Saturday, December 21, 2024
Homeകഥ/കവിതമിൽക്ക് വെജ് റവ ത്രിമധുരം (നർമ്മകഥ) ✍ ഉണ്ണി ആവട്ടി (ഡോ.ടി.വി.ഉണ്ണിക്കൃഷ്ണൻ)

മിൽക്ക് വെജ് റവ ത്രിമധുരം (നർമ്മകഥ) ✍ ഉണ്ണി ആവട്ടി (ഡോ.ടി.വി.ഉണ്ണിക്കൃഷ്ണൻ)

ഉണ്ണി ആവട്ടി (ഡോ.ടി.വി.ഉണ്ണിക്കൃഷ്ണൻ)

സാധാരണയായി വെളുപ്പിനു അഞ്ചുമണിക്ക് എഴുന്നേല്ക്കാറുള്ള രാമകൃഷ്ണപിള്ള ഇന്ന് നാലുമണിക്കു തന്നെ എഴുന്നേറ്റതിൻ്റെ കാരണം, അദ്ദേഹത്തിൻ്റെ സ്ഥിരം സഹചാരിയായ ടെൻഷൻ തന്നെയാണ്. റിട്ടയറിനുമുമ്പും മിക്കപ്പോഴും വന്നു കാണാറുണ്ടെങ്കിലും, റിട്ടയർ ചെയ്തതിന്നു ശേഷമാണ്.. കൃത്യമായിട്ടു പറഞ്ഞാൽ കഴിഞ്ഞ ആറു വർഷക്കാലമായിട്ടാണ്… ടെൻഷൻ പിള്ളയുടെ സന്തത സഹചാരിയായത്.

ഭാര്യ ജോലി സംബന്ധമായി കേരളത്തിൻ്റെ മധ്യഭാഗത്ത്. മൂത്തമകൻ ബാംഗ്ളൂരിൽ. ഇളയവൻ പാലക്കാട്. ശ്രീമതിക്കു മാത്രമല്ല, കല്യാണം കഴിഞ്ഞതിന്നുശേഷം മക്കൾക്കുപോലും കുടുംബം നോക്കുന്നതിൻ്റെയും ജോലികളുടെയും തിരക്കുകൾക്കിടയിൽ വീട്ടിലേക്കു വരാൻ കഴിയുന്നതോ വല്ലപ്പോഴും. അതുകൊണ്ടുതന്നെ കേരളത്തിൻ്റെ ഏറ്റവും വടക്കേയറ്റത്തിരുന്ന് എല്ലാ അർത്ഥത്തിലും ഒറ്റപ്പെട്ടുപോയ പിള്ളയുടെ ബോറടി ശരിക്കും മാറ്റിയിരുന്നത് ഒരു കണക്കിന് ടെൻഷൻ തന്നെയായിരുന്നു.

പക്ഷെ… തൊട്ടതിന്നും പിടിച്ചതിന്നും ടെൻഷനെ കയറൂരി വിടുന്ന പിള്ളയുടെ ഇന്നത്തെ തീവ്ര ടെൻഷന് പറയാൻ തക്കതായ മതിയായ കാരണങ്ങളുണ്ട്. ഇന്ന് ഉത്രാടമാണ്. കഴിഞ്ഞ കൊല്ലം ഡിസംബറിലും ഇക്കൊല്ലം ഏപ്രിലിലും കല്യാണം കഴിഞ്ഞ മക്കളുടെ കോടി ഓണമാണ് വരുന്നത്. എല്ലാവരും ഇന്നു രാവിലെ ബ്രെയ്ക്ഫാസ്റ്റിനുതന്നെ ഹാജരാകുമെന്ന് ഒരാഴ്ച്ചമുമ്പേ ഉറപ്പിച്ചു പറഞ്ഞതാണ്. സഹായത്തിന് ജോലിക്കാരി വരുമെങ്കിലും എല്ലാറ്റിനും തൻ്റെ ഒരു സൂപ്പർ വിഷൻ നിർബന്ധമാണല്ലോ. പിള്ളയ്ക്ക് ടെൻഷന് അടിമപ്പെടാൻ ഇതിലും മികച്ച വേറെയെന്തു കാരണം വേണം?

