായിരുന്നു.
“പെണ്ണ് പഠിച്ചിട്ട് എന്താവാനാ കളക്ടർ ആവാനോ ” എന്ന അമ്മമ്മയുടെ ചോദ്യത്തിനു മുമ്പിൽ ആ ആഗ്രഹത്തിനും പൂട്ട് വീണു. പാതിവഴിയിൽ കോളേജ് പഠനം അവസാനിച്ചു. സീനിയർ ക്ലാസിൽ ഉണ്ടായിരുന്ന രാജരാമനുമായി ഉണ്ടായിരുന്ന സൗഹൃദവും അതോടെ നിലച്ചു .
വെറുമൊരു സൗഹൃദം മാത്രമായിരുന്നോ അത്?

കല്യാണം കഴിപ്പിച്ച് ഭാരം ഒഴിപ്പിക്കാൻ ആയിരുന്നു എല്ലാവർക്കും തിടുക്കം. തടിമില്ലിൽ ജോലിയുള്ള ആനന്ദന്റെ ആലോചന വന്നപ്പോൾ ഒട്ടും തൃപ്തി തോന്നിയില്ല, തന്റെ ഇഷ്ടങ്ങൾ ഒന്നും ആരും അന്വേഷിച്ചില്ല ആരും അതിന് മുൻതൂക്കം കൊടുത്തുമില്ല.

25 വർഷങ്ങൾ കടന്നു പോയിരിക്കുന്നു. തടി മില്ലിലെ കണക്കു പോലെ ആ ദാമ്പത്യവും ഇപ്പോഴും വിരസമായി തുടരുന്നു.

ഫോൺ ബെല്ലടിച്ചു. കാദംബരി ഞെട്ടി ഉണർന്നു. അനിയനാണ്. ശ്രീറാം.
നാളെ അവന്റെ മോൾ സുചിത്രയുടെ വിവാഹനിശ്ചയമാണ്.
നേരത്തെ എത്തണം എന്ന് ഓർമ്മിപ്പിക്കാൻ വിളിച്ചതാണ്.

പിറ്റേന്ന് രാവിലെ അനിയന്റെ വീട്ടിൽ പോയി. സുചിത്ര നല്ല ഭംഗിയുള്ള സാരി ആണ് ഉടുത്തിരിക്കുന്നത്. മുടിയൊക്കെ ഒരു പ്രത്യേക രീതിയിൽ കെട്ടിവെച്ച് മുല്ലപ്പൂ ചൂടിയിരിക്കുന്നു.
അവളുടെ മുഖം സൂര്യനുദിച്ചത് പോലെ. കാദംബരിയെ കണ്ട പാടെ സുചിത്ര ഓടി വന്നു കെട്ടിപ്പിടിച്ചു.
“മാമി എന്താ ഇന്നലെ വരാതിരുന്നത് ”
വെറുതെ ചിരിച്ചു.

അവൾ അകത്തെ മുറിയിലേക്ക് ചെന്നു. ശ്രീരാമി ന്റെ ഭാര്യയും തന്റെ അമ്മയും മറ്റു ബന്ധുക്കളും എല്ലാം കൂടിയിരുന്നു സംസാരിക്കുന്നു .

ശ്രീരാമി ന്റെ ഭാര്യ കല്യാണ വിശേഷങ്ങൾ എല്ലാവരോടുമായി പറയുകയാണ്.
“അവളുടെ കൂടെ ജോലി ചെയ്യുന്ന പയ്യനാ. നമ്മുടെ കൂട്ടരൊന്നുമല്ല.
വേറെ ജാതിയാ. അടുത്തമാസം അവളെയും കൂട്ടി അമേരിക്കയ്ക്ക് പോകും.”
” അല്ലെങ്കിൽ തന്നെ ജാതി മതത്തിലൊക്കെ എന്താ കാര്യം?
അവൾക്ക് ഇഷ്ടമായി. നല്ല ജോലിയും പഠിത്തവും കാണാനും മിടുക്കൻ. അവളുടെ സന്തോഷമല്ലേ നമുക്ക് വലുത് ”

