വില നൽകേണ്ട ക്രിസ്തീയ ജീവിതം (1യോഹ.2:15 – 17)
“ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത്. ഒരാൾ ലോകത്തെ സ്ഹിക്കുന്നുവെങ്കിൽ, അയാളിൽ പിതാവിന്റെ സ്നേഹം ഇല്ല” (വാ.15).
വിജയകരമായ ക്രിസ്തീയ ജീവിതത്തിനു നാം വില കൊടുത്തെങ്കിൽ മാത്രമേ
സാധിക്കുകയുള്ളൂ. “സ്വയം വെടിയുകയും, ക്രൂശ് എടുത്തു കൊണ്ട് ” യേശുവിനെ ദിനം തോറും അനുഗമിക്കുകയും ചെയ്യുമ്പോൾ (മർക്കൊ. 8:34), അതിനു നാം നൽകേണ്ട ഒരു വിലയുണ്ട്. എന്നാൽ, ആ വില നൽകാൻ വിശ്വാസികളെന്ന് അഭിമാനിക്കുന്ന ഒട്ടുമിക്ക വരും തയ്യാറല്ല. അതിനു പകരം, അല്ലറ ചില്ലറ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെ നിർവ്വഹിച്ച്, തങ്ങളും ക്രിസ്തു വിശ്വാസികൾ ആണെന്ന സംതൃപ്തിയിൽ ജീവിക്കുകയാണ് അവർ ചെയ്യുന്നത്. വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനു നാം എന്തു ചെയ്യണമെന്നാണ് ധ്യാന ഭാഗത്തു വി. യോഹന്നാൻ നിർദ്ദേശിക്കുന്നത്.
ഒരു യഥാർത്ഥ ക്രിസ്തു വിശ്വാസിക്ക് ” ദൈവത്തെയും മാമ്മോനെയും സേവിപ്പാൻ കഴികയില്ല” (മത്താ. 6:24) എന്നു യേശു വെട്ടി മുറിച്ചു പറഞ്ഞിട്ടുണ്ട്. എന്നാൽ,
ഇന്നത്തെ ഭൂരിപക്ഷം ക്രൈസ്തവരും, ഒരിക്കലും പൊരുത്തപ്പെടുത്താൻ കഴിയാത്ത, ഈ രണ്ടു കാര്യങ്ങളുംപൊരുത്തപ്പെടുത്തിക്കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. വാക്കിൽ അവർ ദൈവത്തോടൊപ്പവും പ്രവൃത്തിയിൽ മാമ്മോനോടൊപ്പവും ആയിരിക്കും. ഇപ്രകാരം ഒരു കഥ കേട്ടിട്ടുണ്ട്: ഒരു പള്ളിയിൽ മറ്റു പ്രതിരൂപങ്ങൾക്കൊപ്പം ആകൽക്കർസാ(സാത്താൻ) യുടെ പ്രതിരൂപവും വെച്ചിരുന്നു. ഒരു വല്യമ്മച്ചി, യേശുവിന്റെയും വിശുദ്ധന്മാരുടെയും മുമ്പിൽ മെഴുകുതിരി കത്തിച്ചതോടൊപ്പം അകൽക്കർസായുടെ പ്രതിരൂപത്തിനു മുമ്പിലും ഒരു മെഴുകുതിരി കത്തിച്ചു. ഇതു കണ്ട അച്ചൻ കാരണമന്വേഷിച്ചപ്പോൾ, അവർ പറഞ്ഞത്: “അച്ചോ, മരിച്ചു കഴിഞ്ഞ് എവിടെയാണു ചെന്നുചേരുക എന്നു അറിയാനാവില്ലല്ലോ. അതിനാൽ, അവനും ഇരിക്കട്ടെ ഒരു തിരി! ക്രിസ്തു വിശ്വാസികളെന്ന് അഭിമാനിക്കുന്ന ഭൂരിപക്ഷവും അനുവർത്തിക്കുന്ന ജീവിതത്തിന്റെ ഒരു നേർചിത്രമായി ഈ കഥയെ കാണുന്നതിൽ തെറ്റില്ല.
“ലോകത്തെയും ലോകത്തിൽ ഉള്ളതിനെയും സ്നേഹിക്കരുത്; ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ, അവരിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതെല്ലാം, പിതാവിൽ നിന്നല്ല, ലോകത്തിൽ നിന്നത്രെ ആകുന്നു” (വാ.15,16) എന്നാണ് അപ്പൊസ്തലൻ പറയുന്നത്. നമുക്കു നമ്മോടു തന്നെ ചോദിക്കാം? നാം ദൈവ സ്നേഹികളോ, അതോ, ലോക സ്നേഹികളോ? ലോക സ്നേഹം വെടിഞ്ഞു ദൈവ സ്നേഹികളായി തീരുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.
ചിന്തയ്ക്ക്: ഒന്നുകിൽ ലോക സ്നേഹം നമ്മെ ദൈവ സ്നേഹത്തിൽ നിന്നും അകറ്റും; അല്ലെങ്കിൽ, ദൈവ സ്നേഹം നമ്മെ ലേക സ്നേഹത്തിൽ നിന്നും അകറ്റും!