ജോലിക്കാരി എത്താൻ ഏഴുമണിയെങ്കിലുമാകും. എന്തായാലും തൻ്റെ പ്രഭാതകർമ്മങ്ങൾ മുടക്കേണ്ട. പല്ലുതേപ്പിനുശേഷം പതിവുള്ള പോലെ പിള്ള സ്വന്തമായിത്തന്നെ ചായ ഉണ്ടാക്കി കുടിച്ചു. അതിനുശേഷം പ്രഭാതസവാരിക്കിറങ്ങി. തിരിച്ചെത്തിയപ്പോഴേക്കും പത്രവും ഹാജരുണ്ടായിരുന്നു. പത്രത്തോടൊപ്പം വിസ്തരിച്ച മൊബൈൽ വായനയും കൂടി കഴിഞ്ഞപ്പോഴാണ് സമയത്തെപ്പറ്റിയോർത്ത് പിള്ളയ്ക്ക് ടെൻഷൻ കയറി വന്നത്.
“ങ്ങേ… ഏഴു മണിയായല്ലോ… ലളിത വരേണ്ട സമയം കഴിഞ്ഞല്ലോ… എന്തുപറ്റി?”

അപ്പോഴാണ് മൊബൈലിൽ ഒരു മിസ്കോൾ വന്നുകിടപ്പുള്ള കാര്യം പിള്ള ഓർത്തത്. തിരിച്ചു വിളിച്ചപ്പോൾ ലളിത ഫോണെടുത്തു.
“സാറെ… ഒട്ടും വയ്യ. ഭയങ്കര പനിയും തലവേദനയും. ഇന്നു വരില്ലെന്നു പറയാനായിരുന്നു, ആറു മണിക്കുതന്നെ സാറിനെ വിളിച്ചത്.”
ലളിത പറഞ്ഞു തീരുന്നതിന്നുമുമ്പേ ടെൻഷൻ പിള്ളയുടെ മൂർദ്ധാവിനെത്തന്നെ ചുംബിച്ചിരുന്നു. തലകറക്കം തോന്നിയ പിള്ള കുറച്ചുസമയം കട്ടിലിൽ പോയി കിടന്നു.

അഞ്ചു മിനുട്ടിനുശേഷം ടെൻഷനെ പിടിച്ചു കൊണ്ടുതന്നെ പിള്ള ചാടിയെഴുന്നേറ്റു. അടുക്കളയും ഫ്രിഡ്ജും അരിച്ചുപെറുക്കി നോക്കി. നഹി…നഹി… നോ രക്ഷാ… പെട്ടെന്നുണ്ടാക്കാൻ പറ്റിയ റെഡിമെയ്ഡ് ഐറ്റംസ് ഒന്നും ബാക്കി കിടപ്പില്ല. രാവിലത്തെ ബ്രെയ്ക്ക് ഫാസ്റ്റിന് എന്തുവഴി? മൂത്തമകനോടൊപ്പം വരുന്ന അവൻ്റെ രണ്ടുമൂന്നു കേരള ഫ്രണ്ട്സും ഇവിടെ വന്ന്, പ്രഭാതഭക്ഷണം കഴിച്ചിട്ടേ, അവരുടെ വീടുകളിലേക്ക് പോവുകയുള്ളൂ. ചുരുക്കത്തിൽ പത്തു പേരോളം ഉണ്ടാകും. പിള്ളയുടെ വയറും ടെൻഷനോടൊപ്പം വിശപ്പിൻ്റെ വിളികൂടി തുടങ്ങിക്കഴിഞ്ഞിരുന്നു.

