Friday, November 15, 2024
Homeമതംസുവിശേഷ വചസ്സുകൾ (64) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (64) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ദിവ്യസ്വഭാവം പങ്കു വയ്ക്കുന്നവർ ( 2 പത്രൊ.1:1-8)

“അവൻ നമുക്കു വിലയേറിയതും അതി മഹത്തുമായ വാഗ്ദത്തങ്ങൾ നൽകിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞ്, ദിവ്യസഭാവത്തിനു കൂട്ടാളികളായിത്തീരുവാൻ ഇട വരുന്നു”(വാ. 4).

മാതാപിതാക്കളുടെ സ്വഭാവമാണ് മക്കൾ പേറുന്നത് എന്നാണു പൊതുവേ പറയാറുള്ളത്. ലോക പ്രകാരം അങ്ങനെ എങ്കിൽ, ആത്മീകമായി അതു എത്രയധികം ആയിരിക്കണം? വി. പത്രൊസ് ധ്യാന ഭാഗത്തു അതാണു സൂചിപ്പിക്കുന്നത്. “ലോകത്തിൻ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞ് ” സ്വർഗ്ഗീയ പിതാവിന്റെ “ദിവ്യസ്വഭാവത്തിനു കൂട്ടാളികളായി” വിശ്വാസികൾ തീരണം എന്നാണ് അപ്പൊസ്തലന്റെ പ്രബോധനം. അതിനാണു “വിലയേറിയതും അതി മഹത്തുമായ വാഗ്ദത്തങ്ങൾ” ദൈവം അവർക്കു നൽകിയത് എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

ചില സൽഗുണങ്ങളോ, നന്മകളോ മാത്രമല്ല ദൈവം നമുക്കു നൽകാൻ ആഗ്രഹിക്കുന്നത്. തന്റെ ദിവ്യ സഭാവം തന്നെ താൻ നാമുമായി പങ്കു വയ്ക്കുവാനാണ് ആഗ്രഹിക്കുന്നത്. അതിനായി “തിരുഹിതത്തിന്റെ പ്രസാദ പ്രകാരം യേശുക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുത്തിരിക്കുന്നു” (എഫേ. 1:5) എന്നും വി.പൗലൊസ് തന്റെ ലേഖനത്തിൽ സൂചിപ്പിക്കുന്നു. ഒരളവിൽ നമ്മിലേക്കു തന്റെ ദിവ്യസഭാവം പ്രവഹിപ്പിക്കുവാനാണ് ദൈവം ആഗ്രഹിക്കുന്നത്. ഹൃദയം മാറ്റിവയ്ക്കൽ പോലെയുള്ള ഒരനുഭവമായി അതിനെ കാണുന്നതിൽ തെറ്റില്ല.
രോഗാതുരമായ ഹൃദയം മാറ്റി, ആരോഗ്യമുള്ള ഹൃദയം തൽസ്ഥാനത്തു വെച്ചു
പിടിപ്പിക്കുകയാണല്ലോ, ഹൃദയമാറ്റ ശസ്ത്രക്രിയയിൽ നടക്കുന്നത്. അതു പോലെ പാപത്താൽ വികലമായ നമ്മുടെ സ്വഭാവം മാറ്റി, ദൈവം, തന്റെ ദിവ്യ സ്വഭാവം നമ്മിൽ സന്നിവേശിപ്പിക്കുന്നു.

ഈ സ്വഭാവ മാറ്റം പാപത്തോടുള്ള നമ്മുടെ മനോഭാവത്തിലാണു വെളിപ്പെടേണ്ടത്. പന്നി, ചെളിയിൽകിടന്ന് ഉരുളാൻ ആഗ്രഹിക്കുമ്പോൾ, ആട്, എത്രയും വിശുദ്ധി ഉള്ളതായിരിക്കുവാൻ ശ്രമിക്കുന്നതു പോലെ, ലോകത്താലുളള കളങ്കം പറ്റാതെ ജീവിക്കുവാൻ നാം ശ്രമിക്കണം എന്നാണ് അപ്പൊസ്തലൻ പറയുന്നത്.
ദൈവത്തിന്റെ ദിവ്യ സ്വഭാവത്തിനു നാം ഉടമകളായി തീർന്നിരിക്കുന്നുവെങ്കിൽ,
തീർച്ചയായും നമുക്കതിനു കഴിയും “പഴയ മനുഷ്യനെ ഉപേക്ഷിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമ
നുഷ്യനെ”(എഫേ.4:23,24) ധരിച്ചവരാണു യഥാർത്ഥ ക്രിസ്തു വിശ്വാസികൾ . അതിനാൽ, അവരിൽ കർതൃത്വം നടത്തേണ്ടതു പാപമല്ല, ദൈവത്തിന്റെ ആത്മാവാണ്. ദൈവത്തിന്റെ ദിവ്യ സ്വഭാവം വെളിപ്പെടുത്തി ഈ ലോകത്തിൽ ജീവിക്കുവാൻ നമുക്കു ശ്രമിക്കാം. ദൈവം അതിനു നമ്മെ സഹായിക്കട്ടെ.

ചിന്തയ്ക്ക്:ദൈവത്തിന്റെ ദിവ്യ സ്വഭാവം പങ്കിടുന്ന നാം, തന്റെ ദിവ്യസ്നേഹം വെളിപ്പെടുത്തി ജീവിക്കാനും ബാദ്ധ്യസ്ഥരാണ്!

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments