നേർത്തു പെയ്യുന്ന മഴയിൽ, നനഞ്ഞു കുതിർന്ന് അവനാ നദിക്കരയിൽ നിന്നു. നദിയുടെ ഓളപ്പരപ്പുകളിൽ അങ്ങോളമിങ്ങോളം വെള്ളാമ്പലുകൾ വിരിഞ്ഞു നിൽക്കുന്നതു കാണാൻ എന്തൊരു ചന്തം. ഇടതൂർന്ന കാട്ടുമരങ്ങൾക്കിടയിലൂടെ ഈറൻനിലാവിൻ്റെ വെൺമ. നിശബ്ദതയുടെ സംഗീതം പോലെ സകല ജീവജാലങ്ങളുടേയും സംഗീതനിശ. ചൂളമടിക്കുന്ന കാറ്റിൻ്റെ താളത്തിൽ നീലിച്ച നിലാവിൽ ആടിയുലയുന്ന മരച്ചില്ലകൾ. കാറ്റിൽ ഇലകളടർന്നു വീഴുന്ന സുന്ദര കാഴ്ച. കാടിൻ്റെ ഇന്ദ്രജാലം നുകർന്ന് അവനാ മണൽപ്പുറ്റിൽ അമർന്നു കിടന്നു. എൻ്റെ ചിന്ന ഉണ്ടായിരുന്നുവെങ്കിൽ. നീണ്ട തുമ്പികൈ നീട്ടിവെച്ച് നക്ഷത്രങ്ങൾ പൂത്ത ആകാശ ചെരുവിൽ ശംഭുകൊമ്പൻ്റെ കുഞ്ഞിക്കണ്ണുങ്ങൾ പരതി നടന്നു. ഇടയിലെപ്പോഴോ ഒരു നീർച്ചാലായി ആ കണ്ണുകൾ നിറഞ്ഞാെഴുകി. എൻ്റെ ചിന്നയും തക്കുടുവും ഇപ്പോൾ എവിടെയാവും എന്നെ കാണാതെ എൻ്റെ പെണ്ണ്. ശംഭുവിൻ്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടേയിരുന്നു.
ആ ഗ്രാമത്തിലെ ആരും എന്നെ സ്നേഹിച്ചില്ലായിരുന്നോ.രാവിലെ വഴിയിൽ എന്നെ കാണാൻ കാത്തു നിന്നിരുന്ന ശങ്കര മാമനും അമ്മയും എന്നെ മറന്നതാകുമോ. എന്നെ തൊട്ടുതലോടുന്ന ആ വാൽസല്ല്യ സ്നേഹം ഇനി ഒരു സ്വപ്നം മാത്രം. ഗ്രാമത്തിലെ വഴിവരമ്പിലൂടെ ഓടി തിമിർത്ത കരുമാടിക്കുട്ടൻമാർ അവരുടെ കുടെ ഞാനും എൻ്റെ ചിന്നയും എത്ര കളിച്ചിരുന്നു. ദാമുവേട്ടൻ്റെ പഴക്കടയിൽ എനിക്കായ് നീട്ടിയിരുന്ന പഴങ്ങൾ ഇനി ഒരിക്കലും എനിക്ക് കിട്ടില്ലെന്നോ? എന്നെ ഉപദ്രവിച്ചിരുന്ന കിട്ടൻ എന്ന് വിളിച്ചിരുന്ന കള്ളകണാരൻ ഇനി എൻ്റെ ചിന്നയേയും കുഞ്ഞിനേെയും ഉപദ്രവിക്കുന്നുണ്ടാകുമോ.ശംഭു കൊമ്പൻ തൻ്റെ നീണ്ട കൊമ്പുകൾ ആ മണൽ പുറ്റിൽ ആഞ്ഞു കുത്തി.പിന്നെ നീട്ടി വിളിച്ചു.’എൻ്റെ ചിന്നേ..’ആ ശബ്ദം അലകളായി ഇരുട്ടിലിഴയുന്ന ഈറൻ നിലാവിൽ ഇടറി വീഴുന്ന ഇലയനക്കങ്ങളുടെ മർമ്മരങ്ങളിൽ തട്ടി അകന്നുപോയി. ഊടുവഴികളോ നേർവഴികളോ ഒന്നുമില്ലാത്ത ഉൾക്കാട്ടിലെ വശ്യസൗന്ദര്യം നുണഞ്ഞു നടന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. ദൂരേ നിന്ന് കണ്ടാസ്വദിച്ച ആ കൊച്ചുഗ്രാമത്തിൻ്റെ സ്നേഹവലയത്തിലേക്ക് കുഞ്ഞായിരിക്കുമ്പോഴേ ഞാൻ ഇറങ്ങി ചെല്ലുകയായിരുന്നു.. പിന്നീടങ്ങോട്ട് അവരുടെ ശംഭു കൊമ്പനായി വളർന്നു. ഇടയിൽ എനിക്ക് കൂട്ടായി വന്ന ചിന്നയേയും അവർ ഇഷ്ട്ടപ്പെട്ടു.ഒരു പ്രഹേളികയായി തീർന്നു പോയ ആ കാലം ഇനി യവനികക്കുള്ളിൽ കത്തിയെരിഞ്ഞു പോകുമോ? ഓർമ്മകളിൽ തേങ്ങി ശംഭു മയങ്ങി.
മയക്കുവെടിയുടെ ശബ്ദം ചെവിയിൽ തുളഞ്ഞു കയറുന്നു. എങ്ങോട്ടെന്നറിയാതെ ഓടി മറയാൻ ശ്രമിച്ചു ..കാലുകൾ ഇടറി.. തന്നെ മാത്രം ലക്ഷ്യമിടുന്ന തോക്കിൻ കുഴലുകൾ.. ഗ്രാമത്തിലെ സകല ജനങ്ങളും എന്നെ വെടിവെയ്ക്കുന്നത് എത്ര ആകാംഷയോടെയാണ് നോക്കിക്കാണുന്നത്. ഇളകിമറിഞ്ഞോടുന്ന ജനങ്ങൾ. എന്താ ഞാൻ ചെയ്ത തെറ്റ്. എൻ്റെ ക്ഷമ ആരും കണ്ടില്ല. ഞാൻ സഹിച്ച വേദന ആരും അറിഞ്ഞില്ല.. എൻ്റെ മുത്തശ്ശിയും. ആൽത്തറപറമ്പിലെ നാഗേരി മനേലെ മുത്തശ്ശിയുടെ വിളി കാതിൽ മുഴങ്ങുന്നു. ‘ശംഭുക്കുട്ടാ…ഇവിടെ വായോ നിനക്ക് നാളികേരം വേണെങ്കിൽ വന്നോട്ടോ.’ തെങ്ങിൽ കയറി നാളികേരം ഇടുന്ന കുഞ്ഞേട്ടൻ എന്നെ കണ്ടാൽ രണ്ടു ഇളനീരു കൂടി എനിക്ക് ഇട്ടു തരുമായിരുന്നു. അവരൊക്കെ എന്നെ വെറുത്തിട്ടുണ്ടാകുമോ. ‘ആരും എന്നെ കൊണ്ടു പോകരുതെന്ന് പറഞ്ഞില്ലല്ലോ.. ആരും..’ ശംഭു തേങ്ങി.
തുമ്പിക്കൈക്കുള്ളിലെ കുത്തിയിറങ്ങിയ വേദന ഓർക്കുമ്പോൾ നെഞ്ചു പിടയുന്നു. ചിന്നയും കുഞ്ഞുമൊന്നിച്ച് കരിമ്പന കുന്നിൻ്റെ ചെരുവിൽ ഉച്ചമയക്കത്തിലായിരുന്നു. പെട്ടെന്ന് തുമ്പികൈക്കുള്ളിൽ എന്തോ കുത്തിയിറങ്ങിയതു പോലെ കഠിന വേദന ശ്വാസം മുട്ടുന്നു. ചാടിയെഴുന്നേറ്റു. കൂവി ചിരിച്ചു പായുന്ന ഏതോ ചെക്കൻമാർ. വേദനയിൽ പുളഞ്ഞ് തലങ്ങും വിലങ്ങും ഓടിയത് ഓർമ്മയുണ്ട്. ഓടിയ ഓട്ടത്തിൽ എന്തെല്ലാം നശിപ്പിച്ചു എന്നൊന്നും ഓർമ്മയില്ല. അങ്ങാടിപ്പുരയിലെ മുത്തിയമ്മേടെ അടുത്തുവന്ന് ഒറ്റ നിൽപ്പാ. അവരെ പേടിപ്പിക്കാതെ തിരിഞ്ഞോടി. ആർക്കും മനസ്സിലായില്ല എൻ്റെ മരണപ്പാച്ചിലിൻ്റെ കാരണം. എൻ്റെ പ്രിയപ്പെട്ടവർ എന്നെ കണ്ട് പേടിച്ചോടുന്നത് നിറകണ്ണുകളോടെ ഞാൻ കണ്ടു. ഗ്രാമത്തിൻ്റെ ഊടുവഴികളിലൂടെ ഓടി. തുമ്പികൈക്കുള്ളിൽ കുത്തി തറഞ്ഞു കിടക്കുന്നതെടുത്തു കളയാതെ ഈ വേദന മാറില്ല.ആളുകൾ കൂടി പോലീസെത്തി.ഞാൻ ആറ്റിലേക്കു ചാടി. അക്കരെ കടന്നും തലങ്ങും വിലങ്ങും ഓടി . ഒടുവിൽ സന്ധ്യ ആയപ്പോഴേക്കും തളർന്നു. ഒരു വെടിയൊച്ച ചെവിയുടെ താഴെ എന്തോ വന്നു തറച്ചു. എൻ്റെ വേദന ആരുമറിയുന്നില്ലല്ലോ. ഞാൻ സ്നേഹിച്ച കുട്ടികൾ തന്നെ എന്നെ… ശംഭുവിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.എൻ്റെ ചിന്ന, തക്കുടു, പ്രിയപ്പെട്ടവർ, ഗ്രാമം , എൻ്റെ നീലി കാട്.. എല്ലാമെല്ലാം എനിക്ക് എന്നേക്കും നഷ്ട്ടപ്പെട്ടുവോ? വേദന കടിച്ചമർത്തി ശംഭു സർവ്വ ശക്തിയുമെടുത്ത് അലറി. കണ്ണിലിരുട്ടു കയറുന്നു. ആരോക്കെയോ വരുന്നു.വലിയ ലോറിയിൽ ആരോക്കെയോ എന്നെ വലിച്ചു കയറ്റി. എവിടെ എൻ്റെ ചിന്ന? വേദന സഹിച്ച് കണ്ണുകൾ തുറന്ന് ശംഭു ചുറ്റിലും നോക്കി.അനങ്ങാൻ പറ്റുന്നില്ല വലിയ വടങ്ങൾ വരിഞ്ഞു മുറുക്കിയിരിക്കുന്നു.വണ്ടിയിളകി ഇരുളിൽ ഒരു നിമിഷം ഒരു മിന്നായം പോലെ എൻ്റെ ചിന്ന നിൽക്കുന്നു. ഞാൻ പോകുന്നതും നോക്കി മിണ്ടാതെ.അവളെ ചേർന്നു
നിൽക്കുന്ന തക്കുടു. ‘എൻ്റെ ചിന്നേ ..ഞാൻ എങ്ങാേട്ടാണ് പോകുന്നതെന്ന് എനിക്കറിയില്ല ട്ടോ ‘ അവളുടെ നോട്ടം മങ്ങിയ കാഴ്ചയായി അകന്നുപോയി.
ആർത്തലച്ചു പെയ്ത മഴയിൽ ശംഭു കിടന്നു .ഓർമ്മകളിൽ നിന്ന് ഞെട്ടിപ്പിടഞ്ഞ് ശംഭു ചുറ്റിനും നോക്കി. എവിടെയാണെന്നറിയില്ല. ഇനി എവിടേക്കാണെന്നും അറിയില്ല. ഈ കാട്ടിനുള്ളിൽ അവർ കൊണ്ടുവന്നിറക്കിയിട്ട് കുറച്ചു ദിവസങ്ങളായി. തുമ്പികൈക്കുള്ളിൽ കുടുങ്ങിയ കമ്പി എന്തായാലും ആരോ എടുത്തിരിക്കുന്നു. വേദനയ്ക്ക് ശമനമായി. പെയ്തു തോർന്ന മഴയുടെ നേർത്ത ശബ്ദം .വീണ്ടും നിലാവ് പെയ്തിറങ്ങുന്നു. ആകാശത്ത് പാതി മാഞ്ഞ ചന്ദ്രൻ. ഈറനാർന്ന നിലാവെളിച്ചത്തിൽ ആകാശ പരപ്പിലെ കറുത്ത മേഘങ്ങളുടെ പാച്ചിൽ. ശംഭു എഴുന്നേറ്റ് ആറ്റിലിറങ്ങി തണുത്ത വെള്ളം ആവോളം കുടിച്ചു. അങ്ങു ദൂരെ കാറ്റു വീശുന്ന മലഞ്ചെരുവിനപ്പുറത്തേക്ക് അവൻ്റെ കണ്ണുകൾ പാഞ്ഞു. പതിയെ ആറ്റിലേക്കിറങ്ങി .പിന്നെ രാത്രി പെയ്ത മഴയിൽ കുതിച്ചു തുള്ളുന്ന മലവെള്ളത്തിലൂടെ അവൻ ഒഴുകി മറഞ്ഞു…