ന്യൂഡൽഹി: ഓർത്തഡോക്സ് യാക്കോബായ സഭാ തർക്കത്തിൽ വീണ്ടും വാദം കേൾക്കാനും ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു. പള്ളി ഭരണം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകാൻ കോടതിക്ക് സാധിക്കുമോയെന്ന് പരിശോധിക്കാനും മത വിഭാഗങ്ങൾ തമ്മിലുളള തർക്കത്തിൽ ഹൈക്കോടതി നൽകുന്ന ഇത്തരം നിർദേശങ്ങൾ പൊതുതാത്പര്യത്തിന് യോജിച്ചതാണോ എന്നു പരിശോധിക്കാനും നിർദേശമുണ്ട്.
പള്ളികൾ ഏറ്റെടുത്ത് നൽകാൻ ഫയൽ ചെയ്യുന്ന റിട്ട് ഹർജികൾ നിയമപരമായി നിലനിൽക്കുമോ എന്നത് ഉൾപ്പടെ ഹർജിയിൽ വീണ്ടും വാദം കേൾക്കുമ്പോൾ പരിഗണിക്കേണ്ട വിഷയങ്ങൾക്കും സുപ്രീംകോടതി രൂപം നൽകി. ഉത്തരവ് നടപ്പാക്കാനുള്ള പ്രയോഗിക വഴികൾ ഹൈക്കോടതി കണ്ടെത്തണമെന്നും നിർദ്ദേശം.
മലങ്കര സഭയുടെ തർക്കത്തിലുളള ആറ് പള്ളികളുടെ ഭരണം ഏറ്റെടുത്ത് ഓർത്തോഡോക്സ് സഭയ്ക്ക് കൈമാറാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടിരുന്നു. എന്നാൽ ഈ വിധി നടപ്പാക്കിയില്ലെന്ന് ആരോപിച്ച് 20 ഓളം മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. ഈ നടപടി ചോദ്യം ചെയ്ത് മുൻ ചീഫ് സെക്രട്ടറി ഡോ വി വേണു, ഡിജിപി ഷേഖ് ദർവേഷ് സാഹേബ് തുടങ്ങിയവർ നൽകിയ ഹർജി പരിഗണയ്ക്കവേയാണ് സുപ്രീംകോടതി നടപടി.