” കുട്ടികളുടെ ഇഷ്ടത്തിന് കുറേയൊക്കെ പ്രാധാന്യം കൊടുക്കണ്ടേ? ജാതീലും മതത്തിലും ഒന്നും ഒരു കാര്യവുമില്ല. അല്ലെങ്കിൽ തന്നെ ജാതിയും ജാതകവും നോക്കി കെട്ടിച്ചു വിട്ടവർ തന്നെ നല്ല സന്തോഷത്തിൽ ഒന്നുമല്ലല്ലോ ജീവിക്കുന്നത്”

അമ്മായിയാണ്.

അമ്മായി ഉദ്ദേശിച്ചത് തന്നെയാണെന്ന് കാദംബരിക്ക് തോന്നി

അമ്മായിയുടെ അകന്ന ബന്ധുവാണ് ആനന്ദൻ. അയാളെ കൊണ്ട് തന്നെ കല്യാണം കഴിപ്പിക്കാൻ മുന്നിൽ നിന്നത് അമ്മായി ആയിരുന്നു.

“അന്നൊന്നും സ്വന്തം അഭിപ്രായം പറയാൻ തനിക്ക് അനുവാദമില്ലായിരുന്നു. ”

ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ അഭിപ്രായങ്ങളോ തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും ഇല്ലായിരുന്നു.

അല്ലായിരുന്നെങ്കിൽ… എവിടെയോ ഒരു നോവ്.

അവൾ വിടർന്ന കണ്ണുകളോടെ സുചിത്രയെ നോക്കി. തന്റെ അഭിപ്രായം, തന്റെ ഇഷ്ടം, തന്റെ ജോലി, തനിക്കിഷ്ടപ്പെട്ട ആൾ, തന്റെ ചോയ്സ്, ഒക്കെ വ്യക്തമായി പറയാനും നടപ്പിലാക്കാനും തന്റേടമുള്ള പെണ്ണാണ് അവൾ. കാദംബരി ഒരു നെടുവീർപ്പോടെ തന്നെ കുറിച്ച് ഓർത്തു.

സ്വന്തം അഭിപ്രായങ്ങളും ആഗ്രഹങ്ങളും ആർക്കോ വേണ്ടി വിഴുങ്ങി ജീവിച്ച പൂർവ്വ കാലം ഓർത്തു.
” ആരൊക്കെയോ ചരട് വലിച്ചൊരു പാവ! ”

സാവിത്രി ചെറിയമ്മയുടെ മകൾ അമ്മു തന്റെ മോളുമായി വന്നത് അപ്പോഴാണ് കാദംബരി കണ്ടത്.
വിടർന്ന കണ്ണും തുടുത്ത കവിളും ചുരുണ്ട മുടിയുമായി ഒരു കുഞ്ഞു മോൾ. എട്ടുമാസം പ്രായമായി കാണും. പല്ലില്ലാത്ത മോണ കാട്ടി അവൾ എല്ലാവരെയും നോക്കി ചിരിച്ചു.

കാദംബരി സന്തോഷത്തോടെ കുഞ്ഞിനെ നോക്കി. അവളുടെ ഉള്ളു തുടിച്ചു.
ആ കുഞ്ഞിനെ എടുത്ത് ഓമനിക്കാൻ, ആ കവിളിൽ ഒരു മുത്തം കൊടുക്കാൻ കാദംബരിയുടെ മനസ്സ് വെമ്പി.

അവൾ പതിയെ അമ്മുവിന്റെ അടുത്തേക്ക് നടന്നു. കുഞ്ഞിന് നേരെ കൈ നീട്ടി. കുഞ്ഞ് അവളുടെ നേരെ ചാടാൻ തുടങ്ങി.

പെട്ടെന്നാണ് സാവിത്രി ചെറിയമ്മ ഇടയ്ക്ക് കയറി വന്നു കുഞ്ഞിനെ വാങ്ങിയത് .
“അമ്മു,കുഞ്ഞിന് പാൽ കൊടുക്കാൻ നേരായി ”

ചുറ്റുമിരുട്ട് നിറഞ്ഞത് പോലെ തോന്നി കാദംബരിക്ക്

” നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാം. നമ്മുടെ സ്വന്തമായി വളർത്താം”
എന്ന് എത്രയോ തവണ ആനന്ദനോട് പറഞ്ഞതാണ്.

” വല്ലവന്റെയും പിള്ളേരെ ചുമക്കണ്ട കാര്യമൊന്നുമില്ല എനിക്ക്. അത്രയ്ക്ക് നിർബന്ധമാണെങ്കിൽ ചേച്ചിയുടെ മക്കൾ ഉണ്ടല്ലോ ” എന്നായിരുന്നു അപ്പോഴെല്ലാം അയാളുടെ പ്രതികരണം

തങ്ങളുടെ കിടക്ക രണ്ടു ഭൂഖണ്ഡങ്ങൾ ആണെന്ന് പലപ്പോഴും അവൾക്ക് തോന്നിയിട്ടുണ്ട്. അത്രയ്ക്ക് അകലം .
കടിഞ്ഞാൺ പൊട്ടി വരുന്ന ഒരു കുതിര വല്ലപ്പോഴും അവളെ ചവിട്ടി മെതിച്ചു കടന്നുപോകും. അതിലൊതുങ്ങുന്നു ആനന്ദന്റെ സ്നേഹം

അധികനേരം ആ വീട്ടിൽ നിൽക്കാൻ തോന്നിയില്ല. കാദംബരി വീട്ടിലേക്ക് മടങ്ങി.

വല്ലാത്ത തലവേദന. കുറച്ചു നേരം കിടന്നു. പക്ഷേ ഉറങ്ങാൻ കഴിയുന്നില്ല.
മനസ്സാകെ കലുഷിതമാണ്.

വൈകുന്നേരം മുറ്റത്തിറങ്ങി.
മുറ്റത്തെ പേരമരത്തിൽ രണ്ട് കുരുവികൾ കൊക്കുരുമ്മി ഇരിക്കുന്നത് കണ്ടു.

കാദംബരി ഒരു കല്ലെടുത്ത് ആ കുരുവികളെ എറിഞ്ഞു ഓടിച്ചു.

സന്ധ്യയായി. ആനന്ദൻ ജോലി കഴിഞ്ഞു വന്നു. അയാൾക്ക് ചായ കൊടുക്കാനോ ഭക്ഷണം ഉണ്ടാക്കാനോ ഒന്നും ഉത്സാഹം തോന്നിയില്ല. അയാൾ എന്തൊക്കെയോ ചോദിച്ചു. അവൾ ഒന്നും കേട്ടില്ല. അവളുടെ മനസ്സ് എവിടെയോ ആയിരുന്നു.വരാന്തയിൽ ഇരുന്ന് മുറ്റത്തേക്ക് നോക്കി. ചെറിയ നിലാവ് ഉണ്ട്. അത് മുറ്റത്തേക്ക് പലതരം നിഴലുകളെ വിതറിയിട്ടിരിക്കുന്നു.

ഭക്ഷണം കഴിക്കാൻ നേരമായപ്പോൾ ആനന്ദൻ അടുക്കളയിൽ വന്നു. ഒന്നും ഉണ്ടാക്കിയിരുന്നില്ല.
കാദംബരിയെ കാണാതെ അയാൾ
പുറത്തു വരാന്തയിലേക്ക് ചെന്നു .
അവിടെയും കാദംബരി ഉണ്ടായിരുന്നില്ല

നിലാവിനിടയിലൂടെ ഒരു നിഴൽ നടന്നുമറയുന്നത് മാത്രം അവ്യക്തമായി അയാൾ കണ്ടു.

✍സിന്ധു ഉല്ലാസ് മുവാറ്റുപുഴ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments