*വംശനാശ ഭീഷണി നേരിടുന്ന മുയലിന് സംരക്ഷണം *
വംശനാശഭീഷണി നേരിടുന്ന മുയൽ ഇനമായ അപ്പലീച്ചിൻ കോട്ടൺടെയ്ൽ സംരക്ഷണത്തിന് പ്രതീക്ഷയ്ക്ക് വകയൊരുങ്ങുന്നു. അമേരിക്കയിലെ നോർത്ത് കരോലിനയിൽ ഇവയുടെ വിസർജ്യങ്ങൾ ശേഖരിച്ചുള്ള പഠനങ്ങൾ ഈ ഇനം വംശമറ്റ് പോകുന്നതിനെ തടയുമെന്നാണ് കരുതുന്നത്. ഇന്റർബ്രീഡിങ്, രോഗങ്ങൾ എന്നിവയടക്കമുള്ള വെല്ലുവിളികളാണ് ഇവ നേരിടുന്നത്. നോർത്ത് കരോലിനയിലെ വൈൽഡ്ലൈഫ് റിസോഴ്സസ് കമ്മീഷൻ വാർത്താക്കുറിപ്പിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത്. നോർത്ത് കരോലിന സ്വദേശികളായ മൂന്നിനം മുയലുകളിലൊന്നാണ് അപ്പലീച്ചിൻ കോട്ടൺടെയ്ൽ. നോർത്ത് കരോലിനയിലെ തന്നെ ഈസ്റ്റേൺ കോട്ടൺടെയ്ലുകളുമായി ഇവയ്ക്ക് സാമ്യമുണ്ട്. എന്നാൽ ഈസ്റ്റേൺ കോട്ടൺടെയ്ലുകളുമായി താരമത്യം ചെയ്യുമ്പോൾ വലിപ്പത്തിൽ ചെറുതാണ് അപ്പലീച്ചിൻ കോട്ടൺടെയ്ൽ. അപ്പലീച്ചിൻ കോട്ടൺടെയ്ൽ വേറെ തന്നെ ഇനമാണെന്ന് തിരിച്ചറിയുന്നതാകട്ടെ 1992-ലും.അതാത് ആവാസവ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്നവർ കൂടിയാണ് ഈസ്റ്റേൺ കോട്ടൺടെയ്ലുകളും അപ്പലീച്ചിൻ കോട്ടൺടെയ്ലുകളും. അപ്പലീച്ചിൻ കോട്ടൺടെയ്ലുകളെ കാണുക തന്നെ ബുദ്ധിമുട്ടാണെന്നാണ് വിദഗ്ധർ പറയുന്നത്.
ഈ രണ്ട് കോട്ടൺടെയ്ൽ ഇനങ്ങളിലും സമീപകാലത്ത് ഉയർന്ന തോതിൽ ഇന്റർബ്രീഡിങ് റിപ്പോർട്ട് ചെയ്തിരുന്നു. ആവാസവ്യവസ്ഥയ്ക്കുണ്ടായ നാശം ഇന്റർബ്രീഡിങ്ങിലേക്ക് നയിച്ചെന്നാണ് നിഗമനം. രോഗങ്ങളും വന്യ മൃഗങ്ങളുടെ ആക്രമണവും ഇവയെ അലട്ടുന്നുണ്ട്.