ജലന്ധർ: കാർഷികമേഖലയെ തകർക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ കോർപറേറ്റ് അനുകൂല നയങ്ങൾക്കെതിരെ പുത്തൻ പോർമുഖം തുറക്കാൻ സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) അഖിലേന്ത്യ കർഷക കൺവൻഷൻ ചൊവ്വാഴ്‌ച പഞ്ചാബിൽ. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ഗദ്ദർ രക്തസാക്ഷികളുടെ ഓർമയ്‌ക്കായി പണികഴിപ്പിച്ച ജലന്ധറിലെ ദേശ് ഭഗത് യാദ്‌ഗർ ഓഡിറ്റോറിയത്തിലാണ് പരിപാടി. ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.
ബദൽ കാർഷിക നയത്തിനും രൂപം നൽകും. ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കുന്നതാണ് പ്രധാന അജൻഡ. കൺവൻഷന് മുന്നോടിയായി എസ്‌കെഎം കോ–-ഓർഡിനേഷൻ കമ്മറ്റി തിങ്കളാഴ്‌ച യോഗം ചേർന്നു. പത്തൊമ്പതുമാസം നീണ്ടുനിന്ന ഐതിഹാസിക കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കാൻ എസ്‌കെഎമ്മിന് കേന്ദ്രം നൽകിയ വാഗ്‌ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. കേന്ദ്ര ട്രേഡ് യൂണിയനുകളുമായി സഹകരിച്ചുള്ള കിസാൻ –-മസ്‌ദൂർ ജാഗരൺ ക്യാമ്പയിൻ പുരോഗമിക്കവേയാണ് കൺവൻഷൻ.