എന്തായാലും അപ്പോഴേക്കും പിള്ളയുടെ മനസ്സു മന്ത്രിച്ചു.
” പിള്ളേച്ചാ…താനെന്തിനു ടെൻഷടിക്കണം. താനൊരു ഉപ്പുമാവ് എക്സ്പെർട്ട് അല്ലേടോ… കോവിഡുകാലത്ത് കുടുംബാംഗങ്ങളെക്കൂടാതെ ജോലിക്കാരികൂടി വരാതെ ഒറ്റയ്ക്കായി പോയപ്പോൾ താൻ പലപ്രാവശ്യം തൻ്റെ പ്രാഗല്ഭ്യം തെളിയിച്ചതുമല്ലേ… എന്തിനു മടിച്ചു നില്ക്കണം. ഒന്നു മനസ്സിരുത്തിയാൽ അര മണിക്കൂർ കൊണ്ട് നല്ല സ്വാദിഷ്ടമായ ഉപ്പുമാവ് ടേബിളിലെക്കെത്തില്ലേ… താൻ ശരിക്കും ഒരു സംഭവമല്ലേടോ…?”

മനസ്സ് പകർന്നുകൊടുത്ത ഇച്ഛാശക്തി, റിച്ചർ സ്കെയിലിൽ പിളളയുടെ ടെൻഷൻ്റെ തീവ്രതയെ കുറച്ചൊന്നുമല്ല താഴ്ത്തിക്കെട്ടിയത്. പിന്നെ താമസിച്ചില്ല. പിള്ള തൻ്റെ ഫാമിലി ഗ്രൂപ്പിൽ പോസ്റ്റിട്ടു.
” ഇന്നു ലളിത വരില്ല. പക്ഷെ… ഒരു കിടിലൻ ബ്രെയ്ക്ക് ഫാസ്റ്റ് മെയിഡ് ബൈ മിസ്റ്റർ പിള്ളൈ മേശപ്പുറത്ത് തയ്യാറുണ്ടാകും. ആർക്കും ഒരു ടെൻഷനും വേണ്ട”
മക്കളും മരുമക്കളും ചേർന്ന ഗ്രൂപ്പംഗങ്ങൾ എല്ലാം തംബ്സ്അപ്പ് ചെയ്തും ചുവന്ന ട്രയാംഗിൾ ചിഹ്നം കൊണ്ടും മെസേജിനെ ഹാർദ്ദവം സ്നേഹപൂർവ്വംതന്നെ വരവേറ്റതു കണ്ടപ്പോൾ പിള്ളയ്ക്കും തൻ്റെ പഴയ കോവിഡുകാല ആവേശം തിരിച്ചുകിട്ടി.

അടുത്തയിടെ കല്യാണം കഴിഞ്ഞെത്തിയ മരുമക്കളുടെ മുമ്പിൽ ഒരാളാവാൻ കൂടി കിട്ടിയ പറ്റിയ അവസരമാണ്. പിള്ള മനസ്സിലോർത്തു. തങ്ങളുടെ ഫാദർ ഇൻലോയുടെ മിടുക്കിനെക്കുറിച്ച്, കൈപ്പുണ്യത്തെക്കുറിച്ച് അവരുടെ ബന്ധുക്കളായ നാലാളുകളുടെ മുന്നിൽ വീമ്പു പറഞ്ഞു ഗമ കാണിക്കുന്ന മരുമക്കളുടെ മുഖം തൻ്റെ മനോമുകരങ്ങളിൽ ദൃശ്യമായി തുടങ്ങിയപ്പോൾ അഭിമാനം കൊണ്ട്, പിള്ളയുടെ രോമകൂപങ്ങൾ എഴുന്നേറ്റു നിന്ന് വിറകൊണ്ടു. അയാൾ ഹർഷപുളകിതനായി.

പിന്നീട് കാര്യങ്ങളെല്ലാം ചടചടേന്നായിരുന്നു. ഒരുകിലോ റവ തന്നെയെടുത്തു. ചെള്ളിനെയും പുഴുക്കൂടുകളെയും ആട്ടിയകറ്റി. ഉള്ളി,കാരറ്റ്, തക്കാളി, ബീൻസ്, പൊട്ടട്ടോ, ഗ്രീൻപീസ്, തുടങ്ങിയ ചേർക്കാൻ പറ്റുന്ന സകലമാന വെജിറ്റബിൾസും അടുക്കളയിൽ നിരന്നുനിന്നു കൊണ്ട് തിരുവാതിരക്കളി തുടങ്ങി. ആവേശം കൊണ്ട എണ്ണയും കരിവേപ്പിലയും, ഉഴുന്നിനും കടുകിനും ഒപ്പം ചേർന്ന് ഉറക്കെയുറക്കെ പൊട്ടിത്തെറിച്ചു.

അരമണിക്കൂർകൊണ്ട്, ഒരു വെജ്.ബിരിയാണിക്കു തുല്യമായ അടിപൊളി
ഉപ്പുമാവുതന്നെ തയ്യാറാക്കി, ഡൈനിംഗ് ടേബിളിലേക്കെത്തിച്ചു. അടപ്പു തുറന്നപ്പോൾ പൊങ്ങി വന്ന ആവിയുടെ മണം നാസാരന്ധ്രങ്ങളിലേക്കെത്തിയപ്പോൾ പിള്ളയുടെ വായിൽ നിന്നുപോലും കപ്പലോടി.
“ഇപ്പോൾ വേണ്ട… ഇന്ന് ഉത്രാടം കൂടിയല്ലേ…പിള്ളേരു കൂടി വന്ന് അവരോടൊപ്പം ഒരുമിച്ചിരുന്നു കഴിക്കുന്നതല്ലേ… അതിൻ്റെ ഒരിത്.”
മനസ്സു മന്ത്രിച്ച കാരണം പിള്ള സ്വാദുപോലും നോക്കിയില്ല.

പക്ഷെ… ഉല്പന്നത്തിൻ്റെ മനോഹരമായ ഫോട്ടോകൾ എടുത്ത് കുടുംബ ഗ്രൂപ്പുകളിലും സൗഹൃദകൂട്ടായ്മകളിലേക്കും അയക്കാതിരിക്കാൻ കഴിഞ്ഞില്ല. എല്ലാ ഗ്രൂപ്പുകളിൽ നിന്നും പൊട്ടിവിടർന്ന മന്ദഹാസങ്ങളും ചിരികളും തംബ്സ്അപ്പുകളും കയ്യടികളും കരഘോഷങ്ങളും തള്ളവിരൽ ചൂണ്ടുവിരലിൻ്റെ മദ്ധ്യത്തോട് ചേർത്തുവെച്ചുകൊണ്ടുള്ള കിടിലൻ തകർപ്പൻ ചിഹ്നങ്ങളും പിള്ളയുടെ ടെൻഷൻ മാപിനിയിലെ അളവുകളെ മാക്സിമം മിനിമത്തിലേക്കെത്തിച്ചു.

എട്ടര മണിക്ക് പിള്ളേർ സംഘം എത്തി. പക്ഷെ…ശ്രീമതി എത്തിയിരുന്നില്ല. എങ്കിലും ട്രെയിൻ ലേറ്റായതുകൊണ്ട്, താൻ ഒമ്പതുമണി കഴിയുമെന്നും പ്രഭാതഭക്ഷണത്തിന് തന്നെ വെയിറ്റ് ചെയ്യേണ്ടെന്നും അവർ വാട്ട്സ് അപ്പിൽ മെസേജ് ഇട്ടിരുന്നു.
വന്നയുടൻ തന്നെ ഉപ്പുമാവിൻ്റെ മണം പിടിച്ച മൂത്തമകൻ പറഞ്ഞു.
“അച്ഛാ… ഭയങ്കര വിശപ്പ്…കോവിഡിനുശേഷമുള്ള അച്ഛൻ്റെ കൈപ്പുണ്യം ഏറ്റുവാങ്ങാൻ ധൃതിയായി. പല്ലുതേപ്പൊക്കെ ഞങ്ങൾ ട്രെയിനിൽ നിന്നും കഴിച്ചതാണ്. കുളി എന്തായാലും ഇനി ബ്രെയ്ക്ക്ഫാസ്റ്റ് കഴിച്ചതിനുശേഷം മാത്രം. ”
സന്തോഷവാനായ പിള്ളതന്നെ മക്കൾക്കും മരുമക്കൾക്കുമൊക്കെ വിളമ്പിക്കൊടുത്തു. വേറൊരു പ്ലെയ്റ്റിൽ തനിക്കും വിളമ്പി.

ആക്രാന്തം കാരണം എല്ലാവരും വലിയ വായതന്നെ ഉള്ളിലേക്കിട്ടു. പക്ഷെ… വായിൽ വെച്ച് ഒരു ചവയ്ക്കുശേഷം ഇറക്കാനാവാതെ… ഒന്നും മിണ്ടാൻ പറ്റാതെ… എല്ലാവരും അന്തിച്ചിരിക്കുന്നതു കണ്ടപ്പോൾ പിളളയ്ക്കും എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് മണത്തു. പന്തികേടെന്താണെന്നറിയാൻ പിള്ളയും തൻ്റെ പ്ലേറ്റിൽ നിന്നും ഒരു വായയെടുത്തു. പിള്ളയുടെ നാവ് പക്ഷേ മറ്റുള്ളവരെപ്പോലെ ആയിരുന്നില്ല. അവൻ ഉറക്കെത്തന്നെ തുറന്നു ചോദിച്ചു.
” ടെൻഷൻ കാരണം ഉപ്പുമാവിന് എത്രമടങ്ങ് ഉപ്പ് അധികം ചേർത്തു… എൻ്റെ പൊന്നുപിള്ളസാറേ… വിറച്ചുകൊണ്ട് തൻ്റെ കൈ മൂന്നാമത്തെ തവണയും ഉപ്പിടുമ്പോഴേ തടയാൻ എൻ്റെ കൈ തരിച്ചതാണ്. പക്ഷെ… പിള്ളേച്ചൻ്റെ ടെൻഷൻ കൂട്ടേണ്ടെന്നു മനസ്സു പറഞ്ഞതുകൊണ്ട്, ഞാനൊന്നു മടിച്ചതാണ്. ”

ഇനി എന്തുചെയ്യും? ശ്രീമതിയുടെ നാവ് വീട്ടിലെത്തിയാൽ തൻ്റെ നാവിനെക്കാൾ പതിന്മടങ്ങ് തുറന്നുപറയുന്ന കൂട്ടത്തിൽ പെട്ടതാണ്. വിശപ്പുകാരണം ഹാലിളകി…പുതുതായി കല്യാണം കഴിച്ചുകൊണ്ടുവന്ന മരുമക്കളുടെ മുമ്പിൽവെച്ച്… പിള്ളേരുടെ ഫ്രണ്ട്സിൻ്റെ മുമ്പിൽ വെച്ച്… ഇതികർത്തവ്യതാമൂഢനായി പിള്ള താടിക്കു കയ്യുംകൊടുത്തിരുന്നു. എന്തായാലും ആ സമയംകൊണ്ട് മരുമക്കൾ ഗൂഗിൾ അമ്മായിയെ തപ്പിപ്പിടിച്ച് വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നിരുന്നു.

അടുക്കളഭരണം മരുമക്കൾക്ക് കൈമാറിയാൽ ഉണ്ടാകാവുന്ന ഒരു അമ്മായിഅമ്മ പോരിൻ്റെ ഭവിഷ്യത്ത് മുൻകൂട്ടി കണ്ടുകൊണ്ട്, രാമകൃഷ്ണപിളള ഒരു മരുമകളുടെ കയ്യിൽ നിന്നും രണ്ടു ലിറ്റർ കുപ്പിയിൽ കലക്കി വെച്ചിരുന്ന പഞ്ചസാര ലായനി വാങ്ങിച്ചു. മറ്റേ മരുമകളുടെ കയ്യിൽ നിന്നും പാൽപ്പാത്രവും നെയ്യും. കുറച്ചുസമയം കഴിഞ്ഞപ്പോൾതന്നെ വീട്ടിലെത്തിയ മിസ്സിസ് പിള്ള ഡൈനിംഗ് ടേബിളിലെ വിഹഗ വീക്ഷണത്തിനുശേഷം അടുക്കളയിലെ ഹാജർ പുസ്തകത്തിൽകൂടെ ഒപ്പിടുമ്പോൾ കണ്ടത്, ചട്ടുകവും ഉരുളിയുമായി കൊമ്പുകോർക്കുന്ന പിള്ളയെ ആയിരുന്നു. തന്നെത്തന്നെ തുറിച്ചുനോക്കിക്കൊണ്ടുനില്ക്കുന്ന ശ്രീമതിയുടെ നോട്ടത്തിൽ വലിയ പന്തികേട് വീക്ഷിച്ച പിള്ള വളരെ ഭവ്യതയോടെ താഴ്മയായി ബഹുമാനപുരസ്സരം പറഞ്ഞു.
” ഇപ്പോ ശരിയാക്കിത്തരാം… കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ ഉത്രാടത്തിന് മരുമക്കൾ വീട്ടിലേക്കെത്തിയതല്ലേ… കൂടാതെ അപ്പുവിൻ്റെ ഫ്രണ്ട്സും ആദ്യമായാണ് ഇവിടേക്കു വരുന്നതും. അവർ ഉടൻതന്നെ പോവുകയും ചെയ്യും. വെറും ഉപ്പുമാവുമാത്രമായിട്ടെങ്ങിനെ കൊടുക്കും ? ഒരു മധുരം കൂടി നിർബ്ബന്ധമായും നല്കി സൽക്കരിക്കേണ്ടതല്ലേ… അതുകൊണ്ട് നീ ലേറ്റാകുമെന്നറിയിച്ചപ്പോൾ ഞാൻ പ്ലാനൊന്നു മാറ്റിപ്പിടിച്ചു. ഒരു വെടിക്കു രണ്ടു പക്ഷി. ഉപ്പിനോടൊപ്പം മധുരപ്രിയരെക്കൂടി തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ള ഒരു അടിപൊളി സ്പെഷ്യൽ മിൽക്ക് വെജ് റവാ ത്രിമധുരമാണ് ഇപ്പോൾ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ദാ നീ ബാത്തുറൂമിൽ പോയി… ദേ കുളിച്ചു വരുമ്പോഴേക്കും ആവി പറക്കുന്ന കിടിലൻ കലക്കൻ സാധനം മേശപ്പുറത്തുണ്ടാകും.”

രാമകൃഷ്ണ പിള്ള ഉത്രാടം കലക്കിയോ..? അതല്ല പിള്ളയുടെ തിരുവോണം കലങ്ങിയോ..? എന്തെങ്കിലും ഉറപ്പിച്ചു പറയണമെങ്കിൽ പിള്ളയുടെ ശ്രീമതി ബാത്ത്റൂമിൽ നിന്നും ഒന്നു പുറത്തേക്കിറങ്ങിക്കിട്ടണം. കാത്തിരിക്കാനുള്ള ക്ഷമ എനിക്കില്ല. കാരണം എനിക്കും മക്കളോടും മരുമക്കളോടും കടുംബാംഗങ്ങളുമോടൊപ്പം ഉത്രാടവും ഓണവും ഒക്കെ ആഘോഷിക്കാൻ ധൃതിയായി.

അല്ലെങ്കിലും പിള്ള കാണാൻ പോകുന്ന പൂരത്തെക്കുറിച്ച് ചിന്തിച്ചു ചിന്തിച്ച്, നമ്മളെന്തിന് കൂടുതലായി ടെൻഷനടിക്കണം. നമുക്ക് മുഴുവൻ മലയാളികൾക്കും ടെൻഷനുകൾ കുറഞ്ഞ ഐശ്വര്യപൂർണ്ണമായ സമ്പൽ സമൃദ്ധമായ ഒരു തിരുവോണക്കാലത്തിനായി ആശംസിക്കാം…പ്രാർത്ഥിക്കാം…

✍ ഉണ്ണി ആവട്ടി (ഡോ.ടി.വി.ഉണ്ണിക്കൃഷ്ണൻ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments